{[['']]}
നോര്‍ത്ത് പറവൂര്‍ ആലമ്മാവിലെ 'ലാഫിംഗ് വില്ല'യിലെത്തുമ്പോള്‍ സലിംകുമാറുണ്ടായിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞ് അതിരാവിലെ വീട്ടിലെത്തിയ ആള്‍ ഇതെങ്ങോട്ടേക്കാണ് പോയത്? സംശയമുയരുംമുമ്പെ ഭാര്യ സുനിതയുടെ ഉത്തരമെത്തി.
''അദ്ദേഹം പൊക്കാളിപ്പാടത്തുകാണും. രാവിലെ അങ്ങോട്ടേക്കു പോയതാണ്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമുണ്ടവിടേക്ക്.''
സുനിത പറഞ്ഞുതീരുന്നതിനു മുമ്പെ വഴികാട്ടാനായി മകന്‍ ചന്തുവെത്തി. പതിമൂന്ന് ഏക്കറില്‍ പരന്നുകിടക്കുന്ന പൊക്കാളിപ്പാടത്തിന്റെ നടുവില്‍ ഒരു ചെറിയ മനുഷ്യന്‍ നില്‍ക്കുന്നത് ദൂരെനിന്നുകാണാം. ആദാമിന്റെ മകന്‍ അബുവായി ജീവിച്ചതിന് ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം നേടിയ അഭിനേതാവ്. അഭിനയത്തോടൊപ്പം കൃഷിയെയും സ്‌നേഹിക്കുന്ന സലിംകുമാറിന്റെ മുഖത്തു കാണുന്നത് സങ്കടഭാവമാണ്.
''ഇത്തവണ വെള്ളപ്പൊക്കമായതിനാല്‍ പാടത്ത് വിത്തിടാന്‍ കഴിഞ്ഞിട്ടില്ല. അതാലോചിക്കുമ്പോഴാണ് വിഷമം.''
പാടവരമ്പിലൂടെ നടക്കുമ്പോള്‍ സലിംകുമാര്‍ ആദ്യം സംസാരിച്ചത് കൃഷിയെക്കുറിച്ചാണ്.
പൊക്കാളിപ്പാടത്തെ ചെമ്മീനുകള്‍
പതിനഞ്ചുവര്‍ഷം മുമ്പാണ് ഞാനീ സ്ഥലം വാങ്ങിച്ചത്. അന്യം നിന്നുപോകുന്ന പൊക്കാളിയെന്ന അപൂര്‍വയിനം നെല്‍വിത്ത് സംരക്ഷിക്കാന്‍. നൂറു ശതമാനവും ജൈവകൃഷിയാണിത്. പ്രകൃതി തന്നെയാണ് ഇതിന്റെ വളം. എനിക്കിവിടെ കൃഷിയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. പൊക്കാളിയെക്കുറിച്ച് ഡോക്യുമെന്ററി എടുത്തപ്പോഴാണ് ചിലരൊക്കെ അറിഞ്ഞത്. ഇപ്പോള്‍ പലരും ചെയ്യുന്നതുപോലെ മാധ്യമങ്ങളെ വിളിച്ച് എനിക്കിതു കാണിക്കാന്‍ താല്‍പ്പര്യമില്ല. കൃഷി ഒരു പൗരന്റെ കടമയാണ്.
ഉപഭോഗസംസ്‌കാരമുള്ള നാടാണ് കേരളം. ഇവിടെ ഉപയോഗിക്കുന്നതിന്റെ ഇരുപതുശതമാനം മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ എവിടെ എന്തുസംഭവിച്ചാലും വില കൂടുന്നത് കേരളത്തിലാണ്. തമിഴ്‌നാട്ടില്‍ ബന്ദ് വന്നാലും ആന്ധ്രയില്‍ വെള്ളപ്പൊക്കമുണ്ടായാലും അതിന്റെ ഫലം അനുഭവിക്കുന്നത് നമ്മളാണ്. കാരണം ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല. ഉണ്ടാക്കുന്നത് പണം മാത്രമാണ്. ആലപ്പുഴ മുതല്‍ തൃശൂര്‍ വരെയുള്ള പാടശേഖരങ്ങളില്‍ ഒരുകാലത്ത് പൊക്കാളികൃഷി ധാരാളമുണ്ടായിരുന്നു. അതില്ലാവുന്നതു കണ്ടപ്പോഴാണ് ഡോക്യുമെന്ററിയെടുത്തത്. എന്നാല്‍ അവാര്‍ഡ് ജൂറി അതു കാണാന്‍ പോലും തയാറായില്ല. അതു പറഞ്ഞതിന് ഞാന്‍ കുറ്റക്കാരനായി. ഡോക്യൂമെന്ററിക്ക് അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ് വിമര്‍ശിച്ചതെന്നായിരുന്നു പലരും വിചാരിച്ചത്. എട്ടുലക്ഷം രൂപ മുടക്കിയാണ് അതു നിര്‍മ്മിച്ചത്. പൊക്കാളിക്കൃഷിയെക്കുറിച്ചുള്ള ഡോക്യുമെന്ററി അവാര്‍ഡ് ജൂറി കാണാത്തതുകൊണ്ടാണ് കഴിഞ്ഞവര്‍ഷം ഞാന്‍ പ്രതികരിച്ചത്. അക്കാര്യത്തില്‍ അക്കാദമിയോട് യുദ്ധം ചെയ്തതില്‍ തെറ്റൊന്നുമില്ല. ഒരു നടനും ചെയ്യാത്ത കാര്യമാണ്. അവാര്‍ഡ് കിട്ടില്ലെന്നു ഭയന്ന് ഒരു നടനും അങ്ങനെ ചെയ്യില്ല. ഞാന്‍ അവാര്‍ഡിനുവേണ്ടി ജീവിക്കുന്ന ആളല്ല. പിറകെ പോയിട്ടുമില്ല. എന്റെ പിറകെയാണ് അവാര്‍ഡ് വന്നത്.
മുമ്പൊക്കെ പഴവും പച്ചക്കറിയുമൊക്കെ വളര്‍ന്നത് കാട്ടിലായിരുന്നു. അന്നതിന് ആരെങ്കിലും വളമിട്ടിട്ടുണ്ടോ? മണ്ണിന് സ്വയം ഉല്പാദനശേഷിയുണ്ട്. ഒരു സസ്യത്തെ മുളപ്പിച്ച് വളര്‍ത്താന്‍ മണ്ണിന് കഴിയും. അതുപോലെയാണ് പൊക്കാളികൃഷിയും. വിത്തെറിഞ്ഞിട്ട് പോയാല്‍ മതി. ബാക്കിയെല്ലാം മണ്ണ് നോക്കിക്കോളും. ആറുമാസത്തെ പൊക്കാളികൃഷി കഴിഞ്ഞാല്‍ അതേ പാടത്ത് ആറുമാസം ചെമ്മീന്‍കൃഷിയാണ്. പരസ്പരപൂരകങ്ങളായ കൃഷികളാണിത്. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. ചെമ്മീനിന്റെ തോടുകളാണ് പൊക്കാളിയുടെ പ്രധാനവളം. പൊക്കാളിനെല്ല് കൊയ്തുകഴിഞ്ഞാല്‍ ബാക്കിയാവുന്ന ബുഷിലാണ് ചെമ്മീന്‍ കൂടുകൂട്ടുക. അത് ചീഞ്ഞാല്‍ ചെമ്മീനിന്റെ ആഹാരമായി.
പക്ഷേ ചെമ്മീന്‍ കര്‍ഷകരുടെ കാര്യം കഷ്ടത്തിലാണ്. പുഴ മലീമസമാവുന്നതിനാല്‍ പാടത്തും അതിന്റെ പ്രതിഫലനമുണ്ടാവുന്നു. വൈറസ് എന്ന രോഗത്തെത്തുടര്‍ന്ന് ചെമ്മീനുകള്‍ ചത്തു പൊങ്ങുകയാണ്. വര്‍ഷങ്ങളായുള്ള ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
കര്‍ഷകത്തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ഈ തൊഴിലിലേക്ക് വരാന്‍ പുതിയ തലമുറയ്ക്ക് താല്‍പ്പര്യമില്ല. ജോലിയൊക്കെ ബ്രോക്കര്‍ ലെവലിലേക്ക് മാറി. വിയര്‍ക്കാതെ എങ്ങനെ പണമുണ്ടാക്കാമെന്നാണ് ആളുകള്‍ ആലോചിക്കുന്നത്. അതുകൊണ്ടാണ് പറ്റിക്കുന്നവര്‍ കൂടിയത്. പറ്റിക്കുന്നവരേക്കാള്‍ ഭീകരന്‍മാര്‍ പറ്റിക്കപ്പെടുന്നവരാണ്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ വേണ്ടിയാണല്ലോ അവരും ശ്രമിക്കുന്നത്. എന്നെ പറ്റിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കുട്ടനാട്ടിലെപ്പോലെ ട്രാക്ടറോ കൊയ്ത്തുയന്ത്രമോ ഇവിടെ കൊണ്ടുവരാന്‍ പറ്റില്ല. ചെളി നിറഞ്ഞ പാടമാണിത്. ഇവിടത്തേക്കു പറ്റിയ യന്ത്രങ്ങള്‍ ഇനി ഉണ്ടാക്കണം. അതിന് ആരെങ്കിലും തയാറാവുമോ?
കൃഷിയോടുള്ള സ്‌നേഹം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. ഈ നാട്ടിലെ കര്‍ഷകരെ കണ്ടാണ് ഞാനും വളര്‍ന്നത്. ഇരുപത്തിനാലു മണിക്കൂറും കൃഷി ചെയ്യാനൊന്നും ആര്‍ക്കും കഴിയില്ല. ഒഴിവുകിട്ടുമ്പോഴാണ് ഞാന്‍ കൃഷി ചെയ്യുന്നത്. മൂന്നുവര്‍ഷം മുമ്പ് തറവാട്ടില്‍ കരക്കൃഷി ചെയ്തിരുന്നു. അന്ന് വളമിട്ടതും വെള്ളം നനച്ചതും ഞാനും ഭാര്യയും മക്കളുമാണ്. തൊഴിലാളിയും മുതലാളിയും ഞങ്ങളായിരുന്നു. കൃഷിയോട് ആഭിമുഖ്യമുള്ളവരാണ് പറവൂരുകാര്‍. ഇവിടത്തെ പഞ്ചായത്ത് മെമ്പര്‍ ഷോളിരാജുവിന്റെ ബാഗില്‍ എപ്പോഴും പച്ചക്കറിവിത്തുകളുണ്ടാവും. അത്രയ്ക്ക് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണ് അവരെല്ലാം. പരിസ്ഥിതിക്കുവേണ്ടിയുള്ള ഒരു താല്‍പ്പര്യം പൊതുവെ കാണുന്നുണ്ട്. പക്ഷേ അവരെ ചിലര്‍ മാറ്റിനിര്‍ത്തുന്നതായി തോന്നാറുണ്ട്. നിയമസഭയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ ഹരിത എം.എല്‍.എമാരായി. എന്തിനാണ് നിയമസഭാംഗങ്ങളെ ഹരിത എം.എല്‍.എമാരെന്നും സരിത എം.എല്‍.എമാരെന്നും ബ്രാന്‍ഡ് ചെയ്യുന്നത്?
നല്ല പുസ്തകങ്ങള്‍ വായിക്കണം
സിനിമ കാണുന്നതിലും കൂടുതല്‍ സമയം വിനിയോഗിക്കുന്നത് വായിക്കാനാണ്. ചെറുകഥകളാണിഷ്ടം. ഇടയ്ക്കിടെ ബുക്ക്‌സ്റ്റാളില്‍ പോയി നല്ല പുസ്തകങ്ങളെടുക്കും. പക്ഷേ അതില്‍ സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഉണ്ടാവാറില്ല. അമ്മ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന ചില സിനിമാക്കാരാണ് പുസ്തകമെഴുതുന്നത്. അവര്‍ അന്താരാഷ്ട്രകാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ ഈശ്വരനെ വിളിച്ചുപോവും. ഇപ്പോള്‍ ആര്‍ക്കും എന്തും എഴുതാം. എഡിറ്റ് ചെയ്യാം. പ്രസിദ്ധീകരിക്കാം. ഫേസ്ബുക്കിലൊക്കെ
Post a Comment