{[['']]}
എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല
തമിഴ്‌നാട്ടില്‍ ഇളയ ദളപതിയാണ് നടന്‍ വിജയ്. ആട്ടവും പാട്ടും തീപറക്കുന്ന സംഘട്ടന രംഗങ്ങളും പ്രതീക്ഷിച്ച് തന്റെ സിനിമയ്ക്കു കയറുന്ന ആരാധകരെ വിജയ് ഒരിക്കലും നിരാശരാക്കാറില്ല. അതുതന്നെയാണ് തമിഴ്‌നാടിനൊപ്പം കൊച്ചു കേരളത്തിലും വിജയ് ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാവാന്‍ കാരണം.
ഏറ്റവും പുതിയ വിജയ് ചിത്രമായ 'തലൈവാ' മികച്ച അഭിപ്രായമാണ് ദക്ഷിണേന്ത്യയിലാകെ നേടിയത്.ഓണ്‍ ലൈന്‍ അഭിമുഖത്തില്‍ സിനിമയേയും ജീവിതത്തേയും കുറിച്ച് വിജയ് മനസു തുറക്കുന്നു.
? എല്ലാ പ്രായത്തിലും വിഭാഗത്തിലും പെട്ട ആരാധകള്‍ താങ്കള്‍ക്കുണ്ടല്ലോ
ഞാന്‍ സ്വപ്നംപോലും കാണാതിരുന്ന ഭാഗ്യമാണിത്. സിനിമയില്‍ വരുന്ന കാലത്ത് എന്റെ പ്രതീക്ഷകളൊക്കെ വളരെ ചെറുതായിരുന്നു. നല്ല സംവിധായകരില്‍നിന്നും ഓരോ സമയത്തും നല്ല ചിത്രങ്ങളിലൂടെ ബ്രേക്കുകള്‍ കിട്ടിയതാണ് എന്റെ കരിയറിലെ ഭാഗ്യം.
? ഒരേ സ്‌റ്റൈലിലുള്ള കച്ചവട സിനിമകളിലാണല്ലോ വിജയ് പതിവായി അഭിനയിക്കുന്നത്. എന്തുകൊണ്ടു മാറി ചിന്തിക്കുന്നില്ല.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട് . പക്ഷേ എന്റെ ആരാധകരുടെ താല്‍പര്യങ്ങളാണ് പ്രധാനം. പതിവു രീതികളില്‍ ചെറിയ മാറ്റം വരുത്തിനോക്കിയാല്‍ പോലും അവര്‍ പ്രതികരിക്കും. അവരുടെ ആഗ്രഹം ഞാന്‍ ഈ സ്‌റ്റൈലില്‍തന്നെ തുടരണമെന്നാണ്. അവര്‍ എന്റെ സിനിമയില്‍ പ്രതീക്ഷിക്കുന്നത് ആക്ഷനും സെന്റിമെന്‍സും കോമഡിയുമൊക്കെയാണ്.
? നിര്‍മാതാക്കളെ പലരേയും വിജയ് സാമ്പത്തികമായി സഹായിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്
സാമ്പത്തിക പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം സിനിമാരംഗത്ത് പതിവാണ്. നമ്മള്‍ സഹകരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവിന് ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ മാറിനില്‍ക്കാനാവില്ല. ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ സ്വന്തം സംരംഭങ്ങളായാണ് കരുതാറ്. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ചിത്രത്തിന്റെ നിര്‍മാണത്തില്‍ തടസമുണ്ടാവുമെന്നു തോന്നിയ ഘട്ടങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.
? ജോസ് ആലുക്കാസിന്റെ പരസ്യ ചിത്രത്തില്‍ അമ്മ ശോഭയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം
ഹ്യദ്യമായിരുന്നു. അമ്മ-മകന്‍ കണ്‍സപ്റ്റിലുള്ള ഒരു പരസ്യമായിരുന്നു അത്. പരസ്യ ഏജന്‍സിക്കാരാണ് അതില്‍ എന്റെ അമ്മകൂടി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നു പറഞ്ഞത്. പക്ഷേ അമ്മയ്ക്ക് ആദ്യം ഒട്ടും താല്‍പര്യമില്ലായിരുന്നു. പിന്നീട് സമ്മതിച്ചു. ആ പരസ്യത്തിന്റെ സന്ദേശം കൈമാറാന്‍ അതിലും നല്ലൊരു ആശയം വേറെ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നീട് അമ്മ അതു ചിത്രീകരിച്ച ഏജന്‍സിക്കാരെ വിളിച്ച് നന്ദി പറഞ്ഞതായി ഞാന്‍ അറിഞ്ഞു. എത്രയോ കാലങ്ങള്‍ക്കുശേഷം എന്നെ അമ്മയുടെ മടിയില്‍ കിടത്തിക്കൊടുത്തതിലായിരുന്നു അമ്മയ്ക്കു സന്തോഷം.
? മികച്ച ഡാന്‍സറാണു വിജയ്. എങ്ങിനെയാണ് നൃത്തരംഗത്തെ പുത്തന്‍ പ്രവണതകള്‍ വിജയ് സ്വായത്തമാക്കുന്നത്.
എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടാല്‍ ഞാനത് അപ്പോഴേ നോട്ടുചെയ്യും. എന്നിട്ട് നൃത്ത സംവിധായകരോടു പറയും. ഞങ്ങളതു വര്‍ക്കുചെയ്തു പരിഷ്‌കരിക്കും. എന്നിട്ടാണു സിനിമയിലെ ഗാനരംഗങ്ങളില്‍ അതെങ്ങനെ ഉപയോഗിക്കാമെന്നു തീരുമാനിക്കുക.
? ആരാധകരായ ചെറുപ്പക്കാര്‍ക്ക് 'അണ്ണന്‍' ആണു വിജയ്. ആ വിളി കേള്‍ക്കുമ്പോള്‍ എന്താണു തോന്നുക
അതൊരു സുഖമുള്ള വിളിയാണ്. ജ്യേഷ്ഠസഹോദരനോടുള്ള ബന്ധം നമുക്ക് വളരെ പ്രധാനമല്ലേ. സിനിമയിലെ ടീനേജ് കാമുകന്‍ എന്ന ഇമേജ് മാറാന്‍ അതു സഹായിച്ചു.
? ഷൂട്ടിംഗിന്റെ ഭാഗമായി താങ്കള്‍ക്ക് പലപ്പോഴും കുടുംബത്തില്‍നിന്ന് അകന്നുകഴിയേണ്ടിവരുമല്ലോ? ഇങ്ങനെ നഷ്ടമാവുന്ന കുടുംബ നിമിഷങ്ങള്‍ എങ്ങിനെ വീണ്ടെടുക്കും.
ഞാന്‍ ഷൂട്ടിംഗിനുവേണ്ടി വെളിയിലായിരിക്കുന്ന സമയത്ത് അവധികിട്ടുമ്പോളെല്ലാം കുടുംബത്തെ അവിടേക്കു വിളിക്കും. ഹൈദരാബാദിലോ ബംഗളുരുവിലോ ആണെങ്കില്‍ അവര്‍ക്ക് വരാന്‍ ഉത്സാഹമാണ്. പക്ഷേ പൊള്ളാച്ചിയിലോ കാരൈക്കുടിയിലോ ആണ് ഷൂട്ടിംഗ് എങ്കില്‍ അവര്‍ക്ക് യാതൊരു താല്‍പര്യവും കാണില്ല.
? ഒന്നു റിലാക്‌സ് ചെയ്യണമെന്നു തോന്നിയാല്‍ വിജയ് എന്താണു ചെയ്യുന്നത്.
കുടുംബം, കുട്ടികള്‍, കൂട്ടുകാര്‍. അവരൊക്കെയാണ് എനിക്ക് റിലാക്‌സ്‌ചെയ്യാനുള്ള കാര്യങ്ങള്‍. അവര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ ഇഷ്ടമാണ്. മകന്‍ എട്ടാം ക്‌ളാസിലും മകള്‍ മൂന്നിലുമാണ് പഠിക്കുന്നത്.
? ഭാര്യയ്ക്ക് ഇഷ്ടമല്ലാത്ത താങ്കളുടെ പ്രത്യേകതകള്‍
അവള്‍ പറയുന്നത് എന്റെ ഉള്ളില്‍ സ്‌നേഹം ഉണ്ടെങ്കിലും അതു പ്രകടിപ്പിക്കാന്‍ അറിയില്ലെന്നാണ്. ദേഷ്യം വരുമ്പോള്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുന്ന സ്വഭാവവും അവള്‍ക്ക് ഇഷ്ടമല്ല.
? വിജയ്‌യുടെ സൗഹൃദങ്ങള്‍
കുറഞ്ഞത് ഒരാളെങ്കിലും ആത്മാര്‍ഥ സുഹൃത്തായി ഇല്ലാത്തൊരാള്‍ മനുഷ്യനല്ല എന്നാണു ഞാന്‍ കരുതുന്നത്. എനിക്ക് അങ്ങനെ കുറച്ച് ആത്മാര്‍ഥ സൗഹൃദങ്ങളുണ്ട്. അവരുടെ വിമര്‍ശനങ്ങളും വിലയിരുത്തലുകളും കൃത്യമായിരിക്കും. പലപ്പോഴും സിനിമയുടെ പ്രിവ്യൂകളില്‍ പലരും വന്നു പുകഴ്ത്തുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യും. പക്ഷേ എന്റെ ചങ്ങാതിമാര്‍ അങ്ങനെയൊന്നുമല്ല. ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും പോരായ്മ കണ്ടാല്‍ അവര്‍ തുറന്നു പറയും. എന്റെ സ്‌റ്റൈലിന് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിലും അവരാണത് പറയുക. അതു കറക്റ്റായിരിക്കും.
? താങ്കളുടെ എതിരാളി ആരാണ്, അജിത്താണോ
അജിത്ത് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ പരസ്പരം വീടുകള്‍ സ്ന്ദര്‍ശിക്കുന്നതു പതിവാണ്. ഞങ്ങളുടെ കുട്ടികളുടെ സ്‌കൂളും ഒന്നാണ്. ഞങ്ങളുടെ സിനിമകള്‍ മാത്രമേ പരസ്പരം മത്സരിക്കാറുള്ളൂ. ആരോഗ്യകരമായ മത്സരം നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
? മറ്റാരുടെയെങ്കിലും സിനിമ കണ്ടപ്പോള്‍ അതു താന്‍ ചെയ്തിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ
അങ്ങിനെ ഒരു സിനിമയാണ് ദൂള്‍. അതിന്റെ കഥ സംവിധായകന്‍ ധരണി ആദ്യം എന്നോടാണു പറഞ്ഞത്. പക്ഷേ കേട്ടപ്പോള്‍ എനിക്കതു ചെയ്യണമെന്നു തോന്നിയില്ല. പിന്നീടാണ് വിക്രമിനെ വെച്ച് സിനിമയാക്കിയത്. പടം കണ്ടുകഴിഞ്ഞപ്പോള്‍ അതു ഞാന്‍ ചെയ്യാതിരുന്നത് വലിയ നഷ്ടമാെയന്നു തോന്നി. ഞാന്‍ ആദ്യം കേട്ട കഥയില്‍നിന്ന് ഒരുപാടുമാറ്റം സിനിമയില്‍ വരുത്തിയിരുന്നു.
? 39 വയസായിട്ടും കാഴ്ചയില്‍ പതിനെട്ടുകാരനായിരിക്കുന്നതിന്റെ രഹസ്യം
കുറഞ്ഞത് ഏഴു മണിക്കൂറേങ്കിലും ഞാന്‍ ഉറങ്ങും. ദിവസവും എട്ടു ഗ്‌ളാസ് വെള്ളം കുടിക്കും. വ്യായാമം മുടക്കാറില്ല. ദിവസം മുഴുവന്‍ ജിംനേഷ്യത്തില്‍ ചെലവഴിക്കുന്ന ടൈപ്പല്ല ഞാന്‍. ഫിറ്റ്‌നസ് നിലനിര്‍ത്തുവാന്‍ ആവശ്യമായ വ്യായാമങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളത്. വെയില്‍ അധികം കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കും. ആഹാരം വളരെ ബാലന്‍സ്ഡ് ആണ്. നിങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തില്‍ പ്രതിഫലിക്കും.
? ലോകത്തിലെ അതി സുന്ദരികള്‍ എന്നു താങ്കള്‍ കരുതുന്ന അഞ്ചു സ്ത്രീകള്‍ ആരെല്ലാം
എന്റെ ഭാര്യ സംഗീത, എന്റെ അമ്മ ശോഭ, ആഞ്ചലീന ജോളി, സിമ്രാന്‍, മാധുരി ദീക്ഷിത്.
കടപ്പാട്-ഇന്റര്‍നെറ്റ് സൈറ്റുകള്‍
Post a Comment