{[['']]}
അബ്‌ദുള്ളക്കുട്ടിയും വിക്രമും ഫായിസിന്റെ സുഹൃത്തുക്കള്‍: 6 തവണയായി കടത്തിയത് 12 കോടിയുടെ സ്വര്‍ണം Story Dated: Friday, September 27, 2013 02:00 കൊച്ചി/തലശേരി/വടകര: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി ഫായിസിന്റെ തലശേരി പള്ളൂര്‍ പാറാലിലെ സ്വന്തം വീട്ടിലും തറവാട്ടിലും ഭാര്യയുടെ വടകരയിലെ വീട്ടിലും സി.ബി.ഐ.-കസ്‌റ്റംസ് റെയ്‌ഡ്. ഭാര്യയുടെ വീട്ടില്‍നിന്നു ലാപ്‌ടോപ്പും സുപ്രധാന രേഖകളും പിടിച്ചെടുത്തു. കടവത്തൂര്‍ സ്വദേശി മുസ്‌തഫയുടെ വീട്ടിലും റെയ്‌ഡ് നടന്നു. ഫായിസ് നെടുമ്പാശേരി വഴി ആറുതവണയായി 12 കോടിരൂപയുടെ സ്വര്‍ണം കടത്തിയതായി കോടതിയില്‍ കസ്‌റ്റംസ് സത്യവാങ്‌മൂലം നല്‍കി. ഫായിസിനെ വളര്‍ച്ചയുടെ ആരംഭകാലത്ത് എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എയും ഐ.പി.എസ്. ഉദ്യോഗസ്‌ഥനായ ടി. വിക്രവും സഹായിച്ചു. ഫായിസിനു ട്രെയിന്‍ ടിക്കറ്റുകള്‍ എമര്‍ജന്‍സി ക്വാട്ടയില്‍ തരപ്പെടുത്താന്‍ എ.പി. അബ്‌ദുള്ളക്കുട്ടി സഹായിച്ചതായി ആക്ഷേപമുണ്ട്. സി.പി.എം. വിട്ട് അബ്‌ദുള്ളക്കുട്ടി കോണ്‍ഗ്രസിലേക്കു ചേക്കേറിയതിനു പിന്നില്‍ വടകര കേന്ദ്രീകരിച്ചുള്ള ബിസിനസ് നീക്കമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സി.പി.എമ്മിനു സ്വീകാര്യമല്ലാതിരുന്ന ഈ ബിസിനസ് ബന്ധത്തില്‍ ഫായിസിനു പങ്കുണ്ടെന്ന സംശയം കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയതു കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെയും പോലീസിന്റെയും ഒത്താശയോടെയാണെന്നു മുഖ്യപ്രതി ഫായിസ് മൊഴി നല്‍കിയതായി കസ്‌റ്റംസ് റവന്യു ഇന്റലിജന്‍സ് വിഭാഗം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി. ഫായിസിന്റെ തറവാട് വീടായ തൊണ്ടന്റവിട വീട്ടില്‍ ഇന്നലെ ഉച്ചയ്‌ക്കു രണ്ടു മുതല്‍ മൂന്നു വരെ സി.ബി.ഐ. കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി. ഡിക്രൂസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ കാര്യമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് അറിയുന്നത്. ഫായിസിന്റെ ഇളയ സഹോദരനും അമ്മാവനും മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്‌ഥര്‍ എത്തിയത്. പിന്നീടു സി.ബി.ഐ. ഫായിസിന്റെ പള്ളൂരിലെ സ്വന്തം വീട്ടിലും റെയ്‌ഡ് നടത്തി. ഏതാനും ദിവസം മുമ്പു കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ പാര്‍സലില്‍നിന്നു കസ്‌റ്റംസ് പിടികൂടിയ സ്വര്‍ണം മുസ്‌തഫയുടെ പേരിലാണ് അയച്ചിരുന്നത്. മാഹി സ്വദേശിയായ നവാസിനു വേണ്ടിയാണു മുസ്‌തഫയുടെ പേരില്‍ സ്വര്‍ണം എത്തിച്ചതെന്നാണു കസ്‌റ്റംസിനു ലഭിച്ച വിവരം. സ്വര്‍ണക്കടത്തു കേസിലെ മുഖ്യസൂത്രധാരനെന്നു കരുതുന്ന തലശേരിയിലെ അഷറഫിന്റെ കൂട്ടാളിയാണു നവാസെന്ന സൂചനയും കസ്‌റ്റംസിനു ലഭിച്ചിട്ടുണ്ട്. അഞ്ചു ദിവസം മുമ്പ് അറസ്‌റ്റിലായ മുസ്‌തഫ റിമാന്‍ഡിലാണ്. ഇന്നലെ വൈകിട്ട് 3.45-നാണ് വടകര താഴെ അങ്ങാടി കസ്‌റ്റംസ് റോഡിലെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. 6.15 വരെ നീണ്ടു. ഇരുനില വീട്ടിലെ മുഴുവന്‍ അലമാരകളും മേശവലിപ്പുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിവിധ രേഖകളും സിഡികളും വിവാഹ ആല്‍ബവും കമ്പ്യൂട്ടറും പരിശോധിച്ചു. ലാപ്‌ടോപ്പ് വിശദമായി പരിശോധിച്ചശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നു കസ്‌റ്റംസ് അധികൃതര്‍ പറഞ്ഞു. സി.ബി.ഐ. കൊച്ചി എസ്.പിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയ്‌ക്ക് കസ്‌റ്റംസ് സൂപ്രണ്ട് കെ.വി. ദാസന്‍, സി.ബി.ഐ. ഡിവൈ.എസ്.പി. ഡിക്രൂസ് എന്നിവര്‍ നേതൃത്വം നല്‍കി. ഫായിസിന്റെ ഭാര്യവീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യാപിതാവ് റഷീദ് ഉള്‍പ്പെടെയുള്ളവര്‍ വിദേശത്താണ്. ഫായിസിന്റെ അനുജന്‍ ഫഹദിനെ മാഹിയില്‍നിന്നു വിളിച്ചുവരുത്തി അയല്‍വീട്ടില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ വാങ്ങിയാണു വീടു തുറപ്പിച്ചത്. അയല്‍വാസിയായ യുവാവും ഫഹദും പരിശോധനാ സമയത്തു സന്നിഹിതരായിരുന്നു. ഒരുകാലത്തു തന്നെ സഹായിച്ച ബേക്കറി ഉടമയുടെ കുടുംബം തകര്‍ക്കാന്‍ 73 ഇന്‍കംടാക്‌സ് ഉദ്യോഗസ്‌ഥരെ ഒറ്റയടിക്ക് ഇറക്കിയാണ് വഴിവിട്ട കളികള്‍ക്കു ഫായിസ് തുടക്കംകുറിച്ചത്. വടകര സ്വദേശി ഗദ്ദാഫിയുടെ ബേക്കറിയില്‍ സഹായിയായിട്ടാണു ഫായിസിന്റെ തുടക്കം. പിന്നീടു ഗദ്ദാഫിക്കു മുകളിലേക്കു വളര്‍ന്നു. തമ്മില്‍ തെറ്റിയപ്പോഴാണ് ഇന്‍കംടാക്‌സ് ഉദ്യോഗസ്‌ഥരെക്കൊണ്ട് ഗദ്ദാഫിയുടെ വീടും സ്‌ഥാപനങ്ങളും റെയ്‌ഡ് ചെയ്ിപ്പിച്ചത്.യ ഇന്‍കംടാക്‌സ് വകുപ്പിലെ 73 ഉദ്യോഗസ്‌ഥര്‍ ഒരേ സമയം റെയ്‌ഡിനിറങ്ങി എന്നതാണ് അതിശയകരമായ വസ്‌തുത. ഐ.പി.എസ്. ഉദ്യോഗസ്‌ഥനായ വിക്രമിന്റെ അടുത്ത സുഹൃത്തായ ഇന്‍കംടാക്‌സ് കമ്മിഷണറെ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഓഗസ്‌റ്റ് ആറിന് ഉച്ചയ്‌ക്കുശേഷം ഫായിസ് കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചതായി അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക രജിസ്‌റ്ററില്‍ സ്വന്തം പേരു രേഖപ്പെടുത്താതെയായിരുന്നു സന്ദര്‍ശനം. ഇതിനു ജയിലധികൃതര്‍ രഹസ്യസൗകര്യം ചെയ്‌തുകൊടുത്തതായാണു സൂചന. പി. മോഹനന്‍, കൊടി സുനി, കിര്‍മാണി മനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുമായി ഫായിസ് ജയിലില്‍ സംസാരിച്ചതായി സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഒരു ഐ.പി.എസ്. ഉദ്യോഗസ്‌ഥനും ഫായിസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം (കോഴിക്കോട് റേഞ്ച്) 2011 അവസാനം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഫായിസിന്റെ ബിസിനസ് സ്‌ഥലത്തെ എസ്.പിയായിരിക്കെയാണ് ഐ.പി.എസ്. ഉദ്യോഗസ്‌ഥനെതിരേ പരാതി ലഭിച്ചത്. തുടര്‍ന്നാണ് ഇന്റലിജന്‍സ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കിയത്. - See more at: http://www.mangalam.com/print-edition/keralam/100114#sthash.kkt2z4Gm.dpuf
Post a Comment