{[['']]}
Kerala tv show and newsതിരുവനന്തപുരം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തിന്റെയും ദുരന്തത്തില്‍ നിന്നു യുവതലമുറയെ രക്ഷിക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പോലീസിന്റെയും പങ്ക് സംബന്ധിച്ച വിശദ ചര്‍ച്ചയ്ക്കു വേദിയൊരുക്കി തലസ്ഥാനത്ത് ശില്പശാല. സിറ്റി പോലിസിന്റെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച ശില്പശാല സൈബര്‍ കുറ്റകൃത്യങ്ങളിലേക്കും ലൈംഗികാതിക്രമങ്ങളിലേക്കും വഴിതെറ്റിപ്പോകുന്ന പുതിയ തലമുറയെ നേര്‍ മാര്‍ഗത്തില്‍ നടത്തുന്നതിന് ദിശ കാട്ടുന്നതായി. നിയമങ്ങളും അവയുടെ നടത്തിപ്പും മാത്രംകൊണ്ട് പ്രശ്‌നപരിഹാരമാകില്ലെന്ന് ശില്പശാല ചൂണ്ടിക്കാട്ടി.
സമൂഹം തിരിച്ചറിവു നേടുകയും കുട്ടികളുടെയും യുവജനങ്ങളുടെയും ക്ഷേമത്തിനു കൈകോര്‍ക്കുകയുമാണു വേണ്ടത്. വിദ്യാഭ്യാസ, ആരോഗ്യ, പോലീസ് വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരും ഈ നിര്‍ദേശമാണു മുന്നോട്ടുവച്ചത്. കുട്ടികള്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചു.
ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് അടിമപ്പെട്ട് വഴിതെറ്റുന്ന കുട്ടികളുടെ അനുഭവങ്ങള്‍ ഒറ്റപ്പെട്ട പ്രത്യാഘാതമല്ല ഉണ്ടാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എ ഷാജഹാന്‍ ചൂണ്ടിക്കാട്ടി. അത് സമൂഹത്തെയാകെ ബാധിക്കും. കുട്ടികള്‍ സമൂഹത്തിനു ഭാരമായി മാറരുത്, പകരം അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറ്റാന്‍ തുനിഞ്ഞിറങ്ങിയേ പറ്റൂ. 15 വയസിനു താഴെയുള്ളവരുടെ ജനസംഖ്യ 60 വയസിനു മുകളിലുള്ളവരുടെ പകുതി മാത്രമായി മാറിക്കൊണ്ടിരിക്കുന്ന കേരള സാഹചര്യത്തില്‍ പ്രത്യേകിച്ചും.
അധ്യാപകരുടെ അഭാവം സംബന്ധിച്ചു സമീപകാലത്തു പുറത്തുവന്ന സര്‍വേയിലെ വിവരങ്ങള്‍ അദ്ദേഹം പങ്കുവച്ചു. കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായി മാറേണ്ട അധ്യാപക പങ്കാളിത്തം കുറഞ്ഞുവരുന്നു. ഏതെങ്കിലും സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് ദൗര്‍ബല്യമായി കാണുകയല്ല വേണ്ടത്, മറിച്ച് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനുള്ള അവസരമായി വിനിയോഗിക്കണം- അദ്ദേഹം പറഞ്ഞു.
സമൂഹത്തെ ദുഷിപ്പിക്കുന്ന എല്ലാത്തരം മയക്കുമരുന്നുകളിലേക്കുമുള്ള കവാടമാണു പുകവലിയെന്ന് ശില്പശാലയില്‍ അധ്യക്ഷനായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ എല്ലാ കൊടുംകുറ്റവാളികളുടെയും തുടക്കം പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നായിരുന്നുവെന്നാണ് തങ്ങളുടെ അനുഭവം. 14 വയസുള്ള പെണ്‍കുട്ടി പാന്‍മസാലയ്ക്ക് അടിമയായതിന്റെയും ചെറുപ്രായത്തിനിടയില്‍ മൂന്നുതവണ ആ കുട്ടി ഗര്‍ഭിണിയായതിന്റെയും ഞെട്ടിക്കുന്ന അനുഭവം അദ്ദേഹം വിശദീകരിച്ചു.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീടു നടന്ന ചര്‍ച്ചയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ ഫാ. ജോയി ജയിംസ് വിശദീകരിച്ചു. 18 വയസില്‍ താഴെയുള്ള കുട്ടികളെ വ്യക്തി എന്ന നിലയില്‍ പുനര്‍ നിര്‍വചിക്കുന്നതാണ് 202ലെ ജുവനൈസ് ജസ്റ്റിസ് ആക്റ്റ്. കസ്റ്റഡിയില്‍ എടുക്കുന്ന കുട്ടിയെ അസ്തമയ ശേഷം പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു കൂടെന്നും കുട്ടിക്കുറ്റവാളികളെ കൈവിലങ്ങ് അണിയിച്ചു കൂടെന്നും നിയമം നിര്‍ദേശിക്കുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. അത്തരം ഇരകളായ കുട്ടികളെ യൂണിഫോം ധരിക്കാത്ത വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലല്ലാതെ കൗണ്‍സിലിംഗിനു വിധേയമാക്കാനും പാടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച 2012ലെ നിയമം സംബന്ധിച്ചും അദ്ദേഹം വിശദീകരണം നല്‍കി.
പുകയില ഉല്പന്നങ്ങളുടെ വിനിയോഗം സൃഷ്ടിക്കുന്ന ബഹുതല പ്രത്യാഘാതങ്ങളേക്കുറിച്ച് ഹെല്‍ത്ത് സര്‍വീസസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ എസ് പ്രദീപ് കുമാര്‍ വിശദീകരിച്ചു. പുകയില ഉപയോഗത്തിനെതിരേ രാജ്യത്തു നിലവിലുള്ള കോട്പ നിയമത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരോഗ്യ ചികില്‍സാ രംഗം ഇത്രയേറെ പുരോഗമിച്ചിട്ടും കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുക തന്നെയാണ്. പുകയില ഉല്പന്നങ്ങളാണ് ഇതിനു പ്രധാന കാരണം. ഹൃദയാഘാതത്തിന് ഇരകളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ഇതേ കാരണംകൊണ്ടാണ്. പരോക്ഷമായി പുകവലിയുടെ ഇരകളാകുന്നവരില്‍ രക്താര്‍ബുദം വര്‍ധിക്കുന്നുവെന്നാണ് പുതിയ ഗവേഷണഫലം.
കോട്പയുടെ സെക്ഷന്‍ 4 പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കാനുള്ളതാണ്. സെക്ഷന്‍ 5 ആകട്ടെ പുകയിലയുമായി ബന്ധപ്പെട്ട എല്ലാവിധ പരസ്യങ്ങളും പ്രോല്‍സാഹനങ്ങളും വിലക്കുന്നു. പുകയില ഉല്പന്നങ്ങള്‍ 18 വയസിനു താഴെയുള്ളവര്‍ക്ക് നല്‍കുന്നത് നിരോധിക്കുന്നതാണ് സെക്ഷന്‍ 6. മാസത്തില്‍ ഒരിക്കലെങ്കിലും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ചേരണം എന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈബര്‍ കുറ്റങ്ങള്‍ സംബന്ധിച്ച് അസിസ്റ്റന്റ് കമന്‍ഡാന്റ് സതീഷ് ചന്ദും അരുതാത്ത കാര്യങ്ങളോടു 'നോ' പറയാനുള്ള ശേഷി കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം എന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുരേഷ് കുമാറും വിശദീകരിച്ചു. കുറ്റകൃത്യങ്ങളില്‍ നിന്നു മാറി നടക്കാന്‍ കുട്ടികള്‍ നിര്‍ബന്ധമായും അവരുടെ ജീവിതത്തിലെ ദൈനംദിന അനുഭവങ്ങള്‍ രക്ഷിതാക്കളോടും കുടുംബാംഗങ്ങളോടും പറയണം എന്ന് ഇവര്‍ രണ്ടും നിര്‍ദേശിച്ചു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജോയ്, ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ്, ഔവര്‍ റെസ്‌പോണ്‍സിബിലിറ്റ് റ്റു ചില്‍ഡ്രന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് സൈഫ് എന്നിവരും സംസാരിച്ചു.
ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത ശില്പശാല അവരുടെ ചോദ്യങ്ങളുള്‍പ്പെടെയുള്ള ഇടപെടലുകള്‍കൊണ്ട് സജീവമായി. സ്‌കൂള്‍ പരിസരത്തു പുകയില ഉല്പന്നങ്ങളോ മയക്കുമരുന്നോ കണ്ടാല്‍ എന്തു ചെയ്യണം, ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടിക്കു സുരക്ഷ നല്‍കാന്‍ എന്തു ചെയ്യണം തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവരില്‍ നിന്നുയര്‍ന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പോലീസിന്റെയും പ്രതിനിധികളും വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പെട്ടതാണ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍. തലസ്ഥാനത്തു മാത്രം 128 സ്‌കൂളുകളില്‍ ഇതുണ്ട്. സംസ്ഥാന വ്യാപകമായി ഏകദേശം 3000 സ്‌കൂള്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുകളാണുള്ളത്.
Post a Comment