{[['']]}
ഗാന്ധിനഗര്‍: ശവക്കല്ലറകള്‍ക്കിടയില്‍ ഒരു ചായക്കട. അഹമ്മദാബാദിലെ ഒരു മുസ്ലിം സെമിത്തേരിയാണ് ഇപ്പോള്‍ കൃഷ്ണന്‍ കുട്ടി എന്ന മലയാളി ബിസിനസുകാരനിലൂടെ ഗുജറാത്തിലാകെ പേരെടുത്തിരിക്കുന്നത്. പഴയ ശവക്കല്ലറയില്‍ റസ്റ്ററന്റ് ആരംഭിച്ച് ലോകമാധ്യമ ശ്രദ്ധനേടിയിരിക്കുകയാണ് കൃഷ്ണന്‍കുട്ടി എന്ന ഈ ബിസിനസുകാരന്‍. കല്ലറകള്‍ മൂടി അതിനു മുകളില്‍ കെട്ടീടം പണിയുന്നതിനു പകരം ശവക്കല്ലറ അതേപടി അലങ്കരിച്ച് നിര്‍ത്തി അതിനു ചുറ്റും മേശകള്‍ നിരത്തി റസ്റ്ററന്റ് ആരംഭിച്ചതോടെയാണ് ഗുജറാത്തില്‍ കൃഷ്ണന്‍ കുട്ടി പ്രശസ്തനായത്. ‘ന്യൂ ലക്കി റസ്റ്ററന്റ് എന്നാണ് ഈ ചായക്കടയുടെ പേര്‍. ശവക്കല്ലറകള്‍ തന്നെയാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നും ഇത് ആളുകള്‍ക്ക് വിത്യസ്ത അനുഭവം നല്‍കുന്നെന്നും കൃഷ്ണന്‍ കുട്ടി പറയുന്നു.
ചെറുപ്പക്കാരും പ്രായം ചെന്നവരുമടക്കം നിരവധി പേര്‍ ഈ ചായക്കടയിലേയ്ക്ക് വ്യാപകമായി എത്തിക്കൊണ്ടിരിക്കുകയാണ്. റെസ്റ്ററന്റിന്റെ ഷട്ടറുകള്‍ തുറന്നാലുടന്‍ ജീവനക്കാര്‍ ഇവ അലങ്കരിക്കും. ഇതിനുശേഷം ചെറിയ പ്രാര്‍ത്ഥനയും നടത്തും. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷമേ മറ്റ് ജോലികളിലേയ്ക്ക് കടക്കു. മറഞ്ഞുപോയവരെ ആദരിക്കുന്നതുകൊണ്ടാണ് തനിക്ക് ഭാഗ്യം കൈവരുന്നതെന്നാണ് കൃഷ്ണന്‍ കുട്ടി പറയുന്നത്. 16 ആം നൂറ്റാണ്ടിലെ സൂഫി സന്യാസിയുടേതാണ് പ്രധാന കല്ലറയെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഇതുകൂടാതെ ഒരു ഡസനോളം കല്ലറകള്‍ ഇതിലുണ്ട്. ഇവ ഇരുമ്പഴികള്‍ കൊണ്ട് വേലികെട്ടി ഭദ്രമായി മൂടിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
Post a Comment