{[['']]}
രാവിലെ വാട്ടര്‍ബോട്ടിലും ബാഗും തൂക്കി സ്‌കൂളില്‍ പോകുന്ന കുട്ടി തിരിച്ചു വരാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ അച്ഛനമ്മമാരുടെ നെഞ്ചൊന്നു പിടയ്ക്കും. എല്ലാ ദിവസവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ഒറ്റ നിമിഷം കൊണ്ട് അവരുടെ മനസ്സില്‍ ഓടിയെത്തും. തങ്ങളുടെ കുട്ടിക്കും എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോ എന്ന് ഭയക്കും.എവിടെ നിന്നാണ് കാമാര്‍ത്തമായ കണ്ണുകളും കൂര്‍ത്ത നഖങ്ങളുമായി കഴുകന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ നേരെ ചാടിവീഴുന്നതെന്ന ഭയത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കളാണ് അധികവും.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. ദേശീയ മാധ്യമങ്ങളില്‍ വരുന്ന കുട്ടികളുടെ പീഡന വാര്‍ത്തകള്‍ പലതും പുറത്ത് പറയാന്‍ അറക്കുന്ന തരത്തിലുള്ളതാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മുതല്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വരെ പീഡനത്തിന് ഇരയാക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്.തിരൂരില്‍ അമ്മയുടെ കൂടെ ഉറങ്ങിക്കിടക്കുന്ന മൂന്നു വയസ്സുകാരിയായ നാടോടിബാലികയെ പീഡിപ്പിച്ച 22കാരന് ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി 30 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് നാലാം ക്ലാസുകാരിയെ മദ്ധ്യവയസ്‌കന്‍ വീട്ടില്‍ വിളിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും വീട്ടില്‍ പതിവായി നീലച്ചിത്രം കണ്ടശേഷം ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തി കുളത്തിലിട്ട ആറാം ക്ലാസുകാരന്റെ കഥയും ഉണ്ടാക്കിയ ആഖാതം ചെറുതായിരുന്നില്ല. ഏറ്റവും അവസാനമായി തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഓട്ടോയില്‍ കയറിയ കാഴ്ചയ്ക്ക് തകരാറുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതു വരെ എത്ര എത്ര സംഭവങ്ങള്‍.
ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലും വിശ്വസിക്കാനാകാത്ത ഒരു സാഹചര്യമാണ് നിലവിലുളളത്. പല പീഡനക്കേസുകളിലും കുട്ടികളെ പീഡിപ്പിക്കുന്നത് അടുത്ത ബന്ധുക്കള്‍ തന്നെയായിരിക്കും. സ്വന്തം അച്ഛന്‍ മകളെ ഗര്‍ഭിണിയാക്കുന്ന കാലഘട്ടത്തില്‍ അമ്മമാര്‍ക്ക് ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പോലും തിരിച്ചറിയാത്ത് അവസ്ഥയാണ്. പല സ്ഥലങ്ങളിലും പെണ്‍മക്കളെ അച്ഛന്റെയും സഹോദരന്മാരുടെയും അടുത്ത് ഒറ്റയ്ക്ക് വിടാന്‍ അമ്മമാര്‍ പേടിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ മനോഭാവം മാറിത്തുടങ്ങി.തട്ടിക്കൊണ്ട് പോകുപ്പെടുന്ന കുട്ടികളുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാ കുട്ടികളും അതിക്രമത്തിനിരയാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് മാതാപിതാക്കള്‍.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുത്ത് സ്വയം അവര്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റി ബോധ്യപ്പെടുത്തുക എന്ന ആശയം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് പ്രാവര്‍ത്തികമാകാറില്ല. മുതിര്‍ന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലൂടെ കൊടുക്കുന്ന വിദ്യാഭ്യാസം ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഒരു കാര്യം പറഞ്ഞു കൊടുത്താല്‍ നൂറു ചോദ്യം തിരികെ ചോദിക്കുന്ന കുട്ടികളോട് എങ്ങനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കും എന്ന് ആകുലപ്പെടുന്ന മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സഹായകമാകുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.
Post a Comment