{[['']]}
അഭിനേതാക്കള്‍ക്ക് വിവാഹം പറ്റില്ല
എറണാകുളത്തെ ഫ്‌ളാറ്റില്‍ ടി.പി.മാധവന്‍ ഏകനാണ്. ഒറ്റയാള്‍ ജീവിതം തുടങ്ങിയിട്ട് എഴുപത്തിയേഴു വര്‍ഷം കഴിഞ്ഞു. ഇടയ്‌ക്കെപ്പോഴോ കൂട്ടിനൊരാള്‍ വന്നു. ഒരു ദിവസം അവര്‍ തിരിച്ചിറങ്ങിപ്പോയി. എന്നിട്ടും മാധവന്‍ സങ്കടപ്പെട്ടില്ല. പകരം വിലപ്പെട്ടൊരു പാഠം പഠിച്ചു. അഭിനയത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല വിവാഹവും കുടുംബവും. അതുകൊണ്ടുണ്ടായ നേട്ടം ചില്ലറയല്ല. നാല്‍പ്പതാം വയസിലാണ് സിനിമയിലെത്തിയത്. ഇതുവരെ അഞ്ഞൂറിലധികം സിനിമകള്‍. സീരിയലുകള്‍. ആരെയും പേടിക്കാതെയും ആര്‍ക്കും വഴങ്ങാതെയും ഇപ്പോഴും അഭിനയം തുടരുന്നു. ഈ ഒറ്റയാള്‍ ജീവിതം ആസ്വദിക്കുന്നതെങ്ങനെയെന്ന് ടി.പി.മാധവന്‍ തന്നെ പറഞ്ഞുതരും. അതുകേള്‍ക്കുക.
വിവാഹവും കുടുംബവും
ഹിന്ദി നടന്‍ സഞ്ജീവ്കുമാറും അടൂര്‍ഭാസിച്ചേട്ടനും പറയാറുണ്ട്, വിവാഹം അഭിനേതാവിന് പാടില്ലെന്ന്. ആ വഴിയാണ് എന്റേതും. സിനിമയ്ക്ക് അതിന്റേതായ ഒരു ലോകമുണ്ട്. സ്വപ്നലോകമെന്ന് വേണമെങ്കില്‍ പറയാം. സിനിമയില്‍ കയറി എന്നും രാഷ്ട്രീയത്തില്‍ ഇറങ്ങി എന്നുമാണ് പൊതുവെ പറയാറുള്ളത്. കയറിക്കിട്ടാനാണ് പ്രയാസം. അച്ഛന്റെ നിര്‍ബന്ധം കൊണ്ടാണ് എം.എ.വരെ പഠിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ പോയി ജോലി ചെയ്യുമ്പോഴും ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സിനിമ. അതിനിടയ്ക്കാണ് വിവാഹം കഴിച്ചത്. പക്ഷേ അത് ഡൈവോഴ്‌സായി. സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് ഭാര്യയോ ഭര്‍ത്താവോ പാടില്ല. ഭര്‍ത്താവ് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നത് ഏതു ഭാര്യയ്ക്കാണ് സഹിക്കുക? അവളും ഒരു പെണ്ണല്ലേ. മാത്രമല്ല, ഭര്‍ത്താവിനെക്കുറിച്ച് മാഗസിനുകളില്‍ വരുന്ന ഗോസിപ്പുകളെല്ലാം വിശ്വസിക്കുകയും ചെയ്യും. ഏതെങ്കിലും നടി ഫോണ്‍ ചെയ്താല്‍, ഒന്നിച്ച് കാറില്‍ സഞ്ചരിച്ചാല്‍... ഒക്കെ പ്രശ്‌നമാണ്. ഇതൊന്നും സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് വിവാഹം വേണ്ടെന്നുവച്ചത്.
