{[['']]}
കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് വി.എസ്.
തിരുവനന്തപുരം: പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തെ കടന്നാക്രമിക്കുന്ന, എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായി പോളിറ്റ് ബ്യൂറോ കമ്മീഷനു മുന്നിലെത്തിയ വി.എസ്. അച്യുതാനന്ദന്‍, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യക്‌തമായ മറുപടി നല്‍കി.
പാര്‍ട്ടിയുടെ നയവ്യതിയാനത്തിനെതിരെ പ്രതികരിച്ചതിനാണ് തന്നെ വിമര്‍ശിക്കുന്നതെന്നു കുറ്റപ്പെടുത്തിയ വി.എസ്., തന്റെ കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും 21 പേജുള്ള പ്രസംഗത്തില്‍ ഉന്നയിച്ചു. ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ചായിരുന്നു വി.എസിന്റെ പരാമര്‍ശം.
പി.ബി. കമ്മീഷന്റെ സാന്നിധ്യത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് വി.എസ് മുന്‍നിലപാടുകളില്‍ ഉറച്ച് നിന്നു മറുപടി നല്‍കിയത്. സെക്രട്ടേറിയറ്റില്‍ വി.എസിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു ഔദ്യോഗിക പക്ഷം. വി.എസിനെ പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്നും മാറ്റണമെന്നു ഇന്നു സംസാരിച്ച സെക്രട്ടേറിയറ്റ് അംഗങ്ങളും അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുകയാണെന്നു സെക്രട്ടേറിയറ്റില്‍ പി.ബി. അംഗങ്ങളുടെ സാന്നിധ്യത്തില്‍ വി.എസ് പ്രസംഗിച്ചു. പാര്‍ട്ടിയുടെ നയം, പ്രത്യയശാസ്‌ത്രം എന്നിവ കാലങ്ങളായി ലംഘിക്കപ്പെടുന്നു. ഇതു താന്‍ പല പ്രാവശ്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്.
എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും നയം തിരുത്തുന്നതിനു സംസ്‌ഥാന നേതൃത്വം തയാറായില്ല. തെറ്റ് ഉള്‍ക്കൊണ്ടല്ല സംസ്‌ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ കൂലം കുത്തികളെന്നു വിളിക്കാത്തവര്‍, പാര്‍ട്ടി വിട്ടിട്ടും പ്രത്യയ ശാസ്‌ത്രത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ അങ്ങനെ വിളിക്കുന്നുവെന്നും വി.എസ് വിമര്‍ശിച്ചു. ദീര്‍ഘമായ പ്രസംഗം വായിച്ച് തീര്‍ക്കുന്നതിനു വി.എസിനു കഴിഞ്ഞില്ല. എ. വിജയരാഘവനാണ് ബാക്കി ഭാഗം വായിച്ചത്.
പിണറായിയെക്കാള്‍ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിനെയാണ് വി.എസ് കൂടുതലും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ലാവ്‌ലിന്‍ വിഷയം പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിച്ചില്ല. ഇന്നു സംസ്‌ഥാന കമ്മിറ്റി യോഗത്തിനു മുന്‍പായി പി.ബി. കമ്മീഷന്‍ യോഗം ചേരും. സംസ്‌ഥാന കമ്മിറ്റിയില്‍ നിന്നും കമ്മീഷന്‍ തെളിവ് ശേഖരിക്കും.
Post a Comment