{[['']]}
എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല
വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്....
? മലയാളി ഹൗസ് എങ്ങനെ നോക്കി കാണുന്നു.
അവിടെ ഉണ്ടായിരുന്ന 16 പേരുടേയും നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു മലയാളി ഹൗസ്. എനിക്ക് അതൊരു മിക്‌സഡ് ഹോസ്റ്റല്‍ പോലെയാണ് തോന്നിയത്. കാരണം നമ്മള്‍ വീട്ടില്‍ പെരുമാറുന്നതുപോലെയല്ല വെളിയിലുള്ളവരോട് പെരുമാറുന്നത്. അവരോട് സംസാരിക്കുന്ന രീതിയിലല്ല കാമറയ്ക്ക് മുന്നില്‍ സംസാരിക്കുന്നത്. കാമറയ്ക്ക് മുന്നില്‍ ഒരിക്കലും ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം കാണിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കുറച്ചു സമയം മാത്രമേ നമ്മള്‍ കാമറയ്ക്ക് മുന്നിലാണെന്ന് ഓര്‍ക്കുകയുള്ളൂ. കുറച്ച് കഴിയുമ്പോള്‍ കാമറയുടെ കാര്യം തന്നെ മറന്നു പോകും. എന്റെ വീട്ടിലും കൂട്ടുകാര്‍ക്കുമിടയില്‍ പെരുമാറുന്നതു പോലെയാണ് ഇവിടെയും പെരുമാറിയിരിക്കുന്നത്.
? മലയാളി ഹൗസില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ രാഹുലിന്റെ ഇമേജിന് കോട്ടം സംഭവിച്ചല്ലോ.
പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ പലരീതിയിലാണ് പെരുമാറിയത്. ഒരു പാട് ചീത്ത പറഞ്ഞവരും കുറച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നാല്‍ ഇവരെല്ലാം മറന്നു പോയ ഒരു കാര്യമാണ് ഇതൊരു റിയാലിറ്റി ഷോ ആണെന്നുള്ളത്. ഇതില്‍ റിയാലിറ്റിയും ഉണ്ട്, ഷോയും ഉണ്ട്. അതുകൊണ്ടാണല്ലോ ഇതിനെ റിയാലിറ്റി ഷോ എന്നു പറയുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഷോ നടക്കുന്നത്. കേരളത്തിലുള്ളവര്‍ക്ക് ഈ ഷോ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ധാരാളം പേര്‍ ഇഷ്ടപ്പെട്ടു. ഈ പരിപാടി വന്നതോടെ ചാനല്‍ റേറ്റിങ് കൂടി എന്നാണ് അറിഞ്ഞത്. എന്റെ ഒരു സുഹൃത്ത് രാഷ്ട്രീയക്കാരനാണ്, അദേഹം പറഞ്ഞത് ഞങ്ങള്‍ക്ക് ഈ പരിപാടി ഇഷ്ടമല്ലെങ്കിലും കാണും. കാരണം നിങ്ങള്‍ അവിടെ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കും അറിയണ്ടെ എന്ന്. പിന്നെ പ്രദീപ് ചേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു,'' നീ ഈ വേദി നന്നായി ഉപയോഗിച്ചിരുന്നു എങ്കില്‍ ഒരു ശ്രേഷ്ഠന്റെ ഇമേജ് ഉണ്ടാക്കി എടുക്കാമായിരുന്നു''എന്ന്. എന്നാല്‍ ഞാന്‍ ഒരു സാധാരണക്കാരനായ യുവാവ് മാത്രമാണ്. ജീവിതത്തില്‍ ഞാന്‍ പ്രഭാഷണങ്ങള്‍ നടത്താനും ചര്‍ച്ചകളില്‍ സംസാരിക്കാനും പോയിട്ടുണ്ട്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ എപ്പോഴും പ്രഭാഷണം പറഞ്ഞു നടക്കാന്‍ കഴിയില്ലല്ലോ. ഏകദേശം 2500 മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ജീവിച്ചു. അതില്‍ 100 മണിക്കൂര്‍ മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. എന്റെ വീട്ടില്‍ ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്.
? രാഹുലിന്റെ മലയാളി സംസ്‌കാരമാണോ മലയാളി ഹൗസില്‍ പ്രകടമായത്.
