{[['']]}
ന്യൂഡല്‍ഹി: 'മുകളിലൊരാള്‍' എല്ലാം കാണുന്നുണ്ടെന്ന് മോഷ്ടാവറിഞ്ഞില്ല. പ്രാര്‍ഥനയും കുരിശുവരയും കഴിഞ്ഞ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോഴേക്കും പിടിവീണു. ഗോള്‍ ഡെഖാനയിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ഫാ. ഐസക് മാത്യു നാടകീയമായി പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നാണ് സംഭവം. പള്ളിയില്‍ തിരക്കൊഴിഞ്ഞ നേരം പ്രാര്‍ഥിക്കാന്‍ കയറിയതാണ് ഒരാള്‍. മുകളിലെ മുറിയിലിരിക്കുകയായിരുന്ന ഫാ. ഐസക് ഇതെല്ലാം സി.സി.ടി.വിയില്‍ കാണുന്നുണ്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ഥിക്കുകയും കുരിശുവരയ്ക്കുകയും ചെയ്ത 'വിശ്വാസി' അതിനുശേഷം മുകളിലേക്കുള്ള വാതില്‍ അടച്ചു. ഇതോടെ ഫാ. ഐസക്കിന് സംശയമായി. തുടര്‍ന്ന് തന്റെ കൈയിലിരുന്ന ചെറിയ കമ്പിപ്പാരകൊണ്ട് ഭണ്ഡാരം കുത്തിത്തുറന്നു. എന്നാല്‍ അപ്പോഴേക്കും മറ്റൊരു വാതിലിലൂടെ അകത്തേക്ക് ഓടിയെത്തിയ ഫാ. ഐസക്, മോഷ്ടാവിനെ വളഞ്ഞുപിടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്നവരും സഹായത്തിനെത്തി കള്ളനെ പോലീസിലേല്‍പ്പിച്ചു.
നേരത്തെയും പള്ളിയില്‍ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി ഫാ. ഐസക് മാത്യു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സി.സി.ടി.വി. സ്ഥാപിച്ചത്. ഹരിനഗറിലെ ഗിരീഷ് നായിക് എന്നയാളാണ് തിങ്കളാഴ്ച പിടിയിലായത്. ഇയാളെ മന്ദിര്‍മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
Post a Comment