ആലുവ: ബൈക്കിൽ സഞ്ചരിച്ച കുടുംബത്തെ മദ്യലഹരിയിൽ എസ്.ഐ പൊലീസ് ജീപ്പ് കൊണ്ട് ഇടിച്ച് വീഴ്‌ത്തിയ ശേഷം മർദ്ദിച്ചതായി പരാതി. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രദീപിനെതിരെ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി കരിയാട്പറമ്പ് വീട്ടിൽ രാജേഷാണ് പരാതി നൽകിയത്. പരിക്കേറ്റ രാജേഷ് (30), ഭാര്യ നീതു (24), മകൾ ശ്രീഭദ്ര (3) എന്നിവർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു.
ഇന്നലെ ഉച്ചയോടെ ദേശീയപാതയിൽ അത്താണ് കാംകോയ്‌ക്ക് സമീപമായിരുന്നു സംഭവം. രാജേഷും കുടുംബവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ കൈ കാണിച്ചിട്ടും നിറുത്താതിരുന്നതിനാൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ നിറുത്താനാവശ്യപ്പെട്ടില്ലെന്നും ജീപ്പിടിച്ച് വീഴ്‌ത്തിയ ശേഷം 'നീയെന്തടാ കൈകാണിച്ചിട്ടും നിറുത്താത്തത്" എന്ന് ചോദിച്ച് കരണത്തടിക്കുകയായിരുന്നെന്നും രാജേഷ് പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്.ഐ ചോദിച്ചപ്പോൾ, വൈദ്യപരിശോധന നടത്താമെന്നറിയിച്ചപ്പോൾ വീണ്ടും മർദ്ദിച്ചു. തടയാൻ വന്ന ഭാര്യയെ തള്ളി വീഴ്‌ത്തി. ഇതിനിടെ കുട്ടിക്കും പരിക്കേറ്റു. സംഭവം കണ്ട് നാട്ടുകാർ കൂടിയതോടെ നീതുവിന്റെ പഴ്സും കുട്ടിയുടെ വസ്ത്രങ്ങളും ഇരുന്ന ബൈക്കുമായി എ.എസ്.ഐ രക്ഷപ്പെട്ടു. പ്രകോപിതരായ നാട്ടുകാർ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുടച്ചു.
അടുത്തിടെ ഹെൽമറ്റ് പരിശോധനയുടെ മറവിൽ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് ലിജുവിനെ മർദ്ദിച്ച സംഭവത്തിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ചെങ്ങമനാട് സ്റ്റേഷനിലെത്തിയതാണ് ആരോപണവിധേയനായ എസ്.ഐ പ്രദീപ്.
നെടുമ്പാശേരി സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്ന സ്ഥലം.
മദ്യപിച്ച് അപകടകരമായ വിധം വാഹനമോടിക്കുന്നതു കണ്ടാണ് കൈകാണിച്ചത്. ഇവരെ പിന്തുടർന്ന് പിടികൂടിയെങ്കിലും ആരെയും മർദ്ദിച്ചിട്ടില്ല. സ്‌കൂട്ടർ മറിഞ്ഞ് കുടുംബം നിലത്തു വീഴുകയായിരുന്നെന്നും ചെങ്ങമനാട് പൊലീസ് അറിയിച്ചു. ജീപ്പിന്റെ ഗ്‌ളാസ് തകർത്തവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
സംഭവമറിഞ്ഞ് അൻവർ സാദത്ത് എം.എൽ.എ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ദിലീപ് കപ്രശേരി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.എൻ. ഗോപി എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
{[['']]}