{[['']]}
ഭൂരിഭാഗം മലയാളി പ്രവാസികളുടെയും പൊതുവേ ഉള്ള ഒരു ദോഷസ്വഭാവമാണ് പൊങ്ങച്ചവും എടുത്തുചാട്ടവും. തിരിച്ചടികളുടെ കഥകള്‍ ആവശ്യത്തിനു മുന്നില്‍ ഉണ്ടെങ്കിലും അനുഭവത്തില്‍ എത്തുന്നത് വരെ ഈ സ്വഭാവം മാറ്റാന്‍ അവര്‍ ശ്രമിക്കുകയും ഇല്ല. മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാന്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളും പലപ്പോഴും പ്രവാസിമലയാളികള്‍ക്ക് മുഴുവന്‍ പേരുദോഷം ഉണ്ടാക്കി വക്കുന്നത് വിഷമം ഉണ്ടാക്കാറുണ്ട്. അറിവില്ലായ്മ മറച്ചു വച്ച് ഇക്കൂട്ടര്‍ ആളാകാന്‍ ശ്രമിക്കുമ്പോള്‍, അതിന്‍റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് ചിലപ്പോഴൊക്കെ നിരപരാധികള്‍ ആയിരിക്കും. അറിഞ്ഞു കൊണ്ട് മറ്റുള്ളവരെ കുഴിയില്‍ ചാടിക്കുന്നവര്‍ മുതലെടുക്കുന്നതും ഈ പൊങ്ങച്ച സ്വഭാവത്തെ തന്നെയാണ്.
ഈയിടെ കേട്ട ചില വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ ഇതെഴുതുവാന്‍ കാരണം. അതിലൊന്ന് സോഷ്യല്‍ മീഡിയാ ആയ ഫേസ് ബുക്കില്‍ ഇടുന്ന പോസ്റ്റുകളേയും കമെന്റുകളെയും പറ്റിയുള്ളതാണ്. പൊതുകാര്യങ്ങളില്‍ മലയാളിക്കുള്ള താല്‍പ്പര്യം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഈ താല്‍പ്പര്യം അതിര് കടക്കുന്നു, പ്രത്യേകിച്ചും മത-രാഷ്ട്രീയ വിഷയങ്ങളില്‍. ജോലിത്തിരക്കുകളും കുടുംബബാധ്യതകളും അലട്ടുന്ന മനസിനെ അല്‍പ്പമൊന്നു ശാന്തമാക്കുവാന്‍ ആണ് പ്രവാസികള്‍ മുഖപുസ്തകത്തില്‍ ചേരുന്നതും കുറച്ചു നേരം അതില്‍ ചിലവഴിക്കുന്നതും. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ഈ രീതി മാറുന്നു, മുഖപുസ്തകം മദ്യത്തെക്കാളും മയക്കുമരുന്നിനെക്കാളും വലിയ ലഹരിയായി മാറുന്ന ഇവര്‍ പിന്നീട് ഉണ്ണുന്നതും ഉറങ്ങുന്നതും മറന്ന്, തങ്ങള്‍ എന്തിനാണ് വീടും നാടും ഉപേക്ഷിച്ചു പ്രവാസജീവിതത്തിലേക്ക് എത്തിയത് എന്നത് പോലും മറന്നു മുഖപുസ്തകത്തിന്റെ അടിമകള്‍ ആയി മാറുന്നു. മാസാമാസം കിട്ടുന്ന ശമ്പളത്തേക്കാളും, തങ്ങളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി ജീവിക്കുന്ന കുടുംബത്തേക്കാളും വലുതായി; മുഖപുസ്തകത്തില്‍ തങ്ങളുടെ പോസ്റ്റുകള്‍ക്ക് കിട്ടുന്ന ലൈക്കുകളും കമെന്റുകളും ഇവരുടെ ജീവിതലക്ഷ്യമാകുന്നു.
ഈയിടെയായി മറ്റൊരു സ്വഭാവം കൂടി ചിലര്‍ സ്വായത്തമാക്കിയിരിക്കുകയാണ്. നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരെ കളിയാക്കിയുള്ള പോസ്റ്റുകളും കമെന്റുകളും. എവിടെയെങ്കിലും അത്തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടാല്‍ അത് ഷെയര്‍ ചെയ്യുന്നതും അതില്‍ കമെന്റുകള്‍ ഇടുന്നതും കൂടുതലും പ്രവാസി മലയാളികള്‍ ആണ്. രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, ക്രിക്കറ്റ്, സിനിമാ, സാമുദായിക മേഖലകളില്‍ ഉള്ളവരെയും ഇക്കൂട്ടര്‍ വെറുതെ വിടുന്നില്ല. ഇത്തരം പോസ്റ്റുകളിലും കമെന്റുകളിലും ഒളിഞ്ഞിരിക്കുന്ന അപകടം ഇവര്‍ മനസിലാക്കുന്നില്ല, മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമെന്റുകളും നിയമപ്രകാരം കുറ്റകരം ആണെന്നുള്ളതും ഇങ്ങനെയുള്ളവര്‍ക്കെതിരെ കേസേടുക്കുവാന്‍ സൈബര്‍ സെല്ലിനു അധികാരം ഉണ്ടെന്നുള്ളതും മനസിലാക്കാതെയുള്ള ഇവരുടെ എടുത്തുചാട്ടത്തിനു ഒരു തിരിച്ചടിയാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. അവധിക്ക് നാട്ടില്‍ എത്തുന്ന ഇത്തരക്കാര്‍ക്കെതിരെ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷനില്‍ വച്ച് തന്നെ നിയമനടപടികള്‍ സ്വീകരിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. കൂടുതല്‍ പേരും കുടുങ്ങന്നത് അവര്‍ ഇടുന്ന കമെന്റുകളുടെ പേരിലാണ്. നിരുപദ്രവകരം എന്ന് കരുതി ഇടുന്ന ഇത്തരം കമെന്റുകള്‍ ചിലപ്പോള്‍ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചേക്കാം. ഈയിടെ ഇത്തരത്തില്‍ കുടുങ്ങിയ ഒരു യുവാവിന് അവസാനം വിസയുടെ കാലാവധി തീരുവാന്‍ നാല് ദിവസം ബാക്കിയുള്ളപ്പോള്‍ ആണ് തന്റെ പാസ്പോര്‍ട്ട് തിരികെ ലഭിച്ചത്. സന്തോഷകരമായി ചിലവഴിക്കേണ്ട അവധിക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന മാസസികസംഘര്‍ഷം വേറെ. ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാതെ വന്നാല്‍ ഭാവി തന്നെ അവതാളത്തില്‍ ആകുന്ന ഇത്തരം കേസുകളില്‍ പ്രവാസിമലയാളികള്‍ ചെന്ന് ചാടുന്നത് നേരത്തെ പറഞ്ഞ പൊങ്ങച്ചവും എടുത്തുചാട്ടവും കൊണ്ട് തന്നെ.
മറ്റൊരു വാര്‍ത്ത കേട്ടത് ഗള്‍ഫിലേക്ക് വരുന്ന ചിലരുടെ കൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി കൊടുത്ത് വിട്ട ചില സാധനങ്ങളെ പറ്റിയുള്ളതാണ്. ഇന്ന് നമ്മുടെ നാട്ടില്‍ കിട്ടുന്ന ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഗള്‍ഫ് രാജ്യങ്ങളില്‍ ലഭ്യമാണ്, അതെ പോലെ തന്നെ തിരിച്ചും. എന്നിട്ടും അവധിക്കു പോകുന്ന സമയത്തും തിരികെ വരുന്ന സമയത്തും കൈയില്‍ കിട്ടുന്നതെന്തും വാരിവലിച്ചു കൊണ്ട് പോകുന്ന മലയാളിയുടെ സ്വഭാവം ഇനിയും മാറിയിട്ടില്ല. വിമാന സര്‍വീസുകള്‍ യാത്രക്കാരന് കൊണ്ടുപോകാവുന്ന ലഗേജിന്റെ തൂക്കം കാര്യമായി കുറച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ സ്വന്തമായുള്ളതും സുഹൃത്തുക്കളുടെയും ലഗേജുകളുമായി എയര്‍പോര്‍ട്ടില്‍ എത്തുന്ന പലര്‍ക്കും അവിടെ വച്ച് അതൊക്കെ അഴിച്ചു തൂക്കം കുറക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥ കാണുവാന്‍ പലപ്പോഴും ഇടയായിട്ടുണ്ട്. അതിന്‍റെ കൂടെ ഇപ്പോള്‍ കേട്ട വാര്‍ത്ത ശരിക്കും ഭയക്കേണ്ടത് തന്നെയാണ്. സുഹൃത്തിന്‍റെ ആവശ്യപ്രകാരം നാട്ടിലെ സുഹൃത്തിന്റെ ആള്‍ക്കാര്‍ കൊടുത്തുവിട്ട രണ്ടു ജീന്‍സ് ആണ് ആദ്യത്തെ വില്ലന്‍. വീട്ടില്‍ എത്തിച്ച ജീന്‍സ് പായ്ക്ക് ചെയ്യുന്ന സമയത്ത് കൂട്ടത്തില്‍ ഉള്ള ആള്‍ക്ക് തോന്നിയ ഒരു സംശയം ആണ് വലിയൊരു ആപത്തില്‍ നിന്നും ആ യാത്രക്കാരനെ രക്ഷിച്ചത്. ജീന്‍സിന് തൂക്കം സാധാരണയില്‍ കൂടുതല്‍ ആണെന്ന് തോന്നിയ അയാള്‍ അത് പരിശോധിച്ചപ്പോള്‍ കണ്ടത് ബെല്‍റ്റ് ഇടുന്ന ഭാഗത്തെ അസാധാരണത്വം ആയിരുന്നു. അഴിച്ചു പരിശോധിച്ചപ്പോള്‍ കിട്ടിയതോ......ഏകദേശം ഒന്നരക്കിലോയോളം മയക്കുമരുന്നും. ആദ്യമായി ഗള്‍ഫിലേക്ക് വരികയായിരുന്ന ആ ചെറുപ്പക്കാരന്‍ എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. ഒരു പക്ഷെ ഗള്‍ഫിലെ സുഹൃത്തിനും ഇതേപറ്റി അറിവുണ്ടാകുവാന്‍ ഇടയില്ല, ആരോ ചതിച്ചതായിരുക്കുവാന്‍ ആണ് സാധ്യത കൂടുതല്‍. അയാള്‍ ആ ജീന്‍സുമായി വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ......ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പിന്നെ ഒരിക്കലും പുറംലോകം കാണുകയില്ല. തല വെട്ടിക്കളയാന്‍ വരെ വിധിക്കാവുന്ന കേസ് ആണ് മയക്കുമരുന്ന് കേസ്.
സമാനമായ മറ്റൊരു കേസില്‍ അച്ചാര്‍ ആയിരുന്നു വില്ലന്‍. അവിടെയും അവര്‍ പരിശോധിച്ചത് തൂക്കം കൂടിയത് കൊണ്ട് മാത്രം. മൊത്തം തൂക്കത്തില്‍ വ്യത്യാസം ഉള്ളത് കൊണ്ട് കുറച്ചു കുറക്കാന്‍ വേണ്ടി ഒഴിവാക്കിയ കൂട്ടത്തില്‍ സുഹൃത്തിനായി എത്തിയ അച്ചാര്‍ പകുതി എടുത്തു മാറ്റുവാന്‍ തീരുമാനിക്കുവാന്‍ തോന്നിയ നിമിഷങ്ങളെ അവര്‍ ഇപ്പോള്‍ സ്തുതിക്കുന്നുണ്ടാവും. കാരണം ആ അച്ചാറില്‍ പ്ലാസ്റിക്കില്‍ പൊതിഞ്ഞു കഞ്ചാവ് ഒളിപ്പിച്ചിരുന്നു.അറിഞ്ഞുകൊണ്ട് ഇത്തരം കള്ളക്കടത്തുകള്‍ നടത്തുന്നവര്‍ പിടിക്കപ്പെടുന്നതിനെക്കാള്‍ സാധ്യത കൂടുതല്‍ അറിയാതെ ഇത്തരം കെണികളില്‍ പെടുന്നവര്‍ക്ക് ആണ്. പൂര്‍ണ്ണവിശ്വാസം ഉള്ളവര്‍ ആണെങ്കില്‍ തന്നെ ഇത്തരം പായ്ക്കറ്റുകള്‍ ശരിയായി പരിശോധിച്ച ശേഷം മാത്രമേ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുമ്പോള്‍ കൂടെ കൊണ്ടുവരാവൂ; കഴിവതും ഇങ്ങനെ ഉള്ളവ ഒഴിവാക്കുക തന്നെയാണ് ഭേദം. കാരണം ആദ്യമേ പറഞ്ഞത് പോലെ നാട്ടിലെ സാധനങ്ങള്‍ അതിനെക്കാള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഗുണം ഉള്ളവ ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്വന്തമായോ മറ്റുള്ളവര്‍ക്കോ ഉപയോഗിക്കുവാന്‍ വേണ്ടി നാട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വരുന്ന മരുന്നുകള്‍ ആണ്. നാട്ടില്‍ ലഭ്യമായ മരുന്നുകളില്‍ ചിലത് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളതിനാല്‍, അങ്ങിനെ കൊണ്ട് വരുന്ന മരുന്നുകള്‍ പിടിക്കപ്പെട്ടാല്‍ അതും ലഹരിമരുന്നുകളുടെ കൂട്ടത്തില്‍ പെടുത്തുകയും കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും. നിരോധനം ഉള്ളത് കൊണ്ടാണ് ചില മരുന്നുകള്‍ ഇവിടെ ലഭിക്കാത്തതെന്ന സത്യം മനസിലാക്കി, ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷനുമായി ഇവിടെയുള്ള ഫാര്‍മസികളില്‍ നിന്നും അനുയോജ്യമായ മരുന്നുകള്‍ വാങ്ങുന്നതാവും ഉചിതം
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നുള്ള പഴമക്കാരുടെ വാക്കുകള്‍ മനസുകൊണ്ട് അംഗീകരിച്ച് എടുത്തുചാട്ടങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിച്ചാല്‍ അത് നമുക്കും നമ്മളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിനും ഗുണമേ ചെയ്യൂ..........മറിച്ചാണെങ്കില്‍, ഇത്തരം കെണികളില്‍ പെട്ടുകഴിഞ്ഞാല്‍, സഹായിക്കുവാന്‍ പോലും ആര്‍ക്കും കഴിയാത്ത ഒരവസ്ഥയില്‍ എത്തിപ്പെട്ടാല്‍, കരഞ്ഞും വിധിയെ പഴിച്ചും കാലം കഴിക്കുവാന്‍ മാത്രമേ സാധിക്കൂ.
Post a Comment