Movie :

kerala home tv show and news

Home » » പെണ്ണിനെന്താ രാത്രി ഓണ്‍ലൈനില്‍ കാര്യം

പെണ്ണിനെന്താ രാത്രി ഓണ്‍ലൈനില്‍ കാര്യം

{[['']]}
പോയി കെടന്നൊറങ്ങ് പെണ്ണേ' കിലുക്കത്തില്‍ രേവതിയോട് ജഗതി പറയുന്ന ഡയലോഗ് ആണ്. രാത്രി ഓണ്‍ലൈന്‍ വരുന്ന പെണ്‍കിടാങ്ങള്‍ ഒരിക്കലെങ്കിലും ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിരിക്കും. പ്രത്യക്ഷത്തില്‍ ചെറിയ സംഭവമെങ്കിലും വേലിക്കെട്ടുകളില്ലാത്ത ഇന്റര്‍നെറ്റില്‍ പോലും ഇരുട്ടിയാല്‍ സ്ത്രീകള്‍ വരരുതെന്നു കരുതുന്ന മലയാളികള്‍ നമുക്കിടയിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. 
രാത്രിയായാല്‍ വീട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പി, കുറച്ച് സീരിയലും കണ്ട്, നേരത്തെ കിടന്നുറങ്ങുന്ന മങ്കമാരെന്ന സങ്കല്‍പ്പത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ വലിയൊരു ശതമാനം മലയാളികളും ഇഷ്ടപ്പെടുന്നില്ല. 21ാം നൂറ്റാണ്ടിലും ഇങ്ങനെ കുറെ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നുവെന്നത് മറുനാട്ടുകാര്‍ക്ക് അത്ഭുതമുളവാക്കിയേക്കാം.
സ്ത്രീകള്‍ രാത്രി ബ്രൗസ് ചെയ്യുന്നതില്‍ നീരസമുണ്ടെന്നത് സങ്കല്‍പ്പിച്ചെടുത്ത ധാരണയാണോയെന്നൊരു സംശയം സ്വാഭാവികം. ഇതു തെളിയിക്കാനായി അര്‍ദ്ധരാത്രി മലയാളത്തിലെ പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഈ ചോദ്യം പോസ്റ്റ് ചെയ്തു. ഉത്തരങ്ങള്‍ പലതും ഞെട്ടിക്കുന്നതും വിഡ്്ഢിത്തങ്ങളുമാണ്. അവയില്‍ ചിലത്:

'രാത്രി ഓണ്‍ലൈന്‍ വരുന്ന പെണ്ണുങ്ങള്‍ പോക്കു കേസുകളായിരിക്കും'
'ബെഡ് റൂമില്‍ അവര്‍ തനിച്ചായതു കൊണ്ടാണ് ആ നേരത്തു ബ്രൗസ് ചെയ്യുന്നത് '
'സ്ത്രീകള്‍ ഉറക്കമൊഴിഞ്ഞാല്‍ അസുഖം വരും. അവര്‍ക്ക് ആണ്ണുങ്ങളെപ്പോലെ എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കാന്‍ കഴിയില്ല'
'അവളെ പറഞ്ഞിട്ടു കാര്യമില്ല, വീട്ടുകാര്‍ നിയന്ത്രിക്കാത്തതു കൊണ്ടാണ്.'
'നല്ല കാര്യത്തിനൊന്നുമാകില്ല ആ നേരത്തെ ബ്രൗസിങ്ങ്'
'തറവാട്ടില്‍ പിറന്ന പെണ്ണുങ്ങളൊന്നും രാത്രി ഓണ്‍ലൈന്‍ ഉണ്ടാവില്ല'

ഇങ്ങനെ നീളുന്ന അഭിപ്രായപ്രകടനങ്ങളില്‍ ഭൂരിപക്ഷവും സംസാരിച്ചത് പുരുഷന്‍മാരാണ്. സ്ത്രീകളെ പിന്തുണയ്ക്കാനും ചിലര്‍ മറന്നില്ല. ആണുങ്ങള്‍ക്ക് ബ്രൗസ് ചെയ്യാമെങ്കില്‍ പെണ്ണിനും ഏതു നേരത്തും ഓണ്‍ലൈന്‍ വരാമെന്ന് ഇക്കൂട്ടര്‍ പറയുന്നു. കാമകണ്ണുകളോടെ വല വിരിച്ചിരിക്കുന്നവരെ സൂക്ഷിക്കണമെന്നു സ്‌നേഹപൂര്‍വമുള്ള ഉപദേശങ്ങളും കിട്ടി.
പല കൂട്ടായ്മകളിലും 'നൈറ്റ് ടോക്ക്' എന്നൊരു വിഭാഗം കാണാം. സ്ത്രീകള്‍ അതില്‍ നോക്കരുതെന്നു മുന്നറിയിപ്പും കാണാം. ഓണ്‍ലൈനിലെ രാത്രി സംസാരത്തിന് അശ്‌ളീലതയെന്നൊരു അര്‍ത്ഥം മാത്രമേയുളളൂവെന്നു പലപ്പോഴും തോന്നാറുണ്ട്.
ഫേസ്ബുക്കില്‍ നിന്നു ലോഗൗട്ട് ചെയ്ത് ട്വിറ്ററിലെത്തിയാലും സ്ഥിതി വിഭിന്നമല്ല. ഇരുട്ടാകുമ്പോള്‍ മലയാളിയിലെ സദാചാരത്തിന്റെ കപടമുഖം വലിച്ചെറിയപ്പെടുന്നു. ട്വീറ്റുകളില്‍ പലതും അറപ്പുളവാക്കും. ഈ നേരത്തു വരുന്ന പെണ്ണുങ്ങള്‍ ഫേക്കുകളോ സെക്‌സ് ചാറ്റിനായി വരുന്നവരോ ആയാണ് 'ട്വീപ്പു'കള്‍ കരുതാറുള്ളത്.
സ്ത്രീകള്‍ക്ക് രാത്രി സഞ്ചാരസ്വാതന്ത്രമില്ല, ലൈംഗികാതിക്രമങ്ങള്‍ കൂടുന്നുവെന്നിങ്ങനെ ഗൗരവമേറിയ പല വിഷയങ്ങളുമുണ്ടെന്നിരിക്കെ പാതിരാവില്‍ ബ്രൗസിങ്ങ് തീര്‍ത്തും നിസ്സാരസംഭവമാണെന്നൊരു 'ഫേസ്ബുക്കര്‍' അഭിപ്രായപ്പെട്ടു.
ഇന്റര്‍നെറ്റ് വിശാലമായ ലോകമാണ് നമുക്കു മുന്‍പില്‍ തുറന്നു തരുന്നത്. സ്വന്തം കാഴ്ചപ്പാടുകളും ആശയങ്ങളും ഏതു നിമിഷവും പ്രകടിപ്പിക്കാന്‍ ഇ-ലോകം സഹായിക്കുന്നു. അവിടെപ്പോലും ഒരു നേരം കഴിഞ്ഞാല്‍ കടന്നുചെല്ലുന്നത് സ്ത്രീകള്‍ക്ക് അരോചകമായി തോന്നുന്നു.
വിര്‍ച്വല്‍ ലോകമെന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് നമുക്കു ചുറ്റും സൃഷ്ടിക്കുന്നതൊരു മായിക വലയമാണ്. അവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയുള്ള സംവാദനശീലമുണ്ടെങ്കിലേ നല്ല കൂട്ടായ്മകളും അഭിപ്രായരൂപീകരണവും സാധ്യമാവുകയുളളൂ.
ബ്ലോഗുകളില്‍ സജീവസാന്നിധ്യമായ ഒരു ചേച്ചി പറയുന്ന പോലെ, 'കഥയും കാലവും മാറി. സ്ത്രീകളുടെ ജീവിതരീതിയും തൊഴില്‍വീഥികളും വ്യത്യസ്തമായി. സമൂഹത്തിന് അതു മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതു ബോധ്യപ്പെടുത്തേണ്ട ചുമതല വനിതകള്‍ക്കാണ്'
സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത പല സ്ത്രീകള്‍ക്കും വിലക്കുകളില്ലാത്ത ലോകമാണ് ഓണ്‍ലൈന്‍. അവിടുത്തെ ചതിക്കുഴികള്‍ മനസ്സിലാക്കാനും മറികടക്കാനും കഴിയുമെങ്കില്‍ ഇഷ്ടമുളള നേരത്ത് ബ്രൗസ് ചെയ്യാം, ആരും കടന്നു പിടിക്കുമെന്നു ഭയക്കാതെ!
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger