ഗണേഷ്‌കുമാര്‍ രാജികത്ത് നല്‍കി
തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കി. രാജിക്കാര്യം അറിയിച്ചുള്ള കത്ത് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇന്നു രാവിലെ കൈമാറി. പത്തനാപുരത്തെ ജനപ്രതിനിധിയായ താന്‍ തത്സഥാനം രാജിവയ്ക്കുന്നതായി അറിയിക്കുന്നതാണ് കത്ത്. സ്പീക്കര്‍ക്ക് നല്‍കാനുള്ള കത്തും ബാലകൃഷ്ണപിള്ളയ്ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിക്കത്ത് മുഖ്യമന്ത്രിക്കോ സ്പീക്കര്‍ക്കോ കൈമാറിയിട്ടില്ല. മുന്നണി നേതൃത്വത്തോടുള്ള അസ്വസ്ഥതയാണ് രാജിക്ക് പിന്നിലെന്ന് സൂചനയുണ്ട്.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഗണേഷിനെ നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം വൈകുന്നതിലുള്ള അതൃപ്തിയാണ് രാജിസന്നദ്ധയിലേക്ക് നയിച്ചത്. രാജിപ്രഖ്യാപനത്തിലൂടെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി മന്ത്രിസ്ഥാനം അടക്കമുള്ള അധികാര പദവികള്‍ തിരിച്ചുപിടിക്കാനുള്ള തന്ത്രമാണ് ഗണേഷും കേരള കോണ്‍ഗ്രസ് (ബി)യും സ്വീകരിച്ചിരിക്കുന്നതെന്നത്. ചെറിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അധികാരത്തില്‍ തിരിച്ചെത്തുകയാണ് ഗണേഷിന്റെ ലക്ഷ്യം.
കേരള കോണ്‍ഗ്രസ് (ബി) നേതൃയോഗം നാളെ നടക്കാനിരിക്കേയാണ് ഗണേഷ് രാജിക്കത്ത് നല്‍കിയത്. നാളത്തെ യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്യും. രാജിക്കത്ത് ലഭിച്ചതായി ബാലകൃഷ്ണപിള്ള സമ്മതിച്ചുവെങ്കിലും പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കൂവെന്നും പിള്ള വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചത്. ഭാര്യയുമായുള്ള നിയമ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ചെങ്കിലും സോളാര്‍ വിവാദത്തെ തുടര്‍ന്ന് ആ സാധ്യത മങ്ങി. പത്തനാപുരത്തുനിന്നുള്ള എംഎല്‍എയായിരുന്നു ഗണേഷ്‌കുമാര്‍. മൂന്നു തവണ എംഎല്‍എയായിട്ടുണ്ട്. രണ്ടു തവണ മന്ത്രിയായെങ്കിലും രാജിവച്ചൊഴിയുകയായിരുന്നു.
2001ല്‍ ആണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. ആന്റണി മന്ത്രിസഭയില്‍ ആദ്യം മന്ത്രിയായി. ഇതിനിടെ അച്ഛനും മകനും തമ്മില്‍ അകന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്നണിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗണേഷിനെ മന്ത്രിയാക്കാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് അനുകൂലിക്കേണ്ടിവന്നു. മകന് വനം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പ് ലഭിക്കാന്‍ ബാലകൃഷ്ണപിള്ള തന്നെ രംഗത്തുവന്നു. അതിനിടെ ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ജയിലിലായി. ഇതോടെ അച്ഛനും മകനും തമ്മില്‍ വീണ്ടും ഇടഞ്ഞു. പാര്‍ട്ടിയെ ധിക്കരിച്ച് മുന്നോട്ടുനീങ്ങിയ ഗണേഷിനെതിരെ പിള്ളയും രംഗത്തുവന്നു. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വിരോധവും ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നം ക്രിമിനല്‍ കേസിലേക്ക് നീങ്ങിയതും മന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഗണേഷിനെ നിര്‍ബന്ധിതനാക്കി.
{[['']]}