Movie :

kerala home tv show and news

Home » , , » ഒരു ക്‌നാനായ കല്യാണം പുരാതന ആചാരങ്ങളില്‍

ഒരു ക്‌നാനായ കല്യാണം പുരാതന ആചാരങ്ങളില്‍

{[['']]}
mangalam malayalam online newspaper














Kerala tv show and news


കാലഗതിയില്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ചരിത്രമാകുമ്പോള്‍ തനതായ ആചാരങ്ങളെ കൈവിടാന്‍ ക്‌നാനായ സമുദായം തയാറല്ല. ചന്തം ചാര്‍ത്തലും ഇച്‌ഛപ്പാടു കൊടുക്കലുമൊക്കെയായി അനുഷ്‌ഠനസമൃദ്ധമാണ്‌ ക്‌നാനായ വിവാഹം.വരന്റെ വീട്ടില്‍ നടക്കുന്ന ചന്തം ചാര്‍ത്തലിനു സമാന്തരമായി വധുവിന്റെ വീട്ടില്‍ മൈലാഞ്ചിയിടീല്‍ച്ചടങ്ങ്‌ നടത്തുന്നു. ഒരു ബൃഹത്‌വൃക്ഷത്തിന്റെ വേരുകള്‍ പോലെയാണ്‌ ഒരു സമുദായത്തിന്റെ ആചാരങ്ങള്‍.
ക്‌നാനായക്കാരുടെ ആചാരാനുഷ്‌ഠനങ്ങള്‍ അടുത്തറിയുമ്പോള്‍ ഒരു ക്‌നാനായ പെണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നാം. അങ്ങനെ മോഹിക്കുന്നവരെ കുറ്റം പറയാനാകില്ല. അനുഷ്‌ഠാനങ്ങളുടെ ഉത്സവമാണ്‌ ക്‌നാനായ വിവാഹത്തില്‍ കാണുന്നത്‌. ആചാരങ്ങളിലും രീതികളും വ്യത്യസ്‌തതപുലര്‍ത്തി തനതായ ഒരു പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ക്‌നാനായക്കാരുടെ കല്യാണ വിശേഷങ്ങളിലൂടെ....

വിവാഹം ഉറപ്പിക്കല്‍

പെണ്‍കുട്ടിയുടെ ഭവനത്തില്‍വച്ചാണ്‌ വിവാഹം ഉറപ്പിക്കുന്നത്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുരുഷന്റെ ഭവനത്തില്‍വച്ചും വിവാഹം ഉറപ്പിക്കാറുണ്ട്‌.

ഒത്തുകല്യാണം

സ്‌ത്രീവീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങാണ്‌ ഒത്തുകല്യാണം. ഇതിനായി പള്ളിയിലേക്ക്‌ പുറപ്പെടും മുന്‍പ്‌ പുരുഷന്റെ/ സ്‌ത്രീയുടെ വീട്ടില്‍ ബന്ധുക്കളെല്ലാവരും ചേര്‍ന്ന്‌ പ്രാര്‍ത്ഥന നടത്താറുണ്ട്‌.

സ്‌തുതികൊടുക്കല്‍

മുതിര്‍ന്നവര്‍ തുടങ്ങി അര്‍ഹിക്കുന്നവര്‍ക്കും (വല്യപ്പന്‍, വല്യമ്മ, മാതൃപിതൃസഹോദരന്‍മാര്‍) അവസാനം മാതാപിതാക്കള്‍ക്കും മണവാളന്‍/ മണവാട്ടി സ്‌തുതിചൊല്ലി അനുഗ്രഹം വാങ്ങുന്നു. സ്‌തുതിവാചകം (ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ) ചൊല്ലേണ്ടത്‌ മണവാളന്‍/ മണവാട്ടിയാണ്‌. കൈകൂപ്പി സ്‌തുതി നല്‍കുകയും കൈക്കുമ്പിളില്‍ സ്‌തുതി സ്വീകരിക്കുകയും ചെയ്യുന്നു.