എന്നാല്‍ കുട്ടികള്‍ എനിക്കിപ്പോഴും ജീവനാണ്. ദുബായില്‍ ജോലി ചെയ്യുന്ന സമയത്ത് അയല്‍പക്കത്ത് പാക്കിസ്ഥാനി കുടുംബമായിരുന്നു താമസം. ഒഴിവുദിവസമാണെങ്കില്‍ രാവിലെ അവിടത്തെ കുട്ടികള്‍ മുറിയിലേക്കു വരും. ഉച്ച വരെ അവര്‍ക്കൊപ്പം ചിരിച്ചും കളിച്ചും സമയം നീങ്ങുന്നതറിയില്ല. 'കോടീശ്വരന്‍' പോലുള്ള പരിപാടികളില്‍ പങ്കെടുത്ത് അതില്‍ നിന്നുള്ള പ്രതിഫലം പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി വിനിയോഗിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരിക്കല്‍ ആലുവയിലെ ജനസേവാ ശിശുഭവനില്‍ പോയിരുന്നു. വലിയൊരു സേവനമാണ് അവര്‍ ചെയ്യുന്നത്. സമര്‍ഥരായ കുട്ടികളാണ് അവിടെയുള്ളത്. ഒന്നു മെരുക്കിയെടുത്താല്‍ അവരെയും നമുക്ക് ഐ.എ.എസും ഐ.പി.എസും എഴുതിക്കാം.
ഒറ്റയ്ക്കു ജീവിക്കാന്‍ ഒരു പ്രയാസവുമില്ലെന്നതിന്റെ തെളിവ് ഈ ജീവിതം തന്നെയാണ്. എല്ലാ ദിവസവും രാവിലെ അഞ്ചര കഴിഞ്ഞാല്‍ എഴുന്നേല്‍ക്കും. ആറരയ്ക്ക് ശിവക്ഷേത്രത്തില്‍ പോയി തൊഴും. രാവിലെ തിരക്കു കുറഞ്ഞ സമയമാണ്. അതു കഴിഞ്ഞ് അംബീസ് ഹോട്ടലില്‍ നിന്ന് ഒരു കാപ്പി. ഒരു ഉപ്പുമാവും രണ്ടുവടയും അവര്‍ പൊതിഞ്ഞുതരും. വീട്ടിലെത്തിയാല്‍ ആദ്യം പത്രവായനയാണ്. അതുകഴിഞ്ഞ് മാഗസിനുകളിലൂടെ ഒരോട്ടപ്രദക്ഷിണം. ഉച്ചയ്ക്ക് ഒരു മണിക്ക് തൊട്ടടുത്ത ലോട്ടസ് ക്ലബില്‍ നിന്നാണ് ഊണു കഴിക്കുക. അവിടത്തെ മെമ്പറാണ് ഞാന്‍. ഉച്ച കഴിഞ്ഞ് അല്‍പ്പസമയം വിശ്രമം. സന്ധ്യ കഴിഞ്ഞാല്‍ ഫ്രഷായ ശേഷം വീണ്ടും ലോട്ടസ് ക്ലബിലേക്ക്. പത്തു മണിവരെ അവിടെയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചും തമാശ പറഞ്ഞും മൂന്നു മണിക്കൂറുകള്‍. ഇതിനിടെ രണ്ടര പെഗ് റം. തിരിച്ച് വീട്ടിലെത്തിയാല്‍ പന്ത്രണ്ടുമണിവരെ ചാനലുകളിലൂടെ കണ്ണോടിക്കും. എന്റെ ഒരു ദിവസം തീരുന്നത് അങ്ങനെയാണ്. ഒട്ടും മടുപ്പില്ല. അല്ലാത്തപ്പോള്‍ ലൊക്കേഷനില്‍ ഫുള്‍ടൈം ബിസിയും. ജീവിതം ഈസിയായി പോകുമ്പോള്‍ എന്തിനാണ് ഭാര്യയും കുടുംബവും?
ഇരുപത്തിയെട്ടാമത്തെ വയസിലാണ് ആദ്യമായി മദ്യം കഴിക്കുന്നത്. കല്‍ക്കട്ടയില്‍ വച്ച്. അവിടെ സുഹൃത്തുക്കള്‍ എല്ലാവരും ശനിയും ഞായറും ബാറിലായിരിക്കും. അവിടെ നിന്നു പഠിച്ച ശീലമാണത്. സിനിമയിലെത്തിയപ്പോള്‍ പറയേണ്ടതില്ലല്ലോ. എങ്കിലും അമിതമായി മദ്യപിച്ച് ബോധം നഷ്ടപ്പെടുകയും തെറി വിളിക്കുകയും ചെയ്യാറില്ല. സിനിമയൊന്നും ഇല്ലാത്തപ്പോള്‍ ഇതൊക്കെയല്ലേ ഒരു ചേഞ്ച്..
മധുസാറിന്റെ കളരിയില്‍
മൂന്നാം പ്രാവശ്യവും എസ്.എസ്.എല്‍.സിക്കു തോറ്റപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു.
''എനിക്ക് അമച്വര്‍ നാടകങ്ങളില്‍ അഭിനയിക്കണം.'' യു.എന്നില്‍ എജുക്കേഷന്‍ അഡൈ്വസറായ അച്ഛന്‍ (ഡോ.എന്‍.പി.പിള്ള) സമ്മതിച്ചില്ല. ആദ്യം പഠനം. അതു കഴിഞ്ഞുമതി അഭിനയം. അതായിരുന്നു അച്ഛന്റെ നിര്‍ദേശം. ഇന്നത്തെപ്പോലെ അച്ഛന്‍മാരെ ധിക്കരിക്കാനൊന്നും പറ്റില്ല. അനുസരിക്കേണ്ടിവന്നു. പിന്നീട് ഒറ്റപ്പഠിത്തമാണ്. എം.എ.വരെ. അച്ഛന്റെ തീരുമാനം ശരിയാണെന്ന് എനിക്കു തോന്നിയത് 'അമ്മ' സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായപ്പോഴാണ്. എന്റെ വിദ്യാഭ്യാസയോഗ്യത കണ്ടിട്ടാവണം ലാലും മമ്മൂട്ടിയും ആ സ്ഥാനത്തേക്കു പരിഗണിച്ചത്. പത്തുകൊല്ലം ആ സ്ഥാനത്തിരുന്നുകൊണ്ട് എല്ലാവരേയും യോജിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. ഇപ്പോള്‍ അമ്മ ഒരു ഉരുക്കുകോട്ടയാണ്.
എം.എ. കഴിഞ്ഞ് കല്‍ക്കത്തയില്‍ ഫ്രീ പ്രസ് ജേണലില്‍ ജോലിക്കുചേര്‍ന്നു. അന്നെനിക്ക് മെലിഞ്ഞ് പഴയ ഇന്ദ്രന്‍സിന്റെ കോലമാണ്. ഒരു ദിവസം വൈകിട്ട് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തിരുന്ന സുഹൃത്ത് വിളിച്ചത്. അടുത്തുചെന്നപ്പോഴാണ് എതിരേ ഇരിക്കുന്നയാളെ കണ്ടത്. നടന്‍ മധുസാര്‍. അവന്‍ എന്നെ മധുസാറിന് പരിചയപ്പെടുത്തി. 'പ്രിയ' എന്ന സിനിമയ്ക്ക് നായികയെത്തേടി വന്നതാണ് മധുസാര്‍. കുറച്ചുനേരം കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നറിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ കൂടെ വന്നു. ഒരു വലിയ ബന്ധത്തിന്റെ തുടക്കം .
പിന്നീട് ബാംഗ്ലൂരിലേക്കു മാറി. 'കാമം, ക്രോധം, മോഹം'
Post a Comment