Posted by Unknown
Posted on Friday, October 11, 2013
with No comments
ഒരു വര്‍ഷത്തില്‍ എത്ര റോഡപകടങ്ങളാണ് ലോകമൊട്ടുക്ക് ഉണ്ടാവുന്നത്? ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് റോഡപകടങ്ങള്‍ കാരണം 12.4 ലക്ഷം ജീവനുകളാണ് പ്രതിവര്‍ഷം പൊലിയുന്നത്.
ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എല്ലാ അപകടങ്ങളുമുണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ പറയേണ്ടി വരും. ചില അപകടങ്ങളെങ്കിലും ഡ്രൈവറുടെയും കാല്‍നട യാത്രക്കാരന്റെയും ഭാഗ്യക്കേടുകൊണ്ട് സംഭവിക്കുന്നവയാണ്. ഒരു വളവില്‍ കാല്‍നട യാത്രക്കാരന്റെ അശ്രദ്ധമായ ഒരു ക്രോസിങ് അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു യാത്രക്കാരന്റെ അപകടകരമായ വട്ടം ചാടല്‍. ഇങ്ങനെ പല കാര്യങ്ങളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഡ്രൈവര്‍ എത്ര ശ്രദ്ധാലുവാണെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ പതറിപോവും. എന്നാല്‍, അപകടം മുന്നില്‍ക്കണ്ട് നിങ്ങളുടെ കാറിന്റെ സ്റ്റിയറിങ് സ്വയം വെട്ടിതിരിഞ്ഞ് അപകടമൊഴിവാക്കിയാലോ. വന്യമാണ് സങ്കല്‍പ്പം; പക്ഷെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ജര്‍മനിയിലെ ചില വാഹന ഡിസൈനര്‍മാരുടെ ഒരു കണ്‍സോര്‍ഷ്യം വ്യക്തമാക്കുന്നത്.
വന്‍കിട വാഹന നിര്‍മാണക്കമ്പനിയായ ഫോര്‍ഡ് അടക്കമുള്ള കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ഈ സങ്കേതം വികസിപിക്കുന്നത്. ഒബ്സ്റ്റാക്കിള്‍ അവോയിഡന്‍സ് സിസ്റ്റം എന്ന ഈ സംവിധാനം അപകടം മണത്തറിഞ്ഞ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആദ്യം ചെയ്യുക. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ സ്റ്റിയറിങ് സ്വയം വെട്ടിതിരിഞ്ഞ് അപകടമൊഴിവാക്കും. ഡ്രൈവറില്ലാത്ത കാറുകളുടെ സങ്കേതം വികസിപ്പിക്കുന്നതിനും ഇപ്പോള്‍ നടക്കുന്ന പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് ഈ സംവിധാനത്തിന്റെ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍മാര്‍ വിരല്‍ചൂണ്ടുന്നു.
കാറിലെ ഒട്ടുമിക്ക സുരക്ഷാ സംവിധാനങ്ങളിലേത് പോലെ സെന്‍സറുകള്‍ തന്നെയാണ് ഇവിടെയും നിര്‍ണായക ജോലി ചെയ്യുന്നത്. കാറിന്റെ മുന്നിലെ ബമ്പര്‍ തൊട്ട് മുന്നോട്ടുള്ള 200 മീറ്ററാണ് വാഹനത്തില്‍ ഘടിപ്പിച്ച ഈ സുരക്ഷാഉപകരണം സ്‌കാന്‍ ചെയ്യുക. മൂന്ന് റഡാറുകളും അള്‍ട്രാ സോണിക് സെന്‍സറുകളും ക്യമറകളുമാണ് ഇതിന് സഹായിക്കുക. ഈ ദുരപരിധിക്കുള്ളില്‍ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള എന്തെങ്കിലും വസ്തു വരുന്ന പക്ഷം കാറിനുള്ളിലെ ഡിസ്‌പ്ലേയിലേക്ക് സെന്‍സറുകള്‍ മുന്നറിയിപ്പ് നല്‍കും. ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞൊടിയിടിയില്‍ കാറിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കുകയും ഒരു കൂട്ടിയിടി ഒഴിവാക്കുന്നതിനായി സ്റ്റിയറിങ് വെട്ടിതിരിയുകയും ചെയ്യും.
ഒരു ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഒരു ആംഗിളില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ പലപ്പോഴും വണ്ടികള്‍ക്ക് മുന്നിലേക്ക് വട്ടം ചാടാറുണ്ട്. ഇങ്ങനെയുണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കുന്നത്. ഫോര്‍ഡ് നിലവില്‍ നല്‍കുന്ന പല സുരക്ഷാ സംവിധാനങ്ങളുടെയും ചുവടുപിടിച്ചാണ് പുതിയ ഉപകരണവും വികസിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍ അശ്രദ്ധമായി ലയിന്‍ തെറ്റിച്ച് ഓടിക്കുന്നത് തടയാന്‍ കഴിയുന്ന മറ്റൊരു സംവിധാനം ഫോര്‍ഡ് കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചിരുന്നു. കാറിന്റെ ടയറുകള്‍ സ്വയം ജെര്‍ക്ക് ചെയ്ത് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമായിരുന്നു അത്. പക്ഷെ 30 കിലോമീറ്റര്‍ സ്പീഡിന് താഴെ മാത്രമാണ് ഇത് സാധ്യമായിരുന്നത്.
പക്ഷെ കാര്‍ 60 കിലോമീറ്റര്‍ സ്പീഡിന് മുകളില്‍ കുതിച്ചുപായുമ്പോള്‍ പോലും പുതിയ സംവിധാനം പ്രവര്‍ത്തിക്കും. ഫോര്‍ഡിന് പുറമെ ബി.എം.ഡബ്ല്യു, ഫിയറ്റ്, ഡയിംലര്‍, വോള്‍വോ, ഫോക്‌സ് വാഗണ്‍ എന്നീ കമ്പനികളാണ് പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ചൈനീസ് കമ്പനിയായ ഗീലിക്ക് കീഴിലെ സൂപ്പര്‍ ബ്രാന്‍ഡായ വോള്‍വോ സ്വന്തമായി ഇത്തരം മറ്റൊരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. പെഡസ്ട്രിയന്‍ സൈക്ലിസ്റ്റ് അലര്‍ട്ട് സിസ്റ്റം എന്നാണ് ഇതിന്റെ പേര്.
Posted by Unknown
Posted on Friday, October 11, 2013
with No comments
മുംബൈ: കൊച്ചുമകള്‍ ആരാധ്യ 'ഹാപ്പി ബര്‍ത്ത്‌ഡേ' പാടിയപ്പോള്‍ , 'ബര്‍ത്ത്‌ഡേ ബോയ്' അമിതാഭ് ബച്ചന്‍ ആഹ്ലാദത്താല്‍ മതിമറന്നു. രണ്ട് വയസ്സുകാരിയായ ആരാധ്യ കേന്ദ്രബിന്ദുവായ ചടങ്ങ് 71-ാം പിറന്നാള്‍ ആഘോഷിച്ച അമിതാഭിനും കുടുംബത്തിനും സന്തോഷത്തിന്റെയും ആത്മസംതൃപ്തിയുടെയും മുഹൂര്‍ത്തമായി മാറി.
'എന്റെ ദേഹത്തിന് ശക്തിയുള്ളിടത്തോളം കാലം പ്രവര്‍ത്തിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത് അതിനുവേണ്ടി ഇനിയും ഞാന്‍ പരിശ്രമിക്കു' മെന്ന് ട്വിറ്ററില്‍ നല്കിയ ജന്മദിന സന്ദേശത്തില്‍ അമിതാഭ് വ്യക്തമാക്കി.
അമിതാഭിന്റെ 70-ാം ജന്മദിനം വലിയ ആഘോഷമായാണ് കടന്നുപോയത്. എന്നാല്‍ 71-ാം ജന്മദിനം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചെറു ചടങ്ങില്‍ മാത്രമൊതുങ്ങി. എല്ലാ വര്‍ഷവും വലിയ രീതിയില്‍ ജന്മദിനം ആഘോഷിക്കാനാവില്ല. എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും ഞാന്‍ സന്തോഷം പങ്കുവെക്കുന്നെന്നും അമിതാഭ് സന്ദേശത്തില്‍ പറഞ്ഞു.
1969 ല്‍ 'സാത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് ബോളിവുഡിലെ ക്ഷോഭിക്കുന്ന യുവത്വമായി മാറിയ താരം. അന്നും ഇന്നും ഹിന്ദി സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നടനാണ്ബിഗ് ബി. നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ 180-ല്‍ അധികം ചിത്രങ്ങളില്‍ അമിതാഭ് അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനിന് പുറമെ, ടെലിവിഷന്‍ രംഗത്തും അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമാണ്.
പിറന്നാള്‍ ദിനത്തില്‍ മറ്റൊരു വേഷത്തിലും അമിതാഭ് എത്തുന്നെന്ന പ്രത്യേകതയുണ്ട്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ 102 വയസ്സുള്ള വൃദ്ധനായാണ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നു. '102 നോക്ക്ഔട്ട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പരേഷ് റാവല്‍ ബച്ചന്റെ മകനായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി അച്ഛന്റെ പേരിലുള്ള ഹരിവംശറായ് ബച്ചന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഊര്‍ജ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് മൂവായിരത്തോളം വീടുകളില്‍ സൗരോര്‍ജം എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.
Posted by Unknown
Posted on Friday, October 11, 2013
with No comments
ചങ്ങരംകുളം: തുടര്‍ച്ചയായി 32 മണിക്കൂര്‍ തായമ്പകകൊട്ടി ആലങ്കോട് ഗിരീഷ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ആര്യങ്കാവ് ഭഗവതിക്ഷേത്ര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേജില്‍ തുടങ്ങിയ താളപ്രണാമം അസുരവാദ്യത്തില്‍ വിസ്മയ പ്രപഞ്ചം തീര്‍ത്ത് വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് കൊട്ടിയിറങ്ങിയത്. ഇതോടെ തായമ്പകയില്‍ നിലവിലുള്ള റെക്കോര്‍ഡ് ഗിരീഷിന് മുമ്പില്‍ തലക്കുനിക്കുകയായിരുന്നു.
ആലങ്കോട് ഇല്ലത്തുവളപ്പില്‍ ഗോവിന്ദന്‍നായരുടെയും ശാന്തകുമാരിയുടെയും മകനാണ് ഗിരീഷ്. ആറാം വയസ്സിലാണ് ഗിരീഷ് ചെണ്ട അഭ്യസിച്ചുതുടങ്ങിയത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ക്ഷേത്രസന്നിധികളിലും ഉത്സവപ്പറമ്പുകളിലും തായമ്പകയില്‍ ഗിരീഷ് നിറസാന്നിധ്യമായിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 9.30ന് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയാണ് താളപ്രണാമം ഉദ്ഘാടനംചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നിലവിലുള്ള തായമ്പകയുടെ റെക്കോര്‍ഡ് മറികടന്നതോടെ വേദിക്ക് മുന്നില്‍ തിങ്ങിനിറഞ്ഞ നാട്ടുകാരും വാദ്യകലാ ആസ്വാദകരും ഗുരുശിഷ്യന്‍മാരും ഹര്‍ഷാരവത്തോടെ പുതിയ റെക്കോര്‍ഡിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഗിരീഷിനെ അനുമോദിക്കാന്‍ ശനിയാഴ്ച വൈകുന്നേരം ആര്യങ്കാവ് ക്ഷേത്രപരിസരത്ത് യോഗം ചേരുന്നുണ്ട്.