കൈപിടുത്തം

കല്യാണം ഉറപ്പിച്ചതിനെത്തുടര്‍ന്ന്‌ അത്‌ നടത്തിക്കൊള്ളാമെന്ന്‌ ദേവാലയത്തില്‍വച്ചുള്ള പരസ്യമായ പ്രഘോഷമാണ്‌ ഒത്തുകല്യാണം. കല്യാണം നടത്തുവാന്‍ ഇരുകുടുംബങ്ങളിലെയും കാരണവന്‍മാര്‍ക്കാണ്‌ ഉത്തരവാദിത്വം. ഇതു വ്യക്‌തമാക്കാന്‍ ക്‌നാനായ സമുദായത്തില്‍ ഉപയോഗിക്കുന്ന പറം 'കാരണവന്‍മാരുടെ കൈപിടുത്തം' എന്നാണ്‌. ഒത്തുകല്യാണത്തിന്‌ ദേവാലയത്തില്‍വച്ച്‌ വധുവിന്റെയും വരന്റെയും പിതൃസഹോദരന്‍ (ഇല്ലെങ്കില്‍ പിതൃവഴിയിലെ ഏറ്റവും അടുത്തയാള്‍) തമ്മിലുള്ള കൈപിടുത്തം നടത്തണം. രണ്ട്‌ വ്യക്‌തികള്‍ മാത്രമല്ല കുടുംബങ്ങള്‍ തമ്മിലും ബന്ധിക്കപ്പെടുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

സദ്യ

പെണ്ണിന്റെ അമ്മാച്ചന്‍ (അമ്മയുടെ സഹോദരന്‍) ചെറുക്കന്റെ അമ്മാച്ചന്‌ കൈകഴുകാന്‍ കിണ്ടിയില്‍ വെള്ളം നല്‍കി വിരുന്നിന്‌ ക്ഷണിക്കുന്നതോടെ ഒത്തുകല്യാണത്തിന്റെ സദ്യ ആരംഭിക്കുന്നു.

ചന്തം ചാര്‍ത്ത്‌

വിവാഹത്തലേന്ന്‌ വൈകിട്ട്‌ വരന്റെ വീട്ടില്‍ നടത്തുന്ന ചടങ്ങാണിത്‌. ചന്തം ചാര്‍ത്തല്‍ എന്നാല്‍ വരന്റെ മുഖം ക്ഷൗരം ചെയ്‌ത് ഭംഗിവരുത്തുക എന്നാണര്‍ത്ഥം. പഴയകാലത്ത്‌ ഈ ചടങ്ങിലാണ്‌ വരന്‍ ആദ്യമായി ക്ഷൗരം ചെയ്‌തിരുന്നത്‌. ക്ഷുരകനെക്കൊണ്ട്‌ തന്നെ വേണം ഈ ചടങ്ങില്‍ വരനെ ക്ഷൗരം ചെയ്യിക്കുവാന്‍.വെള്ളവസ്‌ത്രം വിരിച്ച ചെറിയ പീഠവും കത്തിച്ച കോലുവിളക്കും വരന്റെ സഹോദരിമാര്‍ പന്തലില്‍ സജ്‌ജീകരിക്കുന്നു. മണവാളനെ അളിയന്‍മാര്‍ പന്തലിലേക്കാനയിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം കിഴക്കിനഭിമുഖമായി പീഠത്തില്‍ ഇരുത്തുന്നു. തുടര്‍ന്ന്‌ ക്ഷുരകന്‍ വരന്റെ സമീപത്തുവന്ന്‌ സദസിനെ അഭിമുഖീകരിച്ചുകൊണ്ട്‌ ''17 പരിഷകള്‍ക്കുമേലുള്ള മാളോരോട്‌ ചോദിക്കുന്നു, മാണവാളച്ചെറുക്കനെ ചന്തം ചാര്‍ത്തട്ടെ'' എന്ന്‌ 3 പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങിയ ശേഷം ചന്തം ചാര്‍ത്ത്‌ നടത്തുന്നു. ഈ സമയത്ത്‌ ചന്തം ചാര്‍ത്ത്‌ പാട്ട്‌ പാടുന്നു. ചന്തം ചാര്‍ത്തലിനുശേഷം സഹോദരിമാര്‍ എണ്ണ കൊണ്ടുവരുന്നു.
''എണ്ണ തേപ്പിക്കട്ടെ'' എന്ന്‌ മൂന്നുപ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങിയശേഷം മണവാളനെ ക്ഷുരകന്‍ എണ്ണതേപ്പിക്കുന്നു. തുടര്‍ന്ന്‌ മണവാളനെ അളിയന്‍മാര്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നു. ശുഭ്രവസ്‌ത്രമണിയിച്ച്‌ അളിയന്‍മാര്‍ പന്തലില്‍ കൊണ്ടുവന്ന്‌ വെള്ളവിരിച്ച പീഠത്തില്‍ ഇരുത്തുന്നു.

ഇഛപ്പാട്‌ കൊടുക്കല്‍

മണവാളന്റെ സഹോദരിമാര്‍ ഒരു താലത്തില്‍ വെണ്‍പാല്‍ച്ചോറും ശര്‍ക്കരയും കിണ്ടിയില്‍ വെള്ളവും കോളാമ്പിയും കൊണ്ടുവന്ന്‌ മണവാളച്ചെറുക്കന്റെ സമീപം വയ്‌ക്കുന്നു.മണവാളന്റെ പിതൃസഹോദരന്‍മാരില്‍ മുതിര്‍ന്നയാളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന പിതൃവഴിയിലുള്ള മറ്റൊരാളോ രണ്ടാംമുണ്ടെടുത്ത്‌ അറ്റം രണ്ടും മുകളിലേക്ക്‌ വരത്തക്കവിധം കത്രികപ്പൂട്ടിട്ട്‌ തലയില്‍കെട്ടിയശേഷം ''ഇഛപ്പാട്‌ കൊടുക്കട്ടെ'' എന്ന്‌ മൂന്നുപ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. തുടര്‍ന്നദ്ദേഹം കൈകഴുകി ശുദ്ധമാക്കിയതിനുശേഷം വെണ്‍പാല്‍ച്ചോറില്‍ ശര്‍ക്കര കൂട്ടിത്തിരുമ്മി (ആദരവ്‌ പ്രകടിപ്പിക്കുവാന്‍ ഇടതുകരംകൊണ്ട്‌ വലതുകൈമുട്ട്‌ താങ്ങി) 3 പ്രാവശ്യം ഇഛപ്പാട്‌ നല്‍കുന്നു. 'ഇഛ' പോലെ ഭവിക്കട്ടെ എന്ന ആശംസയാണ്‌ ഇഛപ്പാട്‌ എന്ന പേരിനു നിദാനം.
ഇഛപ്പാട്‌ നല്‍കുന്നതിന്‌ മുമ്പും പിമ്പും മണവാളച്ചെറുക്കനെ കിണ്ടിയില്‍ നിന്നും നല്‍കി വായ്‌ ശുദ്ധമാക്കണം.
ഇഛപ്പാട്‌ ഒരാള്‍മാത്രം കൊടുത്താല്‍ മതി. നിര്‍ബന്ധമാണെങ്കില്‍ മാത്രം പിതൃസഹോദരന്‍മാരില്‍ മറ്റ്‌ രണ്ടുപേര്‍ക്കുകൂടി നല്‍കാം. എണ്ണ തേപ്പിക്കുമ്പോഴും കുളിക്കാന്‍ കൊണ്ടുപോകുമ്പോഴും പുരാതന പാട്ടുകള്‍ അവസരോചിതമായി പാടാവുന്നതാണ്‌.

