സനുഷയ്‌ക്ക് ഇപ്പോള്‍ 19 വയസ് തികയാന്‍ പോകുന്നു. പതിനെട്ട് വയസുള്ള ഗര്‍ഭിണിയായാണ് സക്കറിയായുടെ ഗര്‍ഭിണിയില്‍ സനുഷ അഭിനയിച്ചത്. 'വാര്‍ ആന്റ് ലൗ' എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ സനുഷ മിസ്‌റ്റര്‍ മരുമകനിലാണ് ദിലീപിന്റെ നായികയായത്. നായികയായെങ്കിലും മലയാളിയുടെ മനസില്‍ ബാലതാരമായിരുന്ന സനുഷയുടെ മാനറിസങ്ങളാണ് ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നത്.
കണ്ടും കേട്ടുമറിഞ്ഞ ഗര്‍ഭിണികളുടെ മനോവിചാരങ്ങളാണ് സനുഷ സക്കറിയായുടെ ഗര്‍ഭിണികളില്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ചത്.
സക്കറിയായുടെ ഗര്‍ഭിണികളില്‍ നാല് ഗര്‍ഭിണികള്‍ ഉണ്ടെങ്കിലും 'ബേബി'യായ ഗര്‍ഭിണിയാണ് സനുഷ. നിറവയറുമായി ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ സനുഷയ്‌ക്ക് ചില മാനസിക വിചാരങ്ങളുണ്ടായി. ഗര്‍ഭിണിയാവുന്നതും പ്രസവിക്കുന്നതും ചില്ലറ കാര്യമല്ലെന്ന് സനുഷ തിരിച്ചറിയുകയായിരുന്നു. ഇമേജൊന്നും കാര്യമാക്കാതെയാണ് ഏറ്റവും പ്രായം കുറഞ്ഞ സൈറയെന്ന ഗര്‍ഭിണിയായി സനുഷ അഭിനയിച്ചത്.
ഗര്‍ഭിണിയായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും തന്റെ കാഴ്‌ചപ്പാടുകളെക്കുറിച്ചും സനുഷ സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.
? സക്കറിയായുടെ ഗര്‍ഭിണികളിലെ സനുഷയുടെ കഥാപാത്രം.
ഠ സക്കറിയായുടെ ഗര്‍ഭിണികളില്‍ സൈറയെന്ന 18 വയസുള്ള ഗര്‍ഭിണിയായാണ് അഭിനയിക്കുന്നത്. താന്‍ പ്രസവിക്കുന്ന കുഞ്ഞിനെ ആര്‍ക്കെങ്കിലും ദത്തു നല്‍കി വിദ്യാഭ്യാസം തുടരാനാണ് സൈറ ആഗ്രഹിക്കുന്നത്. തന്റെ കുഞ്ഞിന്റെ അച്‌ഛനാരാണെന്ന് ആരും ചോദിക്കരുതെന്നാണ് സൈറയുടെ മറ്റൊരു ആഗ്രഹം.
? ഗര്‍ഭിണിയായി അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചപ്പോള്‍ എന്തു തോന്നി.
ഠ സംവിധായകന്‍ അനീഷ് അന്‍വറാണ് സക്കറിയായുടെ ഗര്‍ഭിണികളുടെ കഥ എന്നോടു പറഞ്ഞത്. പ്രായം കുറഞ്ഞ ഗര്‍ഭിണിയാണെന്ന് സൂചിപ്പിച്ചിരുന്നു. കഥ കേട്ടപ്പോള്‍ താല്‌പര്യം തോന്നി. പ്ര?ഡ്യൂസര്‍ സാന്ദ്ര ചേച്ചി വിളിച്ചപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടായി. ഗര്‍ഭിണിയായ കഥാപാത്രത്തെക്കുറിച്ച് അച്‌ഛനോടും അമ്മയോടും ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും ഇഷ്‌ടമായി. അങ്ങനെയാണ് ഞാന്‍ സക്കറിയായുടെ ഗര്‍ഭിണികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗര്‍ഭിണിയായി മാറിയത്.
? സെറ്റില്‍ ഗര്‍ഭിണിയായപ്പോള്‍...
ഠ അതൊരു വ്യത്യസ്‌തമായ അനുഭവംതന്നെയാണ്. ഞാന്‍ മാത്രമല്ല, റീമാ കല്ലിങ്കലും ഗീത ചേച്ചിയും സാന്ദ്ര ചേച്ചിയും ഗര്‍ഭിണികളാണ്. നാല് ഗര്‍ഭിണികളില്‍ പ്രായംകുറഞ്ഞ ഗര്‍ഭിണിയാണ് ഞാന്‍. നാലുപേര്‍ക്കും തുല്യപ്രാധാന്യമുണ്ട്. ശരിക്കും വ്യത്യസ്‌തമായൊരു കഥാപാത്രമാണ് എന്റേത്. എന്റെ ഗര്‍ഭത്തിന് ആരാണ് ഉത്തരവാദിയെന്ന് എനിക്കു പറയാനാവില്ല. എന്നാല്‍ ഞാന്‍ ഗര്‍ഭിണിയായതിന്റെ കാരണങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. ഇന്നത്തെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് സൈറയിലൂടെ പറയുന്നത്. പ്രഭുസാറിന്റെയും റോജയുടെയും മകളായി അഭിനയിക്കേണ്ട ഒരു തമിഴ് സിനിമയുടെ ഓഫര്‍ വേണ്ടെന്നുവച്ചാണ് ഞാന്‍ സക്കറിയായുടെ ഗര്‍ഭിണികളില്‍ അഭിനയിച്ചത്.
? നിറവയറുള്ള ഗര്‍ഭിണിയാവാന്‍ എന്താണുപയോഗിച്ചത്.
ഠ ചൈനയില്‍നിന്നു കൊണ്ടുവന്ന ഒരു പ്രത്യേകതരം പാഡാണ് വയറില്‍ കെട്ടിയത്. ശരിക്കും നല്ല ഭാരമുണ്ടായിരുന്ന പാഡുമായാണ് ക്യാമറയുടെ മുന്നില്‍ നിന്നത്. ഓരോ ദിവസവും ഷൂട്ടിംഗ് കഴിയുവോളം പാഡുമായി നില്‍ക്കേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ പത്തുമാസം നൊന്തു പ്രസവിക്കുന്ന അമ്മമാരോട് വല്ലാത്തൊരു റെസ്‌പെക്‌ടും സ്‌നേഹവും തോന്നി. സത്യത്തില്‍ പത്തുമാസം ഗര്‍ഭം ധരിച്ച് പ്രസവിച്ച അമ്മമാരെ എല്ലാവരും സ്‌നേഹിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.
? ചൈനീസ് പാഡ് വയറില്‍ കെട്ടിയപ്പോഴുണ്ടായ വേദനയും പാഡിന്റെ ഭാരവും താങ്ങേണ്ടിവന്നപ്പോഴുള്ള മാനസികാവസ്‌ഥ...
ഠ അതു പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എനിക്ക് ഒമ്പതു വയസായപ്പോഴാണ് എന്റെ അനിയന്‍ സനൂപ് ജനിക്കുന്നത്. അതുകൊണ്ടുതന്നെ സനൂപിനോട് എനിക്ക് ഒരുതരം മദര്‍ലി ഫീലിംഗാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഗര്‍ഭിണിയായപ്പോള്‍ ഇത്തരമൊരു വൈകാരികത കൂടുകയും ചെയതു.
? ഗര്‍ഭിണിയായി 19-ാമത്തെ വയസില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ ഇമേജിനെക്കുറിച്ച് ചിന്തിച്ചില്ലെ...
ഠ ഇമേജ് നമ്മള്‍ സൃഷ്‌ടിക്കുന്ന കാര്യമാണ്. നല്ല ക്യാരക്‌ടര്‍ ലഭിക്കുകയാണെങ്കില്‍ ചെയ്യാന്‍ തയാറാവണം. മറ്റൊന്നും നോക്കരുത്. എന്നെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കണ്ടവരാണ് പ്രേക്ഷകര്‍. സൈറയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. വീട്ടില്‍ ഒരു ഗര്‍ഭിണിയുണ്ടെങ്കില്‍ ഈ ചിത്രം എല്ലാവരും കണ്ടിരിക്കും.
? സനുഷയുടെ പ്രസവസമയത്തെ ക്യാമറയുടെ മുന്നിലെ ഭാവങ്ങള്‍...
ഠ ഇല്ല. അതിനെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ചിത്രം ഇറങ്ങുമ്പോള്‍ എല്ലാവരും കാണണമെന്നാണ് പറയാനുള്ളത്.
? ഗര്‍ഭാവസ്‌ഥയില്‍ ഗര്‍ഭിണിയുടെ നടത്തം, ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള മാനറിസങ്ങള്‍ സനുഷ അഭിനയിച്ച് പ്രതിഫലിപ്പിച്ചതിനെക്കുറിച്ച്...
ഠ ചൈനീസ്‌പാഡ് കെട്ടിയുള്ള ആദ്യദിവസത്തെ അഭിനയം കഴിഞ്ഞപ്പോള്‍ നല്ല പ്രയാസം തോന്നി. പിന്നെ രണ്ടാംദിവസംമുതല്‍ ഞാന്‍ ഗര്‍ഭിണിയായതിന്റെ മാനസികാവസ്‌ഥയിലായിരുന്നു. നടത്തം, ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ വളരെയേറെ ശ്രദ്ധിച്ച് ചെയ്‌തിരുന്നു. മാത്രമല്ല ഒരു ശരീരവും രണ്ടു മനസും എന്നത് വല്ലാത്തൊരനുഭവംതന്നെയായിരുന്നു. വയറിനുള്ളില്‍ തുടിക്കുന്നൊരു ജീവനുണ്ടെന്ന തോന്നല്‍ മനസിനെ വല്ലാതെ സ്‌പര്‍ശിച്ചിരുന്നു.
? സക്കറിയായുടെ ഗര്‍ഭിണികള്‍ സനുഷയുടെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണോ..
ഠ തീര്‍ച്ചയായും ബാലതാരമായും നായികയായും അഭിനയിച്ച എന്റെ 37-ാമത്തെ ചിത്രമാണിത്. മിസ്‌റ്റര്‍ മരുമകന്‍, ഇഡിയറ്റ്‌സ്, കുട്ടിയും കോലും എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിനു ശേഷം ശ്രദ്ധേയമായ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ചിത്രമാണ് സക്കറിയായുടെ ഗര്‍ഭിണികള്‍. ഞാന്‍ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, വളരെ എന്‍ജോയ് ചെയ്‌ത് അഭിനയിച്ച ചിത്രമാണിത്.
? മലയാളത്തില്‍ പല നായികമാരും വിവാഹശേഷം അഭിനയം നിര്‍ത്തുകയാണ്. സനുഷയും കല്യാണം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുമോ...
ഠ നമ്മുടെയൊക്കെ സ്വഭാവത്തെ നിര്‍ണയിക്കുന്നത് നമ്മള്‍ ജനിച്ചുവളര്‍ന്ന സംസ്‌കാരമാണ്. എനിക്ക് ന്യൂ ജനറേഷന്‍ കാലത്തെ കുടുംബിനിയാവാനാണ് ഇഷ്‌ടം. ഞാന്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഇഷ്‌ടത്തിനനുസരിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എത്ര നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാലും ഭര്‍ത്താവായി വരുന്ന ആളുടെ ഇഷ്‌ടംതന്നെയാണ് പ്രധാനം. പിന്നെ എനിക്ക് സിനിമ പാഷനല്ല പ്ര?ഫഷനാണ്. ഒരു സാധാരണ പെണ്‍കുട്ടിയായി ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്‌ടം.
? സനുഷ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ.
ഠ ഇപ്പോള്‍ പ്രണയിക്കുന്നില്ല. കൂടെ അഭിനയിക്കുന്നവരോടും പ്രണയം തോന്നിയിട്ടില്ല. സത്യം പറഞ്ഞാല്‍ എന്റെ സ്വപ്‌നങ്ങളിലെ രാജകുമാരനെ ഇനിയും കണ്ടെത്തിയിട്ടില്ല. വീട്ടുകാരുടെ ഇഷ്‌ടം നോക്കി ഒരു ചെക്കനെ കല്യാണം കഴിക്കാനാണ് ആഗ്രഹിക്കുന്നത്.
? യാത്രകള്‍ ഇഷ്‌ടമാണോ.
ഠ തീര്‍ച്ചയായും യാത്രകള്‍ എനിക്ക് ഇഷ്‌ടമാണ്. യാത്ര പോകുമ്പോള്‍ ചെറിയ കടകളില്‍ കയറി ഭക്ഷണം കഴിക്കാനാണ് എനിക്കിഷ്‌ടം. നമ്മുടെ തട്ടുകട രീതിയിലുള്ള കടകളിലെ ഭക്ഷണത്തിന് വല്ലാത്ത ടേസ്‌റ്റാണ്. കീര്‍ത്തിചക്രയില്‍ അഭിനയിക്കുമ്പോഴാണ് കാശ്‌മീരില്‍ പോയത്. മനോഹരമായ സ്‌ഥലമാണ്. ഇവിടെ ലഡാക്കില്‍ പോയിരുന്നു. ഫോണ്‍ പോലും റേഞ്ചില്ലാത്ത സ്‌ഥലങ്ങള്‍. ലഡാക്കില്‍ പോയപ്പോഴാണ് നമ്മുടെ മിലിറ്ററിക്കാരോട് റെസ്‌പെക്‌ട് തോന്നിയത്. ത്രീ-ഇഡിയറ്റ്‌സില്‍ അഭിനയിക്കുമ്പോഴാണ് പൂര്‍ണ്ണമായും മഞ്ഞു മലകളുള്ള സ്‌ഥലത്ത് പോയത്. എനിക്കേറെ ഇഷ്‌ടപ്പെട്ട സ്‌ഥലമായിരുന്നു ഇത്. യാത്ര പോകാന്‍ എനിക്കിഷ്‌ടമുള്ള മറ്റൊരു സ്‌ഥലമാണ് യു.എ.ഇ. ഞങ്ങള്‍ കുടുംബസമേതം യു.എ.ഇ.യിലേക്ക് പോകാറുണ്ട്.
? പഠനം തുടരുന്നുണ്ടോ.
ഠ സിനിമയുടെ തിരക്കുകള്‍ക്കിടയിലും പഠിക്കുന്നുണ്ട്. കണ്ണൂര്‍ എസ്.എന്‍. കോളജില്‍ ബി-കോമിന് പഠിക്കുന്നു. കോളജില്‍ ഞാന്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയാണ്. എന്നാല്‍ കുട്ടികളൊക്കെ സിനിമാനടി വരുന്നുവെന്നൊക്കെ തമാശയ്‌ക്ക് വിളിച്ചുപറയാറുണ്ട്. പഠനകാര്യങ്ങളില്‍ അധ്യാപകര്‍ സഹായിക്കാറുണ്ട്.
? മറ്റു ഭാഷാ ചിത്രങ്ങളില്‍നിന്നു പോലും ഓഫര്‍ വരുമ്പോള്‍ നല്ല കഥാപാത്രത്തിനാണോ പണത്തിനാണോ സനുഷ പ്രാധാന്യം നല്‍കുന്നത്...
ഠ ഞാന്‍ ഇന്നേവരെ പണത്തിനു വേണ്ടി സിനിമ ചെയ്‌തിട്ടില്ല. വര്‍ഷത്തില്‍ ഒരു സിനിമയാണെങ്കിലും ഐഡന്റിറ്റി തരുന്ന കഥയാണെങ്കില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. ഏതുവിധേനെയും സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റേതായ നിലപാടുകളുണ്ട്. പണം വെറും പേപ്പര്‍ മാത്രമാണ്. ഒരിക്കലും പണത്തോട് അത്യാര്‍ത്തി തോന്നിയിട്ടില്ല. മാത്രമല്ല പണത്തിനു വേണ്ടി മത്സരിച്ച് സിനിമ ചെയ്യാനും എനിക്കിഷ്‌ടമില്ല.
? സനുഷയുടെ ഇനിയുള്ള ആഗ്രഹം.
ഠ സിനിമ എനിക്ക് ഒരുതരം പാഷന്‍ മാത്രമാണ്. ജീവിതമല്ല. എന്റെ അനിയന്‍ സനൂപ് 'മണി പെന്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനയത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കാണുന്നതെല്ലാം താല്‍ക്കാലികമാണ്. അതുകൊണ്ടുതന്നെ എനിക്ക് നന്നായി പഠിക്കണം. പഠിച്ച് നല്ലൊരു ജോലി നേടണമെന്നതാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.
ഫോട്ടോ: സുരേഷ് കുനിശ്ശേരി