മലയാളി ഹൗസില്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്നിരുന്നത് റൊട്ടിയാണ്. മലയാളി സംസ്‌കാരത്തിന് ശീലമില്ലാത്ത ഒരു ആഹാരമാണിത്. സംസ്‌കാരം എന്നത് നമ്മള്‍ തന്നെ നിര്‍വചിക്കുന്നതാണ്. നമ്മുടെ നാട്ടില്‍ നൂറു വര്‍ഷം മുമ്പ് സംസ്‌കാരം എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്ന് സംസ്‌കാരത്തില്‍ ഉള്‍പ്പെടുന്നില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കുന്നത് കേരള സംസ്‌കാരമായിരുന്നില്ല. അന്ന് ദാവണിയും സാരിയുമായിരുന്നു. പിന്നീട് ചുരിദാര്‍ ഉപയോഗിച്ചപ്പോള്‍ ജീന്‍സും ടോപ്പും സംസ്‌കാരത്തിന് ചേരാത്തവയായി. ഞാന്‍ വിദേശത്താണ് ജനിച്ചതും പഠിച്ചതും. അച്ഛനും അമ്മയും ജോലിക്കാരയതിനാല്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത സംസ്‌കാരവും എന്നാല്‍ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. 'മലയാളി ഹൗസ്' എന്ന പേരില്‍ തന്നെയുണ്ട് ഒരു സങ്കരയിനം സംസ്‌കാരം. മലയാളി എന്നത് മലയാളവും, ഹൗസ് എന്നത് ഇംഗ്ലീഷും ആണല്ലോ.
? രാഹുല്‍ ഒരു പെണ്‍ കോന്തനാണോ.
പെണ്‍കോന്തനെന്നും ആണ്‍കോന്തനെന്നും വിളിച്ചവര്‍ ഉണ്ട്. അതിന്റെ കാരണം ചിലപ്പോള്‍ ഞാന്‍ ആരോടും പരദൂഷണം പറയാനോ കുറ്റം പറയാനോ പോകാത്തതുകൊണ്ടായിരിക്കും. അവിടെയുള്ള എല്ലാവരും ഒരു കുറ്റമായി പറയുന്ന കാര്യമാണ് ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല എന്നത്. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ നമ്മള്‍ ഒരു ഗ്ലാസില്‍ പകുതി വെള്ളമെടുത്താല്‍ സാധാരണ എല്ലാവരും പറയും ഗ്ലാസ് പകുതി നിറഞ്ഞതാണ്, അല്ലെങ്കില്‍ പകുതി ഒഴിഞ്ഞതാണ് എന്ന്. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അത് പകുതി നിറയ്ക്കാനുള്ളതാണ്. അതുപോലെ ആള്‍ക്കാരുടെ പോസിറ്റീവിനെ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല. ഈ ഷോയില്‍ ഏറ്റവും കുറച്ച് ആള്‍ക്കാരെ കുറ്റം പറഞ്ഞതും പരദൂഷണം പറഞ്ഞ വ്യക്തിയും ഞാനാണ്. ജനങ്ങളില്‍ നിന്ന് കുറച്ചെങ്കിലും ഇഷ്ടം കിട്ടിയത് എന്റെ ഈ സ്വഭാവം കണ്ടിട്ടായിരിക്കും.
? മലയാളി ഹൗസില്‍ ഫസ്റ്റ് കിട്ടാന്‍ ഇതാണോ കാര്യം.
ജനങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഞാന്‍ വിജയിച്ചത്. ഞാന്‍ കാരണം ആരും വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. എന്റെ അഭിപ്രായത്തില്‍ എല്ലാ കുടുംബത്തിലും ഇങ്ങനെ ഒരാള്‍ എങ്കിലും വേണം . ചിലപ്പോള്‍ അതുകൊണ്ടാകും എനിക്ക് ഫസ്റ്റ് കിട്ടിയത്.
? എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നത് രാഹുലിന്റെ
തന്ത്രമാണെന്ന അഭിപ്രായം ഉണ്ടല്ലോ.
ഒരിക്കലുമല്ല. എനിക്ക് കൂടുതല്‍ അടുപ്പമുള്ള കുറച്ച് ആള്‍ക്കാര്‍ ആയിരുന്നു അക്ഷിത, റോസിന്‍, സ്‌നേഹ എന്നിവര്‍. സ്‌നേഹ എന്റെ സമപ്രായക്കാരിയാണ്. പക്ഷേ മാതൃഭാവമുള്ള വ്യക്തിയാണ്. സ്‌നേഹ ചോറ് വാരിത്തരാറുണ്ട്. വിളമ്പിത്തരാറുണ്ട്. ആ സ്‌നേഹമൊന്നും ഒരിക്കലും തന്ത്രമായിരുന്നില്ല. അവിടെ 51 ശതമാനം ജീവിതവും 49 ശതമാനം ഗെയിമും ആയിരുന്നു.
? മലയാളി ഹൗസില്‍ രാഹുലിന് അപ്രിയം തോന്നിയ വ്യക്തി ആരാണ്.
അങ്ങനെ ഒരാളെ പറയാന്‍ കഴിയില്ല. ഒരു ഉദാഹരണം, തിങ്കളിനെക്കുറിച്ച് പറഞ്ഞാല്‍ അവളുടെ തുറന്നടിച്ചുള്ള സംസാരം കേട്ടാല്‍ ചില സമയങ്ങളില്‍ നമുക്ക് ദേഷ്യം വരും. മറ്റു ചിലപ്പോള്‍ സന്തോഷവും തോന്നാറുണ്ട്. ദീപയ്ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു തിങ്കള്‍. റോസിന്‍ സംസാരിക്കണ്ട അവസരങ്ങളില്‍ സംസാരിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്. സ്‌നേഹയുടെ വ്യക്തിത്വത്തില്‍ പലപ്പോഴും ഒരു ആര്‍ദ്രതയും ഇഷ്ടവും തോന്നാറുണ്ട്.
? ഷോ യുടെ അവസാനം പ്രദീപിന് രാഹുലിനോട് വിരോധം ഉണ്ടായിരുന്നല്ലോ.
ഷോ യില്‍ പങ്കെടുക്കുന്നതിന് മുമ്പേ പ്രദീപ് ചേട്ടനോട് എനിക്ക് ബഹുമാനമായിരുന്നു. പിന്നീട് അത് ഇഷ്ടമായി മാറി. അവിടെ അദ്ദേഹം തന്റെ വ്യക്തി ജീവിതം തുറന്നു കാണിക്കാനുള്ള ധൈര്യം കാണിച്ചു. പ്രദീപ് ചേട്ടന് എന്നോട് വിരോധം ഉള്ളതായി എനിക്ക് അറിയില്ല.
? മലയാളി ഹൗസില്‍ കണ്ട രാഹുലാണോ റിയല്‍ രാഹുല്‍.
മനുഷ്യന്റെ സ്വഭാവം മഴവില്ലുപോലെയാണ്. മഴവില്ലിന്റെ ഏഴു നിറങ്ങള്‍ പോലെ മനുഷ്യനും നല്ലതും ചീത്തയുമായ സ്വഭാവങ്ങള്‍ ഉണ്ട്. ഗാന്ധിജി പറഞ്ഞതുപോലെ ''ഏഴ് അന്ധന്‍മാര്‍ ആനയെ തൊടുമ്പോള്‍ ഏഴ് ആയി തോന്നും എന്ന്. ഒരാള്‍ വാലില്‍ പിടിക്കുമ്പോള്‍ മെലിഞ്ഞതായും, കാലില്‍ പിടിക്കുമ്പോള്‍ വണ്ണമുള്ളതായും തോന്നും''. അതുപോലെ ഓരോ എപ്പിസോഡുകളിലും ഓരോ ഇമേജിലാണ് നമ്മളെ കാണിക്കുന്നത്. എന്റെ എല്ലാ സ്വഭാവങ്ങളും ഈ ഷോ യില്‍ ഉണ്ടായിരുന്നു.
? റോസിനും രാഹുലും തമ്മിലുള്ള ബന്ധത്തെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതായി തോന്നിയോ.
ഷോ കഴിഞ്ഞപ്പോഴാണ് എനിക്ക് അത് മനസിലായത്. അതൊക്കെ ഓരോരുത്തരുടെകാഴ്ചപ്പാടാണ്. കേരളത്തിലുള്ളവര്‍ ഒരു ആണും പെണ്ണും സുഹൃത്തുക്കളായി കഴിയാന്‍ അനുവദിക്കില്ല. എന്നാല്‍ വരുന്ന തലമുറ കുറച്ചൂടി പ്രാക്ടിക്കലാണ്. കാരണം എനിക്ക് വോട്ട് ചെയ്തതില്‍ കൂടുതല്‍ ആള്‍ക്കാരും 30 വയസിന് താഴെയുള്ളവരും വീട്ടമ്മമാരും ആണ്. അവര്‍ക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണല്ലോ അത്.
ഈ നേരമത്രയും രാഹുലിന്റെ വര്‍ത്തമാനങ്ങള്‍ കൗതുകത്തോടെകേട്ടിരിക്കുകയായിരുന്നു ഭാര്യയും ടെലിവിഷന്‍ അവതാരകയുമായ ദീപ.
? രാഹുല്‍ വെളിയിലിറങ്ങിയപ്പോള്‍ ദീപയ്ക്ക് എന്തു തോന്നി.