മൈലാഞ്ചിയിടീല്‍

വിവാഹത്തിന്റെ തലേദിവസം വധുവിന്റെ വീട്ടില്‍ നടത്തുന്ന ചടങ്ങാണിത്‌. സൗന്ദര്യവര്‍ധനവ്‌ മാത്രമല്ല വിശുദ്ധീകരണം കൂടിയാണ്‌ ഈ അനുഷ്‌ഠാനത്തിലൂടെ നടത്തപ്പെടുന്നത്‌. ആദ്യ മാതാവായ ഹവ്വാ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനി പറിച്ചു തിന്ന്‌ ദൈവകല്‍പ്പന ലംഘിച്ചതിനാല്‍ അവളുടെ പാദങ്ങളും കരങ്ങളും കളങ്കപ്പെട്ടു. ആ പാപം അവളുടെ മക്കളുടെ കരചരണങ്ങളെയും കളങ്കപ്പെടുത്തിയിരിക്കുന്നു. ഈ കറ നീക്കി വിവാഹത്തിനൊരുങ്ങുന്ന പെണ്‍കുട്ടിയെ വിശുദ്ധീകരിക്കുന്ന ചടങ്ങാണ്‌ മൈലാഞ്ചിയിടീല്‍.
ഇതിനായി വെള്ളവസ്‌ത്രം ധരിച്ച പീഠവും കത്തിച്ച കോലുവിളക്കും സഹോദരി പന്തലില്‍ സജ്‌ജീകരിക്കുന്നു. ആഭരണവിഭൂഷിതയായ വധുവിനെ സഹോദരി പന്തലിലേക്കാനയിച്ച്‌ കൊണ്ടുവന്ന്‌ പ്രാര്‍ത്ഥനയ്‌ക്കുശേഷം കിഴക്കിനഭിമുഖമായി പീഠത്തില്‍ ഇരുത്തുന്നു. സഹോദരി മൈലാഞ്ചി അരച്ചത്‌ വധുവിന്റെ സമീപത്ത്‌ കൊണ്ടുവന്ന്‌ വയ്‌ക്കുന്നു. മൈലാഞ്ചിപ്പാട്ട്‌ ആരംഭിക്കുമ്പോള്‍ വല്യമ്മ വധുവിന്റെ ഉള്ളംകൈയില്‍ മൈലാഞ്ചി പുരട്ടി രണ്ടു കരങ്ങളും കൂട്ടിപ്പിടിക്കുകയും പിന്നീട്‌ കാല്‍, നഖങ്ങള്‍ മുതലായ സ്‌ഥാനങ്ങളില്‍ മൈലാഞ്ചി പുരട്ടുകയും ചെയ്യുന്നു.
തുടര്‍ന്ന്‌ വധുവിന്റെ പിതൃസഹോദരന്‍മാരില്‍ മുതിര്‍ന്നയാള്‍ ഇഛപ്പാട്‌ നല്‍കുന്നു.

താലി

കല്യാണത്തിന്‌ തലേദിവസം തട്ടാന്‍ താലികൊണ്ടുവരുന്ന ചടങ്ങ്‌ ഉണ്ടായിരുന്നു. ഒരു പാത്രത്തില്‍ ഒന്നേകാല്‍ ഇടങ്ങഴി അരിയിട്ട്‌ അതില്‍ വെറ്റിലയിട്ട്‌ അതിനുമുകളില്‍ താലിവച്ച്‌ തട്ടാന്‍ നല്‍കുമ്പോള്‍ വരന്റെ സഹോദരി അത്‌ സ്വീകരിച്ച്‌ തട്ടാന്‌ പാരിതോഷികങ്ങള്‍ നല്‍കുമായിരുന്നു. ക്‌നാനായരുടെ താലിക്ക്‌ ചില പ്രത്യേകതകളുണ്ട്‌. താലി ആലിലയുടെ ആകൃതിയിലാണ്‌. ഇതില്‍ 21 അരിമ്പ്‌ (മൊട്ട്‌) കൊണ്ടുള്ള കുരിശ്‌ ഉണ്ട്‌. 21 അരിമ്പ്‌ ജാതി പ്രാമുഖ്യത്തെ സൂചിപ്പിക്കുന്നതോടൊപ്പം ഏഴ്‌ (കൂദാശകള്‍) നെ മൂന്ന്‌ (ത്രിത്വം) കൊണ്ട്‌ ഗുണിക്കുന്നതായും വ്യാഖ്യാനിക്കപ്പെടുന്നു.
താലികെട്ടുന്നതിനുള്ള ചരട്‌ മന്ത്രകോടിയില്‍ നിന്നും എടുക്കുന്ന ഏഴുനൂലുകള്‍ പിരിച്ചാണ്‌ ഉണ്ടാക്കുന്നത്‌. ഇത്‌ ഏഴ്‌ കൂദാശകളെ സൂചിപ്പിക്കുന്നു.

