റാന്നി: ആയിരത്തിയഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന റാന്നിയിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളില്‍ ബോംബു വച്ചെന്ന ഫോണ്‍ ഭീഷണി റാന്നിയെ രണ്ടര മണിക്കൂറോളം ഭയത്തിന്റേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തി. ബോംബു സ്‌ക്വാഡും പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂള്‍ അധികൃതരും സ്‌കൂളിന്റെ മുക്കും മൂലയും വരെ തെരഞ്ഞിട്ടും ഒന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് ബോംബു ഭീഷണി വ്യാജമാണെന്ന് ഉറപ്പിച്ചു. തൊട്ടു പിന്നാലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണി മുഴക്കിയത് മറ്റൊരു സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ ആശങ്ക ആശ്‌ചര്യത്തിനു വഴി മാറി.
റാന്നി സിറ്റാഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇന്നലെ ഉച്ചയോടെ ബോംബു ഭീഷണി എത്തിയത്. ഉച്ചക്ക് 12.40 ന് ഓഫീസിലെ ലാന്‍ഡ് ഫോണിലേക്കാണ് ആദ്യവിളി എത്തിയത്. സ്‌കൂളില്‍ ബോംബു വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. അഞ്ചു മിനിറ്റിനിടെ ഇതേ അറിയിപ്പുമായി രണ്ടാമത്തെ വിളിയുമെത്തി. ഇതോടെ സ്‌കൂളില്‍ പരിഭ്രാന്തിയായി. എന്നാല്‍ വിദ്യാര്‍ഥികളെ വിവരം അറിയിക്കാതെ സ്‌കൂള്‍ അധികൃതര്‍ പോലീസിന് വിവരം കൈമാറി. കോളര്‍ ഐ.ഡി ഉണ്ടായിരുന്ന ഫോണില്‍ നിന്നും സന്ദേശം എത്തിയ മൊബൈല്‍ ഫോണ്‍ നമ്പരും ലഭിച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസും ഫയര്‍ഫോഴ്‌സും പത്തനംതിട്ടയില്‍ നിന്നും ബോംബു സ്‌ക്വാഡും സ്‌കൂളിലെത്തി. പോലീസ് നിര്‍ദേശപ്രകാരം സ്‌കൂളിന് അവധി നല്‍കി കുട്ടികളെ മുഴുവന്‍ മൈതാനത്തെ സുരക്ഷിത സ്‌ഥാനത്തേക്കു മാറ്റിയിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും കൃത്യനിര്‍വഹണത്തില്‍ ജാഗരൂകരാകുന്നതു കണ്ട് കുട്ടികള്‍ അത്ഭുതപ്പെട്ടെങ്കിലും ബോംബു ഭീഷണിയുടെ വാര്‍ത്ത ചോരാതെ സൂക്ഷിക്കാനും വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാകാതെ സൂക്ഷിക്കാനും സ്‌കൂള്‍ അധികൃതര്‍ക്കു കഴിഞ്ഞു. ബോംബു സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സ്‌കൂളിന്റെ ഓരോ ക്ലാസുമുറിയും അരിച്ചു പെറുക്കി.
ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ ഒഴിഞ്ഞ ക്ലാസുമുറിയില്‍ നിന്നും അടച്ച നിലയില്‍ ടിഫിന്‍ ബോക്‌സ് കണ്ടെത്തിയത് ആശങ്കയുണ്ടാക്കി. എന്നാല്‍ വിദഗ്‌ധ പരിശോധനയില്‍ ഒരു വിദ്യാര്‍ത്ഥി മറന്നു വച്ച ടിഫിന്‍ ബോക്‌സാണെന്നു മനസിലായതോടെയാണ് ആശ്വാസമായത്. തെരച്ചില്‍ നടക്കുന്നതിനിടയില്‍ തന്നെ വിദ്യാര്‍ഥികളെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളില്‍ അവരവരുടെ വീടുകളില്‍ എത്തിച്ചു. എന്നാല്‍ വിവരം മണത്തറിഞ്ഞ് നിരവധി നാട്ടുകാരും രക്ഷിതാക്കളും അപ്പോഴേക്കും സ്‌കൂളില്‍ തടിച്ചു കൂടി. വിശദമായ പരിശോധനയില്‍ സ്‌കൂളില്‍ ബോംബോ മറ്റു സംശയിക്കത്തക്ക സ്‌ഫോടക വസ്‌തുക്കളോ ഇല്ലെന്ന് ബോംബു സ്‌ക്വാഡ് വിദഗ്‌ധര്‍ അറിയിച്ചതോടെയാണ് ബോംബു ഭീഷണിക്ക് വിരാമമായത്. ഈ സമയമത്രയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബോംബു ഭീഷണി നടത്തിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഒരു യുവാവാണ് ഫോണ്‍ ചെയ്‌തത് എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.
എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ റാന്നി മേഖലയിലെ മറ്റൊരു സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്ന് കണ്ടെത്തി. ഈ കുട്ടിയുടെ പിതാവ് വിദേശത്തും മാതാവ് ഡല്‍ഹിയിലും ജോലി ചെയ്യുന്നതായും പെണ്‍കുട്ടി മുത്തച്‌ഛനും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചു വന്നതെന്നും പോലീസ് പറഞ്ഞു. മുത്തച്‌ഛന്റെ ഫോണില്‍നിന്നാണ് പെണ്‍കുട്ടി സിറ്റാഡല്‍ സ്‌കൂളിലേക്ക് ഫോണ്‍ ചെയ്‌തതെന്നും പോലീസ് പറഞ്ഞു. അങ്ങനെ നാട്ടുകാരെയും സ്‌കുള്‍ അധികൃതരെയും മുള്‍മുനയില്‍ നിറത്തിയ ബോംബു ഭീഷണി ഒരു പെണ്‍കുട്ടിയുടെ തമാശക്കളിയായി അവസാനിച്ചു.
{[['']]}