പരാജയങ്ങളുടെ പടുകുഴിയിൽനിന്ന് ദൈവത്തിന്റെ കരംപിടിച്ച് ഉയർച്ചയിലേക്ക് നടന്നുകയറുന്ന ഈ ജീവിതകഥ പരിചയപ്പെടുത്തുമ്പോൾ അറിയാതെ പറഞ്ഞുപോകും: സിനിമാക്കഥപോലെ... അതുകൊണ്ടു തന്നെ നമുക്ക് ആ സംഭവകഥ ഫ്‌ളാഷ്ബാക്കിൽനിന്ന് തുടങ്ങാം.
സീൻ ഒന്ന്:
ഇരുപത്താറു വർഷങ്ങൾക്കുമുമ്പുള്ള ഫോർട്ടുകൊച്ചി. ഭാര്യയുടെ താലിമാലവരെ പണയംവെച്ച് ജോലിതേടി കൽപ്പണിക്കാരനായ ഒരു യുവാവ് ഗൾഫിലേക്ക് വിമാനം കയറി, എസ്.എസ്.എൽ.സി വിദ്യാഭ്യാസവുമായി. അവിടെ ജീവിതം ആരംഭിക്കാൻ തുടങ്ങുംമുമ്പേ അപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തം അയാളെ കിടക്കയിലാക്കി. മൃതപ്രായനായ തന്നെ സ്‌പോൺസർ നാട്ടിലേക്ക് കയറ്റിവിടുമെന്ന് മനസിലാക്കി ഒളിച്ചോടി. ചെന്നെത്തിയത് മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കാൻ. അത്ഭുതകരമായി അവിടെനിന്ന് ര ക്ഷപ്പെട്ട് വീണ്ടും ഒളിവുജീവിതം, കെട്ടിടനിർമാണ കമ്പനിയിൽ കൂലിവേലചെയ്ത് ജീവിതസ്വപ്‌നങ്ങൾ കൊരുക്കുന്നതിനിടയിൽ അയാൾ വീണ്ടും കബളിപ്പിക്കപ്പെട്ടു സ്വരൂക്കൂട്ടിയ പണമെല്ലാം നഷ്ടമായി. അത് ചോദ്യംചെയ്യാൻ ശ്രമിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി ജയിൽവാസവും. ഒടുവിൽ നാലു വർഷത്തിനുശേഷം നാട്ടിൽ വിമാനമിറങ്ങു മ്പോൾ കൈയിൽ ശേഷിച്ചത് 500രൂപ; നാട്ടിൽ കാത്തിരുന്നത് തീരാത്ത കടബാധ്യതയും.
സീൻ രണ്ട്:
കേരളത്തിലെയും യു.എ.ഇയിലെയും പ്രമുഖ നഗരങ്ങളിലെല്ലാം ഉയരുന്ന വീടുകൾ ഉൾപ്പെടെയുള്ള നിരവധി അംബരചുംബികളുടെ ശിൽപ്പി. ജോലിത്തിരക്കുമൂലം മാസത്തിൽ 20 ദിവസം കേരളത്തിലും ശേഷിക്കുന്ന ദിനങ്ങളിൽ ഗൾഫിലും ചെലവഴിക്കുന്ന ഇന്റീരിയർ എക്‌സ്റ്റീരിയർ ഡിസൈനർ. ബഹുനില കെട്ടിടങ്ങളുടെ രൂപഭംഗി തയാറാക്കുന്ന ത്രീ ഡി എലിവേഷൻ ഡിസൈനിംഗ് വിദഗ്ദ്ധൻ. ഗൾഫിലും കേരളത്തിലുമായി നിരവധിപേർക്ക് ഉപജീവനമാർഗമൊരുക്കുന്നവൻ. മനോരമ ന്യൂസ് സംപ്രേഷണം ചെയ്യുന്ന 'വീട്' എന്ന പരിപാടിയിൽ ഇന്റീരിയർ സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്ന 'ഡിസൈൻ കോർണർ' സെഗ്‌മെന്റ് അവതാരകൻ.
രണ്ടു സീനിലും നായകൻ ഒരാൾത്തന്നെ: പി. ആർ. ജൂഡ്‌സൺ. പ്രീ ഡിഗ്രി പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്ന ജൂഡ്‌സൺ, ഇന്ന് ആർക്കിടെക്ട് രംഗത്ത് മുൻനിരസ്ഥാപനങ്ങളിലൊന്നായ 'ജൂഡ്‌സൺ അസോസിയേറ്റ്‌സി'ന്റെ സാരഥിയായി വളർന്ന കഥ സംഭവബഹുലമാണ്. അതിലുപരി പ്രചോദനാത്മകവും. അത്യാകർഷകമായ അംബരചുംബികൾ അണിയിച്ചൊരുക്കുന്ന ഇദ്ദേഹം ആർക്കിടെക്ട് എൻജിനിയറിംഗ് എന്നെല്ല, ഡ്രാഫ്ട്മാൻ കോഴ്‌സുപോലും പഠിച്ചിട്ടില്ലെന്നറിയുമ്പോൾ അമ്പരക്കാത്തതായി ആരുമുണ്ടാവില്ല. ആകെയുണ്ടായിരുന്നത്, ദൈവം ദാനമായി നൽകിയ ചിത്രകലാവൈഭവംമാത്രം.
'വലിപ്പം' സൃഷ്ടികളിൽമാത്രം
പരാജയങ്ങളുടെ പടുകുഴിയിൽനിന്ന്, ഇന്നത്തെ ഉയർച്ചയിലെത്തിയതെങ്ങനെയെന്നു ചോദിച്ചാൽ ജൂഡ്‌സൺ വിനയാന്വിതനാകും: അനുഭവങ്ങൾ നൽകിയ പാഠങ്ങളും ആത്മവിശ്വാസവും സമർപ്പണവും അതിനെക്കാളുപരി ദൈവാനുഗ്രഹവും.'ജൂഡ്‌സന്റെ ജീവിതം അടുത്തറിയുംമുമ്പ് അദ്ദേഹത്തിന്റെ ചില സൃഷ്ടികളെ പരിചയപ്പെടാം. എങ്കിലേ, വിനയാന്വിതന്റെ യഥാർത്ഥ 'വലിപ്പം' ബോധ്യമാകൂ. മലപ്പുറത്തെ 'ഹിൽട്ടൺ ടവർ' ത്രീ സ്റ്റാർ ഹോട്ടൽ, മൂന്നാറിലെയും വയനാട്ടിലെയും നിരവധി റിസോർട്ടുകൾ... അതുല്യ കലാസൃഷ്ടികൾക്കായി ജൂഡ്‌സണെ തേടിയെത്തുന്നവരുടെ പട്ടിക നീളുന്നു.
ഇദ്ദേഹം തയാറാക്കിയ ഡിസൈനിൽ കാസർകോഡുമുതൽ നെയ്യാറ്റിൻകരവരെ 140 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടെന്നു പറയുമ്പോൾ, പ്രതിഭയുടെ തിളക്കം വ്യക്തം. ആയിരംമുതൽ 20000 ചതുരശ്രയടി വലുപ്പമുള്ള വീടുകൾവരെ ഇക്കൂട്ടത്തിലുണ്ട്. യു.എ.ഇയിൽ നിർമാണത്തിലിരിക്കുന്ന വീടുകളുടെ എണ്ണം ഇതിനുപുറമെ.
ജൂഡ്‌സണ് ഇപ്പോൾ അഭിമാനിക്കാൻ മറ്റൊന്നുകൂടിയുണ്ട്- നാല് ദേവാലയങ്ങളാണ് ഈ കലാകാരനിലൂടെ രൂപംപ്രാപിച്ചത്. ദുബായിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിനുവേണ്ടിയുള്ള വമ്പൻ പ്രൊജക്ടിന്റെ ശിൽപ്പിയായ ഇദ്ദേഹം, യു.എ.ഇ ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറിയും ഷെയ്ക്കു മായ സുൽത്താൻ ബിൻ സക്വർ നൈയ്മിയുടെ കൊട്ടാരസമാനമായ വീടിന് രൂപം കൊടുക്കുന്ന തിരക്കിലാണിപ്പോൾ.
ദൈവമേ, അതെല്ലാം അങ്ങായിരുന്നോ?
പ്രതിസന്ധികളിൽനിന്ന് വിജയത്തിലേക്കുള്ള വഴിയിൽ ദൈവത്തെ കണ്ടിട്ടുണ്ടോ? ചോദ്യം ജൂഡ്‌സണോടാണെങ്കിൽ, മനക്കണക്കുകൂട്ടി അദ്ദേഹം പറയും:'ഒന്നല്ല, ഒരുപാടുതവണ. അന്ന് തിരിച്ചറിയാതെപോയ ആ സത്യം ഇന്ന് തിരിച്ചറിയുന്നു.'തന്നിലെ കലാകാരനെ ആദ്യമായി അംഗീകരിച്ച വികാരിയച്ചന്റെ രൂപത്തിൽ, ഗൾഫിലേക്ക് ഫോട്ടോഗ്രാഫർമാരെ തിരഞ്ഞെടുക്കാൻ ഇന്റർവ്യൂ സംഘടിപ്പിച്ച ഏജന്റിന്റെ രൂപത്തിൽ, ജോലിക്കെത്തിയവന് ഫോട്ടോഗ്രഫി അറിയില്ലെന്നറിഞ്ഞ് പഠിക്കാൻ അയച്ച അറബിയുടെ രൂപത്തിൽ, ഫിലിപ്പീൻസുകാരന്റെ രൂപത്തിൽ... ഇങ്ങനെ നിരവധി തവണ.
ഫോർട്ടുകൊച്ചി പുത്തൻപറമ്പിൽ റാഫേൽ - ഫിലോമിന ദമ്പതികളുടെ മൂന്നു മക്കളിൽ ഏക ആൺതരിയായ ജൂഡ്‌സൺ കുട്ടിക്കാലംമുതലേ ചിത്രകലയുമായി അഗാധപ്രണയത്തിലാണ്. പക്ഷേ, ശാസ്ത്രീയമായി പഠിക്കാനൊന്നും കഴിഞ്ഞില്ല. വിശപ്പും വിദ്യാഭ്യാസവും തമ്മിലുള്ള പോരാട്ടത്തിനൊടുവിൽ പ്രീഡിഗ്രി പഠനം പാതിവഴിയിലിട്ട് പിതാവിനൊപ്പം കൽപ്പണിക്കാരനായി.
ജൂഡ്‌സണിലെ കലാവാസന തിരിച്ചറിഞ്ഞ വികാരി ഫാ. ജേക്കബ് പീടിയേക്കൽ ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചു: ചുള്ളിക്കൽ സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ മുഖപ്പ് വരക്കണം. അത് നിമിഷങ്ങൾക്കുള്ളിൽ വരച്ചുനൽകിപ്പോൾ തന്റെ ജീവിതനിയോഗമാണ് വരച്ചതെന്ന് ജൂഡ്‌സൺ ചിന്തിച്ചിട്ടുണ്ടാവില്ല.
കാമറ തൊട്ടിട്ടില്ലാത്ത ഫോട്ടോഗ്രാഫർ
കൽപ്പണിക്കാരനായി ജീവിതമാരംഭിച്ച അദ്ദേഹം 21-ാം വയസ്സിൽ വിവാഹിതനായി. മാതാപിതാക്കളും ഭാര്യയും സഹോദരിമാരുമുൾപ്പെട്ട കുടുംബത്തിന് താങ്ങാവാൻ അദ്ദേഹത്തിന്റെ ജോലിയന്വേഷണം ദുബായിയിലേക്കും നീണ്ടു. ഗൾഫ് സാധ്യതതേടി ബോംബെയിൽ അലഞ്ഞുതിരിയുമ്പോൾ ഒരു കെട്ടിടത്തിനുമുന്നിൽ വലിയൊരാൾക്കൂട്ടം. ബഹറിനിലേക്ക് ഫോട്ടോഗ്രാഫറെ കണ്ടെത്താനുള്ള ഇന്റർവ്യൂ നടക്കുകയാണ്. കാമറയുമായി ഇന്റർവ്യൂവിനെത്തിയവരുടെ നീണ്ടനിര. സുന്ദരനായ അറബി ഫോട്ടോയ്ക്ക് പോസുചെയ്ത് കസേരയിലിരിക്കുന്നു.
അയാളുടെ ചിത്രം മനോഹരമായി കാമറയിൽ പകർത്തുന്നവന് ജോലിയുറപ്പ്. പക്ഷേ, അത്താഴപ്പട്ടിണിക്കാരനായ ജൂഡ്‌സന്റെ കൈയിൽ എവിടെ കാമറ. വല്ലഭന് പുല്ലും ആയുധം! കൈയിൽ കരുതിയിരുന്ന പേപ്പറും പെൻസിലുമെടുത്ത് അറബിയുടെ ചിത്രം വരച്ച് ജൂഡ്‌സൺ അറബിയുടെ സെക്രട്ടറിക്ക് കൊടുത്തു. കാത്തിരിപ്പിനുശേഷം ഫലം വന്നപ്പോൾ ജൂഡ്‌സണൊപ്പം മറ്റുള്ളവരും ഞെട്ടി: കടലാസിൽ പടം വരച്ചവൻ സെലക്ടഡ്!
തിരഞ്ഞെടുക്കാൻ അറബി പറഞ്ഞ കാരണമായിരുന്നു അതിലും കൗതുകം:'ഉപകരണ സഹായമില്ലാതെ ഇത്ര ഭംഗിയായി ചിത്രം തയാറാക്കിയ ഇയാൾ, കാമറ കിട്ടിയാൽ എന്തായിരിക്കും സൃഷ്ടിക്കുക?'
തിരഞ്ഞെടുത്തു കൊണ്ടുവന്നയാൾക്ക് ഫോട്ടോഗ്രാഫി അറിയില്ലെന്ന് ബഹറിനിലെത്തി അധികം താമസിയാതെ അറബി മനസ്സിലാക്കി. തിരിച്ചയക്കുന്നത് നഷ്ടമായതിനാലാവാം ജൂഡ്‌സണ് ഫോട്ടോഗ്രാഫി പഠിക്കാൻ അറബി അവസരമൊരുക്കുകയായിരുന്നു. പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച ജൂഡ്‌സണെ കാത്തിരുന്നത് ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു. അന്ന് മാനുഷികബുദ്ധിയിൽ ദുരന്തങ്ങൾ എന്ന് വിലയിരുത്തിയ അനുഭവങ്ങൾ തന്നെക്കുറിച്ചുള്ള ദൈവപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുകയാണ് ഇന്ന് ഈ 48 കാരൻ.
അനിവാര്യമായ ഒളിച്ചോട്ടം
ഫോട്ടോഗ്രഫി പഠനകാലത്തുണ്ടായ കാറപകടം ജൂഡ്‌സന്റെ സ്വപ്‌നങ്ങൾ ഇടിച്ചുതകർത്തു. അറബിക്ക് ബാധ്യതയായ തന്നെ നാട്ടിലേക്ക് തിരിച്ചയക്കാൻ പോകുന്ന കാര്യം മലയാളി സഹപ്രവർത്തകനിലൂടെയാണ് ജൂഡ്‌സണ് ചോർന്നുകിട്ടിയത്. പിന്നെ ജൂഡ്‌സൺ താമസിച്ചില്ല, യാത്രാരേഖകൾ പോലും ഉപേക്ഷിച്ച് ഒരു ഒളിച്ചോട്ടം. അനിവാര്യമായിരുന്ന മറ്റൊരു ദൈവപദ്ധതി.
