Movie :

kerala home tv show and news

Home » , , , , » സുന്ദരം, പ്രകൃതിദത്തം ഈ വിജയരഹസ്യം

സുന്ദരം, പ്രകൃതിദത്തം ഈ വിജയരഹസ്യം

{[['']]}
 സുന്ദരം, പ്രകൃതിദത്തം ഈ വിജയരഹസ്യം





ഇഷ്വീന്‍ ആനന്ദ്
തുടക്കക്കാരുടെ പല ബിസിനസ് സംരംഭങ്ങളും സോപ്പു കുമിളകള്‍പോലെ തകരുന്നു. അതേസമയം, സോപ്പ് നിര്‍മാണ ബിസിനസ് കഴിഞ്ഞ ആറ് വര്‍ഷമായി പതപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇഷ്വീന്‍ ആനന്ദ് എന്ന 36കാരി. കേവലം രണ്ടു ലക്ഷം രൂപയില്‍ തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉത്പാദനവും വിപണനവും ഇന്ന് ഒരു കോടി രൂപയുടെ ബിസിനസ്സായി വളര്‍ന്നിരിക്കുകയാണ്. വെറും സോപ്പല്ല; കൈകൊണ്ട് തയ്യാറാക്കിയ സോപ്പാണ് ഇഷ്വീന്റെ കമ്പനിയായ ന്യാസയുടേത്.

ചുവടുവയ്പ്പ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇഷ്വീന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ഫിനാന്‍സില്‍ എംബിഎ നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഏണസ്റ്റ് ആന്‍ഡ് യംഗിലെ വിജയകരമായ സേവനത്തിനുശേഷം ആഗോള സൗന്ദര്യവര്‍ധക ഉത്പാദകരായ എവോണ്‍ എന്ന സ്ഥാപനത്തില്‍ ചേര്‍ന്നത് ഈ ബിസിനസിനെ കൂടുതല്‍ അടുത്തറിയാന്‍ സഹായകമായി. പഠിച്ചത് ധനകാര്യമാണെങ്കിലും ബിസിനസ് തന്നെയാണ് കരിയറെന്ന് ജാതകം എഴുതിവച്ചതുപോലെയായിരുന്നു. അതുകൊണ്ടുതന്നെയാകാം യു.എസിലെ പ്രൗഢമായ കരിയര്‍ ഉപേക്ഷിച്ചതും.

ന്യൂയോര്‍ക്കിലെ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ വൈകുന്നേരങ്ങളിലെ നേരംപോക്കിനിടെയാണ് സോപ്പിന്റെ വിപണി സാധ്യതകള്‍ സ്വായത്തമാക്കിയത്. ബിസിനസിന്റെ എ.ബി.സി.ഡി അറിയാതെ മുംബൈയില്‍ സോപ്പ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. അഞ്ച് വര്‍ഷത്തിനുശേഷം ന്യാസ (Nyassa) എന്നത് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ സൗന്ദര്യകാംക്ഷികളുടെ ഏക ബ്രാന്‍ഡ് ആയി മാറി. മുംബൈയില്‍ രണ്ട് സ്റ്റോറുകളും ചില കിയോസ്‌കുകളും, ഹൈദരാബാദിലും പുണെയിലുമായി മറ്റു രണ്ടു സ്റ്റോറുകള്‍ . മുംബൈയിലെ ഷോപ്പേഴ്‌സ് സ്റ്റോപ്പില്‍ ഷോപ്പ്-ഇന്‍ -ഷോപ്‌സുകള്‍ . ഇന്ന് ന്യാസയുടെ പേരില്‍ നൂറ്റി എണ്‍പതിലധികം ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്!

