Movie :

kerala home tv show and news

Home » , » ചെയ്യാവുന്ന ഉപദ്രവം മുഴുവന്‍ മാണിസാര്‍ ചെയ്തിട്ടുണ്ട്: പി.സി. ജോര്‍ജ്

ചെയ്യാവുന്ന ഉപദ്രവം മുഴുവന്‍ മാണിസാര്‍ ചെയ്തിട്ടുണ്ട്: പി.സി. ജോര്‍ജ്

{[['']]}

 

P.C. georgeചെയ്യാവുന്ന

 ഉപദ്രവം മുഴുവന്‍ 

മാണിസാര്‍

 ചെയ്തിട്ടുണ്ട്:

 പി.സി. ജോര്‍ജ്

  

വിവാദ പ്രസ്താവനകളിലൂടെ സഹപ്രവര്‍ത്തകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ തിരക്കേറിയ ഒരു ദിനം. രാവിലെ വിളിച്ച് അഭിമുഖത്തിന്റെ കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ പതിനൊന്നരയ്ക്ക് കോട്ടയം പ്രസ് ക്ലബ്ബില്‍ കാണാം എന്ന മറുപടി. പതിനൊന്നരയ്ക്ക് ഔദ്യോഗിക വാഹനത്തില്‍ രാജകീയമായ കടന്നുവരവ്. ചുറ്റിലും വളയുന്ന 'മാധ്യമപ്പടകള്‍ക്കു നടുവില്‍ സ്വതസിദ്ധമായ തന്റെ നര്‍മ്മഭാവത്തോടെ പി.സി. ഒരുമണിയോളം നീണ്ടുനിന്ന പ്രസ്മീറ്റില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ 'കൊണ്ടും കൊടുത്തും' ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറയുന്നു. ഇടയ്ക്ക് വിവാദ പ്രസ്താവനകള്‍. വൈകി തീര്‍ന്ന പ്രസ് മീറ്റിനു ശേഷം 'മംഗള'ത്തിനു നല്‍കിയ പ്രത്യേക അഭിമുഖം. അതിനുശേഷം ചാനല്‍ ഇന്റര്‍വ്യൂവിനായി ക്യാമറയ്ക്ക് മുന്‍പിലേക്ക്... തിരക്കുകളും, വിവാദങ്ങളും പി.സി.യെ തളര്‍ത്തുന്നില്ല.

കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ നോക്കിക്കാണുന്നത് തന്റേടത്തോടെ സത്യങ്ങള്‍ തുറന്നുപറയുന്ന ഒരാളെന്ന നിലയിലാണ്....?

ഞാനെന്റെ സ്ഥാനമാനങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ഞാനെന്റെ നാട്ടിലൂടെ നടക്കുമ്പോള്‍ കാണുന്ന, പാവപ്പെട്ട മനുഷ്യര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, കരഞ്ഞുകൊണ്ടു വീട്ടില്‍ വരുന്ന ജനങ്ങള്‍, ഇതെല്ലാം എന്നിലുണ്ടാക്കിയ മാറ്റങ്ങളാണ് പ്രതികരണങ്ങളായി പുറത്തേയ്ക്കു വരുന്നത്. എനിക്കാരോടും ശത്രുതയോ പിണക്കമോ ഇല്ല. പക്ഷേ പൊതുമുതല്‍ കൊള്ളയടിക്കുക, അതെനിക്കു സഹിക്കാന്‍ കഴിയില്ല. കാരണം മനുഷ്യരിതുപോലെ പട്ടിണികിടക്കുമ്പോള്‍ ഇവിടുത്തെ രാഷ്ട്രീയക്കാരൊക്കെ സമ്പന്നരായി മാറുന്നു. ധാര്‍മ്മികരോഷമാണ് എന്റെയുള്ളില്‍ നിന്നു പുറത്തുവരുന്നത്. കടുത്തവാക്കുകള്‍ അറിയാതെ പറഞ്ഞുപോകുന്നതാണ്.

സത്യസന്ധനായ രാഷ്ട്രീയ നേതാവാണോ?

- സംശയമെന്താ? ഞാനാരെയും വഞ്ചിക്കാനോ കബളിപ്പിക്കാനോ പണം തട്ടിയെടുക്കാനോ പോയിട്ടില്ല. എന്റെ ഭാഗത്തുനിന്ന് ഒരിക്കലും അങ്ങനെയുണ്ടാവില്ല. എന്നെ വിശ്വസിക്കാം.

ഈ ധൈര്യം എങ്ങനെ നേടിയെടുത്തു?

ചെറുപ്പം മുതല്‍ എന്റെ സ്വഭാവം ഇങ്ങനെയാണ്. പല കാര്യങ്ങളും തുറന്നുപറഞ്ഞതിന്റെ പേരില്‍ എന്റെ ഇച്ചായന്റെ വരെ പിണക്കം സമ്പാദിച്ചിട്ടുണ്ട്. നീ പറയുന്നതൊക്കെ ശരിയാണ്. പക്ഷേ മനുഷ്യരുടെ കേള്‍ക്കെ പറയേണ്ടിയിരുന്നില്ല എന്നു പറയുമായിരുന്നു. ഞാനതു ശ്രദ്ധിക്കാറില്ലായിരുന്നു. അതല്ലേ അതിന്റെ ശരി.

ഗണേഷ്‌കുമാറുമായി അഭിപ്രായവ്യത്യാസമുണ്ടാകാന്‍ എന്താണ് കാരണം?

മന്ത്രിയെന്ന നിലയില്‍ ഗണേഷ് സിനിമക്കാരെ മുഴുവന്‍ രണ്ടും മൂന്നും തട്ടിലാക്കി. എന്നാല്‍ സ്‌പോര്‍ട്‌സ് വളരെ മാന്യമായി കൈകാര്യം ചെയ്തു. വനംവകുപ്പ്മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് ഗണേശിന് ഇഷ്ടമില്ലാത്ത ആനയുടമയുടെ മൂന്ന് ആനകളെ ബലമായി പിടിച്ചുകൊണ്ടുവന്ന് ഫോറസ്റ്റില്‍ കെട്ടിയിട്ടു. ഒരു മന്ത്രി ജനങ്ങള്‍ക്ക് ഉപകാരം ചെയ്യണം. ഉപദ്രവിക്കുകയല്ല വേണ്ടത്. മനുഷ്യരോട് ശത്രുതാപരമായി പെരുമാറുന്ന സമീപനം ശരിയല്ല. സിനിമാക്കാരനാണെന്നു പറഞ്ഞാലും, ലോല ഹൃദയനാണെന്നു പറഞ്ഞാലും മന്ത്രിമന്ദിരം സ്ത്രീ വിഷയങ്ങള്‍ക്കു ഉപയോഗിക്കാന്‍ പാടില്ല. അക്കാര്യത്തില്‍ ഗണേശന്‍ വളരെ മോശമായി പോകുന്നുവെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ട് മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നു ഞാന്‍ പറഞ്ഞു. ഞാനതു പറഞ്ഞയുടനെ എന്നെ മോശക്കാരനാക്കുവാന്‍വേണ്ടി നെല്ലിയാമ്പതിയില്‍ കൃഷിക്കാര്‍ക്ക് പട്ടയം കൊടുക്കേണ്ട എന്നു പറഞ്ഞ് എന്റെ നാട്ടുകാരായ ആളുകളെ ഇറക്കി വിഷയമുണ്ടാക്കി. പട്ടയം കൊടുക്കണമെന്നു പറഞ്ഞ് ഞാന്‍ കത്തു കൊടുത്തപ്പോള്‍ സമ്പന്നരെ സംരക്ഷിക്കണമെന്നു പി.സി. ജോര്‍ജ് പറഞ്ഞു. അതിനു കൂട്ടുനില്‍ക്കാത്തതുകൊണ്ടാണെന്നു പറഞ്ഞെന്നെ അപമാനിച്ചു. ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ദൈവം വലിയവനാണ്. ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. സ്വയം രാജിവച്ചൊടുങ്ങേണ്ട ഗതികേടും ഗണേശനുണ്ടായി. ഗണേശന്‍ പാപി ആണെന്നുള്ള കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പാപം മേലില്‍ ആവര്‍ത്തിക്കില്ല എന്നു പറഞ്ഞ് നന്നാകുന്നുവെങ്കില്‍ അദ്ദേഹത്തിനും, കുടുംബത്തിനും നല്ലത്. ഇപ്പോള്‍ അച്ഛനും മകനും തമ്മില്‍ സ്‌നേഹത്തിലാണെന്നറിയുന്നതില്‍ സന്തോഷമുണ്ട്.

ഗണേശനെതിരെ ശക്തമായ തെളിവുകളായി വീഡിയോ ടേപ്പുകള്‍ ഉണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു?

ഉണ്ടെങ്കിലും അതൊക്കെ പോട്ടെ. അതിലേക്ക് ഞാന്‍ അധികം കടക്കുന്നില്ല.

സോളാര്‍ വിഷയം നടന്ന സമയത്ത് ഒരഭിമുഖത്തില്‍ പറഞ്ഞു. ഗണേശന്‍ എന്നെ കരുവാക്കുവാന്‍ വേണ്ടി പ്രലോഭനപ്പെടുത്തുന്ന രീതിയില്‍ പെരുമാറുവാന്‍ സരിതയെ എന്റെ അടുക്കലേക്ക് പറഞ്ഞുവിട്ടുവെന്ന്.....?

-അത് ഗണേശനാണ് പറഞ്ഞുവിട്ടത് എന്ന കാര്യത്തില്‍ സംശയമില്ല. അവളുടെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ കുഴപ്പമാണെന്നെനിക്കു മനസ്സിലായി. സരിത അസാദ്ധ്യ കഴിവുള്ള സ്ത്രീയാണ്. മനോഹരമായി സംസാരിക്കുവാനും, ആളുകളെ ചുറ്റിക്കുവാനും ഭയങ്കര കഴിവാണ്. അടുത്തിടെ ഒരു തമാശയുണ്ടായി. കൊല്ലം ചവറ കെ.എം. എല്ലില്‍ സമരം നടക്കുകയാണ്. സമരം നടത്തിയ തൊഴിലാളി സ്ത്രീകളെ അറസ്റ്റുചെയ്ത് അട്ടക്കുളങ്ങര ജയിലിലാക്കി. സരിത അവിടെയുണ്ടെന്ന് എനിക്കറിയില്ല. ഞാനവരെ പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറക്കാന്‍വേണ്ടി ചെന്നതാണ്. ഇറങ്ങിവന്ന സ്ത്രീകളാണ് പറഞ്ഞത് സരിത അതിനുള്ളിലുണ്ടായിരുന്നുവെന്ന്. എന്തു നല്ല സ്വഭാവമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.

മുഖ്യമന്ത്രിയടക്കം ആ 'നല്ല' പെരുമാറ്റത്തിലാണോ വീണത്?

- എന്താ സംശയം. ഈ 12 സ്ത്രീകളും എന്നോടു പറഞ്ഞത് ഇത്രയും നല്ലൊരു സ്ത്രീയില്ലെന്നാണ്. എനിക്കു ചിരി വന്നു.

പി.സി.യുടെ സിനിമാഭിനയത്തിന് ഗണേശന്‍ ഇടപെട്ടതുകൊണ്ട് അമ്മ സംഘടന വിലക്കിയിരുന്നു?

- അമ്മയുടെ വിലക്കൊന്നും എനിക്ക് പ്രശ്‌നമല്ല. 'അമ്മ' യുടെ ചിലവിലാണോ ഞാന്‍ കഴിയുന്നത്. സിനിമയിലഭിനയിക്കണമെന്ന് ഏത് പ്രൊഡ്യൂസര്‍ പറഞ്ഞാലും എനിക്ക് സൗകര്യമുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കും. എന്നെയാരും പേടിപ്പിക്കേണ്ട.

സംഘടന ശക്തമായി വിലക്കിയാലോ.....?

- 'പോടാ' എന്നു പറയും. അഭിനയിക്കണോ, വേണ്ടയോ, എന്ന് ഞാനാണു തീരുമാനിക്കുന്നത്.
 
അല്ലാതെ 'അമ്മ'ക്കതില്‍ കാര്യമില്ല. 'അമ്മ' അമ്മയുടെ കാര്യം നോക്കട്ടെ. ഞാനെന്റെ കാര്യം നോക്കിക്കൊള്ളാം. ഞാന്‍ മുന്‍പ് അഭിനയിച്ച സിനിമ കെ.കെ. റോഡ് റിലീസ് ചെയ്തു. ഒരു പടത്തിലുംകൂടി അഭിനയിച്ചു. നമുക്കെന്നാ നഷ്ടം. ഈയിടെ ഒരു ഓഫര്‍ വന്നു എനിക്കിഷ്ടമായില്ല. പറ്റില്ലെന്നു പറഞ്ഞു. വേറൊരെണ്ണം കൂടി വന്നു. അവര്‍ നിര്‍ബന്ധിച്ചതുകൊണ്ട് കുറച്ചഭിനയിച്ചു. ഇനി മൂന്നു ദിവസംകൂടി ഡേറ്റ് വേണമെന്നു പറയുന്നു. ഞാന്‍ കൊടുക്കും.

രാഷ്ട്രീയം പോലെയാണോ സിനിമാഭിനയം?

എനിക്കിതൊന്നും പ്രശ്‌നമായി തോന്നിയില്ല. ഞാന്‍ ആദ്യം അഭിനയിച്ച സിനിമയില്‍ പ്രതിപക്ഷനേതാവിന്റെ വേഷമാണ്. പ്രൊഡ്യൂസറും, ഡയറക്ടറും എന്നോടു പറഞ്ഞു. ഡബ്ബിംഗ് ഭയങ്കര ബുദ്ധിമുട്ടേറിയ ജോലിയാണ്. കുറഞ്ഞത് മൂന്നുദിവസം വേണമെന്ന്. ഞാനവിടെ ചെന്നപ്പോള്‍ ഡബ്ബിംഗ് വലിയ ആനക്കാര്യമൊന്നുമല്ല. രണ്ടുമണിക്കൂറുകൊണ്ട് ഡബ്ബ് ചെയ്തു കൈയില്‍ കൊടുത്തു.

ഒരു ചാനല്‍ പ്രോഗ്രാമില്‍ പുകവലി നിര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി പുകവലിച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് പെട്ടെന്നു നിര്‍ത്തുവാന്‍ സാധിക്കുമോ?

- സത്യമാണ്. പത്തിരുപത്തിയഞ്ചുവര്‍ഷങ്ങളായി ദിവസം എഴുപത്, എഴുപത്തിയഞ്ചു സിഗരറ്റ് വലിച്ചുകൊണ്ടിരുന്നയാളാണ് ഞാന്‍. ഇപ്പോള്‍ നിര്‍ത്തി. 'ഷോ'യ്ക്കു ശേഷം ഇത്രയും ദിവസമായി ഞാന്‍ വലിച്ചിട്ടില്ല. ഭയങ്കര ടെന്‍ഷനാണ്. ഒരു തമാശ കൂടിയുണ്ട്. മനുഷ്യര്‍ കാണ്‍കെ വലിക്കാതിരിക്കാന്‍ വേണ്ടി ചാടി വണ്ടിയില്‍ കയറി അതിനുള്ളിലിരുന്ന് വലിക്കുമായിരുന്നു. ഇന്നിപ്പോ മീറ്റിംഗ് കഴിഞ്ഞ് വണ്ടിയില്‍ കയറാന്‍ നേരം സിഗരറ്റിന്റെ മണം വരുന്നതായി എനിക്കു വെറുതെയങ്ങ് ഫീലു ചെയ്യുകയാണ്. സിഗരറ്റ് ഞാന്‍ വലിക്കുന്നില്ല. പക്ഷേ മണം വരുന്നതായി തോന്നും.

വേണമെന്നുവച്ചാല്‍ ആരും കാണാതെ ഒരു സിഗരറ്റൊക്കെ വലിക്കാം....?

- ഞാന്‍ ശപഥം ചെയ്തതാണ് വലിക്കില്ലെന്ന്. അതെന്റെയൊരു വാശിയാണ്. ജോണ്‍ ബ്രിട്ടാസ് എന്നെ വെല്ലുവിളിച്ചു. എന്റെ മകനും മകളും ഷോയിലുണ്ടായിരുന്ന പത്തിരുപത്തഞ്ച് ചെറുപ്പക്കാരു പിള്ളേരും കൂടി ചേര്‍ന്നെന്നെ വാശി കയറ്റി. അഞ്ചുമിനിറ്റ് ഞാന്‍ ബ്രിട്ടാസിന്റടുത്ത് പയറ്റിനോക്കി. സമ്മതിച്ചില്ല. വാക്കുപറഞ്ഞതില്‍നിന്ന് യാതൊരു കാരണവശാലും ഞാന്‍ മാറില്ല.

ജോണ്‍ബ്രിട്ടാസ് പറഞ്ഞാല്‍ എന്തും ചെയ്യുമോ?

- ജോണ്‍ബ്രിട്ടാസ് പറഞ്ഞതുകൊണ്ടു മാത്രമല്ല. അദ്ദേഹം അതിനുള്ള സാഹചര്യം ഒരുക്കി. എന്റെ കുടുംബം ആ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് എനിക്കറിയില്ലായിരുന്നു. ഞാന്‍ വീട്ടില്‍ ചെന്നിട്ട് അവരോട് ചോദിച്ചു. നിങ്ങളെന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു. പറഞ്ഞാല്‍ 'പപ്പ സിഗരറ്റ് വലി നിര്‍ത്താനുള്ള അവസരം നഷ്ടപ്പെടുമെന്ന്.

യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രശ്‌നങ്ങള്‍ എന്താണ്....?

- മന്ത്രിസഭയിലെ താക്കോല്‍സ്ഥാനം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്കാണ്. ഇത്തരമൊരു കാലഘട്ടം മുന്‍പ് ഉണ്ടായിട്ടില്ല. ഭൂരിപക്ഷത്തില്‍നിന്നും ഒരാളവിടെ വേണ്ടതായിരുന്നു. അതിന്റെ നഷ്ടം ഈ മുന്നണിക്കുണ്ട്. (എ) ഗ്രൂപ്പിനുള്ളിലെ ചില കളികളുടെ ഭാഗമായി നടക്കാതെപോയതാണ്. രമേശ് ചെന്നിത്തലയെ മാനസികമായി പല പ്രാവശ്യം അവഹേളിച്ചുവെന്ന പേരുദോഷവും ഉണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.സി.യെ കരിങ്കൊടി കാണിക്കുകയും, ചീമുട്ട എറിയുകയും ചെയ്തിരുന്നു.......?

- കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലേ? ഉടനെ എറിയുകയാണോ ചെയ്യേണ്ടത്? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒരു ചര്‍ച്ചവയ്ക്കാം. കരിങ്കൊടി കാണിക്കുന്നതിലും മോശമാണ് വടിവാളും കുറുവടിയുമായി കൊല്ലാന്‍ വരുന്നത്.

തൊടുപുഴയില്‍ ആക്രമണമുണ്ടായപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞുകൊണ്ടാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു....?

- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നെ അവര്‍ ആക്രമിച്ചതെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. തൊടുപുഴയില്‍ പട്ടികജാതി - ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്നെ മാസങ്ങള്‍ക്കു മുന്‍പെ വിളിച്ചതാണ്. ഏകദേശം നാലുമണിക്ക് ഞാനവിടെ ചെല്ലുമ്പോള്‍ ആദിവാസികള്‍ ഹാള്‍ നിറഞ്ഞിരിപ്പുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് വണ്ടിയില്‍ കയറി മുപ്പതുമിനിറ്റു കഴിഞ്ഞുകാണും രണ്ടു പോലീസ് ജീപ്പ് വന്നു. അപ്പോഴേയ്ക്കും കല്ലും ചീമുട്ടയും വച്ച് ഏറ് തുടങ്ങി. എന്റെ വണ്ടിയുടെ എല്ലാ ചില്ലുകളും പൊട്ടി. പോലീസ് നോക്കി നില്‍ക്കുകയാണ്. അപ്പോള്‍ എനിക്കു മനസ്സിലായി എന്തോ കുഴപ്പമുണ്ടെന്ന്. എന്റെ വണ്ടി തടഞ്ഞ് പോലീസ് ജീപ്പ് കിടക്കുന്നതുകൊണ്ട് മുമ്പോട്ടു പോകുവാനും സാധിച്ചില്ല. കോണ്‍ഗ്രസുകാര്‍ മൂന്നോ നാലോ പേര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ക്വട്ടേഷന്‍ ഗ്രൂപ്പായിരുന്നു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണമായിരുന്നു.

പിന്നില്‍ തിരുവഞ്ചൂരാണെന്നത് മനസ്സിലെ വിശ്വാസം മാത്രമാണോ?

- ഞാന്‍ 1980-ല്‍ എം.എല്‍.എ. ആയി. അദ്ദേഹം തൊണ്ണൂറ്റിയൊന്നില്‍ എം.എല്‍.എ ആയി. അദ്ദേഹത്തേക്കാള്‍ സീനിയോറിറ്റിയും ക്യാബിനറ്റ് റാങ്കുമുള്ള എന്നെ ഭീകരമായി ആക്രമിച്ചു. സാമാന്യമര്യാദയുണ്ടെങ്കില്‍ എന്തു പറ്റിയെന്നെങ്കിലും വിളിച്ചു ചോദിക്കുമായിരുന്നു. അയാള്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് അയാളുടെ പെരുമാറ്റത്തില്‍നിന്ന് എനിക്കു മനസ്സിലായി. ഇത്രയും നാളായിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല.

അതിനെതിരെ പരാതി കൊടുത്തില്ലേ?

- പരാതി കൊടുത്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും ചേര്‍ന്ന് എന്നോട് വാക്കുപറഞ്ഞതാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന്. അതൊരു ഗുഢാലോചനയാണ്. എന്റെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചുമതല ആഭ്യന്തരവകുപ്പിനില്ലെങ്കില്‍ ഞാനെന്റെ രക്ഷ സ്വയം നോക്കിക്കൊള്ളാം.

രാഷ്ട്രീയ ഗുരുക്കന്മാര്‍?

- കെ. കരുണാകരനാണ് ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി. എനിക്കിഷ്ടമായിരുന്നു.

എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത?

- തീരുമാനം
 എടുത്താല്‍ അതില്‍ത്തന്നെ ഉറച്ചുനിന്ന് നടപ്പാക്കുമായിരുന്നു. ഉറച്ചനിലപാടുകളും, നല്ല കാഴ്ചപ്പാടുകളും ഉള്ള വ്യക്തിയായിരുന്നു. കരുണാകരന്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ഭരണാധികാരിയായിരുന്നു.

കണ്ണൂരില്‍ സി.പി.എം. അനുകൂലവേദിയില്‍ പങ്കെടുത്തത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടാക്കി.?

- ഞാനാരുടെയും എതിര്‍പ്പ് കാര്യമാക്കുന്നില്ല. അവിടെ മുപ്പത്തിയാറു കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനുള്ള പണത്തിനുവേണ്ടിയാണ് കലാസമിതി പ്രോഗ്രാം നടത്തിയത്. ഉദ്ഘാടനത്തിന് എന്നോടു ചെല്ലണമെന്ന് പറഞ്ഞു. ഞാന്‍ പോയപ്പോള്‍ അവിടെ മുഴുവന്‍ സി.പി.എം.ന്റെ ആളുകളാണ്. എനിക്ക് വളരെ ആത്മാര്‍ത്ഥമായ സ്വീകരണമാണ് അവര്‍ തന്നത്. ഒരൊറ്റയാളുപോലും എന്നോട് മോശമായി പെരുമാറിയില്ല. സംസാരിക്കുന്നതിനിടയില്‍ പിണറായിയെക്കുറിച്ചു ചോദ്യം വന്നു. അദ്ദേഹത്തെക്കുറിച്ച് എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു. നല്ല ഭരണാധികാരിയാണ്. ജീവിച്ചിരിക്കുന്നവരില്‍ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. ആണെന്നും പറഞ്ഞു. ഇടതുമനസ്സുള്ള വ്യക്തി എ.കെ. ആന്റണിയാണെന്നും പറഞ്ഞു. അല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഞാനൊന്നും പറഞ്ഞിട്ടില്ല. എന്തു പറഞ്ഞാലും മുതലാക്കാന്‍ കുറെയെണ്ണം നടക്കുന്നു.

കുറെ പേരുടെ മുഖംമൂടി വലിച്ചുകീറുന്ന ദിവസമുണ്ടെന്ന് പറഞ്ഞിരുന്നു. എന്താണുദ്ദേശിച്ചത്....?

- അതെന്റെ മനസ്സിലിരിക്കട്ടെ. അതെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. പലതും കണ്ടില്ലെന്നു നടിച്ചാലേ രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കൂ. സമൂഹത്തിനു ഗുണമുണ്ടാക്കാത്ത അപ്രിയസത്യങ്ങള്‍ എന്തിനു വിളിച്ചുപറയണം. അതുകൊണ്ടാണ് പറയാത്തത്.

കൂടെ നിന്ന് ചതിച്ചവര്‍, വേദനിപ്പിച്ചവര്‍ ആരൊക്കെയാണ്...?

- അത് ഒത്തിരിയെണ്ണമുണ്ട്. ഞാനാരുടേയും പേര് പറയില്ല. ചിലര്‍ മരിച്ചുപോയി. ചിലരിപ്പോഴും ഉണ്ട്. അവരുടെ കുടുംബത്തിന് മന:പ്രയാസമുണ്ടാക്കുന്നതു ശരിയല്ല. ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച പല മാന്യന്മാരും എന്നോട് മോശമായി പെരുമാറി. ഞാനതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല.

കെ.എം. മാണിയെക്കുറിച്ച്...?

- മുന്‍പ് ഞാനും മാണിസാറും തമ്മിലുള്ള തര്‍ക്കം വളരെ വലുതായിരുന്നു. അതില്‍ പ്രാദേശികത്വം ഉണ്ടായിരുന്നു. പുള്ളി മിനിസ്റ്ററായിരുന്നപ്പോള്‍ പൂഞ്ഞാറും, പാലായും രണ്ടു നിയോജകമണ്ഡലമായിരുന്നു. ഒരിടത്തു ഞാനും, ഒരിടത്തു മാണിസാറും. സ്വാഭാവികമായും ഞങ്ങളുടെയിടയില്‍ തര്‍ക്കമുണ്ടായി. അത് കൂടിയപ്പോള്‍ എന്നെ ചെയ്യാവുന്ന ഉപദ്രവം മുഴുവന്‍ മാണിസാര്‍ ചെയ്തിട്ടുണ്ട്. എനിക്ക് കൊച്ചും തള്ളയുമായി ബന്ധമുണ്ടെന്ന് കള്ളക്കഥയുണ്ടാക്കി. എനിക്കെതിരെ അഴിമതിക്കേസുണ്ടാക്കി. ആ സ്ത്രീയേയും മകളേയും കള്ളക്കേസുകൊടുത്തതിന് കോടതി ശിക്ഷിച്ചു. ഓരോ അക്രമം നേരിടുമ്പോഴും ഞാന്‍ പ്രതികാരം ചെയ്തിരുന്നു.
പക്ഷേ ഇതുപോലെ വൃത്തികെട്ട കേസൊന്നും കൊടുക്കില്ല. അതെല്ലാം സഹിച്ചാണ് ഞാന്‍ മുന്നോട്ടു പോയത്. എന്നിട്ടും ഞാന്‍ മാണി സാറിന്റെ കൂടെ കൂടി. എന്നെയിതുപോലെ ഉപദ്രവിച്ചിട്ടും കേരള കോണ്‍ഗ്രസ് (എം)-ല്‍ തിരിച്ചെത്തിയല്ലോ എന്നു പറയാന്‍ ആരുമില്ല. എല്ലാവരും പറയും മാണിസാര്‍ എന്നെ കൂട്ടിയല്ലോ എന്ന്. ഞാന്‍ മാണിസാറിന്റെ കൂടെ കൂടിയതുകൊണ്ട് മാണി സാറിനാ ലാഭം. എനിക്കല്ല. എനിക്കുള്ള ലാഭം എന്നുപറയുന്നത് വലിയ പാര്‍ട്ടിയില്‍ അംഗമായി എന്നുള്ളതാണ്.

പി.ജെ. ജോസഫിനെക്കുറിച്ചെന്താണ് അഭിപ്രായം?

- ഒരഭിപ്രായവും പറയാനില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം എഴുപത്തിയൊന്നു മുതല്‍ രണ്ടായിരത്തിമൂന്നു വരെ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും എനിക്കറിയില്ല. അദ്ദേഹം ആരോടും ഇതുവരെ പറഞ്ഞിട്ടുമില്ല. ഒരഭിപ്രായവ്യത്യാസവും ഞാനും പുള്ളിയുമായി ഉണ്ടായില്ല. ഒരു മാധ്യമസുഹൃത്ത് പുള്ളിയോട് ചോദിച്ചു. പി.സി. ജോര്‍ജിനെ പുറത്താക്കിയതിനു കാരണമെന്താണെന്ന്. ഒരു കാരണവും പറഞ്ഞില്ല.

അഭിപ്രായം പറയാന്‍ ഇല്ലാത്ത ആള്‍ എന്നാണോ?

- ഞാന്‍ പറയുന്നില്ല. എന്തിനാ വെറുതെ ആവശ്യമില്ലാത്ത പിണക്കമുണ്ടാക്കുന്നത്. എന്നെ സംബന്ധിച്ച് ഈ നിമിഷം മാണിസാറിന്റെ കൂടെയാണ്. ഇന്നത്തെ നിലയ്ക്ക് എനിക്ക് ഏറ്റവും സ്‌നേഹം കിട്ടുന്നത് മാണിസാറില്‍ നിന്നു തന്നെയാണ്. എനിക്കു തോന്നുന്നത് പത്തുകൊല്ലം മുന്‍പ് മാണിസാറുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേരളത്തിനും കേരള കോണ്‍ഗ്രസിനും നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നു.

ഗൗരിയമ്മയുമായി എന്തായിരുന്നു പ്രശ്‌നം?

തൊണ്ണൂറുവയസ്സുള്ള ഗൗരിയമ്മയ്ക്ക് കല്ലുവച്ച നുണപറയേണ്ട കാര്യമുണ്ടോ? കൈക്കുഞ്ഞുമായി സ്ത്രീ വന്നപ്പോള്‍ ഗൗരിയമ്മ കാശുകൊടുത്തുവെന്നാണ് പറയുന്നത്.

അതില്‍ സത്യമില്ലെന്നാണോ?

- സത്യമില്ല. 1981-ല്‍ ആ കൊച്ചിന് ഒന്‍പതുവയസ്സ് പ്രായമുണ്ട്. അന്ന് ഗൗരിയമ്മ ഭരണപക്ഷവും, ഞാന്‍ പ്രതിപക്ഷവുമാണ്. ഞാന്‍ ഗൗരിയമ്മയോട് മിണ്ടിയിട്ടുപോലുമില്ല. ഞാനുമായി ബന്ധമുണ്ടെന്ന് പറയുന്ന സ്ത്രീ പരസ്യമായി ചാനലില്‍ പറഞ്ഞു ''ഞാനീ ഗൗരിയമ്മയെ അറിയില്ല. അവരുടെയടുത്ത് പോയിട്ടില്ലെന്ന്.'' ഗൗരിയമ്മ അങ്ങനെ വൃത്തികേട് പറയാമോ? എനിക്കു സൗകര്യമില്ല അവരെ ബഹുമാനിക്കാന്‍. അവരുടെ മകന്റെ പ്രായമല്ലേ എനിക്കുള്ളൂ. എന്നെപ്പറ്റി ഇല്ലാത്തകാര്യം പറയണോ.

ഭാര്യ ഈ ആരോപണങ്ങളോട് എങ്ങനെ പ്രതികരിച്ചു...?

- എന്റെ ഭാര്യയ്ക്ക് എന്നെ നന്നായി അറിയാം. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഞാനിഷ്ടപ്പെട്ടു. വീട്ടുകാര്‍ ആലോചിച്ചു വിവാഹം നടത്തി. പ്രണയിച്ചു ഓടി നടപ്പൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെയിടയില്‍ പ്രശ്‌നമൊന്നുമില്ല.

പ്രണയകാലം ഓര്‍ത്തെടുത്താല്‍...?

- എണ്‍പതില്‍ ഇലക്ഷന് വോട്ടുപിടിക്കാന്‍ ഞാന്‍ ഉഷയുടെ വീട്ടില്‍ ചെന്നു. അവര്‍ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബക്കാരാണ്. ഉഷയുടെ അച്ഛന്‍ അഡ്വക്കേറ്റും പഞ്ചായത്ത് മെമ്പറുമായിരുന്നു. അച്ഛന്റെ അനുജന്‍ സത്യപ്രതിജ്ഞ ചെയ്യാതെപോയ പൂഞ്ഞാര്‍ എം.എല്‍.എ. ഇ.ഡി. തൊമ്മന്‍ ആയിരുന്നു. അന്ന് ഞാനവിടെ സ്ഥിരമായി പോക്കു തുടങ്ങിയിരുന്നു. അപ്പോള്‍ അവിടുത്തെ ഡ്രൈവര്‍ എന്നോടു പറഞ്ഞു. പെണ്ണിനെ കല്ല്യാണം കഴിച്ചാല്‍ എപ്പോഴും ഇങ്ങനെ വരണ്ടല്ലോ എന്ന്. എന്റെയും പ്ലാന്‍ അതാണെന്ന് ഡ്രൈവറോടാണ് ഞാന്‍ ആദ്യം പറയുന്നത്. അതിനുശേഷം വീട്ടിലറിയിച്ചു.

അതുകൊണ്ടാണോ മകന്റെ പ്രണയവിവാഹത്തിന് അനുവാദം കൊടുത്തത്..?

അതുകൊണ്ടുതന്നെയാണ്. ഞാന്‍ അവനെ പിന്‍തുണച്ചത്.

ജഗതിശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട് സ്വന്തം മക്കളേക്കാള്‍ നല്ലവനാണ് ഷോണ്‍ എന്ന്. മരുമകള്‍ വീട്ടിലെങ്ങനെ പ്രശ്‌നക്കാരിയാണോ?

- അങ്ങനെയൊന്നുമില്ല. പാവം. നല്ല കൊച്ചാണ്.

ജഗതിശ്രീകുമാറിന്റെ മറ്റൊരു മകള്‍ ശ്രീലക്ഷ്മിയെ അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോള്‍ കാണാന്‍ അനുവദിച്ചില്ലെന്ന പരാതിയുണ്ടല്ലോ?

- ജഗതിക്ക് മകളുള്ള കാര്യം എന്നോടാരും പറഞ്ഞിട്ടില്ല. എനിക്കതെക്കുറിച്ച് അറിയില്ല. ആ കൊച്ച് ജഗതിശ്രീകുമാറിനെ ആശുപത്രിയില്‍ വന്നു കാണാന്‍ ഞാനും എന്റെ മകനും പാര്‍വതിയും സമ്മതിക്കുന്നില്ല എന്നു പറഞ്ഞ് അവര്‍ കേസുകൊടുത്തു. പത്രസമ്മേളനവും നടത്തി. ഞാന്‍ അന്തിച്ചുപോയി. ഞാനതിനെ കണ്ടിട്ടില്ല. മിണ്ടിയിട്ടുമില്ല. അത് പറയട്ടെ എവിടെവച്ചെങ്കിലും എന്നോട് മിണ്ടിയിട്ടുണ്ടെന്ന്. അങ്ങനെയായപ്പോള്‍ ഞാനെന്റെ മകനോടും മകളോടും പറഞ്ഞു - എപ്പോള്‍ വേണമെങ്കിലും വന്നു കണ്ടോളാന്‍ പറ. നിങ്ങളെന്തിനാ എതിര്‍ക്കുന്നത്?

അതൊക്കെ അംഗീകരിക്കുന്ന ഒരു മനസ്സാണോ?

- നമ്മളെന്തിനാ വെറുതെ എതിര്‍ക്കുന്നത്. ഞാന്‍ ഷോണിനോട് പറഞ്ഞു. ഒരിക്കലും എതിര്‍ക്കാന്‍ പാടില്ലെന്ന്. ജഗതിക്ക് അബദ്ധം പറ്റിയുണ്ടായ മകളാണെങ്കില്‍ എതിര്‍ക്കുന്നത് തെറ്റാണ്. ആണോ അല്ലയോ എന്നെനിക്കറിയില്ല. ഏത് നിമിഷം വേണമെങ്കിലും അവര്‍ വന്ന് കാണട്ടെ. അവര്‍ തിരുവനന്തപുരത്താണ് താമസം. എന്നും വേണമെങ്കില്‍ പോയി കാണാം. അനുവാദം നല്‍കിയിട്ടും ഒരു പ്രാവശ്യം പോയി കണ്ടതല്ലാതെ പിന്നെ അവര്‍ പോകുന്നില്ല. ഇതൊക്കെ ഒരു പബ്ലിസിറ്റിക്കുവേണ്ടിയാണ്. ആ കൊച്ചിനെ ഗണേശന്‍ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുകയാണ്. ജഗതിയുടെ മകളെന്നനിലയില്‍ സിനിമയില്‍ ചാന്‍സുണ്ടാക്കുകയാണ് ആ കൊച്ചിന്റെ ലക്ഷ്യം.

സുവര്‍ണ്ണ ജൂബിലി സമ്മേളനം നടക്കുമ്പോള്‍ ഷോണും കൂടെയുള്ളവരും ഹെല്‍മറ്റില്ലാതെ കോട്ടയം നഗരത്തിലൂടെ ബൈക്കോടിച്ചത് വിവാദമായിരുന്നു. രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് നിയമം കൈയിലെടുക്കാം എന്നാണോ?

- ഞാന്‍ രാവിലെ 'മംഗളം' പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ പടം സഹിതം വാര്‍ത്ത കണ്ടു. ഞാനുടന്‍ അവനെ വിളിച്ചിട്ട് ബൈക്കോടിച്ചപ്പോള്‍ ഹെല്‍മറ്റ് വച്ചില്ലേ? എന്നു ചോദിച്ചു. 'പടത്തില്‍ ഷോണിന്റെ കൂടെ പൂഞ്ഞാറ്റില്‍ നിന്നുള്ള അഞ്ചുപേരെയും കാണാം. 'നിന്റെയും കൂടെയുള്ള അഞ്ചുപേരുടെയും ഫൈനടച്ചിട്ടു വരാന്‍ ഞാന്‍ പറഞ്ഞു.'' അവന്‍ അപ്പോള്‍ത്തന്നെ ഫൈനടച്ചിട്ട് രസീത് എന്നെ കൊണ്ടു വന്നു കാണിച്ചു.

ഷോണില്‍ രാഷ്ട്രീയ ഭാവി സ്വപ്നം കാണുന്നുണ്ടോ?

രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെങ്കില്‍ നീതികാണിക്കണം. അതുകൊണ്ടുതന്നെയാണ് അവനെക്കൊണ്ട് ഫൈനടപ്പിച്ചത്. അല്ലാതെ കള്ളനായിട്ടു പോയാല്‍ എങ്ങനെയാ ശരിയാവുന്നത്.

വീട്ടില്‍ കര്‍ക്കശക്കാരനാണോ...?

ഒരു കാര്‍ക്കശ്യവുമില്ല. വളരെ സ്‌നേഹമാണ് എല്ലാവരോടും.

ഇപ്പോഴും ആരാധികമാരൊക്കെയുണ്ടോ? ഈ തുറന്നുപറച്ചില്‍ പലര്‍ക്കും ഇഷ്ടമാണ്.

എനിക്കറിയില്ല. ഇങ്ങനെയൊന്നും ചോദിച്ചാല്‍ പറയാന്‍ (ചിരിക്കുന്നു). ഒത്തിരിപ്പേര്‍ വിളിക്കാറുണ്ട്. പെണ്ണുങ്ങളൊക്കെ വിളിക്കും. തിരുവനന്തപുരത്തുനിന്ന് ഭര്‍ത്താവു മരിച്ച ഒരു സ്ത്രീ വിളിച്ചിട്ട്എനിക്ക് സാറിനെ വലിയ ഇഷ്ടമാണെന്നു പറഞ്ഞു. ''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'' എന്നു ഞാനും പറഞ്ഞു. ഒന്നു കാണണമെന്നു പറഞ്ഞപ്പോള്‍ കേസ് വല്ലതുമുണ്ടോ എന്നു ചോദിച്ചു. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ എന്നെ വിളിക്കൂ. അല്ലാതെ കാണണ്ട കാര്യമില്ലെന്നു ഞാന്‍ പറഞ്ഞു.

ജീവിതത്തിലെ വലിയ ആഗ്രഹമെന്താണ്...?

- ഈ എം.എല്‍.എ. പണിയൊക്കെ എന്നെങ്കിലും നിര്‍ത്തണമല്ലോ? ദൈവം ആയുസും ആരോഗ്യവും തരുന്നുവെങ്കില്‍ എല്ലാ മതവിഭാഗങ്ങളിലും പെട്ട പ്രായമായവര്‍ക്ക് താമസിക്കാനൊരു അഗതിമന്ദിരം നിര്‍മ്മിക്കണം. അവിടെ അന്തേവാസിയായി കഴിയണം എന്നാണെന്റെ ആഗ്രഹം.
 
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger