{[['']]}
വാനോളം പുകഴ്‌ത്തി ചെന്നിത്തല; ലീഗും ഐ ഗ്രൂപ്പും അടുക്കുന്നു
കോഴിക്കോട്: മുസ്ലിംലീഗിനെതിരായ രമേശ് ചെന്നിത്തലയുടെ വിവാദ പ്രസംഗത്തിന്റെ കയ്‌പേറിയ ഓര്‍മകള്‍ മറന്ന് ഐ ഗ്രൂപ്പും ലീഗും വീണ്ടും അടുക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടുനടന്ന സി.കെ.ജി. അനുസ്‌മരണച്ചടങ്ങില്‍ ലീഗിനെതിരേ നിശിത വിമര്‍ശനം അഴിച്ചുവിട്ട ചെന്നിത്തല കോഴിക്കോട്ടെ വേദിയില്‍ തന്നെ ഇന്നലെ മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി.
സോണിയ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍ ലീഗുമായുള്ള സൗഹൃദം വീണ്ടെടുക്കുന്നതിലൂടെ ചെന്നിത്തല എ ഗ്രൂപ്പിനെയാണു ലക്ഷ്യമിടുന്നതെന്നു വിലയിരുത്തപ്പെടുന്നു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുയുദ്ധം യു.ഡി.എഫിനു ഭീഷണിയാകുന്നെന്ന പരാതിയുമായി നേരത്തെ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചപ്പോഴൊക്കെയും അവഗണനയാണു ലീഗ് നേരിട്ടിരുന്നത്. എന്നാല്‍ സോണിയയുടെ കേരള സന്ദര്‍ശനത്തോടെ ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ചെന്നിത്തലയുടെ വാക്കുകള്‍ ലീഗുമായി അടുക്കുന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്. സോണിയയുടെ സന്ദര്‍ശനം സംബന്ധിച്ച തിരക്കുകള്‍ക്കിടയിലും ചെന്നിത്തല കോഴിക്കോട്ട് എത്തിയതു ലീഗുമായുള്ള സൗഹൃദം മാത്രം ലക്ഷ്യമിട്ടാണെന്നാണ് ഐ ഗ്രൂപ്പ് നല്‍കുന്ന സൂചന. ഈ നീക്കത്തിലൂടെ ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം തടഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യൂത്ത് ലീഗ് കോഴിക്കോട്ടു സംഘടിപ്പിച്ച സി.എച്ച്. അനുസ്‌മരണച്ചടങ്ങില്‍ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ആവര്‍ത്തിച്ചെങ്കിലും തത്വത്തില്‍ ഐ ഗ്രൂപ്പ്-ലീഗ് മഞ്ഞുരുകലിനാണു വേദിയായത്. യു.ഡി.എഫ്. എന്ന കപ്പല്‍ മുങ്ങില്ലെന്നും എന്തു പ്രശ്‌നമുണ്ടെങ്കിലും അവശ്യസമയത്ത് ലീഗും കോണ്‍ഗ്രസും ഒന്നാകുമെന്നും സി.എച്ച്. അനുസ്‌മരണച്ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒന്നായിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍കിട്ടില്ല. എല്ലാ പ്രശ്‌നത്തിലും ഒരേ അഭിപ്രായം ഉണ്ടാവണമെന്നില്ല.
ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. യു.ഡി.എഫിനു ശക്‌തിപകരുന്ന തരത്തിലാണു കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ യു.ഡി.എഫിലെ അവിഭാജ്യഘടകമെന്നാണു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. യു.ഡി.എഫില്‍ എന്തു പ്രതിസന്ധിയുണ്ടാവുമ്പോഴും ലീഗ് മധ്യവര്‍ത്തിയുടെ റോളാണു വഹിക്കാറുള്ളത്.
ലീഗ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളെ സ്വാഗതംചെയ്‌ത ചെന്നിത്തല തെരഞ്ഞെടുപ്പിനെ ഇരുകക്ഷികളും ഒറ്റക്കെട്ടായി നേരിടുമെന്നും വ്യക്‌തമാക്കി. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും കോണ്‍ഗ്രസ് അംഗീകരിക്കില്ല. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണു ലീഗ് നേരത്തെ പ്രവര്‍ത്തനം തുടങ്ങിയത്. ഇതു നല്ലതാണ്. കോണ്‍ഗ്രസും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
Post a Comment