തലയില്‍ കെട്ട്‌

തലയില്‍ കെട്ട്‌ ക്‌നാനായര്‍ക്ക്‌ ഒരു പദവി ആയതിനാല്‍ ചടങ്ങ്‌ നടത്താന്‍ അനുവാദം ചോദിക്കുന്നതും കര്‍മ്മം നടത്തുന്നതും (ഇഛപ്പാട്‌ നല്‍കുക, കച്ചതഴുകുക) തലയില്‍ കെട്ടിയതിനുശേഷമായിരിക്കണം. രണ്ടാംമുണ്ടിന്റെ അറ്റം രണ്ടും മുകളിലേക്ക്‌ വരത്തക്കവിധം കത്രികപ്പൂട്ടിട്ടാണ്‌ തലയില്‍ കെട്ടുന്നത്‌.

കല്യാണത്തിന്‌ ദേവാലയത്തിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌

വിവാഹത്തിന്‌ ദേവാലയത്തിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പായി വധു/ വരന്‍/ ഒരുങ്ങി പന്തലില്‍ എത്തുന്നു. കോലുവിളക്ക്‌ കത്തിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ പ്രാര്‍ത്ഥന ആരംഭിക്കുന്നു.

സ്‌തുതിചൊല്ലല്‍

മുതിര്‍ന്നവര്‍ തുടങ്ങി അര്‍ഹിക്കുന്നവര്‍ക്കും അവസാനം മാതാപിതാക്കള്‍ക്കും വധു/ വരന്‍ കൈകൂപ്പി തലകുമ്പിട്ട്‌ സ്‌തുതിചൊല്ലുന്നു. അവര്‍ ഇരുകരങ്ങളും വിടര്‍ത്തി സ്‌തുതി സ്വീകരിക്കുന്നു. വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള അനുഗ്രഹം പ്രാപിക്കലാണ്‌ ഈ സ്‌തുതിചൊല്ലിലൂടെ.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മുറ്റംവരെ കത്തിച്ചകോലുവിളക്കുമായി സഹോദരികൂടെ ഇറങ്ങേണ്ടതാണ്‌. ലോകത്തിന്റെ പ്രകാശമായ ക്രിസ്‌തുവിനോടൊപ്പം പുറപ്പെടുന്നുവെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

മന്ത്രകോടി അണിയിക്കല്‍

റോമന്‍സംസ്‌കാരത്തില്‍ വിവാഹത്തിന്‌ മന്ത്രകോടി അണിയിക്കല്‍ ഉണ്ട്‌. ഗ്രീക്ക്‌ പാരമ്പര്യത്തില്‍ കിരീടമണിയിക്കലാണ്‌. ഹൈന്ദവാചാരമാണ്‌ താലിക്കെട്ട്‌. ക്‌നാനായ വിവാഹത്തില്‍ ഈ 3 ചടങ്ങുകളും ഉള്‍ച്ചേരിക്കുന്നു.

ബറുമറിയം

വിവാഹത്തെ മഹനീയമായി ഉയര്‍ത്തി അനുഗ്രഹിച്ച ക്രിസ്‌തുവിന്റെ രക്ഷാകരചരിത്രം വിവരിക്കുന്ന സ്‌തുതിപ്പായ ബറുമറിയം വിവാഹാശീര്‍വാദത്തിനുശേഷം വധൂവരന്‍മാരെ പ്രത്യേകമായി അനുഗ്രഹിക്കുന്നതിന്‌ വൈദികഗുണം പാടുന്നു. 'മറിയത്തിന്റെ മകന്‍' എന്നാണ്‌ ഈ സുറിയാനി വാക്കിന്റെ അര്‍ത്ഥം.

വിവാഹഘോഷയാത്ര

നടവിളി, പഞ്ചവാദ്യം, കുരവ തുടങ്ങിയവയോടുകൂടി ആഘോഷമായിട്ടാണ്‌ നവദമ്പതിമാരെ വിവാവപ്പന്തലിലേക്ക്‌ ആനയിച്ചിരുന്നത്‌. പഴയകാലത്ത്‌ (കൗമാരപ്രായത്തില്‍ വിവാഹം നടത്തിയിരുന്ന കാലം) വധൂവരന്‍മാരെ അമ്മാച്ചന്‍മാര്‍ എടുത്ത്‌ പന്തലിലേക്ക്‌ ആനയിച്ചിരുന്നു. ഈ ചടങ്ങ്‌ ഇപ്പോഴും തുടരുന്നു.ചേരമാന്‍പെരുമാളില്‍ നിന്ന്‌ ക്‌നാനായര്‍ക്ക്‌ കിട്ടിയ 72 പദവികളില്‍പ്പെടുന്നവയാണ്‌ ആഘോഷയിനങ്ങളില്‍ പലതും.

നടവിളി

പള്ളിയുടെ മുന്നില്‍ മുറ്റത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന കുരിശിന്‍ചുവട്ടില്‍ നിന്നാണ്‌ നടവിളിക്കുന്നത്‌. നടവിളി വധൂവരന്‍മാരുടെ വരവേല്‍പ്പിന്റെ ഭാഗമാണ്‌. മൂന്നുപ്രാവശ്യമാണ്‌ നടവിളി നടത്തുന്നത്‌. അമ്മാച്ചന്‍ നടാ... എന്നുവിളിച്ച്‌ ആരംഭിക്കുന്നു. തുടര്‍ന്ന്‌ മറ്റുള്ളവര്‍ ഒന്നിച്ച്‌ നട നടായേ... എന്ന്‌ വിളിച്ച്‌ മുകളിലേക്ക്‌ വലതുകൈ ഉയര്‍ത്തുന്നു. ഈ സമയം സ്വാം വിട്ടെടുക്കാന്‍ പാടില്ല. തുടര്‍ന്ന്‌ നട, നട, നട എന്നു പറഞ്ഞ്‌ ഓരോ നടയ്‌ക്കും വലതുകൈ മുകളില്‍ നിന്നും താഴേക്കിറങ്ങുന്നു. തുടര്‍ന്ന്‌ നവദമ്പതിമാരെ അമ്മാച്ചന്‍മാര്‍ പന്തലിന്റെ പ്രധാന കവാടത്തിലേക്ക്‌ ആനയിച്ച്‌ പന്തലിന്‌ അഭിമുഖമായി നിര്‍ത്തുന്നു.

നെല്ലും നീരും വയ്‌ക്കല്‍

വരന്റെ മാതാവും, നെല്ലും കുരുത്തോലയുമിട്ട ജലത്തട്ടവുമായി വധുവിന്റെ അമ്മയും, കത്തിച്ച കോലുവിളക്കുമായി വരന്റെ സഹോദരിയും നവവധൂവരന്‍മാര്‍ക്ക്‌ അഭിമുഖമായി നില്‍ക്കുന്നു. വധൂവരന്‍മാരുടെ നെറ്റിയില്‍ വരന്റെ മാതാവ്‌ 3 പ്രാവശ്യം കുരിശ്‌ വരയ്‌ക്കുന്നു. ഓരോ പ്രാവശ്യവും കുരുത്തോല ജലത്തില്‍ മുക്കി അതുകൊണ്ടാണ്‌ കുരശ്‌ വരയ്‌ക്കുന്നത്‌. ഭാരതീയാചാരത്തിലെ ആരതിയോട്‌ ഇതിന്‌ സാദൃശ്യമുണ്ട്‌. നെല്ല്‌ ഐശ്വര്യത്തെയും വെള്ളം ശുദ്ധീകരണത്തെയും വെഞ്ചരിച്ച കുരുത്തോല വിശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നു.
പിന്നീട്‌ ദമ്പതിമാരെ മണര്‍ക്കോലത്തിലേക്ക്‌ ആനയിക്കുന്നു.

വാഴുപിടുത്തം

തുടര്‍ന്ന്‌ വധുവിന്റെ അമ്മ മണര്‍ക്കോലത്തിനു മുന്നില്‍ വന്ന്‌ സഭയെ അഭിമുഖീകരിച്ച്‌ ''വാഴുപിടിക്കട്ടെ'' എന്ന്‌ 3 പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. അതിനുശേഷം വലതുകരം വരന്റെ ശിരസിലും ഇടതുകരം വധുവിന്റെ ശിരസിലുമായി കുരിശാകൃതിയില്‍വച്ച്‌ വാഴ്‌വ് നല്‍കുന്നു. യാക്കോബ്‌ ജോസഫിന്‌ അനുഗ്രഹം നല്‍കിയതിന്റെ ഓര്‍മ്മയാണിത്‌.

പാലും പഴവും നല്‍കല്‍

വധുവിന്റെ അമ്മ പാലും പഴവും ചേര്‍ന്ന മിശ്രിതം വനദമ്പതികള്‍ക്ക്‌ ഒരേ പാത്രത്തില്‍ നിന്ന്‌ നല്‍കുന്നു. നവദമ്പതികളുടെ ഭാവിജീവിതം മധുരതരമായിത്തീരട്ടെ എന്ന ആശംസയാണ്‌ ഇതിന്റെ മുഖ്യ ആശയം. പരിശുദ്ധിയുടെ പര്യായമായ പാലും നൈവേദ്യപ്രതീകമായ പഴവുമാണ്‌ ഈ മധുരം നല്‍കലില്‍ ഉപയോഗിക്കുന്നത്‌. ഒരേ പാത്രത്തില്‍നിന്ന്‌ കുടിക്കുമ്പോള്‍ ഇനിമേല്‍ അവര്‍ രണ്ടല്ല ഒന്നാണ്‌ എന്ന തിരുവചനം ഇവിടെ അനുസ്‌മരിക്കുന്നു. വിവാഹത്തിന്റെ അവിഭാജ്യതയും ദാമ്പത്യവിശ്വസ്‌തതയും ഇത്‌ സൂചിപ്പിക്കുന്നു.

കച്ച തഴുകല്‍

വരന്റെ പിതൃസഹോദരന്‍ വസ്‌ത്രമെടുത്ത്‌ വരന്റെ കൈയില്‍ ഏല്‍പ്പിക്കുന്നു. മണവാട്ടിയുടെ അമ്മാച്ചന്‍ തലയില്‍ കെട്ടിയശേഷം ''കച്ച തഴുകട്ടെ'' എന്ന്‌ മൂന്ന്‌ പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. തുടര്‍ന്ന്‌ വരനെ മൂന്നുപ്രാവശ്യം തഴുകി കച്ചവാങ്ങി വധുവിന്റെ കൈയില്‍ കൊടുത്ത്‌ വധുവിനെ 3 പ്രാവശ്യം തഴുകി കച്ചവാങ്ങി പിന്‍വാങ്ങുന്നു.

വിവാഹസദ്യ

തുടര്‍ന്ന്‌ മണവാളന്റെ അമ്മാച്ചന്‍ മണവാട്ടിയുടെ അമ്മാച്ചന്‌ കൈകഴുകാന്‍ കിണ്ടിയില്‍ വെള്ളം നല്‍കി വിരുന്നിന്‌ ക്ഷണിക്കുന്നു.വിവാഹവിരുന്നിനിടയില്‍ അവസരോചിതമായി പുരാതനപ്പാട്ടുകള്‍ പാടുന്നു.
 
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger