മഞ്ജുവിന്റെ തിരിച്ചുവരവ് നമ്മോടു പറയുന്നത്
ചില യാത്രകളുണ്ട് , പ്രിയപ്പെട്ട പലതും നഷ്ടമാക്കി അന്നുവരെയുണ്ടായിരുന്ന സൂര്യപ്രഭയെ ഒന്നുമല്ലാതെയാക്കി, അതുവരെ നോക്കിനിന്നിരുന്നവരുടെ മുന്നില്‍നിന്നും കാണാമറയത്തേയ്ക്കുള്ള ചില യാത്രകള്‍.. ഒരുപക്ഷേ അത്തരം യാത്രകള്‍ ചിലരുടെ സ്വകാര്യതകള്‍ ആയിരിക്കാം, ആയിരിക്കണം, സമൂഹത്തിന്, കുറ്റപ്പെടുത്താന്‍ അവകാശമില്ല. സ്വരം നന്നായിരുന്നപ്പോഴേ പാട്ടു നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് , ചില സിനിമകളിലെ പാട്ടുകേട്ട് യേശുദാസിനെ ഓര്‍ത്തു പറയാറുണ്ട്, എന്നാല്‍ അക്കാര്യത്തില്‍ മിടുക്കിയാണ്, മഞ്ജുവാരിയര്‍ എന്ന അഭിനയ പ്രതിഭ.
1995 ല്‍ സാക്ഷ്യം എന്ന മുരളി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളില്‍ മാത്രമഭിനയിച്ച് നടന്‍ ദിലീപിനൊപ്പം വിവാദമുണ്ടാക്കിയ വിവാഹത്തിലേര്‍പ്പെട്ട് ഒടുവില്‍ മലയാള സിനിമയില്‍ നിന്നു പടിയിറങ്ങുമ്പോള്‍ ഇനിയീ നടിയ്ക്ക് മറ്റൊരു പടികയറ്റം ഉണ്ടാകുമെന്ന് ആരും കരുതിയിരിക്കില്ല. പക്ഷേ അവരുടെതന്നെ സിനിമയായ 'ദില്ലിവാലാ രാജകുമാരന്‍' അനുസ്മരിക്കപ്പെടുന്നു, മുടങ്ങിപ്പോയ പടികയറ്റം വീണ്ടുമുണ്ടാകുന്നു. ആളൊഴിഞ്ഞ രാജകുമാരിപ്പട്ടം ഇപ്പൊഴും ഏകാന്ത ധ്യാനത്തിലമര്‍ന്നു കിടക്കുന്നു.
മലയാള സിനിമ ഇന്ന് വലിയൊരു മാറ്റത്തിന്റെ വഴിയിലാണ്, നവതലമുറ സിനിമകളില്‍ നായകനോ, നായികയ്‌ക്കോ പ്രാധാന്യമില്ലാതെ കയ്യടി വാങ്ങി കൂട്ടുന്നത് സംവിധായകനും തിരക്കഥാകൃത്തും മാത്രമാണ്. സിനിമ എന്നും ഇവരുടെ മാത്രമാണെന്ന് ഈ പുത്തന്‍ ട്രെന്‍ഡ് വീണ്ടും ഉറപ്പിക്കുന്നു. കുറച്ചെങ്കിലും അഭിനേതാക്കളെ പൊലിപ്പിക്കുന്നുണ്ടെങ്കില്‍ അത് നായകനേയോ കോമഡി താരങ്ങളെയോ മാത്രമാണ്, ഇങ്ങനെയുള്ള മലയാള സിനിമയില്‍ മഞ്ജുവാരിയരുടെ മടങ്ങി വരവ് എവിടെയായിരിക്കും? അതിന്, എത്ര ആയുസ്സുണ്ടാകും?
അഭിയനത്തില്‍ ശോഭനയോളം, ഉര്‍വ്വശിയോളം ഒക്കെ മികച്ച നടിയാണവര്‍. ശോഭനയും ഉര്‍വ്വശിയും അഭിനയപ്രാധാന്യമുള്ള കഥകള്‍ മാത്രം തിരഞ്ഞു പിടിച്ച് ഇടയ്ക്കു കേരളത്തില്‍വന്ന് അഭിനയിച്ചിട്ടു പോകുന്നു. പക്ഷേ അവരാരും മാദ്ധ്യമ ഭീകരത അനുഭവിച്ചിട്ടുള്ളവരല്ല.
മഞ്ജുവിന്റെ പേര്, മാസങ്ങളായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞോടുന്നു. അമിതാഭ് ബച്ചനൊപ്പമുള്ള മടങ്ങി വരവ് മലയാളികള്‍ ആഘോഷിച്ചു എന്നു തന്നെ പറയാം. അതിനേക്കളേറെ നമ്മള്‍ ആഘോഷിച്ചത് ദിലീപും മഞ്ജുവും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തയായിരുന്നു. മറ്റുള്ളവന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് അമിതമായി ഉറ്റുനോക്കുന്ന മലയാളിയുടെ തനതുസ്വഭാവം അവരുടെ ജീവിതത്തിലേയ്ക്കും ഇറങ്ങിച്ചെന്നു. ആ അവസ്ഥയില്‍ മഞ്ജുവിന്റെ തിരിച്ചുവരവ് പ്രേക്ഷകരുടെ കൂടെ ആവശ്യമായിരുന്നു. കല്യാണ്‍ ജുവലറിയുടെ പുതിയ പരസ്യത്തില്‍ മഞ്ജു അഭിനയിക്കുന്നു എന്ന വാര്‍ത്ത ഒട്ടൊരു സാഡിസത്തോടെയാണ്, മലയാളി കേട്ടതെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പരസ്യം ഇറങ്ങിയ ദിവസത്തെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സുകളൊക്കെ ആ പരസ്യത്തിനെതിരായിരുന്നു. മഞ്ജുവില്‍നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന മട്ട്. അതിനുമപ്പുറം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വാചകങ്ങള്‍ . ഇതിലും ഭേദം പരോപകാരം ചെയ്യുന്ന ദിലീപിന്റെ കല്യാണ്‍ ജുവലറി
പരസ്യമാണെന്ന് ഉയര്‍ന്നും മറഞ്ഞും കേള്‍ക്കുന്ന അഭിപ്രായങ്ങള്‍ . ഇവിടെ ആര്‍ക്കാണ്, തെറ്റു പറ്റിയത്?
ആവശ്യമില്ലാഞ്ഞിട്ടും സ്വന്തം മടങ്ങി വരവിനെ ഇത്ര കണ്ട് ആഘോഷിച്ച മഞ്ജുവിനോ?
മലയാളിയുടെ സാഡിസ്റ്റ് സ്വഭാവം എന്തേ അവരെപോലെ ഒരു സ്ത്രീ തിരിച്ചറിയാതെ പോയി?
മഞ്ജുവിന്റെ മടങ്ങി വരവ്, വെറുമൊരു പരസ്യത്തിനുവേണ്ടി മാത്രമുള്ളതല്ലെന്ന് അനുമാനിക്കാം. അഭിനയപ്രാധാന്യമുള്ള ഒരു വേഷത്തില്‍ അവരെ നാമൊക്കെ ഇപ്പോഴും പ്രതീക്ഷിക്കുകയും ചെയ്യുന്നു. മലയാളത്തില്‍ ആ നായികാ വസന്തം വീണ്ടും വരട്ടെ. അടിഞ്ഞുകൂടി കിടക്കുന്ന നായക ധാര്‍ഷ്ട്യത്തെ തച്ചുടയ്ക്കാന്‍ അതാവശ്യവുമാണ്. പക്ഷേ പണ്ട് സ്വരം നന്നായിരുന്നപ്പോള്‍ പാട്ടുനിര്‍ത്തിയ ആര്‍ജ്ജവത്തെ മറക്കാതിരുന്നാല്‍ മലയാളിയുടെ ഇതിലും ക്രൂരമായ മറ്റൊരു മുഖം കാണാതെയിരിക്കാം. ശോഭനയും മറ്റും ചെയ്യുന്നതുപോലെ അഭിനയപ്രാധാന്യമുള്ള നല്ല സിനിമകള്‍ക്കുവേണ്ടി കാത്തിരിക്കാം. ഒരുകാലത്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന ആ പഴയ വികൃതിക്കുട്ടി, നദിയാമൊയ്തു തിരിച്ചു വന്നു, ഇത്ര വലിയ വാര്‍ത്ത ആയിരുന്നില്ലെങ്കിലും അതൊരു തുടക്കമയിരുന്നു, 'എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി', നായികാപ്രാധാന്യമുള്ള വേഷം. പക്ഷേ മലയാളത്തിലേയ്ക്ക് ചുവടുവച്ചപ്പോള്‍ രണ്ടാം വരവ് പതറിപ്പോയി. മമ്മൂട്ടിയുടെ ഒപ്പമുള്ള ഡബിള്‍സും ന്യൂ ജനറേഷന്‍ പിള്ളേര്‍ക്കൊപ്പമുള്ള സെവന്‍സും അത്ര വിജയമായില്ല, മാത്രമല്ല ഡബിള്‍സിലെ വേഷം അത്ര ഉഷാറുമായില്ല. ഇതൊരുപക്ഷേ ഒരു മുന്‍കാലനായികയുടെ മാത്രം ദുര്യോഗമായിരിക്കം.
നായകന്റെ എന്നും മധുരപ്പതിനാറിലിരിക്കുന്ന മുഖവും നായികയുടെ പ്രായത്തിനൊത്ത മാറ്റമുള്ള മുഖവും വ്യത്യാസമുണ്ട്. വിവാഹത്തിനു ശേഷമുള്ള തിരിച്ചു വരവിലുണ്ടായ ദു:ഖപൂര്‍ണമായ അനുഭവം നായികയായിരുന്ന നവ്യ നായര്‍ പറഞ്ഞത് മറക്കുന്നില്ല. അന്‍പതു വയസ്സിനു മുകളിലുള്ള നായകന്‍മാര്‍ക്കാണെങ്കിലും പതിനേഴും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ നായികമാരാകുമ്പോള്‍ അവിടെ നായകപ്രാധാന്യമുള്ള ഒരു സിനിമയ്ക്കു തന്നെയാകും പ്രാധാന്യം. ഇങ്ങനെയൊക്കെയുള്ള ഒരു ലോകത്തേയ്ക്കാണ്, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും മഞ്ജുവാരിയര്‍ കടന്നു വരുന്നത്. അവരുടെ സ്വകാര്യ ജീവിതം സ്വകാര്യതയായി തന്നെ ഇരിക്കട്ടെ. പക്ഷേ അഭിനയ ജീവിതത്തിന്റെ ഏടുകള്‍ തുറന്നു കിടക്കുന്നു ഇനിയും. ഇത്ര വലിയ പരസ്യത്തിന്റെ അകമ്പടിയില്ലാതെ തന്നെ പ്രതിഭ തെളിയിക്കാന്‍ ശേഷിയുള്ളവരാണവര്‍. . പ്രശംസകരുടെ മായാലോകത്തുനിന്ന് വിടുതല്‍നേടി കഴിവു തെളിയിക്കാനുള്ള അവസരങ്ങള്‍ അവര്‍ക്കു ലഭിക്കട്ടെ. അതിരറ്റ പ്രശംസ നശിപ്പിക്കുന്നത് ഒരുവന്റെ കഴിവിനെയാണെന്ന സ്വയംബോധം നശിക്കാതെ നല്ലനല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇനിയും മലയാളിയുടെ മനസ്സുകവരാന്‍ മഞ്ജുവിനാകട്ടെ. അല്ലാതെ കല്യാണ്‍ ജുവലറിയുടെ പരസ്യംപോലെ സ്വയം പൊങ്ങുന്ന പരസ്യമുഹൂര്‍ത്തങ്ങള്‍ ഉപേക്ഷിക്കാതെ സിനിമാ ലോകത്ത് തുടര്‍ന്നാല്‍ ഇന്ന് ഉയര്‍ത്തിക്കൊണ്ടു നടക്കുന്ന ഈ മലയാളി തന്നെ അതേ പോലെ താഴെയിടും. അതൊരു മാനുഷ സ്വഭാവമാണ്.
മഞ്ജുവിന്, ആശംസകള്‍
-