{[['']]}
Kerala tv show and news
ചലച്ചിത്രതാരം മുകേഷിന്റെ ഭാര്യ പ്രമുഖ നര്‍ത്തകിയായ മേതില്‍ ദേവിക ഭാരതീയ നൃത്തശാഖയിലെ യുവനര്‍ത്തകിമാരില്‍ വേറിട്ട വ്യക്തിത്വമാണ്. പുതുമയുള്ള പരീക്ഷണപഥത്തിലൂടെ സഞ്ചരിക്കുന്ന മേതില്‍ ദേവികയ്ക്ക് നൃത്തം ജീവവായുവാണ്. 2013 ഒക്‌ടോബര്‍ 24-ന് രാവിലെ 9-ന് എറണാകുളത്തെ മരടിലുള്ള മുകേഷിന്റെ വസതിയില്‍ പ്രത്യേകം സജ്ജമാക്കിയ വിവാഹമണ്ഡപത്തിലാണ് മുകേഷ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മുകേഷിന്റെയും ദേവികയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിനു സാക്ഷ്യം വഹിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.വിവാഹം റിപ്പോര്‍ട്ട് ചെയ്യാനും ഇരുവരും തമ്മിലുള്ള ചിത്രമെടുക്കാനും മരടിലുള്ള മുകേഷിന്റെ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ ദേവികയും മുകേഷും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
പാലക്കാട് രാമനാഥപുരത്തെ രാകേന്ദുവെന്ന വീട്ടിലേക്ക് ഞങ്ങള്‍ ചെല്ലുമ്പോള്‍ മേതില്‍ ദേവികയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇന്റര്‍വ്യൂ വേണ്ടെന്നും പടമെടുക്കരുതെന്നുമൊക്കെ ദേവിക തുടക്കത്തില്‍ സൂചിപ്പിച്ചെങ്കിലും ഒടുവില്‍ സിനിമാമംഗളത്തോട് സംസാരിക്കാനും ക്യാമറയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനും ദേവിക തയാറാവുകയായിരുന്നു.
ചലച്ചിത്ര നടന്‍ മുകേഷിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.
ചലച്ചിത്ര നടന്‍ മുകേഷിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.
''ഞാന്‍ ജനിച്ചുവളര്‍ന്നത് ദുബായിലാണ്. എട്ടാംക്ലാസ് വരെ ദുബായില്‍ പഠിച്ചു. പിന്നീട് ജന്മനാടായ പാലക്കാട്ടേയ്ക്കു വന്നു. പാലക്കാട് മേഴ്‌സി കോളജില്‍ പ്രീഡിഗ്രിയും ഗവ. വിക്‌ടോറിയ കോളജില്‍ ബി.കോമും പൂര്‍ത്തിയാക്കി. മദിരാശി സര്‍വകലാശാലയില്‍ നിന്നും എം.ബി.എ.യും കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍നിന്നും ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ എം.എ.യും ഭാരതീദാസന്‍ സര്‍വകലാശാലയില്‍നിന്ന് നൃത്തവിഷയത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി.
നൃത്തരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പഠിപ്പിക്കാനുമായി പാലക്കാട്ടെ രാമനാഥപുരത്ത് ശ്രീപാദം ഡാന്‍സ് സ്‌കൂളിന് പിറവി നല്‍കിയത് എന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറി. നാട്യശാസ്ത്ര വിധിയനുസരിച്ചുള്ള കളരിയാണ് ഇവിടെയുള്ളത്. ഇരുപതുപേര്‍ക്കാണ് ഞാനിവിടെ പരിശീലനം നല്‍കുന്നത്. എണ്ണത്തേക്കാള്‍ ഗുണത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ശ്രീപാദം നാട്യക്കളരിയിലൂടെ സമര്‍ത്ഥരായ നര്‍ത്തകിമാരെ നൃത്തവേദിയിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.
? മുകേഷുമായി ദേവിക നേരത്തെ പ്രണയത്തിലായിരുന്നോ.
ഠ ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ല. എല്ലാവരെയും പോലെ സിനിമാ നടന്‍ എന്ന പരിചയമാണ് എനിക്കുള്ളത്. ഞാനൊരു നര്‍ത്തകിയാണ്. മുകേഷേട്ടനെ വിവാഹം കഴിക്കുമെന്ന് ഞാനൊരിക്കലും സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല.
? മുകേഷ് കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോള്‍ ദേവിക ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നല്ലോ.
ഠ അതെ. കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോഴാണ് ഞാന്‍ മുകേഷേട്ടനെ പരിചയപ്പെടുന്നത്. ജനറല്‍ കൗണ്‍സില്‍ അംഗം എന്ന നിലയിലുള്ള പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. അതല്ലാതെ സൗഹൃദസംഭാഷണം പോലും ഉണ്ടായിരുന്നില്ല.
? മുകേഷുമായുള്ള വിവാഹത്തിനുള്ള ഓഫറുണ്ടായപ്പോള്‍ എന്തു തോന്നി...
ഠ എന്റെ ചില അടുത്ത സുഹൃത്തുക്കളാണ് മുകേഷേട്ടനുമായുള്ള വിവാഹത്തിന്റെ കാര്യം എന്നോട് സൂചിപ്പിച്ചത്. ഇത്തരമൊരു നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു.
? വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന മുകേഷിന്റെ നിര്‍ദ്ദേശം ദേവിക ഗൗരവത്തോടെ എടുത്തത് എപ്പോഴായിരുന്നു.
ഠ മുകേഷേട്ടന്റെ സഹോദരി സന്ധ്യാ രാജേന്ദ്രനും ഭര്‍ത്താവ് ഇ.എ. രാജേന്ദ്രനുമാണ് വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ആദ്യം എന്നെ കാണാനെത്തിയത്. സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഞാന്‍ ഇക്കാര്യം സീരിയസായി എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇരുവരും എന്നെ കാണാന്‍ വന്നിരുന്നത്.
? സിനിമാതാരമെന്ന നിലയില്‍ മുകേഷുമായുള്ള വിവാഹാലോചന വന്നപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ.
ഠ തീര്‍ച്ചയായും. ടെന്‍ഷനുണ്ടായിരുന്നു. ഒരുതരം അപരിചിതത്വമുണ്ടാവുന്നത് സ്വാഭാവികമാണല്ലോ.
? മുകേഷിനെ വിവാഹം കഴിക്കാമെന്നു തോന്നിയത് എപ്പോഴായിരുന്നു...
ഠ തുടക്കം മുതല്‍ക്കുതന്നെ ഞങ്ങള്‍ മനസ് തുറന്ന് സംസാരിക്കാന്‍ തുടങ്ങി. നൃത്തത്തിലും ജീവിതത്തിലുമുള്ള എന്റെ കാഴ്ചപ്പാടുകളെല്ലാം ഞാന്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ ആറുമാസമായി ഞങ്ങള്‍ മനസ് തുറന്ന് സംസാരിച്ചതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
? വിവാഹം കഴിക്കാന്‍ തയാറായപ്പോള്‍ ജാതകം നോക്കിയിരുന്നോ...
ഠ തീര്‍ച്ചയായും. എന്റെ അച്ഛനും അമ്മയ്ക്കും ജാതകം നോക്കണമെന്നുണ്ടായിരുന്നു. പ്രശസ്തനായ പാടൂര്‍ പണിക്കരാണ് ജാതകം നോക്കിയത്. നല്ല ചേര്‍ച്ചയുണ്ടെന്നു പറഞ്ഞതോടെ കാര്യങ്ങളൊക്കെ ശുഭകരമായി മാറുകയായിരുന്നു.
? ശരിക്കും ആറുമാസം പ്രണയകാലമായിരുന്നോ.
ഠ പ്രണയമെന്നൊന്നും പറയാനാവില്ല. എന്തെങ്കിലും സംസാരിക്കുമ്പോള്‍ തന്നെ മുകേഷേട്ടന്‍ അഞ്ചു മിനിറ്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ ഒരു വ്യക്തിയെ കൂടുതല്‍ അടുത്തറിയുമ്പോള്‍ ഒരുപക്ഷേ അത് പ്രണയമായി മാറുമായിരിക്കാം.
? പാലക്കാട് നിന്നും മരടിലേക്ക് താമസം മാറ്റുമ്പോള്‍ ശ്രീപാദം നാട്യക്കളരിയുടെ പ്രവര്‍ത്തനം.
ഠ പാലക്കാട് നിന്നും മരടിലെ മുകേഷേട്ടന്റെ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ ശ്രീപാദം നാട്യക്കളരിയുടെ പ്രവര്‍ത്തനം തടസപ്പെടുകയൊന്നുമില്ല. പിന്നെ ഇരുപത് സ്റ്റുഡന്റ്‌സിനെയാണ് ഞാന്‍ പഠിപ്പിക്കുന്നത്. അത് മാസത്തില്‍ നാലോ, അഞ്ചോ ദിവസം ഇവിടെ വന്ന് പഠിപ്പിക്കാന്‍ നോക്കും.
? നൃത്തശാഖയില്‍ ദേവിക നടത്തുന്ന പരീക്ഷണങ്ങള്‍
ഠ മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് എനിക്കിഷ്ടം. മോഹിനിയാട്ടത്തില്‍ അഗമശാസ്ത്രത്തിലെ ചിഹ്നഹ്‌നങ്ങളെക്കുറിച്ചാണ് ഞാന്‍ റിസര്‍ച്ച് ചെയ്യുന്നത്. പിന്നെ, ദേവദാസി സമ്പ്രദായത്തില്‍ ജീവിക്കുന്ന ദേവദാസികളെ കാണാന്‍ ഞാന്‍ ഒറീസയിലെ ജഗന്നാഥ ടെമ്പിളില്‍ പോയിരുന്നു. എനിക്കത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. എട്ടും പത്തും വയസില്‍ ദൈവങ്ങളെ കല്യാണം കഴിച്ച് അമ്പലങ്ങളില്‍ താമസിക്കുന്നവരാണ് ദേവദാസികള്‍. പ്രായമായവര്‍ക്ക് ദേവന്മാരെ സേവിക്കാനാവില്ല. അമ്പലത്തിനു പുറത്താണ് അവരുടെ സ്ഥാനം. കരിങ്കല്ലില്‍ കൊത്തിയ ദേവന്മാരുമായി അവര്‍ ആത്മസല്ലാപം നടത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ദേവദാസികളുമായി അടുത്തത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല.
? സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം തോന്നിയിരുന്നില്ലേ.
ഠ സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് ഓഫര്‍ ലഭിച്ചിരുന്നു. എന്റെ പ്രൊഫഷന്‍ നൃത്തമാണ്. നൃത്തത്തില്‍ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
? നൃത്തശാഖയില്‍ ഇനി ദേവിക നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍...
ഠ മലയാളസിനിമയില്‍ നൃത്തത്തിന്റെ പരമ്പരാഗത വഴികളെക്കുറിച്ച് കാര്യമായൊരു വിശകലനം നടന്നിട്ടില്ല. ശാസ്ത്രീയ നൃത്തശാഖയിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിണാമങ്ങളെ പഠനവിധേയമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയ്ക്കു പറ്റിയ ഒരുപാട് ഇമോഷന്‍സുള്ള സ്‌ക്രിപ്റ്റുകള്‍ക്ക് നൃത്തത്തില്‍ സാധ്യതയുണ്ട്. പിന്നെ വേദിക് താന്ത്രിക് മുദ്രകളെക്കുറിച്ച് പറയാറുണ്ടെങ്കിലും എന്താണ് മുദ്രകളെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, തമിഴ് സംഘകാല സാഹിത്യത്തിന്റെ അടിസ്ഥാനത്തില്‍ നൃത്തശാഖയുടെ വ്യതിയാനങ്ങളെക്കുറിച്ചും പഠിക്കാനുള്ള തയാറെടുപ്പിലാണ്.
? കുടുംബത്തെക്കുറിച്ച്....
ഠ അച്ഛന്‍ രാജഗോപാല്‍. അമ്മ മേതില്‍ രാജേശ്വരി. എന്റെ മകന്‍ ദേവാംഗ് രണ്ടാം ക്ലാസില്‍ പഠിക്കുന്നു. മൂത്ത സഹോദരി മേതില്‍ രാധിക അമേരിക്കയിലാണ്. രണ്ടാമത്തെയാള്‍ മേതില്‍ രേണുക ജേര്‍ണലിസ്റ്റാണ്. ഞാനാണ് ഇളയ മകള്‍. എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ അമ്മയുടെ സഹോദരനാണ്. അമ്മയുടെ മൂത്ത സഹോദരി വേദവതി പ്രശസ്ത സാഹിത്യകാരനായ വി.കെ.എന്നിന്റെ ഭാര്യയാണ്. ചലച്ചിത്ര സംവിധായകന്‍ വി.കെ. പ്രകാശ് അച്ഛന്റെ കുടുംബത്തിലെ അംഗമാണ്.
? മുകേഷിന്റെ ഭാര്യയുടെ റോളിലേക്ക് കടന്നുവന്നപ്പോള്‍ എന്തു തോന്നുന്നു...
ഠ ഒരു കുടുംബത്തില്‍ രണ്ടുപേരും കലാകാരന്മാരാണ്. കലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പരസ്പരം മനസിലാക്കി ജീവിക്കാനും പ്രത്യേക എനര്‍ജിയോടെ കലയ്ക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
Post a Comment