ഒരു സ്‌ത്രീയായി ജനിച്ചു എന്നതില്‍ അഭിമാനം കൊള്ളുന്ന വ്യക്‌തിയാണ് ഞാന്‍. നന്മയും തിന്മയും തിരിച്ചറിഞ്ഞ് തെറ്റുകളും കുറ്റങ്ങളും തിരുത്താന്‍ കഴിയുന്ന കുടുംബമാണ് എന്നിലെ പെണ്ണിന് പൂര്‍ണ്ണത തരുന്നത്. തന്റെ സ്‌ത്രീസങ്കല്‌പങ്ങളെക്കുറിച്ച് ഇക്കുറി അവതാരകയും ഗായികയുമായ അഖില ആനന്ദ്
Kerala tv show and news
സ്‌ത്രീകളെക്കുറിച്ചും സ്‌ത്രീസങ്കല്‌പങ്ങളെക്കുറിച്ചും എഴുതണമെന്ന് തോന്നിയപ്പോള്‍ ഒരു വ്യത്യസ്‌തമായ ആശയം മനസ്സില്‍ വന്നു. ഞാന്‍ സ്‌ത്രീയില്‍ കാണാനാഗ്രഹിക്കുന്നത്, അല്ലെങ്കില്‍ എന്നിലെ സ്‌ത്രീയെ വിശകലനം ചെയ്യുന്നത്, ഒരു സ്‌ത്രീ എങ്ങനെയാവണമെന്ന് ഞാന്‍ ചിന്തിക്കുന്നത് ഇവയൊക്കെ കുറെ അക്കങ്ങളിട്ട് എഴുതിനോക്കിയാലോ? എന്റെ മനസ്സിലെ സ്‌ത്രീസങ്കല്‌പങ്ങള്‍ക്ക് ഞാന്‍ എണ്ണമിടുകയാണ്....
എന്റെ പ്ര?ഫഷണല്‍ ജീവിതത്തില്‍ ആരാധന തോന്നിയ ഒരുപാട് പ്രതിഭകളുണ്ട്. മലയാളത്തില്‍ ആരാധന തോന്നിയിട്ടുള്ളത് ചിത്രച്ചേച്ചിയോടും സുജാതച്ചേച്ചിയോടുമാണ്.
ഒരു പെണ്‍കുട്ടിയില്‍ ഞാനാദ്യം ശ്രദ്ധിക്കുന്നത് അവളുടെ പെരുമാറ്റമാണ്. പുരുഷന്മാരോട് ഒരു സ്‌ത്രീ പെരുമാറുന്ന രീതി ശരിക്കും വീക്ഷിക്കാറുണ്ട്. സംസാരരീതിയും വസ്‌ത്രധാരണവും എന്റെ കണ്ണില്‍ നന്നായി പെടുന്നവയാണ്.ഒരു സ്‌ത്രീക്ക് മുഖസൗന്ദര്യമുണ്ടെങ്കില്‍ നോക്കുമെന്നതിനപ്പുറം അതൊരു ഒഴിച്ചു കൂടാനാവാത്ത ഘടകമായി തോന്നിയിട്ടില്ല.
കേരളത്തിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് പെരുമാറുന്ന രീതിക്ക് നല്ല വ്യത്യാസം വന്നിട്ടുണ്ട്. അവരോട് സംസാരിക്കുന്നതില്‍ നാണവും മടിയുമൊക്കെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ ശരിക്കും മാറിക്കഴിഞ്ഞിരിക്കുന്നു. ആ മാറ്റം പോസിറ്റീവായെടുത്താല്‍ നല്ല പെരുമാറ്റം തന്നെയാണ് സ്‌ത്രീസൗന്ദര്യം കൂട്ടുന്നത്.
മോഡേണ്‍ പെണ്‍കുട്ടിയാണെങ്കിലും നാടന്‍ തനിമയുള്ള പെണ്‍കുട്ടിയായാലും ഞാനൊരുപോലെ ശ്രദ്ധിക്കാറുണ്ട്. എങ്കിലും മനസ്സിന് അടുപ്പം തോന്നുന്നത് നാടന്‍ തനിമയുള്ള പെണ്‍കുട്ടികളോടാണ്.
സ്‌ത്രീകളുടെ വസ്‌ത്രധാരണം മോശമാണെങ്കില്‍ അത് പുരുഷന്മാര്‍ക്ക് കമന്റടിക്കാനുള്ള കാരണമായി മാറും. ഞാന്‍ പഠിച്ച കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ത്രീകളുടെ വസ്‌ത്രധാരണരീതിയും സൗന്ദര്യ സങ്കല്‌പങ്ങളും ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോള്‍ അവരുടെ റോള്‍മോഡലുകളാവുന്നത് സെലിബ്രിറ്റികളാണ്.
വളരെ ഒതുങ്ങിക്കൂടിയിരുന്ന ഒരു സാഹചര്യത്തില്‍ നിന്ന് ശരിക്കും ഫ്രീക്ക് ഔട്ട് എന്ന രീതിയായി. ഒരുപരിധിവരെ അങ്ങനെയാകണം.എല്ലാ അര്‍ത്ഥത്തിലും സ്‌ത്രീ കള്‍ മോഡേണ്‍ ചിന്താഗതിയിലേക്ക് പോക്കോണ്ടിരിക്കുന്നു.
മറ്റുള്ളവരെക്കൊണ്ട് "അയ്യേ" എന്നു പറയിപ്പിക്കാത്ത ഡ്രസിംഗ് ഞാന്‍ ഇഷ്‌ടപ്പെടുന്നു. തീരെ നാടനാകുന്നത് ഇഷ്‌ടമല്ല. എന്നാല്‍ അള്‍ട്രാ മോഡേണായി വര്‍ഗറാകുന്നതിനോട് താത്‌പര്യമില്ല.
തീരെ ചേരാത്ത വേഷം ധരിച്ച് മറ്റുള്ളവര്‍ക്ക് കമന്റടിക്കാനുള്ള അവസരമുണ്ടാക്കാറില്ല. മോശമാവാത്ത മോഡേണ്‍ ഡ്രസ്സിംഗിനെ ഞാനും സ്വാഗതം ചെയ്യാറുണ്ട്.
വീട്ടമ്മയായാലും സെലിബ്രിറ്റിയായാലും ഉദ്യോഗസ്‌ഥകളായാലും 30 വയസ്സിനു ശേഷം ബ്യൂട്ടിപാര്‍ലറുകള്‍ ആശ്രയിക്കുന്നത് നല്ലതാണ്. ഈ പ്രായത്തിലുള്ള സൗന്ദര്യം ആത്മവിശ്വാസം കൂട്ടും. ഏതു പ്രായത്തിലും സ്‌ത്രീകള്‍ സൗന്ദര്യം ആസ്വദിക്കുകയും സംരക്ഷിക്കുകയും ചെയ്യണം.
പണ്ടത്തേതിനെ അപേക്ഷിച്ച് പെണ്‍കുട്ടികളേക്കാളേറെ ആണ്‍കുട്ടികള്‍ ബ്യൂട്ടിപാര്‍ലറുകള്‍ ആശ്രയിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനു വേണ്ടി സമയം ചെലവഴിക്കാന്‍ അവര്‍ക്ക് യാതൊരു നാണക്കേടുമില്ല.
സെലിബ്രിറ്റിയാണെങ്കില്‍ സൗന്ദര്യത്തിന് ഒരു പ്രത്യേക പരിഗണന കൊടുക്കുന്നത് കരിയറിന് ഉപകാരമാണ്. പൊതുവേ സ്‌ത്രീകള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നത് കുറവാണ്. പ്രായഭേദമന്യേ സ്‌ത്രീകള്‍ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
പണ്ടത്തെ സ്‌ത്രീകള്‍ ആഹാരം കഴിക്കുന്നതു കൊണ്ട് മാത്രം ആരോഗ്യം കിട്ടിയവരല്ല. അവരുടെ വീട്ടിലെ ജോലികള്‍ ഒരുപരിധി വരെ വ്യായാമമാകാറുണ്ട്. ആ വ്യായാമം ലഭിക്കാത്തതു കൊണ്ട് ഇപ്പോഴത്തെ സ്‌ത്രീകള്‍ കൂടുതലായി ഹെല്‍ത്ത് സെന്ററിനെ ആശ്രയിക്കുന്നു.
എന്റെ ചെറുപ്പത്തില്‍ ഞാനും കുടുംബവുമൊക്കെ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ചിരുന്നത് വളരെ കുറവായിരുന്നു. പക്ഷേ എന്റെ മകന് വീട്ടിലെ ഭക്ഷണത്തേക്കാളേറെയിഷ്‌ടം ബേക്കറി പലഹാരങ്ങളാണ്. ജങ്ക് ഫുഡിനെ ആശ്രയിക്കുന്നതും ഒരുപരിധി വരെ ശാരീരികാരോഗ്യത്തിന് പ്രശ്‌നമാകാറുണ്ട്. ഫാസ്‌റ്റ് ഫുഡ് സമ്പ്രദായം ജീവിതത്തിലും ഫാസ്‌റ്റായി ദോഷമുണ്ടാക്കും.
ഒരുപരിധിവരെ സ്‌ത്രീ സ്വാതന്ത്ര്യം നല്ലതാണ്. പക്ഷേ ഒരു ഫെമിനിസ്‌റ്റ് ചിന്താഗതിയോടെ അത് ദുരുപയോഗം ചെയ്യുന്ന സ്‌ത്രീകളുമുണ്ട്. അത് ചെയ്യാതിരിക്കാന്‍ സ്‌ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരണശേഷി കൂടിയിട്ടുള്ളതു കൊണ്ട് സ്‌ത്രീകള്‍ ഇപ്പോള്‍ എന്തു കണ്ടാലും പ്രതികരിക്കും. വലിയ പ്രതികരണങ്ങള്‍ കുടുംബവുമായി ആലോചിച്ചെടുക്കുന്നതാണ് നല്ലത്.
സ്‌ത്രീയും പുരുഷനും രണ്ടു ധ്രുവങ്ങളില്‍ കഴിയുന്നവരാണ്. ചിന്തകളിലും പ്രവര്‍ത്തികളിലുമൊക്കെ ഒരുപാട് അന്തരങ്ങള്‍ അവര്‍ തമ്മിലുണ്ട്. ദൈവമാകാന്‍ കഴിയാത്തതു കൊണ്ടു രണ്ടു കൂട്ടര്‍ക്കും നെഗറ്റീവും പോസിറ്റീവുമുണ്ട്.
പുരുഷന്മാരെപ്പോഴും തീരുമാനമെടുക്കുന്നത് വളരെ എളുപ്പമാണ്. സ്‌ത്രീകള്‍ വളരെ ചിന്തിച്ചേ ഒരു തീരുമാനമെടുക്കൂ. ഒരു ചെറിയ കാര്യമാണെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടേയിരിക്കും. അത് ഒരു പരിധിവരെ ദോഷവും ഗുണവുമാണ്.
നിരവധി റോളുകള്‍ ഒരുമിച്ചു ചെയ്യാന്‍ സ്‌ത്രീകള്‍ക്കാണ് കഴിയുന്നത്. എത്ര ജന്മം കഴിഞ്ഞാലും സ്‌ത്രീയായി ജനിക്കാനാണ് എനിക്കിഷ്‌ടം. എന്നെ സംബന്ധിച്ച് സ്‌ത്രീയായി ജനിച്ചത് നൂറ്റിയൊന്നു ശതമാനം എന്റെ ഭാഗ്യമായിക്കാണുന്നു. പുരുഷന്റെ വിജയത്തിനു പിന്നില്‍ സ്‌ത്രീയുണ്ടെന്നു പറയുന്നതു പോലെ കുടുംബത്തിന്റെ വിളക്കും സ്‌ത്രീ തന്നെയാണ്. മക്കളുടെ ജീവിതത്തിലെ പ്രധാന സ്വാധീനം അമ്മമാരാണ്. ജോലിത്തിരക്കുള്ള സ്‌ത്രീകള്‍ക്ക് കുടുംബജീവിതം കുറച്ച് മിസ്സ് ചെയ്യാറുണ്ട്. എങ്കിലും അതിനിടയിലും കുടുംബജീവിതം നല്ല പ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ കഴിയണം.
സമൂഹത്തിന് സ്‌ത്രീകളോടുള്ള കാഴ്‌ചപ്പാടുകള്‍ മാറിയിട്ടുണ്ട്. ആ മാറ്റം കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം കൂടിയത്. പക്ഷേ പെണ്‍കുട്ടികള്‍ പലപ്പോഴും ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു. ആ സാഹചര്യം ആണ്‍കുട്ടികള്‍ മുതലെടുത്ത് പിന്നീട് പല പ്രശ്‌നങ്ങളുണ്ടാകാറുണ്ട്.
പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങളും അക്രമങ്ങളും കൂടിയിട്ടുണ്ട്. പക്ഷേ പലപ്പോഴും അതില്‍ സ്‌ത്രീകളും കുറ്റക്കാരാകാറുണ്ട്. രണ്ടു കൈയും കൂടി കൂട്ടിയടിച്ചാലല്ലേ ശബ്‌ദം കേള്‍ക്കൂ. പ്രതികരണശേഷി സ്‌ത്രീകള്‍ക്ക് പണ്ടത്തേതിനെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. പക്ഷേ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക് അതിര്‍വരമ്പുകളിടാന്‍ അവര്‍ മറക്കുന്നു. ജീവിതത്തിലേക്കെത്തുന്ന പുതിയ റിലേഷനെ എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ വലിയ വീഴ്‌ചകള്‍ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പ്രതികരിക്കാന്‍ ചിലപ്പോഴൊക്കെ മടി കാണിക്കാറുണ്ട്. അത് മാറ്റണമെന്ന് തോന്നിയിട്ടുണ്ട്.എല്ലാ കുട്ടികളും വളരെ ചെറുപ്പത്തില്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. അഞ്ചു വയസ്സുള്ള എന്റെ മകന്‍ പോലും ഗൂഗിളില്‍ സംശയം തീര്‍ക്കാറുണ്ട്. അത്രയും പുരോഗമിച്ച സമൂഹമായതു കൊണ്ട് മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
അച്‌ഛനമ്മമാര്‍ മക്കളെ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടാകണം. എന്തു തിരക്കിനിടയിലും അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തണം. വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലായതു കൊണ്ട് കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി നിയന്ത്രണത്തോടെയും സ്‌നേഹത്തോടെയും കുട്ടികളെ വളര്‍ത്തേണ്ടത് അമ്മമാരാണ്.
കുടുംബത്തില്‍ നിന്ന് നല്ല പിന്തുണയുണ്ടെങ്കിലേ സ്‌ത്രീകള്‍ക്ക് ഏതൊരു മേഖലയിലും പിടിച്ചു നില്‍ക്കാന്‍ കഴിയൂ. ചെറുപ്പത്തില്‍ കുട്ടികള്‍ക്കുള്ള കലാവാസന പ്രോത്സാഹിപ്പിക്കുന്നത് കുടുംബമാണ്. അവരത് അവഗണിക്കുകയാണെങ്കില്‍ ഒരിക്കലും ഒരു കുട്ടിക്കും ഒരു രംഗത്തും തിളങ്ങാന്‍ കഴിയില്ല.
സംഗീതത്തോട് താത്‌പര്യമുണ്ടെന്ന് കണ്ടിട്ട് കര്‍ണാടക സംഗീതം പഠിപ്പിച്ചത് എന്റെ അച്‌ഛനുമമ്മയുമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അതിനെ വളര്‍ത്താനുള്ള അവസരം അവരെനിക്ക് ഒരുക്കിത്തന്നു. അന്നുമുതല്‍ ഇന്നുവരെ കുടുംബമെനിക്ക് പിന്തുണയായിട്ടുണ്ട്.
ഒരു പെണ്‍കുട്ടിക്ക് കുടുംബപിന്തുണയില്ലാതെ ഒരു രംഗത്തും ശോഭിക്കാന്‍ കഴിയില്ല. ജീവിതം എങ്ങുമെത്താതെ പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് കുടുംബപിന്തുണ കിട്ടാത്തതു കൊണ്ടാണ്. ഞാനാണെങ്കില്‍ പഠിക്കുന്ന സമയത്തു തന്നെ അവതരണരംഗത്തേക്ക് വന്നിരുന്നു. അന്നും കുടുംബത്തില്‍ നിന്ന് നല്ല പ്രോത്സാഹനം കിട്ടി.
പരസ്‌പരം അറിഞ്ഞ് മൂന്നു വര്‍ഷത്തോളം പ്രണയിച്ചാണ് ഞാന്‍ ശ്യാമിനെ വിവാഹം കഴിക്കുന്നത്. ഡിഗ്രി ആദ്യവര്‍ഷം സൗഹൃദത്തില്‍ തുടങ്ങിയ പ്രണയം നന്നായി ആസ്വദിക്കാന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയിരുന്നു. നന്നായി മനസ്സിലാക്കുന്ന ഒരാള്‍ ജീവിതപങ്കാളിയാകുന്നതും സ്‌ത്രീകളുടെ ഉയര്‍ച്ചയ്‌ക്ക് കാരണമാകും.
ശ്യാം സംഗീതം ആസ്വദിക്കുന്ന വ്യക്‌തിയായതു കൊണ്ടാണ് അശ്വാരൂഡന്‍ എന്ന സിനിമയില്‍ ആദ്യമായി പാടാന്‍ കഴിഞ്ഞത്. വിവാഹശേഷം രണ്ടു കുടുംബങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് ഞാന്‍ ഈ രംഗത്ത് സജീവമായി നില്‍ക്കുന്നത്.
സൗഹൃദങ്ങളില്‍ തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. നന്നായി സംസാരിക്കുന്നയാളുകളോടാണിഷ്‌ടം. നല്ല രീതിയില്‍ വിമര്‍ശിക്കുന്നത് എപ്പോഴും സുഹൃത്തുക്കളാണ്. നേരിട്ട് വിമര്‍ശിക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍.
മറ്റുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കാതെ വളരെ പ്ലെസന്റായി പെരുമാറാറുണ്ട്.