{[['']]}
Kerala tv show and news
എങ്ങനെ പ്രേമിക്കും?
എന്റെ നായകന്മാരെല്ലാം
വിവാഹിതരല്ലേ...
മിയ സന്തോഷത്തിലാണ്. വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളസിനിമയില്‍ സ്വന്തമായൊരിടം നേടാനായതില്‍. അഭിനയിച്ചുതുടങ്ങിയ ഏതൊരു നടിയുടെയും സ്വപ്നമാണ് ജോഷി ചിത്രത്തില്‍ നായികയാവുക എന്നത്. ആ സൗഭാഗ്യത്തിനു നടുവിലാണിന്നു മിയ.
? മിയ എങ്ങനെയുള്ള പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്.
എന്റെ പപ്പയുടെ പേര് ജോര്‍ജ് എന്നാണ്. മമ്മിയുടെ പേര് മിനി. രണ്ടുപേരും പാലായില്‍ ബിസിനസ് ചെയ്യുന്നു. ചേച്ചിയുടെ പേര് ജിനി എന്നാണ്. വിവാഹമൊക്കെ കഴിഞ്ഞു സൗദിയിലാണ്.
? പഠനമൊക്കെ എവിടെയായിരുന്നു.
ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. ഭരണങ്ങാനം സെന്റ്‌മേരീസില്‍നിന്നും പ്ലസ് ടുവും, പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ബി.എ. ഇംഗ്‌ളീഷ് ലിറ്ററേച്ചറും കഴിഞ്ഞു. ഇപ്പോള്‍ പാലാ സെന്റ്‌തോമസ് കോളജില്‍ എം.എ. ലിറ്ററേച്ചറിനു ചേര്‍ന്നു.
? യുവജനോത്സവവേദികളില്‍ സജീവമായിരുന്നു...
അതെ. ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും, കുച്ചിപ്പുഡിയും അഭ്യസിച്ചിരുന്നു. പ്ലസ് ടുവരെ സ്‌റ്റേറ്റ് ലെവല്‍ മത്സരത്തിനുണ്ടായിരുന്നു. നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് വേദിയില്‍ എത്തിയിരുന്നത്. മോഹിനിയാട്ടത്തിനും മാര്‍ഗംകളിക്കുമാണ് മത്സരിച്ചിരുന്നത്. എ ഗ്രേഡ് ഉണ്ടായിരുന്നു. ഞങ്ങള്‍ മത്സരിച്ച സമയത്ത് ഗ്രേഡിംഗ് സിസ്റ്റം ആയിരുന്നു.
? ആരൊക്കെയാണ് നൃത്തത്തിലെ ഗുരുക്കന്മാര്‍.
ഭരതനാട്യത്തിലും, കുച്ചിപ്പുഡിയിലും ആര്‍.എല്‍.വി. പ്രദീപ്കുമാര്‍സാറാണ് എന്റെ ഗുരു. കാലടി ശ്രീശങ്കരകോളജിലെ പ്രൊഫസറായ അബുസാറാണ് മോഹിനിയാട്ടത്തില്‍ ഗുരു. മാര്‍ഗംകളി പഠിച്ചത് പാലായിലുള്ള രവീന്ദ്രന്‍ എന്നുപറയുന്ന സാറിന്റടുത്തുനിന്നാണ്. പ്ലസ് ടുവരെ തുടര്‍ച്ചയായി നൃത്തം പഠിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെയും പഠനത്തിന്റെയും തിരക്കില്‍ നൃത്ത ക്ലാസുകള്‍ക്ക് പോകാന്‍ കഴിയുന്നില്ല.
? അഭിനയത്തിലേക്ക് വന്നത്
പത്താം ക്ലാസിലെ വെക്കേഷന്‍ സമയത്ത് ബോബന്‍ സാമൂവലിന്റെ അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ മാതാവായി അഭിനയിച്ചുകൊണ്ടാണ് തുടക്കം. അതിനുശേഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന സീരിയല്‍ ചെയ്തു. സീരിയല്‍ കണ്ടിട്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്.
? 'മാതാവാ'യിട്ടുള്ള അഭിനയം എങ്ങനെയായിരുന്നു.
അഭിനയിക്കാന്‍ പോകുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഡയലോഗ് ഒക്കെ പ്രാര്‍ത്ഥനകളായിരുന്നു. പിന്നെ മാതാവായതുകൊണ്ട് എപ്പോഴും പ്ലസന്റ് ആയുള്ള ഫെയ്‌സ് എക്‌സ്പ്രഷന്‍ മതിയായിരുന്നു. അതുകൊണ്ട് അഭിനയം ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല.
? ആദ്യ ചിത്രത്തെക്കുറിച്ച്.
'ഒരു സ്‌മോള്‍ ഫാമിലി' എന്ന സിനിമയാണ് ആദ്യം ചെയ്തത്. സീരിയല്‍ കണ്ടിട്ട് ഇങ്ങോട്ടു വന്ന ഓഫറായിരുന്നു. കൈലാഷും അനന്യയുമായിരുന്നു ജോഡികള്‍. എനിക്ക് നായകന്റെ പെങ്ങളുടെ വേഷമായിരുന്നു. അതിനുശേഷം ഡോക്ടര്‍ ലൗ, ഈ അടുത്തകാലത്ത്, എന്നീ സിനിമകള്‍ ചെയ്തു.
? ആദ്യമായി നായികയായി അഭിനയിച്ചത് ഏത് സിനിമയിലാണ്.
'ചേട്ടായീസ്' എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി നായികയായത്. ലാലേട്ടന്‍, ബിജുവേട്ടന്‍ ഇവരുടെയൊക്കെ കൂടെയാണ് അഭിനയിച്ചത്. എല്ലാവരും വളരെ ഹെല്‍പ്പ്ഫുള്‍ ആയിരുന്നു. 'വടക്കുംനാഥന്‍' എന്ന സിനിമയൊക്കെ എടുത്തയാളാണ് ഡയറക്ടര്‍ ഷാജൂണ്‍ സാര്‍. അദ്ദേഹം അഭിനയത്തില്‍ ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങള്‍പോലും കൃത്യമായി പറഞ്ഞുതരും.
? 'റെഡ്‌വൈനി'ല്‍ മോഹന്‍ലാലുമൊത്ത് അഭിനയിച്ചിരുന്നു...
ആ സിനിമയുടെ സെറ്റില്‍വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ലാല്‍ സാര്‍ താരജാഡകളൊന്നുമില്ലാത്ത ആളാണ്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അദ്ദേഹവുമൊത്ത് ഒരൊറ്റ ഷോട്ടിലെ ഞാനുണ്ടായിരുന്നുള്ളൂ. 'റെഡ്‌വൈനി'ല്‍ ആസിഫിന്റെ ജോഡിയായിട്ടാണ് ഞാനഭിനയിച്ചത്.
? 'മെമ്മറീസി'ലും മിയയാണ് നായിക....
വര്‍ഷാ മാത്യൂസ് എന്ന ബോള്‍ഡായ ജേര്‍ണലിസ്റ്റിന്റെ വേഷമാണ് മെമ്മറീസില്‍. ജേര്‍ണലിസ്റ്റുകളെ ഞാന്‍ എപ്പോഴും കാണാറുണ്ട്. ഡയറക്ടര്‍ ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ കണ്ടിട്ടുള്ള ജേര്‍ണലിസ്റ്റുകളുടെ രീതികള്‍ ശ്രദ്ധിച്ചിരുന്നു.
? മെമ്മറീസില്‍ പൃഥ്വിരാജുമൊത്തുള്ള അഭിനയം എങ്ങനെ. പൃഥ്വി ദേഷ്യക്കാരനാണോ.
എനിക്കു ദേഷ്യക്കാരനായി തോന്നിയില്ല. തോളത്തു കൈയിട്ട്, ചിരിച്ചുകളിച്ച് നടക്കുന്ന ഓവര്‍ഫ്രണ്ട്‌ലിയുമല്ല. സീന്‍ നല്ലതാക്കാനുള്ള സജഷന്‍സ് പറഞ്ഞു തന്നിരുന്നു. കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയ ആര്‍ട്ടിസ്റ്റ് എന്നാണ് എനിക്കദ്ദേഹത്തെക്കുറിച്ച് തോന്നിയത്.
? സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ ആരൊക്കെയാണ്.
എന്റെ അടുത്ത സുഹൃത്തുക്കള്‍ എന്റെ കൂടെ പഠിച്ചവര്‍ തന്നെയാണ്. സിനിമയില്‍ ആരുമായും അടുത്ത സൗഹൃദമില്ല.
? മഞ്ജുവാര്യര്‍ മലയാള സിനിമയിലേക്കു മടങ്ങിവരുകയാണ്. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന പേടിയില്ലേ.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്. നല്ലൊരു ആര്‍ട്ടിസ്റ്റായതുകൊണ്ട് അവര്‍ സിനിമയിലേക്കു മടങ്ങിവരണമെന്നാണ് എന്റെ ആഗ്രഹം. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. എനിക്കും അവരില്‍നിന്ന് കണ്ടുപഠിക്കാനുണ്ട്.
? ആരോടാണ് പ്രണയം തോന്നിയത്.
'ഈ ചോദ്യം ഞാനിപ്പോള്‍ കുറേ കേട്ടു കഴിഞ്ഞു. ഞാന്‍ പഠിച്ചത് ഗേള്‍സ് സ്‌കൂളിലും, വിമന്‍സ് കോളജിലുമാണ്. പ്രേമത്തെക്കുറിച്ചു ചിന്തിക്കാനോ പ്രേമിക്കാനോ പോയിട്ടില്ല.
? കൂടെ അഭിനയിച്ചവരില്‍ ആരോടും പ്രണയം തോന്നിയില്ല...
ബിജുമേനോന്‍, പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയറാമേട്ടന്‍, ആസിഫ് ഇവരൊക്കെയായിരുന്നു എന്റെ നായകന്‍മാര്‍. ഇവരെ ആരെയെങ്കിലും പ്രേമിക്കാന്‍ പറ്റുമോ? അവരൊക്കെ എന്‍ഗേജ്ഡ് ആയ ആളുകളാണ്.
? അന്യഭാഷാ ചിത്രങ്ങളിലേക്ക് ഓഫറുകളുണ്ടോ.
ഉണ്ടായിരുന്നു. ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. മലയാള ചിത്രത്തിന്റെയും പഠനത്തിന്റെയും തിരക്കുകളുണ്ട്.
? ഗ്‌ളാമറസ് വേഷങ്ങളില്‍ അഭിനയിക്കുമോ.
വള്‍ഗറായി ഒരിക്കലും അഭിനയിക്കില്ല. എന്നുവച്ച് എല്ലാ സിനിമകളിലും ദാവണിയുടുത്ത് അഭിനയിക്കുമെന്നല്ല. സ്ലീവ്‌ലെസ് ടോപ്പുകള്‍ ഞാന്‍ ജീവിതത്തിലും ധരിക്കാറുണ്ട്. അത് കംഫര്‍ട്ടബിള്‍ആണ്. ഒരിക്കലും ഷോര്‍ട്ട് സ്‌കര്‍ട്ടുകള്‍ ഇട്ട് അഭിനയിക്കില്ല.
? പുതിയ ചിത്രങ്ങള്‍ ഏതെല്ലാമാണ്.
വൈശാഖന്റെ സിനിമ വിശുദ്ധന്‍ തീയേറ്ററിലെത്തി. അതില്‍ കുഞ്ചാക്കോ ബോബന്റെ നായികയാണ്. ജോഷിസാറിന്റെ സലാം കാശ്മീരില്‍ സുരേഷ്‌ഗോപിയും ജയറാമുമാണ് നായകന്മാര്‍. ജയറാമേട്ടന്റെ വൈഫായിട്ടാണ് ഞാനഭിനയിക്കുന്നത്. വളരെ മെച്ച്വേഡ് ആയ പെര്‍ഫോം ചെയ്യാന്‍ പറ്റിയ കഥാപാത്രമാണ്.
? സൗന്ദര്യസംരക്ഷണം
അങ്ങനെ പ്രത്യേകസംരക്ഷണമൊന്നുമില്ലാ. വെയിലത്തു പോയിവന്നാല്‍ തൈര് തേയ്ക്കണമെന്നൊക്കെ എല്ലാവരും പറയും. അതൊക്കെ എനിക്കു മടിയാണ്. ത്രെഡ് ചെയ്യാന്‍ മാത്രമാണ് ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത്. വല്ലപ്പോഴും തേന്‍ മുഖത്തു തേച്ചാലായി. ഞാനത്ര ബ്യൂട്ടി കോണ്‍ഷ്യസ് അല്ല.
? ഹോബീസ്
ടി.വി കാണലും, പാട്ടുകേള്‍ക്കലുമാണ് ഹോബീസ്.
Post a Comment