{[['']]}
സോളാര്‍: ജുഡീഷ്യല്‍ അന്വേഷണം ചീറ്റി
ശ്രീഹരി രാമകൃഷ്‌ണന്‍
കൊച്ചി: വിവാദഭൂപടത്തില്‍ സ്വര്‍ണക്കടത്തുകേസ് വെട്ടിത്തിളങ്ങിയതോടെ സോളാര്‍ തട്ടിപ്പു സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കങ്ങള്‍ ചീറ്റിപ്പോയി.
സമരത്തേക്കാള്‍ സമരസത്തിന്റെ പാതയിലായ പ്രതിപക്ഷവും പുതിയ സാഹചര്യത്തില്‍ സോളാറിനെ ബോധപൂര്‍വം വിസ്‌മരിച്ചു. സോളാര്‍ വിഷയത്തില്‍ ഇടതുപക്ഷം കൊട്ടിഘോഷിച്ചു നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചിട്ട് ഇപ്പോള്‍ ഒന്നരമാസമായി. ജുഡീഷ്യല്‍ അന്വേഷണം എന്ന ഏക കച്ചിത്തുരുമ്പില്‍ പിടിച്ചാണ് ഉപരോധം പൊടുന്നനെ അവസാനിപ്പിച്ചത്. അണികളില്‍നിന്ന് ഏറെ പഴികേട്ട തീരുമാനമായിരുന്നു ഇത്. തുടര്‍ന്ന് രണ്ടാഴ്‌ചയോളം സമയമെടുത്താണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചത്.
ഇതു കിട്ടിയാലുടന്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് ടേംസ് ഓഫ് റഫറന്‍സ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്ക്. ഒരു മാസം പിന്നിട്ടെങ്കിലും പല മന്ത്രിസഭാ യോഗങ്ങള്‍ കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇടതുപക്ഷത്തു നിന്ന് ഇതിനായി ശക്‌തമായ സമ്മര്‍ദം ഉണ്ടായതുമില്ല. ഇതിനിടെ, കഴിഞ്ഞമാസം അവസാനമാണ് അന്വേഷണത്തിനു സിറ്റിംഗ് ജഡ്‌ജിയെ നല്‍കില്ലെന്ന് ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചത്. തീരുമാനം പുന:പരിശോധിക്കാനായി രണ്ടുദിവസത്തിനുശേഷം സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് വീണ്ടുംകത്തയച്ചിരുന്നു. 25 ദിവസം കഴിഞ്ഞിട്ടും ഇതേക്കുറിച്ചാരും വ്യാകുലപ്പെട്ടിട്ടില്ല.
സിറ്റിംഗ് ജഡ്‌ജിയെ കിട്ടിയില്ലെങ്കില്‍ എന്തുവേണമെന്ന കാര്യത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. രോഗി ഇച്‌ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന നിലയില്‍ത്തന്നെയാണു കാര്യങ്ങള്‍. സ്വര്‍ണക്കടത്തു കേസ് കത്തിയതോടെ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന സംഭവംതന്നെ വിസ്‌മൃതിയിലാണ്. ഇടതു തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സി.പി.എം ഇപ്പോള്‍ പി.ബി. കമ്മീഷന്റെ സന്ദര്‍ശനത്തിരക്കിലുമാണ്.
Post a Comment