അധികം പണം മുടക്കില്ലാതെ സ്ത്രീകള്‍ക്ക് തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭങ്ങള്‍...
വൈവിധ്യമാര്‍ന്ന മേഖലകള്‍ ചെറുകിട സംരംഭങ്ങള്‍ക്കായി തുറന്ന് കിടക്കുന്നുണ്ട്. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യഉത്പന്ന സംരംഭങ്ങള്‍, ഗാര്‍മെന്റ് സ്ഥാപനങ്ങള്‍, പേപ്പര്‍അധിഷ്ഠിത ഉത്പന്നങ്ങള്‍, ബേക്കറി- വറപൊരി സാധനങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ഭക്ഷ്യഎണ്ണകള്‍, പാക്കിങ് സ്ഥാപനങ്ങള്‍, പ്രിന്റിങ് മേഖലകള്‍, പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, പ്ലാസ്റ്റിക് റീപ്രോസസ്സിങ്, കര്‍ട്ടണുകള്‍, വര്‍ക്ക് ചെയ്ത സാരികള്‍, ബെഡ്ഷീറ്റുകള്‍ കൊണ്ടാട്ടവും ഉണ്ണിയപ്പവും നെയ്യപ്പവും പരിപ്പുവടയും പപ്പടവും പായസങ്ങളും പ്രാദേശിക രുചികള്‍ അനുസരിച്ചുള്ള കറികളും കറിക്കൂട്ടുകളും ഇന്ന് ലക്ഷങ്ങള്‍ വിറ്റ് വരവുള്ള വനിതാ വ്യവസായ സംരംഭങ്ങളാണ്. 100 ഗ്രാം നല്ല കുരുമുളകുപൊടി വാങ്ങണമെങ്കില്‍ 60 രൂപ കൊടുക്കണം. 30 രൂപ നിരക്കില്‍ നല്ല ഉണങ്ങിയ നാടന്‍ കുരുമുളക് നാട്ടില്‍ ലഭിക്കും. പൊടിച്ച് പാക്കറ്റിലാക്കി വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതിന്റെ ലാഭമെത്രയാണ്? ഇതിന്റെ വിപണി എത്ര വലുതാണ്. അറുപത്തയ്യായിരം രൂപ മുതല്‍മുടക്കി ഈ സംരംഭം തുടങ്ങാമെങ്കില്‍ പിന്നെ എന്തിനാണ് മടിച്ചുനില്‍ക്കുന്നത്.
വിപണിയെ മുന്നില്‍ കണ്ട് മാത്രമേ ഉത്പന്ന നിര്‍മാണത്തിലേക്ക് കടക്കാവൂ. സംരംഭകന് പല മേഖലകളിലും പരിചയങ്ങള്‍ ഉണ്ടാകാം. ഉത്പന്ന നിര്‍മാണത്തില്‍, വിതരണത്തില്‍, കൈകാര്യം ചെയ്യുന്നതില്‍, വാങ്ങല്‍ കേന്ദ്രങ്ങളില്‍ എല്ലാം നല്ല ബന്ധവും ഉണ്ടാകും. എന്നാല്‍ ഇതൊന്നുമായിരിക്കരുത് ഒരു സംരംഭം തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം. തന്റെ ഉത്പന്നങ്ങള്‍ സമൂഹത്തിന് ആവശ്യമുണ്ടോ? ആളുകള്‍ ചോദിച്ചുവരുന്ന ഉത്പന്നങ്ങളാണോ ഇത്? വിപണി വികസിപ്പിക്കാന്‍ സാധ്യതകള്‍ ഉണ്ടോ? നല്ല രീതിയില്‍ വിറ്റഴിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഉണ്ടോ? എന്നൊക്കെയുള്ള പഠനങ്ങളാണ് ആദ്യം നടത്തേണ്ടത്. അതിന് സമൂഹത്തിന്റെ 'പര്‍ച്ചേസിങ് ഹാബിറ്റുകളെ' സൂക്ഷ്മ നിരീക്ഷണം നടത്തണം. വലിയ തുക ചെലവ് ചെയ്ത് വിപണി പഠനങ്ങള്‍/മാര്‍ക്കറ്റ് സര്‍വേകള്‍ ഒന്നും നടത്തേണ്ട കാര്യമില്ല. നല്ല നിരീക്ഷണവും പോസിറ്റീവ് ചിന്തയും ഉണ്ടെങ്കില്‍ നല്ല മേഖലകള്‍ അറിയാതെത്തന്നെ നമ്മെ തേടിയെത്തും.
പണം വരും, പേടി വേണ്ട
ഏതൊരു തൊഴില്‍സംരംഭവും ആരംഭിക്കാന്‍ നിക്ഷേപം വേണം. അതുകണ്ടെത്താന്‍ പല വഴികളും ഉണ്ട്. ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിക്കുന്നത്. 12 ശതമാനത്തില്‍ ഏറെയാണ് ചെറിയ വായ്പാ തുകകള്‍ക്ക് ഇന്നത്തെ ബാങ്ക് പലിശ. തുടക്കത്തിലേ വലിയ വായ്പകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. കേരളത്തിന്റെ ഭൂപ്രകൃതി വന്‍വ്യവസായങ്ങള്‍ക്ക് യോജിച്ചതല്ല. കുടില്‍ വ്യവസായങ്ങളാണ് ഇവിടെ അഭികാമ്യം. പ്രത്യേകിച്ച് പുതുതായി രംഗത്തേക്ക് വരുന്ന സ്ത്രീകള്‍ക്ക്. ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ സംരംഭങ്ങള്‍ ആരംഭിക്കാനാവും.
വിപണി വികസിക്കുന്നതിനനുസരിച്ച് മെച്ചപ്പെട്ട മെഷിനറികള്‍ വാങ്ങി സ്ഥാപനം വികസിപ്പിക്കാനാവും. വരുമാനത്തിന്റെ തോത് അനുസരിച്ച് വായ്പാ തിരിച്ചടവിനെ ക്രമീകരിക്കുകയാണ് വേണ്ടത്. ഗാര്‍മെന്റ് യൂണിറ്റുകള്‍, പേപ്പര്‍ അധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങി വിജയസാധ്യതയുള്ള മേഖലകളിലെല്ലാം ചെറിയ മുതല്‍ മുടക്കുകൊണ്ട് സംരംഭങ്ങള്‍ ആരംഭിക്കാനാവും. ബേക്കറികളില്‍ വില്‍ക്കുന്ന ചൂടാറാവിഭവങ്ങളെല്ലാം കുടില്‍ വ്യവസായങ്ങളായി നിര്‍മിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ അധ്വാനവും ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിയും. അപ്പം, ഇഡ്ഡലി, പൊറോട്ട, ചപ്പാത്തി, പത്തിരി, ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പപ്പടവട, പഴവട, കട്‌ലറ്റ്, സമൂസ, പഫ്‌സ്, പപ്പടം, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, ചട്ണികള്‍, ആഹാരപ്പൊടികള്‍, കുട്ടികള്‍ക്കുള്ള ആഹാരങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ന് നല്ല വാണിജ്യ സാധ്യതകളുണ്ട്. സ്വന്തം വീടുകളില്‍ ഒട്ടും റിസ്‌ക് ഇല്ലാതെ ഇവ തുടങ്ങാനാവും. എളുപ്പത്തില്‍ വിറ്റഴിക്കാവുന്നതും ക്രെഡിറ്റ് വില്പന വരാത്തതും ലാഭവിഹിതം കൂടിയതുമായ സംരംഭങ്ങളാണ് ഇവ.
ഹോബികള്‍ വഴിയും പണം
പെയിന്റിങ്, ഗ്ലാസ്സ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, അലങ്കാര മത്സ്യങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍, ബ്യൂട്ടീഷന്‍ വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെകള്‍, പാചകം, ഔഷധകൃഷി, തോട്ടങ്ങള്‍, നഴ്‌സറികള്‍ തുടങ്ങി ഒട്ടനവധി ഹോബികള്‍ ഉണ്ട്്. ഇവയെ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താം. മട്ടുപ്പാവില്‍ കൃഷിചെയ്തുമാത്രം പതിനായിരം രൂപ പ്രതിമാസം സമ്പാദിക്കുന്ന വീട്ടമ്മയുണ്ട്. അതിനോടുള്ള താത്പര്യം മാത്രമാണ് അവരുടെ വിജയരഹസ്യം. അലങ്കാര മത്സ്യകൃഷി തുടങ്ങുകയൊണെന്നിരിക്കട്ടെ. അതിന് സൗകര്യം ഒരുക്കിക്കൊടുത്താല്‍ മാത്രം മതി. മത്സ്യകൃഷി നടത്തുന്നതിനാവശ്യമായ വിത്ത്, മരുന്ന്, തീറ്റ, സാങ്കേതിക സഹായങ്ങള്‍ എന്നിവ നല്‍കുന്നതിന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് സഹായം നല്‍കും. മത്സ്യങ്ങളെ വാങ്ങി ഇവരുടെ കീഴിലുള്ള ഏജന്‍സികള്‍ തന്നെ കയറ്റി അയയ്ക്കുന്ന രീതിയുമുണ്ട്.
ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലാസ്സ് പെയിന്റിങ് വര്‍ക്കുകള്‍. ആവശ്യമായ അളവില്‍ ഗ്ലാസ്സുകള്‍ വാങ്ങി വര്‍ക്ക് ചെയ്ത് നല്‍കിയാല്‍ മതി. ചതുരശ്ര അടി കണക്കിന് പ്രതിഫലവും ലഭിക്കും. പെയിന്റിങ്ങില്‍ പ്രത്യേക താത്പര്യമുള്ളവര്‍ക്ക് അധിക വരുമാനവും ലഭിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 500 രൂപ നിരക്കില്‍ സാരി വാങ്ങി, അതില്‍ എംബ്രോയിഡറി ചെയ്ത് പെയിന്റിങ്, സാറ്റിന്‍ സ്റ്റിച്ച്, റണ്ണിങ് സ്റ്റിച്ച്, സ്റ്റോണ്‍ വര്‍ക്‌സ്, കട്ടിങ് ട്യൂബ് എന്നിവ ചെയ്ത്, ഫോള്‍ഡ് പിടിപ്പിച്ച്, സീക്വന്‍സും, മിറര്‍ വര്‍ക്കുകളും ചെയ്ത് 10 ദിവസം കൊണ്ട് 5000 രൂപയ്ക്ക് വില്‍ക്കാനാവും. ഈ ഹോബികളൊക്കെ ലക്ഷങ്ങളുടെ വിറ്റുവരവുള്ള സംരംഭങ്ങളായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ളവയാണ്.
പാര്‍ട്ട്‌ടൈം സംരംഭങ്ങള്‍
ചെറിയ വരുമാനക്കാരായ സ്ത്രീകള്‍ക്ക് അധികവരുമാനം ഉണ്ടാക്കാന്‍ പാര്‍ട്ട് ടൈം സംരംഭങ്ങളെ ആശ്രയിക്കാം. ദിവസവും കുറെ വീടുകളിലേക്കുള്ള ദോശ, ഇഡ്ഡലി എന്നിവയ്ക്ക് മാവുകള്‍ അരച്ചു നല്‍കാന്‍ വീട്ടിലുള്ള ഗ്രൈന്റര്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. വീടിനുള്ളില്‍ തന്നെ ഒരു ഫ്രീസര്‍ വാങ്ങിവെച്ച് ചുറ്റുപാടുമുള്ള ആവശ്യക്കാര്‍ക്ക് പാല്‍, മുട്ട, മാംസം, മത്സ്യം എന്നിവ സ്ഥിരമായി നല്‍കാം. ഇങ്ങനെ പാര്‍ട്ട് ടൈം ആയി സംരംഭങ്ങള്‍ തുടങ്ങി അത് മുഴുവന്‍ സമയ ബിസിനസ്സ് ആക്കിയവരും മറ്റ് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായി വളര്‍ത്തിയവരും നമുക്കുചുറ്റും ഉണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നിരവധി സംരംഭങ്ങളും സ്ത്രീകള്‍ പാര്‍ട്ട് ടൈം ആയി നടത്തുന്നുണ്ട്.
സര്‍ക്കാറും സഹായിക്കും
ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപവരെ ജാമ്യമില്ലാതെ വായ്പ നല്‍കാന്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ട്. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് പദ്ധതിയില്‍പെടുത്തിയും മറ്റ് ജാമ്യങ്ങള്‍ വാങ്ങാതെയും വായ്പ നല്‍കണം.
സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, ഖാദി ബോര്‍ഡ് എന്നിവര്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. യാതൊരു പലിശയും ഇല്ലാതെ സംരംഭക വികസന മിഷന്‍ വഴിയും (കെ.എഫ്.സി.യാണ് നോഡല്‍ ഏജന്‍സി) കുറഞ്ഞ പലിശ നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും വായ്പ നല്‍കുന്നു.
വ്യവസായ സംരംഭങ്ങളില്‍ വനിതകള്‍ നടത്തിയ മൂലധന നിക്ഷേപത്തിന് 50ശതമാനം വരെ ഗ്രാന്റ് നല്‍കുന്ന പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. ബാങ്ക് വായ്പ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ആനുകൂല്യം ലഭിക്കും. ഇത് കെട്ടിടത്തിന് 50,000 രൂപ വരെയും മെഷിനറി നിക്ഷേപത്തിന് 75,000 രൂപ വരെയുമാണ്. ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ നടക്കുന്നതും, 80 ശതമാനം എങ്കിലും സ്ത്രീകള്‍ ജോലിചെയ്തുവരുന്നതുമായ സ്ത്രീ വ്യവസായ സംരംഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സാധാരണ മൂലധന നിക്ഷേപ പദ്ധതിയില്‍ സ്ത്രീ സംരംഭകര്‍ക്ക് അഞ്ചുശതമാനം വരെ അധിക സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഖാദി ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതിയില്‍ സ്ത്രീകളെ പ്രത്യേകമായി കണക്കാക്കി പദ്ധതി തുകയുടെ 30 ശതമാനം വരെ ഗ്രാന്റ് നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം വരെയുള്ള സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്'.