{[['']]}
ജിദ്ദ: സൗദി അറേബ്യയില്‍ അനധികൃത തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും പദവി ശരിയാക്കുന്നതിനു നല്‍കിയ സമയപരിധി കഴിഞ്ഞതോടെ ആരംഭിച്ച പരിശോധനയില്‍ ഇന്ത്യക്കാരടക്കം നാലായിരത്തിലധികം പേര്‍ പിടിയിലായി. ജിദ്ദയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്; 3918 പേര്‍. ദമാം, അല്‍ കോബാര്‍, അല്‍ ഹസ്സ, ജുബൈല്‍ എന്നിവടങ്ങളില്‍ 379 പേരെ സുരക്ഷാവകുപ്പ് ഉദ്യോഗസ്‌ഥര്‍ പിടികൂടി. യെമന്‍, സിറിയ, സുഡാന്‍, പാകിസ്‌താന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണു പിടിയിലായവരില്‍ ഏറെയും. ജിദ്ദയിലെ കന്ധ്രറ പാലത്തിനടിയില്‍ രേഖകള്‍ ഇല്ലാതെ കഴിഞ്ഞിരുന്ന ഇന്ത്യക്കാരും പിടിയിലായവരില്‍ ഉള്‍പ്പെടും.
സ്‌പോണ്‍സര്‍ഷിപ്പിനു പുറത്തു പോയി ജോലിചെയ്യുകയോ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടി സ്വന്തമായി ജോലിനോക്കുകയോ ചെയ്യുന്ന ഒരാളും രാജ്യത്തുണ്ടാകാന്‍ പാടിെല്ലന്ന ലക്ഷ്യത്തോടെയാണു ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ഇന്നു മുതല്‍ പോലീസിന്റെ സഹായത്തോടെയാകും കര്‍ശനപരിശോധന. സ്‌ഥാപനങ്ങളിലും തൊഴിലിടങ്ങളിലും കയറി വിശദമായ പരിശോധനയ്‌ക്കാണു തൊഴില്‍മന്ത്രാലയം തയാറെടുക്കുന്നത്. പിടിക്കപ്പെട്ടാല്‍ നാടുകടത്തുകയും ശിക്ഷിക്കുകയും ചെയ്യും. വിരലടയാളം രേഖപ്പെടുത്തിയാകും നാടുകടത്തുക. അവര്‍ക്കു സൗദിയിലേക്കു തിരികെ വരാനാകില്ല. വീടുകളില്‍ കയറി പരിശോധന നടത്തില്ലെന്നു മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. മൂന്നു തരത്തിലുള്ള പരിശോധനാ വിഭാഗങ്ങളെയാണു ചുമതലപെടുത്തിയിരിക്കുന്നതെന്നു മന്ത്രാലയ വക്‌താവ് അല്‍ അനസി പറഞ്ഞു. ഒന്നാമത്തെ വിഭാഗം ഇഖാമ (താമസാനുമതി രേഖ) ഇല്ലാത്തവരെയും അനധികൃതതാമസക്കാരെയും പിടികൂടും.
രണ്ടാമത്തെ വിഭാഗം തൊഴില്‍ സ്‌ഥാപനങ്ങളില്‍ കയറി പരിശോധന നടത്തും. ഗവര്‍ണറേറ്റുകളിലെ സൗദിവല്‍കരണ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പരിശോധനാസംഘത്തിലും മന്ത്രാലയപ്രതിനിധികള്‍ ഉണ്ടാകും.പരിശോധനയില്‍ പിടികൂടുന്നവരെ പാര്‍പ്പിക്കാന്‍ ജിദ്ദയ്‌ക്കും മക്കയ്‌ക്കും മധ്യേ ശുമൈസിയില്‍ പുതിയ ജയില്‍ തുറന്നിട്ടുണ്ട്. 30,000 ത്തിലധികം ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സുരക്ഷാ വകുപ്പുകളുടെയും പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെയും ശാഖകള്‍, കോണ്‍സുലേറ്റ് ഓഫീസുകള്‍, കോടതി, ട്രാവല്‍ എജന്‍സി, ഹെല്‍ത്ത് സെന്റര്‍, വിരലടയാള രജിസ്‌ട്രേഷന്‍ കേന്ദ്രം എന്നിവ പുതിയ കേന്ദ്രത്തിലുണ്ട്.
Post a Comment