{[['']]}
ന്യൂഡല്‍ഹി: മലയാളി നഴ്‌സുമാര്‍ക്കു നേരെ വംശീയമായി അധിക്ഷേപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. മലയാളി നഴ്‌സുമാര്‍ കറുത്തവരാണെന്നും അവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്ന് അറിയാതെ വിളിക്കുമെന്നും കുമാര്‍ വിശ്വാസ് ഒരു പൊതുചടങ്ങില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ തങ്ങളുടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാന്‍ പോലും വിമുഖത കാണിക്കുന്നവരാണെന്നും വിശ്വാസ് പറഞ്ഞു. എന്നാല്‍ ഉത്തരേന്ത്യന്‍ നഴ്‌സുമാര്‍ അങ്ങനെയല്ല, അവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്നു വിളിക്കാന്‍ തോന്നില്ല. രോഗവുമായി ചെല്ലുന്നവര്‍ക്കു പോലും തങ്ങളുടെ രോഗം മറക്കുന്ന വികാരം ഉണ്ടാകുമെന്നും വിശ്വസ് പറഞ്ഞ. എഎപിയുടെ പരമോന്നത സമിതിയായ ഒന്‍പതംഗ നയരൂപീകരണ സമിതിയിലെ അംഗമാണ് വിശ്വാസ്. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന കുമാര്‍ വിശ്വാസ് നടത്തിയത് വംശീയ അധിക്ഷേവവും സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശമാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
അതേസമയം, വിശ്വാസ് എന്നാണ് ഈ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമല്ല. മുന്‍പ് നടത്തിയ പരാമര്‍ശം നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എതിരാളികള്‍ പുറത്തുവിട്ടതാണെന്നും സൂചനയുണ്ട്. രണ്ടു ദിവസം മുന്‍പാണ് ഈ വീഡിയോ യൂട്യുബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുമാര്‍ വിശ്വാസിന്റെ പല പ്രസ്താവനകളും മുന്‍പും വിവാദമായിട്ടുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയോട് ചായ്‌വ് പ്രകടിപ്പിക്കുന്ന വിശ്വാസ്, ഗുജറാത്തില്‍ നടത്തിയ യോഗത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തുകയും സവര്‍ണ്ണ വിഭാഗങ്ങളെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം, വിശ്വാസിനെതിരെ ശ്രീരാമ ജന്മഭൂമി സേവ സമിതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കര്‍ബാല രക്തസാക്ഷികളെയും ചില ഹിന്ദു ദൈവങ്ങളെയും കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് വിശ്വാസിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മലയാളി നഴ്സുമാര്‍ക്കെതിരെ കുമാര്‍ വിശ്വാസ് നടത്തിയ വിവാദ പ്രസംഗം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
Post a Comment