{[['']]}
ബേക്കറി തൊഴിലാളിയായി തുടക്കം; ഇപ്പോള്‍ സിനിമാക്കാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും തോഴന്‍
തലശേരി: സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ മുഹമ്മദ് ഫായിസ് ജീവിതം ആരംഭിച്ചത് ബേക്കറിയിലും ഹോട്ടലുകളിലും സെയില്‍സ്‌മാനും സെപ്ലയറുമായി. പള്ളൂര്‍ സ്വദേശിയായ ഇയാള്‍ ഉന്നത രാഷ്‌ട്രീയനേതാക്കളുടെയും സിനിമാതാരങ്ങളുടെയും അടുത്ത സുഹൃത്തായതു നാട്ടുകാര്‍ക്ക് ഒരു അപസര്‍പ്പക കഥപോലെയാണ്. നാട്ടുകാരുടെ ഭാഷയില്‍ വിസ്‌മയകരമായിരുന്നു ഫായിസിന്റെ ഉയര്‍ച്ച.
ബസ് ഡ്രൈവറായ ഉപ്പയുടെ മകനായി പിറന്ന ഫായിസിന്റെ ബാല്യം ദാരിദ്ര്യത്തോടു പടവെട്ടിയായിരുന്നു. പള്ളൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്‌വരെ മാത്രം പഠനം. ദാരിദ്ര്യം കുടുംബത്തെ വലിഞ്ഞുമുറുക്കിയ ബാല്യം ഫായിസിനെ എത്തിച്ചതു ബേക്കറികളിലും ഹോട്ടലുകളിലും സപ്ലെയറും സെയില്‍സ്‌മാനുമായിട്ടായിരുന്നു. പിന്നെ ഹോട്ടല്‍ ദിവസ വാടകയ്‌ക്ക് ഏറ്റെടുത്തു നടത്തിത്തുടങ്ങി. ഇതെല്ലാം പരാജയപ്പെട്ടതോടെ പുതിയ മേച്ചില്‍പ്പുറം തേടി. വാഹനങ്ങള്‍ വാടകയ്‌ക്ക് നല്‍കുന്ന ഇടപാട് തുടങ്ങിയതോടെയാണ് ഫായിസിന്റെ ഭാഗ്യം തെളിഞ്ഞത്. വാഹന ഇടപാടുകള്‍ പോലീസ് ഉദ്യോഗസ്‌ഥരുമായുള്ള സൗഹൃദത്തിലേക്ക് എത്തിച്ചു. ഈ സമയത്ത് വയനാട് കേന്ദ്രീകരിച്ച് ചില റിസോര്‍ട്ട് ഇടപാടുമുണ്ടായി. തനിക്ക് വേണ്ടപ്പെട്ട പോലീസ് ഉദ്യോഗസ്‌ഥരെ സന്തോഷിപ്പിക്കാന്‍ ഫായിസ് കണ്ടെത്തിയ മാര്‍ഗമായിരുന്നു റിസോര്‍ട്ട് ബന്ധം. ഇതോടെ ഫായിസിന്റെ നല്ല കാലമായി. പണം വന്നു തുടങ്ങിയതോടെ പള്ളൂരില്‍ നിന്നു തലശേരി ടൗണിലേക്കും സൗഹൃദം വളര്‍ന്നു.
ചോദിച്ചവര്‍ക്കൊക്കെ വാരിക്കോരി കൊടുത്തതോടെ ചുരുങ്ങിയ വര്‍ഷംകൊണ്ട് നാട്ടിലും ഫായിസ് പൗരപ്രമുഖനായി. ഇങ്ങനെയാണ് പ്രാദേശിക രാഷ്‌ട്രീയ നേതൃത്വങ്ങളുമായി ബന്ധം സ്‌ഥാപിക്കുന്നത്. ഈ ബന്ധം ഫായിസിനെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വേണ്ടപ്പെട്ടവനാക്കി. കണ്ണൂര്‍ ജില്ലയില്‍ നിന്നുപോയി രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പിടിമുറുക്കിയിരിക്കുന്നവരുമായി ഫായിസ് ബന്ധം സ്‌ഥാപിച്ചു. ഇവര്‍ വഴി മറ്റുള്ളവരിലേക്കും തിരിഞ്ഞു. ഇതോടെ രാഷ്‌ട്രീയത്തിന്റെ ഇടനാഴിയിലെ ബ്രോക്കറുടെ വേഷവും കെട്ടിത്തുടങ്ങി.
പിന്നെ ഹോട്ടല്‍ വ്യവസായത്തേക്കും ക്രമേണ വിദേശത്തേക്കും ബന്ധം വളര്‍ത്തി. ബന്ധങ്ങളിലും ഇടപാടുകളിലും മാറ്റം വന്നതോടെ തലശേരിയിലേക്കുള്ള വരവ് ഇടയ്‌ക്കിടെയായി. വരുമ്പോഴൊക്കെ ആഡംബര കാറുകളും ബൈക്കുകളും ഫായിസിനൊപ്പം വാര്‍ത്തയായി. പാറാല്‍ അറബിക് കോളജിനടുത്ത് പുതിയ വീട് നിര്‍മിച്ച് അങ്ങോട്ട് താമസം മാറി. അതിനിടെ, വടകരയിലെ ഭാര്യാവീടിനോടു ചേര്‍ന്ന് പ്രതാപം വിളിച്ചറിയിക്കുന്ന ആഡംബര വീടിന്റെ നിര്‍മാണവും തുടങ്ങി. ചില മന്ത്രിമാരും അവരുടെ മക്കളുമായി ബന്ധം സ്‌ഥാപിച്ചതോടെ ഫായിസിന്റെ വ്യാപാരത്തിന്റെ ദിശ മാറി. ഇയാളുടെ വ്യാപാരത്തിന്റെ പങ്കു പറ്റിയ പലരും പിന്നീട് വിധേയരായി മാറി. ഇതിനിടെ വാഹനമോഷണ കേസില്‍പെട്ട് ജയിലിലും കിടന്നു.
അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ശക്‌തി മാഹിക്കാര്‍ക്ക് ഫായിസ് കാട്ടിക്കൊടുത്തത് പോലീസ് സേനയെക്കൊണ്ടു തന്നെയായിരുന്നു. മാഹി ഡെപ്യൂട്ടി തഹസില്‍ദാറിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായപ്പോള്‍ പോലീസ് സൂപ്രണ്ട് ഫായിസിനൊപ്പം തന്റെ ആഡംബര കാറില്‍ വയനാട്ടിലെ റിസോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു. ബോംബാക്രമണമുണ്ടായ സ്‌ഥലത്ത് മാഹി അഡ്‌മിനിസ്‌ട്രേറ്റര്‍ എത്തിയെങ്കിലും പോലീസ് സൂപ്രണ്ട് എത്തിയിരുന്നില്ല. ഫോണില്‍ പോലും സൂപ്രണ്ടിനെ കിട്ടിയിരുന്നില്ല. എന്നാല്‍, സൂപ്രണ്ടിനെതിരേ യാതൊരു നടപടിയും എടുത്തില്ല. മുസ്ലിംലീഗ് രാഷ്‌ട്രീയവുമായും ഫായിസിന് ബന്ധമുണ്ട്. ഫായിസിന്റെ അമ്മാവനാണ് ലീഗ് മാഹി മണ്ഡലം സെക്രട്ടറി പി. ഇബ്രാഹിം കുട്ടി.
f
Post a Comment