{[['']]}
കാന്‍സറിനെ നേരിടാം, ഭീതിയില്ലതെ...Dr. V.P. Gangadharan
നമ്മള്‍ ഒരു പാതയിലൂടെ മുന്നോട്ടു പോവുകയാണ്. പെട്ടെന്ന് ഒരു തടസം. പാതയ്ക്കു കുറുകെ അലറിയൊഴുകുന്ന പുഴ! അപ്പുറം കടക്കാന്‍ നേര്‍ത്ത ഒരു പാലമേയുള്ളൂ. ആകെ പരിഭ്രമിച്ചുനില്‍ക്കുമ്പോള്‍ ദൈവദൂതനെപ്പോലെ ഒരാള്‍ വന്ന് നമ്മെ തോളിലേറ്റി അപ്പുറത്തെത്തിച്ചാലോ?
ഇതുപോലൊരു ദൗത്യമാണു ഡോക്ടറുടേതെന്നു വ്യക്തമായി തിരിച്ചറിയുന്ന ആളാണ് പ്രശസ്ത കാന്‍സര്‍ ചികിത്സകനായ ഡോ. വി.പി. ഗംഗാധരന്‍. രോഗം ജീവിതത്തിന്റെ വഴിതടയുമ്പോള്‍ ഭയന്നു നില്‍ക്കുന്ന മനുഷ്യരെ സാധ്യതയുടെ നൂല്‍പ്പാലത്തിലൂടെ അദ്ദേഹം ശിഷ്ടജീവിതത്തിന്റെ മറുകരയിലെത്തിക്കുന്നു. രോഗിയുടെ മനസു കാണുമ്പോള്‍ ചികിത്സ നന്നായി ഫലിക്കുന്നു എന്ന വിശിഷ്ട ദര്‍ശനമാണ് ഈ ഡോക്ടറുടെ കര്‍മ്മമണ്ഡലത്തെ ദീപ്തമാക്കുന്നത്. ചികിത്സ കഴിയുമ്പോള്‍ ഓരോ രോഗിക്കും അറ്റുപോകാത്ത ഒരു ഹൃദയബന്ധംകൂടി അദ്ദേഹം സമ്മാനിക്കുന്നു.
കാന്‍സര്‍ രോഗം, ചികിത്സ, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചു ഡോ. ഗംഗാധരന്‍ വിശദമായി സംസാരിക്കുന്നു.
കാന്‍സര്‍ എന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ക്കു ഭീതിയാണ്. യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമുണ്ടോ?
ഇല്ല. കാന്‍സറിനെ ചികിത്സിച്ചു മാറ്റാന്‍ പല മാര്‍ഗങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. കുട്ടികളില്‍ 80 ശതമാനത്തിനും ചികിത്സ പൂര്‍ണമായി ഫലിക്കും. മുതിര്‍ന്നവരുടെ കാര്യത്തില്‍ 40 ശതമാനം പേരുടെ രോഗം നിശേഷം മാറ്റിയെടുക്കാം. 30 ശതമാനത്തിനു രോഗം പൂര്‍ണമായി മാറിയില്ലെങ്കിലും ചികിത്സിച്ചുകൊണ്ടു സാധാരണ ജീവിതം നയിക്കാം. അതിനാല്‍ കാന്‍സര്‍ എന്നു കേട്ടാലുടന്‍ മരണം എന്നു ചിന്തിക്കേണ്ട കാര്യമില്ല.
എന്താണു കാന്‍സര്‍?
നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നതു കോടാനുകോടി കോശങ്ങള്‍ കൊണ്ടാണ്. കോശം വിഭജിച്ചു മറ്റു കോശങ്ങളുണ്ടാകുന്നതു സ്വാഭാവികമായ പ്രക്രിയയാണ്. ചിലപ്പോള്‍ ഈ വിഭജനം നിയന്ത്രണാതീതമായി മാറാം. അപ്പോള്‍ ചില ഭാഗത്തെ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകി വളര്‍ന്നു മുഴപോലെ ആയിത്തീരും. ഇത്തരത്തിലുള്ള എല്ലാ മുഴകളും കാന്‍സറല്ല. എന്നാല്‍ ചില മുഴകള്‍ അതിവേഗം വളര്‍ന്ന് കോശങ്ങള്‍ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ശരീരത്തിന്‍െ്‌റ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുകയും ചെയ്യും. ഇത്തരം മുഴകളാണു കാന്‍സര്‍.
കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരികയാണോ?
അവിടെയാണു ശരിക്കും ഭീതി തോന്നുന്നത്. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഓരോ ദിവസവും പുതിയ 100 കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നു എന്നാണ് ഏകദേശ കണക്ക്. ഇന്ത്യയില്‍ വര്‍ഷംതോറും പത്തു ലക്ഷത്തോളം പേര്‍ക്കു രോഗം വരുന്നു. കാന്‍സര്‍ വരാനുള്ള കാരണങ്ങള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേയാണു ജാഗ്രത വേണ്ടത്.
ഏതെല്ലാം കാന്‍സറാണ് നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്നത്?
പുരുഷന്മാരില്‍ പ്രധാനമായും കാണുന്നതു ശ്വാസകോശാര്‍ബുദവും വായിലെയും തൊണ്ടയിലെയും കാന്‍സറുമാണ്. സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറുമാണു സ്ത്രീകളില്‍ കൂടുതലുള്ളത്.
തുടക്കത്തില്‍ത്തന്നെ രോഗം കണ്ടുപിടിക്കാന്‍ പലപ്പോഴും കഴിയാറില്ല?
എല്ലാത്തരം കാന്‍സറും പ്രാരംഭ ദശയില്‍ത്തന്നെ കണ്ടുപിടിക്കാനായെന്നു വരില്ല. എങ്കിലും സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍ എന്നിവയൊക്കെ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ കൃത്യമായ പദ്ധതികളില്ലാത്തതു നമ്മുടെ ഒരു പ്രശ്‌നമാണ്.
പുറം രാജ്യങ്ങളിലൊക്കെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു സ്‌ക്രീനിംഗ് പ്രോഗ്രാംസ് നിര്‍ബന്ധമാണ്. ഇവിടെ ചെക്കപ്പിനു പോയാല്‍ ഷുഗറും പ്രഷറും ബിപിയും ഹൃദയാരോഗ്യവുമൊക്കെ നോക്കും. കാന്‍സര്‍ പരിശോധനയില്ല. ഡോക്ടര്‍മാര്‍ക്കിടയില്‍പ്പോലും കാന്‍സറിനെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവുണ്ട്. കോളജ് അഡ്മിഷന്റെ സമയത്തും ജോലിക്കു പോകുന്നതിനു മുമ്പുള്ള മെഡിക്കല്‍ ചെക്കപ്പിലുമൊക്കെ കാന്‍സര്‍ പരിശോധന നിര്‍ബന്ധമാക്കിയാല്‍ രോഗം ആരംഭത്തിലേ കണ്ടെത്താനാവും.
രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ എന്തൊക്കെയാണു നടപടികള്‍?
രോഗമുണ്ടെന്നു സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അതു പടര്‍ന്നിട്ടുണ്ടോ എന്നും ഏതുതരം കാന്‍സറാണെന്നും പരിശോധിക്കും. ഇതിനു സ്‌റ്റേജിംഗ് എന്നാണു പറയുന്നത്. രോഗിയുടെ അവസ്ഥ നിര്‍ണയിക്കുന്നതാണ് അടുത്ത ഘട്ടം. രക്ഷപ്പെടുത്താനാവുമോ എന്ന് ഈ ഘട്ടത്തിലറിയാം. പിന്നീടു രോഗവിവരം സംസാരിച്ച് ചികിത്സ തീരുമാനിക്കും. രോഗത്തിന്‍െ്‌റ സ്‌റ്റേജ് അനുസരിച്ചാണ് ചികിത്സ നല്‍കുന്നത്.
രോഗവിവരം രോഗിയോടു പറയാറുണ്ടോ?
രോഗി തീര്‍ച്ചയായും വിവരം അറിഞ്ഞിരിക്കണം. അങ്ങനെയാണെങ്കിലേ ചികിത്സ സാധ്യമാവൂ. രോഗിയുടെ മാനസികാവസ്ഥ മനസിലാക്കി വളരെ സാവകാശമാണു രോഗിയോടു വിവരം പറയുക. രോഗത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ബന്ധുവിനെയാണ് അറിയിക്കുന്നത്.
കാന്‍സറിനെ നേരിടാം, ഭീതിയില്ലതെ..
ഏതൊക്കെ ചികിത്സാരീതികളാണു നിലവിലുള്ളത്?സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി എന്നിങ്ങനെ മൂന്നുതരം ചികിത്സയുണ്ട്. ഏതുതരം കാന്‍സറാണെന്നും രോഗം ഏതു സ്‌റ്റേജിലാണെന്നും അറിഞ്ഞിട്ടാണ് ഇതില്‍ ഏതു വേണമെന്നു നിശ്ചയിക്കുന്നത്. പലപ്പോഴും മൂന്നു രീതികളും സമന്വയിപ്പിക്കേണ്ടിയും വരാറുണ്ട്.
മറ്റെങ്ങും പടര്‍ന്നിട്ടില്ലെങ്കില്‍ സ്തനാര്‍ബുദത്തിനു സര്‍ജറിയാണ് അനുയോജ്യം. ഇതേക്കുറിച്ചു പല ആശങ്കകളും നിലവിലുണ്ട്. സ്തനം പൂര്‍ണമായി മുറിച്ചു നീക്കുന്നതാണ് ഈ ശസ്ത്രക്രിയയെന്നാണു പലരും ധരിച്ചിരിക്കുന്നത്. മറ്റു നിവൃത്തിയില്ലാതെ വന്നാലേ ഇന്ന് അങ്ങനെ ചെയ്യാറുള്ളൂ. അവയവം നിലനിര്‍ത്തിക്കൊണ്ടു തന്നെ പ്ലാസ്റ്റിക് സര്‍ജറി, ലാപ്രോസ്‌കോപ്പിക് സര്‍ജറി മുതലായവ ചെയ്ത് രോഗം ഭേദപ്പെടുത്താന്‍ മാര്‍ഗങ്ങളുണ്ട്. രോഗത്തിന്റെ പ്രാരംഭ ദശയില്‍ത്തന്നെ ചികിത്സ തേടിയാല്‍ ഇതു സാധ്യമാകും.
വികിരണങ്ങള്‍ കൊണ്ടു കാന്‍സര്‍ കോശങ്ങളെ കരിച്ചു കളയുന്ന ചികിത്സയാണു റേഡിയേഷന്‍. ഈ രംഗത്തും ഇപ്പോള്‍ വന്‍ മുന്നേറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. പണ്ടത്തെ റേഡിയേഷന്‍ മെഷീനും ഇന്നത്തെ മെഷീനും തമ്മില്‍ കാളവണ്ടിയും ബെന്‍സ് കാറും പോലുള്ള വ്യത്യാസമുണ്ട്. പണ്ടു റേഡിയേഷന്‍ എടുക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ വളരെയായിരുന്നു. അസുഖമുള്ള കോശങ്ങളെ മാത്രം കണ്ടുപിടിച്ചു നശിപ്പിക്കാനും അല്ലാത്തവയ്ക്കു കേടു സംഭവിക്കാതിരിക്കാനുമുള്ള സംവിധാനം ഇന്നുണ്ട്.
മരുന്നുകള്‍ കൊണ്ടുള്ള ചികിത്സയാണു കീമോതെറാപ്പി. ഈ രംഗത്താണ് ഏറ്റവും വികസനം വന്നിട്ടുള്ളത്. പണ്ടു കാന്‍സര്‍ ബാധിച്ച ഭാഗത്തെ മുഴുവന്‍ കോശങ്ങളെയും നശിപ്പിക്കുന്ന മരുന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാന്‍സര്‍കോശങ്ങളെ മാത്രം കണ്ടുപിടിച്ചു നശിപ്പിക്കാന്‍ ഇന്നത്തെ മരുന്നുകള്‍ക്കു കഴിയും. കോശങ്ങളുടെ ഉള്ളിലുള്ള സൂക്ഷ്മവ്യതിയാനങ്ങള്‍ പോലും കണ്ടെത്തി അതിനെ തടയുന്ന (ടാര്‍ഗറ്റഡ് കീമോതെറാപ്പി) മരുന്നുകളും ലഭ്യമാണ്. കാന്‍സര്‍ കോശങ്ങളെ നേരിട്ടു നശിപ്പിക്കുന്നതിനു പകരം അവ പെരുകാന്‍ സഹായിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കി ചികിത്സിക്കുന്ന രീതിയുമുണ്ട്. ബ്ലഡ് കാന്‍സര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ക്കു കീമോതെറാപ്പിയാണു പ്രധാനമായും ചെയ്യുന്നത്.
കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി കൊഴിയുന്നതും മറ്റും രോഗികള്‍ക്കു പ്രയാസമുണ്ടാക്കില്ലേ?
രോഗിക്കു തീര്‍ച്ചയായും ആശങ്ക കാണും. സ്ത്രീകള്‍ക്കു പ്രത്യേകിച്ചും. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കീമോ തെറാപ്പി ചെയ്യുമ്പോള്‍ മുടി പൊഴിയുമെങ്കിലും പിന്നീടതു തിരിച്ചു വരും. ഒരു ആക്‌സിഡന്റ സംഭവിച്ചു തല മുറിഞ്ഞാല്‍ മുടി ഷേവ് ചെയ്തു കളഞ്ഞിട്ടല്ലേ മരുന്നു വയ്ക്കുക? അവിടെ രോഗിയോട് ഒരു ചോദ്യംപോലും ഉണ്ടാവാറില്ല.
പിന്നെ മുടിയുടെ സൗന്ദര്യമല്ലല്ലോ പ്രധാനം. ജീവിക്കുക എന്നതല്ലേ? നമ്മള്‍ ജീവിക്കുന്നതു നമ്മള്‍ക്കുവേണ്ടി മാത്രമല്ലല്ലോ. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊക്കെ വേണ്ടി നമ്മള്‍ ജീവിച്ചിരിക്കേണ്ടേ? ഇക്കാര്യങ്ങളൊക്കെ സ്‌നേഹപൂര്‍വം പറഞ്ഞുകൊടുക്കുമ്പോള്‍ രോഗിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും.
ഭാരിച്ച ചികിത്സാച്ചെലവ് സാധാരണക്കാര്‍ക്ക് ഒരു വെല്ലുവിളിയാണല്ലോ?
മൂന്നു വിഭാഗത്തില്‍പ്പെട്ട രോഗികളുണ്ട്. ഒരു വിഭാഗത്തിനു ലോകത്തിന്റെ ഏതു ഭാഗത്തുപോയി ചികിത്സിക്കാനും പണമുണ്ട്. മറ്റൊരു വിഭാഗം തീരെ ദരിദ്രരാണ്. അവര്‍ പല വഴികളിലൂടെ സഹായം തേടിയെന്നു വരും. രോഗം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് ഇടത്തരക്കാരെയാണ്. ആവശ്യത്തിനു പണമില്ലാതിരിക്കുകയും സഹായം തേടാന്‍ മടിയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണവര്‍ക്ക്. ഇവിടെയാണു ഡോക്ടറുടെ തീരുമാനം പ്രധാനമാകുന്നത്. രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവരുടെ കാര്യത്തില്‍ ചെലവേറിയാലും ചികിത്സയ്ക്കു നിര്‍ദ്ദേശിക്കാം. എന്നാല്‍ രോഗി രക്ഷപ്പെടാതിരിക്കുകയും ചികിത്സ നടത്തി കുടുംബം തകര്‍ന്നുപോവുകയും ചെയ്യുന്ന അവസ്ഥ ദു:ഖകരമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ അടുത്ത ബന്ധുക്കളുമായി തുറന്നു സംസാരിച്ച് ഉചിതമായ തീരുമാനമെടുക്കും.
കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ വ്യക്തികള്‍ മുന്നോട്ടു വരാറുണ്ടോ?
കുറെയൊക്കെ വരാറുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ വലിയൊരു സാമൂഹിക മുന്നേറ്റം ആവശ്യമുണ്ട്. കാന്‍സര്‍ രോഗികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ചികിത്സ കഴിഞ്ഞുപോയ മറ്റു രോഗികളാണ്. രോഗം ഭേദപ്പെട്ടു പോയ ഒരു ചെറുപ്പക്കാരന്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു പറഞ്ഞു: 'എന്റെ അതേ അവസ്ഥയിലുള്ള ഒരു രോഗി വന്നാല്‍ പറയണം. ആ രോഗിയുടെ ട്രീറ്റ്‌മെന്റ് ഞാന്‍ ഏറ്റെടുക്കാം.' ആ ചെറുപ്പക്കാരന് ഈയിടെയാണു ജോലി കിട്ടിയത്. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍...
ചികിത്സ കഴിഞ്ഞ ആളിനു വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യത എത്രത്തോളമുണ്ട്?
മിക്ക കാന്‍സറും അഞ്ചു വര്‍ഷം വരെയാണ് രണ്ടാമതു വരാനുള്ള സാധ്യത. സ്തനാര്‍ബുദത്തിന് ഈ സാധ്യത എട്ടു മുതല്‍ പത്തു വര്‍ഷം വരെ പറയാറുണ്ട്. ഈ സമയത്തിനുള്ളില്‍ വന്നില്ലെങ്കില്‍ പിന്നീടു കാന്‍സര്‍ വരാന്‍ സാധ്യത കുറവാണ്. ചികിത്സ കഴിഞ്ഞുപോകുന്ന രോഗി അത്രയും കാലം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധന നടത്തേണ്ടതാണ്.
കാന്‍സര്‍ വരാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാനാവുമോ?
വേണ്ടത്ര ശ്രദ്ധയുണ്ടെങ്കില്‍ പല കാന്‍സറുകളെയും
കാന്‍സറിനെ നേരിടാം, ഭീതിയില്ലതെ..
പക്ഷേ പുകവലിക്കാരെ പണ്ടുള്ളത്ര ഇപ്പോള്‍ കാണാറില്ല.?
അത് ഒരു പരിധിവരെ ശരിയാണ്. പുക വലിക്കുന്നവരുടെ എണ്ണം കുറയുകയാണെങ്കിലും പുകയില ഉല്‍പ്പന്നങ്ങളുടെ മറ്റുവിധത്തിലുള്ള ഉപയോഗം വര്‍ധിച്ചു വരുന്നുണ്ട്. സ്‌കൂള്‍കുട്ടികളും ചെറുപ്പക്കാരും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നു. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നു.
ആഹാര രീതി എങ്ങനെയൊക്കെ വിനയാകുന്നുണ്ട്?
നമ്മുടെ ഭക്ഷണരീതി പാടേ മാറിപ്പോയി. പണ്ടു കഴിച്ചിരുന്ന പല ആഹാരവും നമുക്കിന്നു കഴിക്കാന്‍ ബുദ്ധിമുട്ടാണ്. അവയൊക്കെ മോശമാണെന്നാണു നമ്മള്‍ കരുതുന്നത്. ഏറെ ഗുണകരമായിരുന്ന പിണ്ടിത്തോരനും ചീരത്തോരനും അവിയലുമൊന്നും ഇപ്പോള്‍ തീന്‍മേശയിലില്ല. പകരം ഫാസ്റ്റ്ഫുഡിനു പിന്നാലെയാണു നമ്മള്‍. കുട്ടികളെക്കൊണ്ടും നമ്മളിതു കഴിപ്പിക്കുന്നു. ഒപ്പം സോഫ്റ്റ് ഡ്രിങ്ക്‌സും കുടിപ്പിക്കും.
പുറത്തുനിന്നു കിട്ടുന്ന നിറവും സ്വാദുമുള്ള ഭക്ഷണം രാസവസ്തുക്കള്‍ ചേര്‍ത്തതാണെന്ന കാര്യം നമ്മള്‍ പാടേ മറക്കുകയാണ്. ഇതും പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള കീടനാശിനിയുമൊക്കെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
സ്വന്തമായി ഉല്‍പ്പാദിപ്പിക്കാനാവാത്തവര്‍ക്ക് പച്ചക്കറിയിലെ കീടനാശിനി സഹിക്കാനല്ലേ കഴിയൂ?
സ്വന്തമായി കൃഷി ചെയ്യുന്നത് ഏറ്റവും നല്ലതാണ്. എന്നാല്‍ അതിനു കഴിയാത്തവര്‍ക്കും ചില കാര്യങ്ങള്‍ ചെയ്യാനാവും. പച്ചക്കറികളും മറ്റും വാങ്ങുമ്പോള്‍ തൂക്കം കൂടിയതും മാംസളമായതും വേണമെന്നു നിര്‍ബന്ധം പിടിക്കരുത്. അല്ലാത്തവ വാങ്ങി നന്നായി കഴുകി ഉപയോഗിക്കുക. ഉപ്പിട്ട ചൂടുവെള്ളത്തില്‍ അര മണിക്കുര്‍ ഇട്ടുവയ്ക്കുകയാണെങ്കില്‍ പച്ചക്കറിയിലെ കുറച്ചു വിഷാംശങ്ങളെങ്കിലും പുറത്തുകളയാന്‍ പറ്റും.
മത്സ്യവും മാംസവും ഉപയോഗിക്കുന്നത് കാന്‍സറുണ്ടാക്കുമോ?
മീന്‍ കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. ഉയര്‍ന്ന കാലറിയും കൊഴുപ്പുമുള്ള ആഹാരമാണു പ്രശ്‌നമുണ്ടാക്കുന്നത്. ചിക്കന്‍ വല്ലപ്പോഴുമൊക്കെ കഴിക്കാം. മട്ടന്‍ വിശേഷ സാഹചര്യങ്ങളിലേ പാടുള്ളൂ. ബീഫ് പൂര്‍ണമായി ഒഴിവാക്കുന്നതാണു നല്ലത്. മാംസത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
എരിവും പുളിയും?
എരിവിനും പുളിക്കും കാന്‍സറുമായി ബന്ധമില്ല.
പൊറോട്ട കഴിക്കുന്നതു ചിലര്‍ ശീലമാക്കിയിട്ടുണ്ട്. ഇതു ഗുണകരമാണോ?
ദഹിക്കാന്‍ പ്രയാസമുള്ള ആഹാരമാണു പൊറോട്ട. ബീഫും മട്ടണുമൊക്കെ ചേര്‍ത്താണ് മിക്കവരും അതു കഴിക്കുക. അതു ഗുണകരമല്ല. കുറച്ചുകാലം മുമ്പ് ഹരിപ്പാട്ടെ ഒരു കോഫിഹൗസില്‍ ഞാനൊരു ഒരു കാഴ്ച കണ്ടു. ഒരാള്‍ പൊറോട്ടയും ബീഫും വാങ്ങി മേശപ്പുറത്തു വച്ചിരിക്കുന്നു. അതു കഴിക്കുംമുമ്പേ അയാള്‍ പോക്കറ്റില്‍നിന്ന് ഒരു കവറെടുത്ത് അഞ്ചോ ആറോ തരം ഗുളികകള്‍ വായിലിട്ടു. എനിക്കു ചിരി വന്നുപോയി.
ആഹാരരീതിയും ലഹരിവസ്തുക്കളുടെ ഉപയോഗവും കഴിഞ്ഞാല്‍ മലയാളിയുടെ ഏതു ജീവിതരീതിയാണ് കുഴപ്പമുണ്ടാക്കുന്നത്?
വ്യായാമം മലയാളി മറന്നുപോയ കാര്യമാണ്. ട്യൂഷനും കമ്പ്യൂട്ടര്‍ ക്ലാസുമൊക്കെ കുട്ടികളുടെ അവധിക്കാലം പോലും കവര്‍ന്നെടുക്കുന്നു. മുതിര്‍ന്ന കുട്ടികള്‍ എപ്പോഴും പ്രൊഫഷണല്‍ കോഴ്‌സിനുള്ള തയ്യാറെടുപ്പിലാണ്. ബാക്കിയുള്ള സമയം ടിവി കാണല്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. ഇതുമൂലം ഭാവിയില്‍ വരാവുന്ന അസുഖങ്ങളെക്കുറിച്ച് നമ്മള്‍ ആലോചിക്കാറേയില്ല. പുറത്തിറങ്ങിയാല്‍ കളിച്ചുകൊണ്ടു നില്‍ക്കുന്ന കുട്ടികളെ ഇപ്പോള്‍ കാണാനേയില്ല.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭാവിയില്‍ കാന്‍സറുണ്ടാകാന്‍ സാധ്യതയുണ്ടോ?
മൊബൈല്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തുപിടിച്ചു സംസാരിക്കുന്നതു ബ്രെയിന്‍ ട്യൂമറിനു സാധ്യത കൂട്ടുമെന്നു ചില പഠനങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്തായാലും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതുവരെ ശ്രദ്ധിക്കുന്നതാണു നല്ലത്.
കാന്‍സര്‍ സുഖപ്പെട്ടവരോടു സമൂഹം ആരോഗ്യകരമായ സമീപനമാണോ പുലര്‍ത്തുന്നത്?
കാന്‍സറിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ടായിട്ടില്ല. പല കാന്‍സറും ചികിത്സിച്ചു മാറ്റാനാകുമെന്ന കാര്യം മിക്ക ആളുകളും ഉള്‍ക്കൊണ്ടിട്ടില്ല. പൂര്‍ണമായി സുഖപ്പെട്ട വ്യക്തിയെയും രോഗിയെപ്പോലെയാണു സമൂഹം കാണുന്നത്.
അമ്മയ്ക്കു സ്തനാര്‍ബുദം വന്നാല്‍ മകളുടെ വിവാഹം നടക്കാതിരിക്കുന്ന അവസ്ഥ ഇവിടെയുണ്ട്. പല അമ്മമാരും ഇക്കാര്യം എന്നോടു കരഞ്ഞു പറഞ്ഞിട്ടുണ്ട്. കാന്‍സര്‍ ചികിത്സ കഴിഞ്ഞവര്‍ക്കു ജോലിയില്‍ പ്രമോഷന്‍ കൊടുക്കാത്ത സ്ഥിതി എത്ര വേദനാജനകമാണ്? ചിലയിടത്ത് കുട്ടികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍പോലും കൊടുക്കാറില്ല.
പല മേഖലയിലുള്ളവര്‍ക്കും സഹായം ചെയ്തു കൊടുക്കുന്ന നാം കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ല. ജീവിതത്തില്‍ വലിയൊരു തിരിച്ചടി നേരിട്ടവരാണു കാന്‍സര്‍ രോഗികള്‍. ആനുകൂല്യങ്ങള്‍ക്കു പകരം നമ്മളവര്‍ക്ക് അവഗണനയാണു കൊടുക്കുന്നത്.
ഈ ദയനീയാവസ്ഥ എങ്ങനെ മാറ്റിയെടുക്കാനാവും?
സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം നമ്മുടെ പൊതുവിദ്യാഭ്യാസ പദ്ധതിയില്‍ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള പാഠങ്ങളും ഉള്‍പ്പെടുത്തണം. അടുത്ത തലമുറയ്ക്കു കിട്ടുന്ന പ്രധാന ആരോഗ്യവിദ്യാഭ്യാസം കാന്‍സറിനെക്കുറിച്ചായിരിക്കണം. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം വളര്‍ത്താനും രോഗികളോടുള്ള സമീപനം മാറാനുമെല്ലാം ഇതുപകരിക്കും.
രോഗശമനത്തില്‍ പ്രാര്‍ത്ഥനയ്ക്കു സ്ഥാനമുണ്ടോ?
പ്രാര്‍ത്ഥന തീര്‍ച്ചയായും വേണം. നമ്മുടെ മുകളില്‍ നമ്മെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. അതിനെ ദൈവമെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാം. പ്രാര്‍ത്ഥനയും പാട്ടു കേള്‍ക്കലുമൊക്കെ രോഗിയില്‍ ഒരു പോസിറ്റീവ് സ്പിരിറ്റ് ഉണ്ടാക്കും. അതവരുടെ ഇച്ഛാശക്തി വര്‍ധിപ്പിക്കും. ഇതുമൂലം പ്രതിരോധശേഷി കൂടാനും രോഗം വേഗത്തില്‍ ഭേദപ്പെടാനും സാധ്യതയുണ്ട്. പക്ഷേ ഇതുകൊണ്ടു മാത്രം രോഗം മാറുമെന്നു കരുതരുത്.
മതാനുഷ്ഠാനങ്ങള്‍ കൊണ്ടു മാത്രം രോഗം ഭേദപ്പെടുത്താന്‍ നോക്കിയ പലരും പിന്നീടു മരിച്ചുപോയ ധാരാളം അനുഭവങ്ങളുണ്ട്. ചികിത്സയുടെ ഭാഗമായി ഇച്ഛാശക്തി വളര്‍ത്താന്‍ പ്രാര്‍ത്ഥനയും ധ്യാനവും യോഗയുമൊക്കെ നല്ലതാണ്.
കാന്‍സര്‍ ചികിത്സയില്‍ ഡോക്ടര്‍- രോഗി ബന്ധത്തിന്റെ പങ്കെന്താണ്?
എല്ലാ ചികിത്സയ്ക്കും ജീവിതാവബോധം അനിവാര്യമാണ്. കാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ ഇതു കൂടുതല്‍ വേണം. രോഗികളുടെ മനസില്‍ ഡോക്ടര്‍ക്കൊരു സ്ഥാനമുണ്ട്. എന്റെ രോഗികളുടെ എല്ലാ പ്രശ്‌നങ്ങളിലും ഞാന്‍ ഇടപെടാറുണ്ട്. അവര്‍ എല്ലാ കാര്യങ്ങളും എന്നോടു പറയും. ചികിത്സാ നടത്തുന്നതിനൊപ്പം നമ്മുടെ മക്കളോ അമ്മയോ സഹോദരിയോ വേണ്ടപ്പെട്ടവരോ ആയി അവര്‍ മാറുന്നു. ഈ അടുപ്പം പില്‍ക്കാലത്തും നിലനില്‍ക്കും.
ഡോക്ടര്‍ ഈ സമീപനത്തിലേക്കു മാറുന്നതെങ്ങനെയാണ്?
ഓരോ രോഗിയും ഡോക്ടറെ ഓരോ പാഠം പഠിപ്പിക്കുന്നുണ്ട്. എന്താണ് ജീവിതമെന്ന് മുമ്പിലെത്തുന്ന ഓരോ കേസിലൂടെയും നമ്മള്‍ മനസിലാക്കുന്നു. അതു നമ്മുടെ ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ പ്രതിഫലിക്കും. അങ്ങനെയാണു നമ്മള്‍ മാറുന്നത്. കഴിഞ്ഞ ദിവസം വന്ന ഒരാളെക്കുറിച്ചു പറയാം. അയാള്‍ക്കു പണം ഇഷ്ടം പോലെയുണ്ട്. പക്ഷേ അച്ഛന്‍ ശ്വാസകോശ കാന്‍സറായി മരിക്കാന്‍ കിടക്കുകയാണ്. പണത്തിന് അവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല... ഇത്തരം അനുഭവങ്ങള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കാതിരിക്കുമോ? ഒരാള്‍ ശരിക്കും ഒരു ഡോക്ടറാകുന്നതു കുറച്ചു പ്രായമാകുമ്പോഴാണെന്നു പലപ്പോഴും എനിക്കു തോന്നാറുണ്ട്.
സംതൃപ്തനാണോ ഡോക്ടര്‍?
തീര്‍ച്ചയായും. അടുത്തൊരു ജന്മമുണ്ടെങ്കില്‍ അന്നും ഒരു ഡോക്ടറാകാനാണ് എനിക്കാഗ്രഹം
Post a Comment