സ്വതവേ സുന്ദരിയായിരുന്നിട്ടും സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരിയായിരുന്നു ഇഷ്വീന്‍ . യു.എസില്‍ താമസിക്കുമ്പോഴായിരുന്നു ഇതിനോടു അഭിനിവേശം കൂടുതലായത്. സുഗന്ധപൂരിതമായ സോപ്പുകളും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളും വാങ്ങിക്കൂട്ടുന്നതില്‍ പ്രത്യേക താല്പര്യം തന്നെയായിരുന്നു. ഇതാണ് പിന്നീട് രണ്ട് ആഴ്ച അവധിയെടുത്ത് സോപ്പ് നിര്‍മാണവും അതിന്റെ ബിസിനസ് രീതികളുമെല്ലാംതന്നെ റിസര്‍ച്ച് ചെയ്യാന്‍ പ്രേരകമായത്. ഇഷ്വീന്റെ വാക്കുകളില്‍ ഇത് വലിയൊരു റോക്കറ്റ് സയന്‍സ് ഒന്നുമല്ല, മനോഹരമായ കേക്കുണ്ടാക്കുന്നതുപോലെ കേവലം ഒരു അടുക്കളക്കാര്യം. വെണ്ണ, എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ പോലെ അടുക്കളയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍തന്നെയാണ് സോപ്പ് നിര്‍മാണത്തിലും ഉപയോഗിക്കുന്നത്.

തുടക്കം
ഇഷ്വീനും ഭര്‍ത്താവ് ഋഷി കറും 2006-ല്‍ ഇന്ത്യയിലേക്ക് വന്നു. ജെ.പി. മോര്‍ഗന്റെ ഗ്ലോബല്‍ ഫിനാന്‍സ് ഡിവിഷനില്‍ ജോലിക്കായായിരുന്നു വരവ്. യാദൃച്ഛികമെന്നുപറയട്ടെ, കൊതിച്ചത് വിധിച്ചു എന്നു പറയുന്നതുപോലെ ആ ജോലി യാഥാര്‍ഥ്യമായില്ല! അതോടെ ഇന്ത്യയിലെ തൊഴില്‍രഹിതരില്‍ മറ്റൊരാളായിത്തീര്‍ന്നു. ഇതാണ് മുംബൈയിലെ വീട്ടിലിരുന്നുകൊണ്ടുതന്നെ എന്തുകൊണ്ട് ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിപ്പിച്ചത്.

ഇഷ്വീന്‍ ഇത് അച്ഛനോടു പറയുമ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. ''നിനക്ക് സോപ്പ് ഉണ്ടാക്കിയാല്‍ മാത്രംമതി എന്നാണെങ്കില്‍ ഇക്കാലമത്രയും ഫിനാന്‍സ് പഠിച്ചതെന്തിനായിരുന്നു'' എന്നായിരുന്നു ഒരു പിതാവിന്റെ ഉത്കണ്ഠാകുലമായ സ്വാഭാവിക പ്രതികരണമെന്നപോലെ അദ്ദേഹത്തിന്റെ ചോദ്യം. ഏതായാലും തീരുമാനിച്ചുറപ്പിച്ച ഇഷ്വീന്‍ ഇതു സംബന്ധിച്ച് ഗവേഷണം തന്നെ നടത്തി.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ലൈസന്‍സ് സമ്പാദിച്ചു. വന്‍കിടയായാലും ചെറുകിടയായാലും ഇന്ത്യയിലെ നിയമം ഒന്നുതന്നെയാണ്. സാള്‍ട്ട് ബോഡി സ്‌ക്രബ്ബുകളും ഷുഗര്‍ ബോഡി സ്‌ക്രബ്ബുകളും നിര്‍മിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബോധ്യപ്പെടുത്താന്‍ മൂന്നു മാസത്തെ സമയമെടുത്തു. യു.എസില്‍ നിന്നും മടങ്ങിയെത്തിയ ഫിനാന്‍സ് പ്രഫഷണല്‍ ആണെന്നറിഞ്ഞ അധികാരികള്‍ താനിത് ഗൗരവത്തോടെയാണെന്ന് കാണുന്നതെന്ന് കരുതിയിരിക്കില്ലെന്ന് ഇഷ്വീന്‍ പറയുന്നു. മുംബൈ പോലെ സ്ഥലത്തിന് വന്‍വിലയുള്ള പ്രദേശത്ത് 2,000 ചതുരശ്ര അടി സ്ഥലവും വേണമെന്ന നിര്‍ദേശവും അധികാരികള്‍ നല്‍കി.

