{[['']]}
ഒരേ കാറില്‍ 47 വര്‍ഷം, 48 ലക്ഷം km
ഒരു കാര്‍ നാം എത്ര വര്‍ഷം ഉപയോഗിക്കും. പുതിയ കാലത്തെ കണക്ക് അനുസരിച്ചാണെങ്കില്‍ ഏറിയാല്‍ പത്ത് വര്‍ഷം. അതിനു ശേഷം ആ മോഡല്‍ മാര്‍ക്കറ്റില്‍ ഇല്ലെങ്കില്‍ 'ആക്രി'ക്കു കൊടുത്ത് ഉളള കാശു വാങ്ങി പോക്കറ്റിലിടുകയോ എക്‌സ്ചേഞ്ച് ഓഫറിലൂടെ പുതിയൊരു കാര്‍ വാങ്ങുകയോ ചെയ്യും. എന്നാല്‍ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലുളള ഇര്‍വിന്‍ ഗോര്‍ഡന്‍ എന്ന മുന്‍ അധ്യാപകന്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്‌തനാണ്.
47 വര്‍ഷം മുന്‍പ് ഒരു വെളളിയാഴ്‌ചയാണ് പി 1800 എസ് എന്ന ചുവന്ന വോള്‍വോ കാര്‍ ഗോര്‍ഡന്‍ സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചാമത്തെ വയസ്സിലായിരുന്നു അത്. താന്‍ ആദ്യമായി വാങ്ങിയ കാര്‍ സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടി രാത്രിയില്‍ അവിടെയുമിവിടെയുമെല്ലാം ഓടിച്ചു. ആ ആവേശം ഒട്ടും ചോര്‍ന്നു പോകാതെയാണ് അദ്ദേഹം ഇന്നും അതേ കാര്‍ ഓടിക്കുന്നത്! ഒരേ കാറില്‍ ഏറ്റവും കൂടുതല്‍ ദൂരംസഞ്ചരിച്ചതിനുളള ഗിന്നസ് റിക്കോഡ് ഗോര്‍ഡന്റെ പേരിലാണ്. ഇപ്പോള്‍ അദ്ദേഹം സ്വന്തം പേരിലുളള റിക്കോഡ് ഒന്നു തിരുത്താനുളള പുറപ്പാടിലാണ്.
2002 ല്‍ സ്വന്തം വോള്‍വോയില്‍ 20 ലക്ഷം മൈല്‍ പിന്നിട്ടതോടെയാണ് ഗോര്‍ഡന്‍ ഗിന്നസ് ബുക്കില്‍ സ്‌ഥാനം നേടിയത്. ഇപ്പോള്‍ 11 വര്‍ഷത്തിനു ശേഷം സ്വന്തം വോള്‍വോയില്‍ 30 ലക്ഷം മൈല്‍ പിന്നിട്ട ഈ മുന്‍ അധ്യാപകന്‍ സ്വന്തം പേരിലുളള റിക്കോഡ് തിരുത്തിയെഴുതുകയാണ്.
ആദ്യ 10 ലക്ഷം മൈല്‍ പിന്നിടാന്‍ ഗോര്‍ഡന് 21 വര്‍ഷം വേണ്ടിവന്നു. 15 വര്‍ഷം കൊണ്ട് അടുത്ത 10 ലക്ഷം മൈല്‍ ഓടിച്ചു. കാര്‍ വിശ്വസിക്കാന്‍ കൊളളാവുന്നതായിരിക്കമെന്നാണ് ഗോര്‍ഡന്റെ അഭിപ്രായം. തന്റെ വോള്‍വോ അത്തരത്തിലുളളതാണ്. അതിനാലാണ് 47 വര്‍ഷത്തിനു ശേഷവും അത് ഉപേക്ഷിക്കാത്തത് എന്നും ഗോര്‍ഡന്‍ പറയുന്നു.
Post a Comment