ചെന്നെത്തിയത് ഒരു ലേബർ ക്യാംപിൽ. ഒടുവിൽ, ഒട്ടകത്തെ മേയ്ക്കാനുള്ള ജോലി കിട്ടി. ആഴ്ചയിലൊരിക്കലാണ് ഒട്ടകത്തിനും തനിക്കുമുള്ള ഭക്ഷണവുമായി ആളെത്തുന്നത്. ഭക്ഷണം പൊതിഞ്ഞുകൊണ്ടുവരുന്ന ദിനപ്പത്രങ്ങളിലെ ചിത്രങ്ങളും മറ്റും തുണ്ടുകടലാസിൽ പകർത്തും - മരുഭൂമി ജീവിതത്തിലെ ഏക ആശ്വാസം.
ഒരിക്കൽ, അപ്രകാരം വരച്ചുവെച്ച ദുബായ് ഭരണാധികാരിയുടെ ചിത്രം ഡ്രൈവർ കാണാനിടയായി. അതോടെ ജൂഡ്‌സന്റെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുകയായിരുന്നു. ആ ഡ്രൈവറാണ് ജൂഡ്‌സണെ രക്ഷിച്ച് ഒരു ഇന്റീരിയർ ഡെക്കറേഷൻ ഗ്രൂപ്പിൽ ജോലിക്കുചേർത്തത്.
ഒളിവുജീവിതം ഷെയ്ക്കിനൊപ്പം
ജോലി കഴിഞ്ഞ് ക്യാംപിലേക്കുള്ള മടക്കയാത്രയിൽ ഒരു കെട്ടിടവും ഒരു ബോർഡും ജൂഡ്‌സന്റെ കണ്ണിലുടക്കി. കെട്ടിടനിർമാണത്തിൽമുൻനിരക്കാരായിരുന്ന 'ഇന്റർനാഷണൽ ഡിസൈനിംഗ് കമ്പനി'യുടെ ഓഫീസായിരുന്നു അത്. ഏതോ ഉൾപ്രേരണപോലെ, മാനേജരായ ഈജിപ്ഷ്യൻ ആർക്കിടെക്ട് മെദാത് എം. ഉസ്മാന്റെ മുറിയിലെത്തി ജൂഡ്‌സൺ. ജോലി വേഷത്തിലെത്തിയ തന്നെ ആരും തടയാതിരുന്നതുമാത്രമല്ല, തന്റെ കഴിവ് പരിശോധിക്കാൻ മെദാത് തയാറായതും ദൈവപദ്ധതിയുടെ പൂർത്തീകരണത്തിനായിരുന്നുവെന്ന് ജൂഡ്‌സൺ ഇന്ന് തിരിച്ചറിയുന്നു.
ഇഷ്ടചിത്രം വരക്കാൻ ആവശ്യപ്പെട്ട മെദാതിന് എറണാകുളം മറൈൻഡ്രൈവിന്റെ ലാൻഡ് സ്‌കേപ്പാണ് തയാറാക്കി നൽകിയത്. നന്നായിട്ടുണ്ട്. കെട്ടിടങ്ങളുടെ ത്രിമാനചിത്രം വരക്കാൻ പഠിച്ചുവരൂ. ജോലി തരാം,'എന്ന മെദാതിന്റെ വാഗ്ദാനത്തിൽ പുതിയ സ്വപ്‌നങ്ങൾ കണ്ട ജൂഡ്‌സൺ നേരെ എത്തിയത് തന്റെ കമ്പനിയിലെ ആർക്കിടെക്ടായ ഫിലിപ്പീൻസുകാരൻ ജിമ്മിയുടെ അടുക്കലാണ്.
അദ്ദേഹത്തിൽനിന്ന് ത്രിമാനചിത്രരചനയുടെ 'ടെക്‌നിക്' പഠിച്ച് ഒരു മാസത്തിനുള്ളിൽ ജൂഡ്‌സൺ മെദാതിന്റെ കമ്പനിയിൽ ജോലിക്കുചേർന്നു. ദുബായ് ഭരണാധികാരിയുടെ മകൻ ഷെയ്ഖ് ഖാനംബിൽ ഫൈസലിന്റെ എണ്ണ ഖനന കമ്പനിയുടെ ലോഗോ തയാറാക്കലായിരുന്നു ആദ്യ ഉത്തരവാദിത്തം. ജൂഡ്‌സന്റെ കലാവൈഭവത്തിൽ ആകൃഷ്ടനായ ഷെയ്ഖ്, കുടുംബാംഗങ്ങളുടെ ചിത്രം വരക്കാൻ ചുമതലപ്പെടുത്തിയതോടെ വലിയൊരു സുഹൃത്ബന്ധം ആരംഭിക്കുകയായിരുന്നു.
പാസ്‌പോർട്ടുമായി ജയിലിലേക്ക്
കഴിഞ്ഞകാല പ്രവാസജീവിതം ജൂഡ്‌സൺ ഷെയ്ഖിനോട് വെളിപ്പെടുത്തി. ഒപ്പം, നാട്ടിൽ പോകാനുള്ള ആഗ്രഹവും. തന്റെ സ്വാധീനം ഉപയോഗിച്ച് പഴയ സ്‌പോൺസറിൽ നിന്ന് യാത്രാരേഖകൾ ഷെയ്ക് വാങ്ങിക്കൊടുത്തു. മൂന്നു വർഷത്തെ പ്രവാസജീവിതത്തിൽ സമ്പാദിച്ച 20,000 റിയാലുമായി നാട്ടിലേക്ക് തിരിക്കാൻ തയാറെടുക്കുമ്പോൾ പഴയ സ്‌പോൺസർ പുതിയ പ്രലോഭനവുമായെത്തി: നമുക്ക് ഒരു സ്റ്റുഡിയോ തുടങ്ങാം. ഉപകരണങ്ങൾ ഞാൻ വാങ്ങും, കെട്ടിടത്തിനുള്ള പണം നൽകുമെങ്കിൽ നിന്നെ പാർട്ണറാക്കാം.'
ജോലിക്കാരായെത്തി ബിസിനസുകാരായി മാറിയ പ്രവാസികളെക്കുറിച്ചുള്ള ചിന്തകൾ ജൂഡ്‌സനെ പ്രലോഭിപ്പിച്ചു. കൈയിലുണ്ടായി രുന്നതു മുഴുവൻ കൊടുത്തു. ഒടുവിൽ, ജൂഡ്‌സൺ ആ സത്യം അറിഞ്ഞത് വൈകിയാണ്: സ്റ്റുഡിയോ തുടങ്ങി. പക്ഷേ, അറബിയുടെ പേരിലാണെന്നു മാത്രം. ക്ഷുഭിതനായ ജൂഡ്‌സണെ ഓഫീസ് ആക്രമിച്ചെന്ന കള്ളക്കേസിൽ കുടുക്കി അറബി ജയിലിലടപ്പിച്ചു. നാലു മാസത്തെ ജയിൽ വാസത്തിനുശേഷം മോചിതനായി ജൂഡ്‌സൺ നാട്ടിൽ വിമാനമിറങ്ങുമ്പോൾ കാത്തിരുന്നത് പലിശക്കാരുടെ ഭീഷണിയും നാട്ടുകാരുടെ പരിഹാസവും.
ത്രീ ഡി വഴി അനിമേഷനിലൂടെ ആർകിടെക്റ്റിലേക്ക്
വീടുവിറ്റിട്ടും തീരാത്ത കടബാധ്യത, പ്രായമായ മാതാപിതാക്കൾ, സഹോദരിമാരുടെ വിവാഹം, കുടുംബത്തിന്റെ ഏക പ്രതീക്ഷയായ തനിക്ക് ജോലിയുമില്ല... ആരും തകർന്നുപോകുന്ന നിമിഷം. പക്ഷേ, ദൈവാശ്രയബോധത്തോടെ പ്രതിസന്ധികളെ തരണംചെയ്യാൻ തീരുമാനിച്ച ജൂഡ്‌സൺ കൊച്ചിയിലെ പ്രശസ്തമായ ഒരു ആർക്കിടെക്ട് ഗ്രൂപ്പിൽ ജോലിതേടിയെത്തി. ജൂഡ്‌സണിലെ കലാകാരനെ മുമ്പേ മനസിലാക്കിയിട്ടുള്ള കമ്പനിയുടമ കെട്ടിടങ്ങളുടെ ത്രിമാന ചിത്രരചനാ (ത്രീ ഡി) വൈഭവം തെളിയിക്കാൻ അവസരം ഒരുക്കുകയായിരുന്നു.
എറണാകുളം കവിതാ തീയറ്ററിനു മുൻവശമുള്ള ഒരു കെട്ടിടത്തിന്റെ ത്രിമാനചിത്രം വരക്കുകയായിരുന്നു ആദ്യജോലി. കൊച്ചി വ്യവസായ മേഖലയിലെ ടാറ്റാ സെറാമിക്‌സിന്റെ ബഹുനില കെട്ടിടത്തിന്റെ ത്രിമാന ചിത്രമൊരുക്കലായിരുന്നു മറ്റൊന്ന്. അതിലെല്ലാം മികവു കാട്ടിയ ജൂഡ്‌സണ് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക്, എറണാകുളം മറൈൻഡ്രൈവിലെ ഫെഡറൽ ടവർ തുടങ്ങിയ നിരവധി കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങൾ തയാറാക്കിയതും ഇദ്ദേഹം തന്നെ. ത്രിമാന ചിത്രരചനയിൽനിന്ന് ആനിമേഷൻ ചിത്ര നിർമാണത്തിലേക്ക്, ഇന്റീരിയർ ഡിസൈനിങ്ങിലേക്ക്, കെട്ടിടങ്ങളെ അണിയിച്ചൊരുക്കുന്ന എലിവേഷൻ രംഗത്തേക്ക്, ആർക്കിടെക് വിദഗ്ദ്ധനിലേക്ക്...
വീടാണ് സ്വർഗം; സ്വർഗമാവണം വീട്
ആർക്കിടെക്ടിലേക്കുള്ള വളർച്ചയെക്കുറിച്ച് ചോദിക്കുമ്പോൾ ജൂഡ്‌സൺ തിരുത്തും: എനിക്ക് ആർക്കിടെകട് ബിരുദമില്ല. അതുകൊണ്ട് എനിക്ക് ആ പദവി ചേരില്ല. കെട്ടിടത്തിന്റെ രൂപഭംഗി അടമുടി നിശ്ചയിക്കുന്ന ആർക്കിടെക്ടിന്റെ ജോലിതന്നെയാണ് ചെയ്യുന്നതെങ്കിലും ശിൽപ്പിയുടെ സ്ഥാനമാണ് ഞാൻ ഇഷ്ടപ്പെടുന്നത്.'
കോഴിക്കോട് നഗരത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു ഷോപ്പിംഗ് മാളിന്റെ എലിവേഷൻ തയാറാക്കിയതാണ് ആർക്കിടെക്ട് രംഗത്തേക്ക് വഴിയൊരുക്കിയത്. മാളിന്റെ രൂപഭംഗിയിൽ ആകൃഷ്ടനായ ദുബായ് കൊട്ടാരം അഡ്മിനിസ്‌ട്രേറ്ററും മലയാളിയുമായ അസ്‌ലം മൊഹിദിൻ ദുബായിയിൽ നിർമിക്കാനുദ്ദേശിച്ച വീടിന്റെ ആർക്കിടെക്ട് ചുമതല ജൂഡ്‌സണെ ഏൽപ്പിച്ചു, 2003ൽ.
ആദ്യ വർക്കുതന്നെ ക്ലിക്ക്. പിന്നെഅവസരങ്ങളുടെ ഘോഷയാത്രയായിരുന്നു. തിരക്കുകൾ വർധിച്ചപ്പോൾ കൊച്ചി നഗരത്തിലും മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്കായി ദുബായിലും ഓഫീസ് ആരംഭിച്ചു. ഡിസൈനിംഗിൽ മാത്രമാണ് ജൂഡ്‌സന്റെ ചുമതല. കെട്ടിടത്തിന്റെ ബലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ട്രക്ചറൽ എൻജിനീയറിംഗ് വിദഗ്ദ്ധരാണ് തീരുമാനിക്കുന്നത്.
''വീടുകളുടെ നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് എന്റെ ശ്രമം. ഭൂമിയിലെ സ്വർഗമായിത്തീരേണ്ട ഇടമാണ് കുടുംബം. അതിൽ ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാവണം വീടുകളുടെ നിർമാണമാണ് ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകുന്നത്,'' ജൂഡ്‌സൺ പറയുന്നു.
ഓരോ വീടും വ്യത്യസ്തമാകണം എന്നതിൽ നിർബന്ധമുള്ളതിനാൽ സ്പാനിഷ്, ചൈനീസ്, കൊളോണിയൽ, ക്ലാസിക്, അറബിക് തുടങ്ങിയ വാസ്തുവിദ്യാശൈലികളുള്ള വീടുകൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. വ്യത്യസ്തമായ വാസ്തുവിദ്യാശൈലികൾ തേടിയുള്ള യാത്രകളും വായനയുമാണ് ജൂഡ്‌സന്റെ വിജയമന്ത്രം.
കൊച്ചി രൂപതാ ചുള്ളിക്കൽ സെന്റ്ആന്റണീസ് ഇടവകാംഗമായ ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ അജ്മാനിലാണ് താമസം. ഭാര്യ: ഡിക്‌സി, മൂത്തമക്കൾ: ടാനിയ ദുബായിയി ൽ ബി ആർക്ക് വിദ്യാർത്ഥിനിയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഇളയമകൾ നീരജ ബി ടെക് പ്രവേശനത്തിനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ക്ലൈമാക്‌സ്:
ഫ്രാങ്ക് ലോയിഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ന്യൂയോർക്ക് സിറ്റി ഡിസൈൻചെയ്ത വിഖ്യാത ആർക്കി ടെക്ടായ അദ്ദേഹം പാഠപുസ്‌കത്തിൽ നിന്ന് നേടിയ സാങ്കേതിക പരിജ്ഞാനത്തിന്റെ കാര്യത്തിൽ വട്ടപ്പൂജ്യമായിരുന്നു. എന്നാൽ, ദൈവം സമ്മാനിച്ച കഴിവുകളിലൂടെ ചെയ്ത നിർമിതികളിലെല്ലാം ദൈവത്തിന്റെ കൈയൊപ്പു പതിപ്പിക്കുകയും ചെയ്തു അദ്ദേഹം.
ഫ്രാങ്ക് ലോയിഡിനെ മാതൃകയാക്കുന്ന ജൂഡ്‌സൺ, ദൈവം വിശ്വസിച്ചേൽപ്പിച്ച താലന്തുകൾ 30ഉം 60ഉം നൂറുമിരട്ടിയായി തിരികെ ഏൽപ്പിക്കാനുള്ള പ്രാർത്ഥനയിൽ ജോലി തുടരുന്നു. ജൂഡ്‌സന്റെ വാക്കുകളിൽ അത് ഇപ്രകാരം സംഗ്രഹിക്കാം:'''ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവം എനിക്കു തന്ന സമ്മാനമാണ്; ഞാൻ എന്താകുന്നുവോ അത് െൈദവത്തിനുള്ള എന്റെ സമ്മാനവും.''