രാഹൂല്‍ ചേട്ടന്‍ ഷോ കഴിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചു. എന്നോട് സംസാരിക്കാന്‍ തുടങ്ങിയത് ഹൈദരബാദിലെ ഒരു പത്ര റിപ്പോര്‍ട്ടര്‍ ആണെന്ന് പറഞ്ഞാണ്. ശബ്ദം മാറ്റി സംസാരിച്ചതുകൊണ്ട് ഞാന്‍ സത്യമാണെന്നാ വിചാരിച്ചത്. എന്നോട് പറഞ്ഞു,'' മലയാളി ഹൗസിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്, താങ്കളുടെ ഭര്‍ത്താവിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാലും മതി'' എന്ന്. ഞാന്‍ പറഞ്ഞു അതൊരു ഷോയാണ്. എന്റെ ഭര്‍ത്താവ് അതില്‍ നന്നായി പങ്കെടുത്തു. അടുത്ത ചോദ്യം'' അപ്പോള്‍ രാഹുല്‍ അവിടെ ചെയ്ത കാര്യങ്ങളെല്ലാം മാപ്പ് കൊടുക്കാന്‍ പറ്റിയതാണല്ലേ?'' ഞാന്‍ പറഞ്ഞു ''അതെ''. അതുകേട്ടപ്പോള്‍ രാഹൂല്‍ ചേട്ടന്‍ ഒര്‍ജിനല്‍ ശബ്ദത്തില്‍ പറഞ്ഞു ''ഭാഗ്യം, എന്നാല്‍ ഞാന്‍ വീട്ടിലേക്ക് വരികയാണെന്ന്.'' മൂന്നുമാസം കൂടി സംസാരിച്ചപ്പോള്‍ ആദ്യം കരയാനാണ് തോന്നിയത്. പരിചയപ്പെട്ട ദിവസം മുതല്‍ ആദ്യമായിട്ടാണ് ഇത്രയും നാള്‍ സംസാരിക്കാതിരുന്നത്. അപ്പോഴുള്ള അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല.
? മലയാളി ഹൗസില്‍ രാഹുലിന്റെ പെരുമാറ്റത്തെ ദീപ എങ്ങനെ വിലയിരുത്തുന്നു.
പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ളത് രാഹുല്‍ ഈശ്വറിന്റെ ഒരു മുഖം മാത്രമാണ്. എല്ലാ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും അതിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന സീരിയസായ രാഹുലിനെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഞാന്‍ രാഹുല്‍ ചേട്ടന്റെ സുഹൃത്തായിരുന്നു, പ്രണയിനി ആയിരുന്നു, ഇപ്പോള്‍ ഭാര്യയുമാണ്. എനിക്കറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയില്ലല്ലോ രാഹുല്‍ ചേട്ടനെ. ചേട്ടന്റെ മുഖത്തു നോക്കിയാല്‍ മനസില്‍ എന്താണ് വിചാരിക്കുന്നതെന്ന് പറയാന്‍ കഴിയും. ചേട്ടന്‍ വീട്ടിലും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. അതുകൊണ്ട് എനിക്ക് ഇതൊന്നും ഒരു ഷോക്കായിരുന്നില്ല. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് രാഹുല്‍ ചേട്ടന്‍ എന്റെ മകനാണെന്ന്. അത്ര കുട്ടിത്തമുള്ള ഒരു മനസും രാഹുല്‍ ചേട്ടനുണ്ട്. പ്രേഷകര്‍ പലതും പറയുന്നുണ്ടായിരുന്നു, അത് ആ ഒരു ഇമേജില്‍ ആരും രാഹുലേട്ടനെ കണ്ടിട്ടില്ലാത്തതു കൊണ്ടാണ്.
? നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നല്ലേ.
അതെ, വര്‍ഷങ്ങളോളം പ്രണയിക്കുകയും വീട്ടുകാരുടെ എതിര്‍പ്പുകള്‍ എല്ലാം തരണം ചെയ്താണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. എല്ലാവരുടേയും അനുഗ്രഹത്തോടെആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു കല്ല്യാണം.
? രാഹുല്‍ റോസിന്‍ ബന്ധത്തെ ദീപ എങ്ങനെ കാണുന്നു.
എനിക്ക് രാഹുല്‍ ചേട്ടനെ 10 വര്‍ഷമായി അറിയാം. രാഹുല്‍ ചേട്ടന്‍ അത്രയും നിഷ്‌കളങ്കനായതുകൊണ്ടാണല്ലോ കാമറയ്ക്ക് മുന്നില്‍ അങ്ങനെയെല്ലാം പെരുമാറിയത്. കാരണം ചേട്ടന്‍ ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്. മറ്റൊരാളെ പ്രണയിക്കണമെങ്കില്‍ അതിന് മലയാളി ഹൗസില്‍ മുപ്പത് കാമറകള്‍ക്ക് മുന്നില്‍ പോകണ്ട കാര്യമില്ലല്ലോ? രാഹുല്‍ ചേട്ടനും റോസിനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഈ ഒരു കാര്യം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതില്‍ അതിശയമൊന്നുമില്ല.
- See more at: http://www.mangalam.com/mangalam-varika/98538?page=0,1#sthash.vaGPEjcm.dpuf
Post a Comment