പിതാവിന്റെ ഓഫീസ് ആയിരുന്നു ന്യാസയുടെ ഉത്ഭവ സ്ഥാനം. മുംബൈയില്‍ പിതാവിന്റെ ബംഗ്ലാവിലായിരുന്നു ആദ്യ സ്റ്റോര്‍ . രണ്ടിടത്തും വാടകയില്ലാതെ രക്ഷപ്പെട്ടു. ഈ സ്ഥലം ഇല്ലായിരുന്നെങ്കില്‍ ന്യാസ തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ഇഷ്വീന്‍ പറയുന്നു.

ആ സമയത്താണ് മുംബൈയിലെ വര്‍ളിയില്‍ ആട്രിയ മാള്‍ ആരംഭിച്ചത്. ഫുഡ്‌കോര്‍ട്ടിന് സമീപം വാരാന്ത്യം സോപ്പ് കച്ചവടത്തിന് പ്രതിമാസം അറുപതിനായിരം രൂപ വാടക നല്‍കി സ്ഥലം സംഘടിപ്പിച്ചു. ആദ്യദിനം ഉച്ചയ്ക്ക് ഒരു മണിവരെ ഒരു കഷണം സോപ്പ് പോലും വിറ്റില്ല. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആദ്യകച്ചവടം നടക്കുന്നതുവരേയും എല്ലാ പ്രതീക്ഷയും അസ്തമിച്ചിരുന്നു. പക്ഷേ, രാത്രി ഏഴോടെ അന്നത്തെ കച്ചവടം അവസാനിക്കുമ്പോള്‍ പതിനാലായിരം രൂപയുടെ കച്ചവടം അതിനകം നടന്നുകഴിഞ്ഞിരുന്നു! പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സ്വപ്നം പൂവണിയുന്നു
ലൈസന്‍സ് മൂന്ന് മാസം കൊണ്ടുതന്നെ കിട്ടി. മഹാരാഷ്ട്രയില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് ഇത്ര പെട്ടെന്ന് എഫ്ഡിഎ ലൈസന്‍സ് കിട്ടിയിരിക്കുകയെന്ന് ഇഷ്വീന്‍ കരുതുന്നു. ലൈസന്‍സ് ലഭിച്ചതോടെ കെമിസ്റ്റിനെ നിയമിച്ചു. അസംസ്‌കൃത വസ്തുക്കള്‍ക്കായി നഗരത്തിലെ ക്രാഫോര്‍ഡ് മാര്‍ക്കറ്റിലെ ദവാഖാനയില്‍ അന്വേഷണവും തുടങ്ങി. പ്ലാസ്റ്റിക് ബോട്ടിലുകള്‍ സംഘടിപ്പിക്കുകയായിരുന്നു ഏറെ രസകരം. ഒരോന്നിനും 3-4 രൂപയുള്ള ബോട്ടില്‍ 40 രൂപയ്ക്കാണ് കച്ചവടക്കാര്‍ വിറ്റിരുന്നത്. കേവലം വളരെക്കുറച്ച് ബോട്ടിലുകള്‍ , 20 എണ്ണം മാത്രമേ തത്കാലം ആവശ്യമുണ്ടായിരുന്നുള്ളൂവെന്നതാണ് കാരണം.

ഏതായാലും ലൈസന്‍സും കെമിസ്റ്റും അസംസ്‌കൃത വസ്തുക്കളും കൈമുതലായതോടെ ആദ്യം രണ്ട് പ്രോഡക്ടുകള്‍ ഇറക്കി - കൈകൊണ്ടു നിര്‍മിച്ച സോപ്പും ലോഷനും. എന്നിട്ട് ലാവന്‍ഡര്‍ ലെയ്ന്‍ എന്നും പേരും നല്‍കി. സ്‌ട്രോബറി, റോസ് എന്നീയിനം സോപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വിറ്റുതുടങ്ങി. ക്രമേണ ബ്രാന്‍ഡിന്റെ പേര് മാറ്റി, ന്യാസ എന്നാക്കി. സംസ്‌കൃത പദമായ ന്യാസ എന്നതിനര്‍ഥം തന്ത്രങ്ങളും മന്ത്രങ്ങളും ഉരുവിട്ടുകൊണ്ടുള്ള സ്പര്‍ശനത്തിലൂടെ രോഗവിമുക്തി നേടുക എന്നാണ്. തദ്ഫലമായി ആത്മീയമായ ഒരു ശരീരം ഉണ്ടാകുമെന്നാണ് വിശ്വാസം.

ബിസിനസ് മന്ത്രം

വളരെ ലളിതമാണ് ഇഷ്വീന്റെ ബിസിനസ് മന്ത്രം. ഉത്പന്നം വില്‍ക്കുക, പണം നേടുക, അത് ബിസിനസില്‍ തന്നെ വീണ്ടും നിക്ഷേപിക്കുക. ബാങ്ക് വായ്പയായോ കൈ വായ്പയായോ അഞ്ച് പൈസപോലും ആരില്‍ നിന്നും വേണ്ടെന്ന വാശിയും. സാമ്പത്തികത്തിന്റെ മര്‍മം പാഠമായും പ്രായോഗികമായും മനസ്സിലാക്കിയ ഇഷ്വീനെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിയിട്ടില്ല.
ഇന്ന് ഏതാണ്ട് ഒരു കോടിയിലേറെ രൂപയാണ് വിറ്റുവരവ്. താജ് ഗ്രൂപ്പ്, മാരിയറ്റ് ഹോട്ടല്‍ , റിനൈസന്‍സ്, പ്ലാറ്റിനം ഹോട്ടല്‍സ്, ബബിള്‍സ് സ്പാ എന്നീ വന്‍കിട സ്ഥാപനങ്ങളുമായുള്ള ടൈ അപ്പ് ബിസിനസിന് ഉത്‌പ്രേരകമാകുന്നു. മറ്റ് വന്‍കിട അന്താരാഷ്ട്ര സോപ്പ് നിര്‍മാതാക്കളേക്കാള്‍ വിലക്കുറവ് ബിസിനസ് വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്. അവര്‍ 350 രൂപയ്ക്ക് വില്‍ക്കുന്നിടത്ത് 135 രൂപയ്ക്കാണ് ന്യാസയുടെ സോപ്പ് ലഭിക്കുക.

സന്ദേശം

ഇപ്പോള്‍ സംരംഭകരെ സഹായിക്കാന്‍ തക്കവിധം നിരവധി ഉപാധികളും അവരുടെ സ്വപ്നങ്ങളും പദ്ധതികളും ചര്‍ച്ചചെയ്യുന്നതിനായി വേദികളും ലഭ്യമാണ്. സംരംഭകരോടുള്ള ആളുകളുടെ കാഴ്ച്ചപ്പാടും മാറി. എന്നിരുന്നാലും, വളര്‍ന്നുവരുന്ന ഓരോ സംരഭകനും പറ്റിയ ഒരു മാര്‍ഗദര്‍ശിയെ ലഭ്യമാക്കുക. തങ്ങളുടെ ആശയങ്ങള്‍ വിലയിരുത്തുകയും മറ്റ് ആളുകളുടെ അനുഭവങ്ങളും അറിവും നിദാനമാക്കുക. അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമായിക്കഴിഞ്ഞാല്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഠിന പ്രയത്‌നം ചെയ്യുക. മുഴുവന്‍ സമയവും അതില്‍ മുഴുകുക. ഇതാണ് ഒരു സംരംഭക എന്ന നിലയില്‍ ഇഷ്വീന്‍ നല്‍കുന്ന ഉപദേശം. 
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger