Kerala tv show and news
മാതാവിന്റെ മരണം കൊലപാതകം: മകന്‍ കസ്‌റ്റഡിയില്‍
കൊട്ടാരക്കര: മദ്യപിക്കാന്‍ പണം നല്‍കാത്ത മാതാവിന് മകന്റെ വക മര്‍ദ്ദനം. മര്‍ദനത്തിനിടയിലാണ് മാതാവ് മരിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തി.
ഏറത്തുകുളക്കട, ലക്ഷംവീട് ജംഗ്‌ഷന് സമീപം മനോജ് ഭവനില്‍ മണിയമ്മാ(53)ളിന്റെ മൃതദേഹമാണ് ഇന്നലെ പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തിയത്. ഏക മകന്‍ മനോജ് കൃഷ്‌ണനെ(29)ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലെടുത്തു.
മനോജ് കൃഷ്‌ണന്റെ മര്‍ദനമേറ്റ ശേഷമാണ് മാതാവ് മരിച്ചതെന്ന് മനോജ് കൃഷ്‌ണന്‍ ക്രൈംബ്രാഞ്ച് സംഘത്തോട് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്‌ഥനായ കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സി.ജി. സുരേഷ്‌കുമാര്‍ വെളിപ്പെടുത്തി. 2012 ഏപ്രില്‍ 29-ന് രാവിലെ 8.30-നായിരുന്നു സംഭവം. വീട്ടില്‍ പണം ചോദിച്ചു കൊടുക്കാതിരുന്നതിന് മാതാവ് മണിയമ്മാളിനെ ക്രൂരമായി മനോജ് കൃഷ്‌ണന്‍ മര്‍ദ്ദിച്ചു. മണിയമ്മാളിന്റെ നിലവിളികേട്ട് അയല്‍വീട്ടിലെ ഡോക്‌ടറെ നാട്ടുകാര്‍ വിളിച്ചുവരുത്തി പരിശോധിച്ചു. ഉടന്‍ പൂവറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആസ്‌മ രോഗിയായ മണിയമ്മാള്‍ കുളക്കട ബി.എഡ്. സെന്ററിലെ ദിവസവേതന സ്വീപ്പര്‍ ആയിരുന്നു. രോഗതളര്‍ച്ചമൂലം പലദിവസവും അവര്‍ ഓട്ടോറിക്ഷയിലാണ് ജോലിയ്‌ക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്. മദ്യപാനിയായ മനോജ് കൃഷ്‌ണന്‍ കല്‍പണിക്കാരനാണ്. എട്ടുമാസം ഗള്‍ഫിലുമായിരുന്നു. നാട്ടിലെത്തിയതോടെ സ്‌ഥിരം മദ്യപാനിയായി. ഇതോടെ മതാവിനെ നിരന്തരം മര്‍ദിക്കുക പതിവായി.
ഇതിനിടയില്‍ മതാവിന്റെ ഇളയ സഹോദരീ പുത്രനെ മനോജ് കൃഷ്‌ണന്‍ ഒരിക്കല്‍ അലമാരയില്‍വച്ച് പൂട്ടിയിരുന്നു. മണിയമ്മാള്‍ മരിച്ചതിന്റെ തലേന്നും ഇയാള്‍ മര്‍ദിച്ചിരുന്നു. മരണദിവസം മാതാവിന്റെ നിലവിളികേട്ട് ഭയന്ന് രണ്ടരവയസുകാരി മകളുമായി മനോജിന്റെ ഭാര്യ സുജാത തലവൂരിലെ വീട്ടിലേക്ക് പോയി.
ഇവര്‍ പിന്നീട് മാതാവിന്റെ മരണവാര്‍ത്ത അറിഞ്ഞാണ് വീട്ടിലെത്തുന്നത്. ഇതെല്ലാം നാട്ടുകാര്‍ക്ക് സംശയമായി. ഇതേതുടര്‍ന്ന് നാട്ടുകാരിലാരോ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കത്തെഴുതി. കത്തില്‍ മനോജ് കൃഷ്‌ണന്റെ മദ്യപാനവും അക്രമണ പരമ്പരയും വിശദീകരിച്ചിരുന്നു. ചീഫ് ജസ്‌റ്റിസിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി,ഡി.ജി.പി., ക്രൈം ബ്രാഞ്ച് ഡി.ജി.പി., ഇന്റലിജന്‍സ് ഡി.ജി.പി. എന്നിവര്‍ക്ക് കത്തിന്റെ പകര്‍പ്പ് അയച്ചു. എന്നാല്‍ ലോക്കല്‍ പോലീസും, ഇന്റലിജന്‍സും അന്വേഷിച്ചെങ്കിലും വ്യക്‌തമായ വിവരം ലഭിച്ചില്ല. എന്നാല്‍ രണ്ട് മാസം മുമ്പ് കൊല്ലം ക്രൈബ്രാഞ്ചിന് ലഭിച്ച ഹൈക്കോടതി നിര്‍ദേശം അടങ്ങിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മണിയമ്മാളിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി.
മനോജ് കൃഷ്‌ണന്‍, ഭാര്യ സുജാത, നാട്ടുകാര്‍ എന്നിവരെയും പൂവറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലും പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ മരണത്തിലെ ദുരൂഹത പുറത്തുവന്നു. കൊല്ലം ആര്‍.ഡി.ഒയ്‌ക്ക് പകരമായി കൊട്ടാരക്കര തഹസില്‍ദാര്‍ സോമസുന്ദരന്‍പിള്ള സ്‌ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി.ജി. സുരേഷ്‌കുമാര്‍ സ്‌ഥലത്തെത്തി ഒരുമണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികല, അസി. പ്രഫസര്‍ ഡോ. ശാരിജ, സയന്റിഫിക് അസിസ്‌റ്റന്റ് ഗോപിക, പുത്തൂര്‍ എസ്.ഐ. രാജു, പഞ്ചായത്ത് അംഗങ്ങളായ ജെ. ഗീതാകുമാരി, സിന്ധു, ക്രൈംബ്രാഞ്ച് എസ്.ഐ. രാജേഷ്, പുത്തൂര്‍ എ.എസ്.ഐ. കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് വീടിന് സമീപം ഒരുക്കിയ താല്‍ക്കാലിക ഷെഡ്‌ഡില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ ശേഖരിച്ചു ശേഷം തിരികെ സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുത്തത് കാണാന്‍ വന്‍ജനകൂട്ടത്തെി. രാജമ്മാളിന്റെ അനുജത്തി ഉഷയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാജമ്മാളിന്റെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ട് പോയതാണ്. മാതാവിന്റെ മരണശേഷം മനോജ് ഭാര്യാവീട്ടിലായിരുന്നു താമസം.