{[['']]}
ഫായിസ് മലബാറിലെ 'ഡി.ജി.പി'
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി ടി. ഫായിസ് പത്തുവര്‍ഷമായി സംസ്‌ഥാന പോലീസിലെ സ്‌ഥലംമാറ്റങ്ങളും സ്‌ഥാനമാനങ്ങളും നിശ്‌ചയിക്കുകയും അതിലൂടെ കോടികളുടെ ഹവാല പണമിടപാടു നടത്തുകയും ചെയ്‌തതായി അന്വേഷണറിപ്പോര്‍ട്ട്.
മലബാര്‍ മേഖലയില്‍ ഡി.ജി.പിയെ പോലെ പ്രവര്‍ത്തിച്ച ഫായിസിന്റെ പിണിയാളുകളായി നിന്നത് 26 ഡിവൈ.എസ്.പിമാരും അതിലേറെ സി.ഐമാരും മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്‌ഥരും ഒരു ജില്ലാ കലക്‌ടറും. ഇവരുടെ പേരും ഫോണ്‍വിളിപ്പട്ടികയും ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തരവകുപ്പിനു കൈമാറി. ഡിവൈ.എസ്.പി, സി.ഐ. തലത്തിലുള്ളവരെ ഏകോപിപ്പിച്ചു നിയന്ത്രിച്ചതു ഫായിസായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലെ ഒട്ടുമിക്ക പോലീസുദ്യോഗസ്‌ഥരും ഫായിസിന്റെ മാസപ്പടിക്കാരായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.പി.എസ്. ഉദ്യോഗസ്‌ഥരായ ടി. വിക്രം, നീരജ് കുമാര്‍ ഗുപ്‌ത, ഒരു സീനിയര്‍ ഐ.ജി. എന്നിവര്‍ നടത്തിയ ഇടപാടുകളെക്കുറിച്ചു കേന്ദ്ര ആഭ്യന്തരസുരക്ഷാ വിഭാഗത്തിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദിലീപ്, മനോജ് കെ. ജയന്‍, കാവ്യ മാധവന്‍, ജ്യോതിര്‍മയി, അര്‍ച്ചന തുടങ്ങി സിനിമാരംഗത്തെ പല പ്രമുഖരും ഫായിസുമായി മൊബൈലില്‍ ബന്ധപ്പെട്ടതിനു തെളിവു ലഭിച്ചതായി സൂചനയുണ്ട്.
ദുബായ് കേന്ദ്രീകരിച്ചു യു.ഡി.എഫിലെ പ്രമുഖന്‍ നേതൃത്വം നല്‍കുന്ന ആഡംബര നൗകയുടെ നടത്തിപ്പിലും ഫായിസിന്റെ സാന്നിധ്യമുള്ളതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കോണ്‍ഗ്രസ് സംഘടനാരംഗത്തെ നേതാവാണ് ഈ പ്രമുഖന്‍. ഇടതുമുന്നണിയിലെ പ്രബലനായ നേതാവുമായും ഫായിസിന് അടുത്ത ബന്ധമാണുള്ളത്. പോലീസിന്റെ നീക്കങ്ങളറിയാന്‍ ഫായിസ് ഒരു ഡിവൈ.എസ്.പിയുടെ വയര്‍ലെസ്‌സെറ്റ് ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. സ്വര്‍ണക്കടത്ത്-ഹവാല നീക്കം സുഗമമാക്കാന്‍ ഇഷ്‌ടക്കാരായ പോലീസുകാരെ താക്കോല്‍ സ്‌ഥാനങ്ങളില്‍ തിരുകിക്കയറ്റാന്‍ ഫായിസ് പണമൊഴുക്കുമായിരുന്നു.
കൊച്ചി ഡി.സി.പിയായി (ക്രമസമാധാനം) സുനില്‍ ജേക്കബിനെ നിയമിക്കാനുള്ള നീക്കം അണുവിട വ്യത്യാസത്തിലാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തടഞ്ഞത്. ഡി.സി.പി. ഗോപാലകൃഷ്‌ണന്‍ വിരമിച്ചയുടന്‍ സുനില്‍ ജേക്കബിനെ ഈ തസ്‌തികയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പില്‍ ഫയലെത്തി. അസാധാരണ വേഗത്തില്‍ ഫയലെത്തിയപ്പോള്‍ സംശയം തോന്നിയ മന്ത്രി ഇടപെടുകയായിരുന്നു. ഭരണത്തിലും രാഷ്‌ട്രീയത്തിലും ക്രമസമാധാനരംഗത്തും ആഴത്തില്‍ വേരോടിയ ബന്ധങ്ങളുള്ള ഫായിസിനെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു വിടണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശിപാര്‍ശ ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്‌മണ്യം സര്‍ക്കാരിന് ഉടന്‍ കൈമാറും. ഹവാല പണമിടപാടുകാരുമായി പോലീസുദ്യോഗസ്‌ഥര്‍ പുലര്‍ത്തുന്ന അപകടകരമായ ബന്ധത്തില്‍ ഡി.ജി.പിയും ഇന്റലിജന്‍സ് മേധാവിയും അസ്വസ്‌ഥരാണ്. ഇവര്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ നടക്കും.
Post a Comment