Movie :

kerala home tv show and news

Home » , » കുട്ടികളെ പഠിപ്പിക്കാം, സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും

കുട്ടികളെ പഠിപ്പിക്കാം, സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും

{[['']]}


 








കുട്ടികളെ പഠിപ്പിക്കാം, സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും



ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ. പണം കൈകാര്യം ചെയ്യാനും സമ്പാദിക്കാനും ചെറുപ്പം മുതലേ കുട്ടികളെ ശീലിപ്പിക്കാം. ആദ്യ പരിശീലനം നല്‍കേണ്ടത് വീട്ടില്‍ നിന്നുതന്നെ. പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികളില്‍ സാമ്പത്തിക സ്വാതന്ത്ര്യം വളര്‍ത്തുക മാത്രമല്ല, പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ബോധം ഉറപ്പിക്കുകയും ചെയ്യാം. എന്നാല്‍ അതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എത്ര തുക നല്‍കാം?
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നാല് ഘട്ടങ്ങളായി തിരിക്കാം. 5-8, 9-12, 13-15, 16-18 എന്നിവയാണവ. ഏഴു വയസു മുതല്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കി തുടങ്ങാം. എന്നാല്‍ പണം കൈകാര്യം ചെയ്യാന്‍ ഏഴു വയസുള്ള കുട്ടിക്ക് സാധിക്കുന്നില്ലെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കാം. കുട്ടിയുടെ പ്രായം കൂടുന്നതിനനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം വരുത്താം. ചെറിയ കുട്ടികള്‍ക്ക് മിഠായിയോ മധുരമോ വാങ്ങാനുള്ള പണമാണ് ആവശ്യമെങ്കില്‍ ടീനേജുകാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുകയാകും ആവശ്യം. തുടക്കത്തില്‍ ആഴ്ചതോറും ചെറിയ തുകകള്‍ നല്‍കാം. ക്രമേണ വര്‍ധിപ്പിച്ച് മാസംതോറും നല്‍കിത്തുടങ്ങാം. ഏഴു വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ചെറിയ കാലയളവില്‍ ചെറിയ തുകകള്‍ കൈകാര്യം ചെയ്യാനാകും എളുപ്പം. എന്തായാലും കൃത്യമായ ബജറ്റ് കണക്കാക്കി വേണം തുക നിശ്ചയിക്കാന്‍.

പിഗ്ഗി ബാങ്ക് നല്‍കുകയോ ബാങ്ക് എക്കൗണ്ട് തുടങ്ങുകയോ ചെയ്യാം
കൈയില്‍ പണം വരുമ്പോള്‍ അത് ചെലവാക്കാനുള്ള താല്‍പ്പര്യവും കുട്ടികളില്‍ വര്‍ധിക്കും. അതിനാല്‍ ചെലവഴിക്കുന്നതിന്റെയും സമ്പാദിക്കുന്നതിന്റെയും കൃത്യമായ സന്തുലനം പാലിക്കാനാവശ്യമായ ബോധവല്‍ക്കരണം കുട്ടികള്‍ക്ക് തുടക്കത്തിലേ നല്‍കാം. ചെലവഴിക്കാനൊരുങ്ങും മുമ്പ് സമ്പാദിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കാം, ഇത് ഭാവിയില്‍ സാമ്പത്തിക സുരക്ഷിതത്വം നല്‍കും. ഇതിന് പ്രോത്സാഹനമായി ഒരു പിക്ഷി ബാങ്ക് സമ്മാനിക്കുകയോ ഒരു ബാങ്ക് എക്കൗണ്ട് തുടങ്ങി കൊടുക്കുകയോ ചെയ്യാം. മിക്ക ബാങ്കുകളും എട്ടു വയസു മുതലുള്ള കുട്ടികള്‍ക്ക് എക്കൗണ്ട് അനുവദിക്കാറുണ്ട്. ഉല്‍സവവേളകളിലും മറ്റും ബന്ധുക്കളില്‍ നിന്നു ലഭിക്കുന്ന തുക ഇതില്‍ നിക്ഷേപിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കാം. പ്രിയപ്പെട്ട കളിപ്പാട്ടമോ പുസ്തകമോ വസ്ത്രമോ വാങ്ങാനായി സമ്പാദിക്കാം എന്ന ലക്ഷ്യബോധം കുട്ടികളില്‍ വളര്‍ത്തുന്നത് ഗുണകരമാകും.

നിരീക്ഷിക്കാം, പക്ഷേ ലക്ഷ്യം നിശ്ചയിക്കേണ്ടത് കുട്ടി
പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുക മാത്രമല്ല, അവരിലെ പണം കൈകാര്യം ചെയ്യാനുള്ള കഴിവിന് മൂര്‍ച്ച കൂട്ടുകയുമാണ്. അതിനാല്‍ ചെലവഴിക്കുന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി, ടാര്‍ഗറ്റ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് തന്നെ നല്‍കാം. ഹ്രസ്വകാല ലക്ഷ്യമായി ഫോണ്‍, ദീര്‍ഘകാല ലക്ഷ്യമായി ബൈക്ക് എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ അവര്‍ സ്വയം നിശ്ചയിക്കട്ടെ. തെറ്റുകള്‍ പറ്റിക്കോട്ടെ, ആവശ്യമുള്ള സമയത്ത് മാത്രം സഹായവും ഉപദേശവും നല്‍കാം. എന്നാല്‍ പണം ചെലവഴിക്കുന്നതെങ്ങനെ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മറക്കണ്ട, പണം അനാവശ്യമായി ചെലവാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

തെറ്റുകള്‍ സ്വാഭാവികം
പണം കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ക്ക് തെറ്റുകള്‍ പറ്റാം. ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനെക്കാള്‍ മെച്ചം ചെറിയ പ്രായത്തിലെ ചെറിയ നഷ്ടങ്ങളാണ്. മാസാവസാനം ഷോപ്പിംഗിന് പോകാന്‍ പരിമിതമായ തുകയേയുള്ളുവെങ്കില്‍ അത്തരം സമയങ്ങളില്‍ സഹായിക്കാനായി അധികം പണം നല്‍കരുത്. കൂടുതല്‍ പണം നല്‍കുന്നത് കുട്ടികളില്‍ സാമ്പത്തിക അച്ചടക്കം ഇല്ലാതാക്കും. പണം കടം വാങ്ങുന്നതും നല്‍കുന്നതും ടീനേജുകാര്‍ക്കിടയില്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. കടത്തിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും അത്തരം ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുക.

ചെയ്യേണ്ട ജോലികള്‍ക്ക് പ്രതിഫലം നല്‍കരുത്
പണം വാഗ്ദാനം ചെയ്യുമ്പോള്‍ മിക്ക മാതാപിതാക്കള്‍ക്കും സംഭവിക്കുന്ന പിഴവാണിത്. സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ കുട്ടികള്‍ക്ക് പണം വാഗ്ദാനം ചെയ്യരുത്. പഠിക്കേണ്ടതും നന്നായി പെരുമാറേണ്ടതും സ്വന്തം കിടപ്പുമുറി വൃത്തിയാക്കി വെക്കേണ്ടതുമെല്ലാം കുട്ടികള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ജോലികളാണ്. അതിനെ പണം നേടാനുള്ള മാര്‍ഗമായി കാണാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് കുട്ടികളിലെ പണത്തോടുള്ള ആര്‍ത്തിയാണ് വര്‍ധിപ്പിക്കുക, പണത്തെക്കുറിച്ചുള്ള ബോധമല്ല. മാത്രമല്ല ഓരോ ചെറിയ ജോലിക്കു പോലും അവര്‍ പ്രതിഫലം പ്രതീക്ഷിക്കാനും തുടങ്ങും. അതുപോലെ തന്നെ കുസൃതിയുടെയും മറ്റും പേരില്‍ അവര്‍ക്കു നല്‍കുന്ന തുക കുറയ്ക്കാനും പാടില്ല. മറ്റു മാര്‍ക്ഷങ്ങളിലൂടെ അച്ചടക്കം ശീലിപ്പിക്കാം.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger