Movie :

kerala home tv show and news

Home » , » രാത്രിയില്‍ നിരത്തിലിറങ്ങിയ പെണ്ണ്

രാത്രിയില്‍ നിരത്തിലിറങ്ങിയ പെണ്ണ്

{[['']]}
രാത്രിയില്‍ നിരത്തിലിറങ്ങിയ പെണ്ണ് ആരാണു പാര്‍വതി Parvathiഎന്നുചോദിക്കുന്നതിലും നല്ലത് ആരല്ല പാര്‍വതി എന്നു ചോദിക്കുന്നതാണ്. ടെലിവിഷന്‍ അവതാരക എന്ന നിലയിലാണ് പാര്‍വതിയെ മലയാളികള്‍ കൂടുതല്‍ അറിയുക. മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പാര്‍വതി മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ആദ്യം പൊതുരംഗത്ത് ഇടപെടുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിനയ എന്ന നാടകസംഘത്തിന്റെ സജീവ പ്രവര്‍ത്തകകൂടിയായ പാര്‍വതി 'നീലത്താമര' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലും വേഷമിട്ടു. പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. 'അച്ചടക്കമില്ല' എന്ന കാരണം ആരോപിച്ച് സംഘടന പുറത്താക്കി. തന്റെ അച്ചടക്കമില്ലായ്മകളെക്കുറിച്ച് പാര്‍വതി മനസുതുറക്കുന്നു. 2006ല്‍ ഒരു പത്രത്തിലെ വാര്‍ത്തയും ചിത്രങ്ങളും കണ്ട് പലരും നെറ്റിചുളിച്ചു. രാത്രി ഏഴുമണിക്കും ഒന്‍പതിനും ഇടയില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഒരു സ്ത്രീക്ക് പുരുഷന്‍മാരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ചായിരുന്ന ആ സചിത്ര വാര്‍ത്ത. വാര്‍ത്തയിലെ സ്ത്രീയുടെ പേര് പാര്‍വതി. അവര്‍ തമ്പാനൂര്‍ ബസ്റ്റാന്‍ഡിലും കഴക്കേക്കോട്ടയിലുമൊക്കെ ഒറ്റക്കങ്ങനെ നിന്നു. കൂടെപ്പോരുന്നോ ? എന്ന വഷളന്‍ ചോദ്യവുമായി പലരും അടുത്തുകൂടി. ദൂരെ ഒരിടത്ത് ഒളിഞ്ഞുനിന്നു പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഇതെല്ലാം പകര്‍ത്തി. * ഒരു തര്‍ക്കത്തേതുടര്‍ന്നായിരുന്നു അങ്ങനെ ഒരു കാര്യത്തിനു ഞാന്‍ തയ്യാറായത്. ജോലിയുമായി ബന്ധപ്പെട്ട് എനിക്കു സന്ധ്യകഴിഞ്ഞ് ഒരു പത്രസ്ഥാപനത്തില്‍ പോകേണ്ടിവന്നു. അവിടെ എല്ലാവരും തിരക്കിട്ടു ജോലിയിലായിരുന്നു. നേരം വൈകുന്നതുകൊണ്ട് ഞാനല്‍പ്പം തിരക്കുകൂട്ടി. അതു കണ്ടിട്ട് എന്തിനാണിത്ര ധൃതികൂട്ടുന്നതെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ഏഴു മണികഴിഞ്ഞാല്‍ ഓട്ടോ കിട്ടാന്‍ പ്രയാസമാവും. വഴിനടക്കാന്‍ ബുദ്ധിമുട്ടാണെന്നും ബസ്റ്റാന്‍ഡിലൊന്നും ഈ സമയത്ത് പോയി നില്‍ക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. ഇതൊക്കെ നിങ്ങളെപ്പോലുള്ള കേരളത്തിലെ സ്ത്രീകളുടെ ധാരണയാണെന്നും വടക്കേ ഇന്ത്യക്കാരായ സ്ത്രീകളൊക്കെ രാത്രിയില്‍ ഇവിടെ ഒരു കുഴപ്പവുമില്ലാതെ നടക്കുന്നത് താന്‍ കാണുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ എന്റെ വാദത്തില്‍ ഉറച്ചു നിന്നു. തര്‍ക്കമായി. എങ്കില്‍ തെളിയിക്കാമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു. അടുത്ത ദിവസം വൈകിട്ട് ഏഴുമുതല്‍ ഒന്‍പതുവരെ തിരുവനന്തപുരം നഗരത്തിലെ സ്റ്റാച്യൂ ജംഗ്ഷന്‍ മുതല്‍ തമ്പാനൂര്‍ വരെ വെറുതേ നടന്നു. ഒരു റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും രഹസ്യമായി എന്നെ അനുഗമിച്ചു. ഒരുപാടു സ്ഥലങ്ങളില്‍നിന്ന് മോശമായ പ്രതികരണങ്ങള്‍ ഉണ്ടായി. തലസ്ഥാന നഗരത്തില്‍ സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ അവര്‍ക്ക് നേരിട്ടു ബോധ്യപ്പെട്ടു. പിറ്റേദിവസം അതെല്ലാം ചിത്രം സഹിതം പത്രത്തില്‍ വന്നു. ഇതിനെത്തുടര്‍ന്ന് ചര്‍ച്ചകളുടെ വേലിയേറ്റമായിരുന്നു. നഗരത്തിന്റെ പേര് ഞാന്‍ ചീത്തയാക്കി എന്നതരത്തിലായിരുന്നു വിമര്‍ശനം. ഇരുട്ടു വീണുകഴിഞ്ഞ് ഒരു പെണ്ണ് കെട്ടിയൊരുങ്ങി നിന്നാല്‍ അങ്ങനെയൊക്കെ ഉണ്ടാവും എന്നായിരുന്നു പല ബുദ്ധിജീവികളുടേയും പ്രതികരണം. എന്നാല്‍ സാധാരണക്കാരായ ഒരുപാടു സ്ത്രീകള്‍ എന്നെ വിളിച്ചു സപ്പോര്‍ട്ടുചെയ്തു. അവരൊക്കെ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് അതെല്ലാമെന്നു പറഞ്ഞു. അന്ന് ആ ചര്‍ച്ച അങ്ങിനെയൊക്കെ അവസാനിച്ചു. പിന്നീട് സൗമ്യയുടെ കേസ് വന്നുകഴിഞ്ഞാണ് അത്തരം ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നത്. അപ്പോള്‍ എല്ലാവരും എന്റെ നിലപാട് അംഗീകരിച്ചു. നമ്മുടെ നാട്ടില്‍ സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യേണ്ടി വരുമെന്നും അതിനുള്ള സാഹചര്യം ഇല്ലെന്നുമുള്ള സത്യം വൈകിയെങ്കിലും എല്ലാവരും സമ്മതിച്ചു. ധൈര്യം ഒരു ശീലമാണ് എന്റെ കുടുംബമാണ് ധൈര്യത്തിന്റെ സ്രോതസ്. വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും അഭിഭാഷകനുമായ സി.വി. ത്രിവിക്രമനാണ് അച്ഛന്‍. മുത്തച്ഛന്‍ കൂട്ടുയോയിക്കല്‍ വേലായുധന്‍ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു. അമ്മ കെ. ലളിത ഗൈനക്കോളജിസ്റ്റാണ്. മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതിയാണ് അമ്മയുടെ അമ്മ. ആശാന്റെ മരണശേഷം അവര്‍ എന്റെ മുത്തച്ഛന്‍ സി.ഒ. കേശവനെ പുനര്‍വിവാഹം ചെയ്യുകയായിരുന്നു. അങ്ങനെ പുരോഗമനവാദികളുടെ കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. ഒരു കാര്യത്തിലും വിലക്കുണ്ടായിരുന്നില്ല. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍തന്നെ എല്ലാ കാര്യങ്ങളിലും സ്വയം തീരുമാനമെടുക്കാനും ചെയ്യാനും അച്ഛന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു. വസ്ത്രമുള്‍പ്പെടെ എനിക്കാവശ്യമുള്ളതെല്ലാം ആറാം ക്‌ളാസ് മുതല്‍ വാങ്ങുന്നത് ഞാന്‍തന്നെ ആയിരുന്നു. വീട്ടില്‍നിന്നു പണം മാത്രം തന്നുവിടും. ആ പരിശീലനം ജീവിതത്തില്‍ പിന്നീട് ഒരുപാടു സഹായിച്ചു. നല്ല അനുഭവങ്ങളെ ഉള്‍ക്കൊള്ളാനും മോശമായതിനെതിരേ പ്രതികരിക്കാനും അച്ഛന്‍ പ്രേരിപ്പിക്കുമായിരുന്നു. പത്തില്‍ പഠിക്കുമ്പോള്‍ ഒരു അധ്യാപകന്‍ എന്നോടു മോശമായി പെരുമാറി. ഞാന്‍ അക്കാര്യം വീട്ടില്‍ ചെന്നു പറഞ്ഞു. കേട്ടിട്ട് അച്ഛന് ഭാവവ്യത്യാസം ഒന്നുമില്ല. നിന്നോട് അപമര്യാദയായി പെരുമാറിയാല്‍ നീതന്നെ പ്രതികരിക്കണം എന്നായിരുന്നു അച്ഛന്റെ നിലപാട്. എന്റെ വീടിന്റെ അടുത്തായിരുന്നു അധ്യാപകന്റെ വീട്. അയാളുടെ വീട്ടില്‍ പോയി നിനക്ക് ഇഷ്ടമുള്ളത് എന്താണെന്നു വെച്ചാല്‍ പറഞ്ഞിട്ടു വരാന്‍ പറഞ്ഞു. ഞാന്‍ പോകുന്നതുംനോക്കി അച്ഛന്‍ മുറ്റത്തിറങ്ങി നിന്നു. ഞാന്‍ തോന്നിയതെല്ലാം അയാളെ വിളിച്ചു പറഞ്ഞിട്ടു വന്നു. മറ്റൊരു സംഭവം പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. കോളജില്‍ നിന്ന് ഞങ്ങള്‍ കുറച്ചു പെണ്‍കുട്ടികള്‍ പുത്തന്‍തോപ്പ് എന്ന സ്ഥലത്ത് എന്‍.എസ്.എസ് ക്യാമ്പിനുപോയി. കൂട്ടത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനികള്‍ ഉണ്ടെങ്കിലുംകണ്‍വീനര്‍. ഞങ്ങളുടെ കൂട്ടത്തിലെ ഒരുകുട്ടി കുളിക്കുമ്പോള്‍ വെളിയില്‍നിന്ന് ആരോ ഒളിഞ്ഞുനോക്കി. ആ കുട്ടി പേടിച്ചു കരഞ്ഞുകൊണ്ട് ഓടിവന്നു. ഞാന്‍ അടുത്ത വീട്ടില്‍ ചെന്ന് അച്ഛനെ ഫോണ്‍ചെയ്തു വിവരം പറഞ്ഞു. അച്ഛന്‍ പിറ്റേന്നു രാവിലെ തന്നെ വന്നു. ഒരു കടലാസ് തന്നിട്ട് പരാതി എഴുതാന്‍ പറഞ്ഞു. എന്നെയും മറ്റു ചില കുട്ടികളെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ പോയി. അച്ഛന്‍ സ്‌റ്റേഷനു വെളിയില്‍ കാറില്‍തന്നെ ഇരുന്നു. എന്നോടു പരാതി സ്‌റ്റേഷനില്‍ കൊടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടികള്‍തന്നെ പരാതി പോലീസ് സ്‌റ്റേഷനില്‍ കൊടുത്തു. അവര്‍ ഉടന്‍തന്നെ ജീപ്പെടുത്തുവന്ന് വേണ്ട സംരക്ഷണമൊക്കെ ഏര്‍പ്പെടുത്തി. അത്തരം പരിശീലനങ്ങളാണ് തെറ്റുകണ്ടാല്‍ പേടിയില്ലാതെ പ്രതികരിക്കാന്‍ പ്രാപ്തയാക്കിയത്. അച്ഛന്റെ രീതി അങ്ങിനെ ആയിരുന്നു. സ്വയം പ്രാപ്തി നേടണം എന്നതായിരുന്നു അച്ഛന്റെ നിലപാട്. ഞാന്‍ എന്റെ മകന്‍ അനന്തകൃഷ്ണനെ വളര്‍ത്തിയതും അച്ഛന്റെ പാത പിന്‍തുടര്‍ന്നാണ്. തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്തം അവനു വിട്ടുകൊടുക്കും. ഡിഗ്രിക്കു പഠിക്കുന്ന അവന്റെ പ്രായത്തിലുള്ള കുട്ടികളേക്കാള്‍ പക്വത അവനുണ്ട്. മറ്റു കുട്ടികളെപ്പോലെ നാട്ടുനടപ്പനുസരിച്ച് എന്‍ട്രന്‍സ് പാസായി വലിയ കോഴ്‌സിനൊന്നും ചേര്‍ന്നില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് വിശ്വാസവും ധൈര്യവുമുണ്ട്. എന്തു പ്രതിസന്ധി വന്നാലും അവന്‍ ആത്മഹത്യചെയ്യില്ല. അച്ചടക്കം ലംഘിച്ച് ഒരു കല്യാണം 1990ല്‍ ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു വിവാഹം. ഞാന്‍ അന്ന് തിരുവനന്തപുരം വിമന്‍സ് കോളജ് ചെയര്‍മാനാണ്. ഇപ്പോള്‍ സി ഡിറ്റില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സതീശന്‍ അന്നു കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണന്ന്. രണ്ടുപേരും എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകര്‍. അക്കാലത്ത് പാര്‍ട്ടിയില്‍ ഉള്‍പ്പോരു രൂക്ഷമായിരുന്നു. അതിന്റെ ചുവടുപിടിച്ച് എസ്.എഫ്.ഐയിലും വി.എസ് ഗ്രൂപ്പും കാട്ടിയിക്കോണം ഗ്രൂപ്പും സജീവം. പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനു എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സതീശനോട് എതിര്‍പ്പുണ്ടായിരുന്നു. ഞാനാവട്ടെ മറ്റു വനിതാ സഖാക്കളെപോലെ ആയിരുന്നില്ല. കൈനിറയേ വളയൊക്കെയിട്ട് അണിഞ്ഞൊരുങ്ങി നടക്കുമായിരുന്നു. അതിന്റെ പേരില്‍ എസ്.എഫ്.ഐയില്‍ പലര്‍ക്കും എന്നോടും എതിര്‍പ്പുണ്ടായിരുന്നു. വിഭാഗീയതയുടെ ഭാഗമായി എന്നെയും സതീശനേയും ചേര്‍ത്ത് ആരോപണങ്ങള്‍ ഉയര്‍ന്നു. ഞാന്‍ അതത്ര കാര്യമാക്കിയില്ല. അക്കാലത്ത് പാര്‍ട്ടി ബന്ധം എന്നതില്‍ കവിഞ്ഞുള്ള പരിചയം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങള്‍ രണ്ടാളെയും ചേര്‍ത്ത് കോളജില്‍ പോസ്റ്റര്‍ നിറഞ്ഞു. പതിയെ ഈ വിഷയം വീട്ടിലും അറിഞ്ഞു. സത്യാവസ്ഥ അച്ഛനു ബോധ്യമായിരുന്നു. പക്ഷേ ബന്ധുക്കളില്‍ പലരും ഞാന്‍ പറഞ്ഞതു വിശ്വസിച്ചില്ല. അപവാദ കഥകള്‍ക്ക് ശക്തി കൂടിവന്നു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ആയിരുന്നു ആരോപണങ്ങള്‍ കൂടുതലും. ബന്ധുക്കള്‍ വഴി ചില വിവാഹ ആലോചനകള്‍ മുറുകി. കാര്യങ്ങള്‍ ഇത്രയും ആയപ്പോള്‍ പേരുദോഷം കേള്‍പ്പിച്ചിട്ട് വേറേ ഒരാളെ വിവാഹം കഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്കു തോന്നി. ജീവിത കാലം മുഴുവന്‍ അയാളുടെ മുന്‍പില്‍ ഞാന്‍ വിശ്വാസ്യത തെളിയിച്ചുകൊണ്ടിരിക്കണം. എല്ലാ സത്യവും അറിയുന്ന ഒരാളെ വിവാഹം കഴിക്കുന്നതായിരിക്കും നല്ലത് എന്നു തോന്നി. എന്നാല്‍ ആ സമയത്തുപോലും സതീശന്‍ ആരോപണങ്ങളെക്കുറിച്ച് ഒരക്ഷരം പോലും എന്നോട് സംസാരിച്ചിരുന്നില്ല. ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് നമുക്ക് വിവാഹം കഴിക്കാം എന്ന് ഞാനാണ് സതീശനോട് ആദ്യം നിര്‍ദ്ദേശംവെക്കുന്നത്. കേട്ടപാടെ സതീശന്‍ നിരുത്സാഹപ്പെടുത്തി. രണ്ടുകുടുംബങ്ങളും തമ്മില്‍ സാമൂഹ്യമായും സാമ്പത്തികമായും ഒരുപാട് അന്തരം ഉണ്ട് എന്നതായിരുന്നു സതീശന്റെ വിഷയം. അദ്ദേഹത്തിന്റെ അച്ഛന്‍ ബീഡിതെറുപ്പു തൊഴിലാളിയായിരുന്നു. തന്റെ കുടുംബം പാര്‍ട്ടിയാണ്, ഭാര്യയ്ക്കുള്ള പരിഗണന പിന്നീടേ ഉണ്ടാവൂ എന്നു സതീശന്‍ പറഞ്ഞു. എനിക്കതില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. എന്റെ ശരികള്‍ക്കുവേണ്ടി എന്തു ത്യാഗത്തിനും ഞാന്‍ ഒരുക്കമായിരുന്നു. സതീശന് ജോലി കിട്ടിക്കഴിഞ്ഞ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ സാഹചര്യം മുതലെടുത്തു. ഞങ്ങള്‍ കാമ്പസുകളില്‍ നടന്ന് അടുത്ത ദിവസം പരസ്യമായി മാപ്പുപറയണം എന്ന നിര്‍ദ്ദേശം അപ്രതീക്ഷിതമായി വന്നു. കാര്യങ്ങള്‍ അവിടം വരെ എത്തിയപ്പോള്‍ പിന്നെ വേറേ മാര്‍ഗം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. അതിന്റെ പിറ്റേദിവസം അച്ചടക്കം ലംഘിച്ചു എന്ന കാരണം പറഞ്ഞ് എന്നെ എസ്.എഫ്.ഐയില്‍ നിന്നു പുറത്താക്കി. വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഞാന്‍ എന്റെ വീട്ടിലേക്കുതന്നെയാണു പോയത്. വിവരം അറിഞ്ഞെങ്കിലും വീട്ടുകാര്‍ ആരും ഒന്നും ചോദിച്ചില്ല. അച്ഛനും ചോദിക്കാന്‍ ഒരു മടി. അടുത്ത ദിവസം അമ്മാവന്‍ വന്ന് എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. കുട്ടിക്കളിയോ എടുത്തു ചാട്ടമോ ആയിരിക്കുമോ എന്നതായിരുന്നു എല്ലാവരുടേയും സംശയം. ഞാന്‍ എന്റെ നിലപാടു വ്യക്തമാക്കി. അച്ഛനു ഞാന്‍ പറയുന്ന കാര്യങ്ങള്‍ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ എല്ലാബന്ധുക്കളുടേയും നിലപാട് അങ്ങിനെ ആയിരുന്നില്ല. എന്നാല്‍പ്പിന്നെ രണ്ടുവര്‍ഷം നോക്കട്ടെ എന്നായി കുടുംബത്തിന്റെ തീരുമാനം. അങ്ങനെ രജിസ്റ്റര്‍ ചെയ്ത് രണ്ടുകൊല്ലം കഴിഞ്ഞാണ് വിവാഹച്ചടങ്ങു നടന്നതും ഞങ്ങള്‍ ഒരുമിച്ചു താമസിക്കുന്നതും. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളുടെ അന്നത്തെ തീരുമാനം നൂറുശതമാനം ശരിയായിരുന്നു എന്നു തോന്നുന്നു. എന്റെ വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ ഏതുകാര്യത്തിനും സതീശനെ മതി. ഞാന്‍ ചെന്നുകയറിയവീടും ദൈവാധീനംകൊണ്ട് നല്ല നിലയിലായി. അതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ ഫെമിനിസ്റ്റല്ല സ്ത്രീകളെ ബാധിക്കുന്ന പല പ്രശ്‌നങ്ങളിലും ഇടപെടുന്നതുകൊണ്ടും പ്രതികരിക്കുന്നതുകൊണ്ടും പലരും എന്നെ ഫെമിനിസ്റ്റായാണ് കാണുന്നത്. ഞാന്‍ ഒരിക്കലും ഫെമിനിസ്റ്റല്ല. ഞാനൊരു ഹ്യൂമനിസ്റ്റാണ്. പുരുഷനു കാമമുണ്ട്. സ്ത്രീക്ക് ആഗ്രഹമുണ്ട്. അതൊരു തെറ്റാണെന്ന് ആര്‍ക്കു പറയാനാവും. എന്നാല്‍ വഴിയേ പോവുന്ന പെണ്ണുങ്ങളെല്ലാം പുരുഷന്റെ കാമപൂരണത്തിനുള്ള ഉപകരണങ്ങളാണ് എന്ന ചിന്തയേയാണ് ഞാന്‍ എതിര്‍ക്കുന്നത്. സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം എല്ലാ പൗരനും ഉള്ളതാണ്. സ്ത്രീക്ക് പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം മാവേലിക്കരയില്‍നിന്ന് കൊച്ചിയിലേക്കു ട്രെയിനില്‍ വരുമ്പോള്‍ അടുത്ത സീറ്റില്‍ വന്നിരുന്ന ഒരാള്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചു. ഞാന്‍ എഴുന്നേറ്റ് എതിര്‍വശത്തുള്ള സീറ്റില്‍ പോയിരുന്ന് ഒന്നും മിണ്ടാതെ അയാളെത്തന്നെ ഉറ്റുനോക്കിയിരുന്നു. അയാള്‍ ആകെ അസ്വസ്ഥനായി. സഹിക്കാന്‍ വയ്യാതെ കോട്ടയം ആയപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. പോലീസിനെ വിളിക്കണമെന്നില്ല പ്രതികരിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. മുന്‍പ് തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകന്റെ വെല്ലുവിളി സ്വീകരിച്ചപ്പോള്‍ ഞാനൊരു നിബന്ധന വെച്ചിരുന്നു. ആരെങ്കിലും അപമര്യാദയായി പെരുമാറിയാല്‍ അവരുടെ ചിത്രമോ തിരിച്ചറിയാവുന്ന വിവരങ്ങളോ പ്രസിദ്ധീകരിക്കരുത്. കാരണം വര്‍ഷങ്ങളായി അതൊക്കെ അവിടെ നടക്കുന്നതാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഏതൊക്കെയോ രീതിയില്‍ സമൂഹം അതൊക്കെ അനുവദിക്കുന്നുണ്ട്. ഒരുദിവസംപോയി രഹസ്യമായി പടമെടുത്ത്‌കൊടുത്ത് അവരുടെ കുടുംബത്തെ അപമാനിക്കുന്നത് ശരിയല്ല. ഒരാള്‍ പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയാല്‍ അത് അയാളുടെ മാത്രം കുറ്റമാണെന്നു പറയാനാവുമോ. വളര്‍ന്നുവന്ന സാഹചര്യത്തിന്റെയും പരിശീലനത്തിന്റെയും പ്രശ്‌നമാണ്. എല്‍.കെ.ജിയില്‍ പഠിക്കുന്ന ആണ്‍കുട്ടി സഹപാഠിയായ പെണ്‍കുട്ടിയുടെ കൈകോര്‍ത്തുപിടിച്ചാല്‍ 'നിന്റെ ഗേള്‍ഫ്രണ്ട് ആണോടാ' എന്നു ചോദിച്ചാണ് മുതിര്‍ന്നവര്‍ കളിയാക്കുന്നത്. തിരിച്ചറിവില്ലാത്ത ആ പ്രായംമുതല്‍ ചിന്ത വഴിതിരിഞ്ഞുപോവുകയാണ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്കു ലഭിക്കുന്ന പരിശീലനത്തിന്റെ പ്രശ്‌നംകൊണ്ടാണ് സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാവുന്നത്. തനിക്ക് ആരോടെങ്കിലും കാമം തോന്നുന്നു എന്ന് ഒരു സ്‌കൂള്‍ക്കുട്ടി പറഞ്ഞാല്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും ആ കുട്ടിയെ ചീത്തയായാണ് കാണുന്നത്. കുട്ടിയുടെ മനസിന്റെ സര്‍ഗാത്മകതകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് അവര്‍ മനസിലാക്കുന്നില്ല. അത്തരം കുട്ടികളുടെ ഭാവന നല്ലവഴിക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. എസ്.യു.ടി. ആശുപത്രിയിലെ മനശാസ്ത്ര വിഭാഗവുമായി ബന്ധപ്പെട്ടു മുന്‍പു പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എനിക്കു ബോധ്യമായ കാര്യങ്ങളാണ് ഇതെല്ലാം. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം അമൃതുപോലെ ആസ്വദിക്കുന്ന ഒരാളാണു ഞാന്‍. സ്വാതന്ത്ര്യം ഒരു ഉത്തരവാദിത്തമാണ്. അതു വിവേകപൂര്‍വം ഉപയോഗിക്കാനുള്ള പരിശീലനം ചെറുപ്പത്തില്‍തന്നെ എനിക്കു കിട്ടി. കുടുംബം എന്നെ മനസിലാക്കുന്നതുകൊണ്ടാണ് എനിക്കത് ഇപ്പോഴും ആസ്വദിക്കാന്‍ കഴിയുന്നത്. സ്വാതന്ത്ര്യമെന്നാല്‍ നമുക്ക് സന്തോഷം നല്‍കുന്നതും മറ്റുള്ളവര്‍ക്കു ദോഷമുണ്ടാവാത്തതുമായ കാര്യങ്ങളാണ്. എനിക്കു ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങല്ലൊം ഞാന്‍ ചെയ്യും. മനസുകൊണ്ട് ഇപ്പോഴും കമ്യൂണിസ്റ്റാണെങ്കിലും സംഘടനാ ബന്ധങ്ങളൊന്നുമില്ല. അതും ഒരു വലിയ സ്വാതന്ത്ര്യമാണ്. അഭിപ്രായങ്ങള്‍ എനിക്ക് ഏതുവേദിയിലും വെട്ടിത്തുറന്നുപറയാം. ആരാധനാലയങ്ങളില്‍ പോവാം. പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന മുറ്റമടിക്കുംപോലെ ദിവസവും ചെയ്യേണ്ടുന്ന കാര്യമാണെന്ന് മുത്തച്ഛന്‍ പറയുമായിരുന്നു. പ്രാര്‍ത്ഥന മനസിലെ മാറാലകളെല്ലാം മാറ്റി ചിന്തയ്ക്കു തെളിച്ചം നല്‍കും. തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മയൂരഗീതം എന്നപേരില്‍ ദേവീസ്തുതികള്‍ പ്രസിദ്ധീകരിച്ചു. രണ്ടു ഭക്തിഗാന ആല്‍ബങ്ങള്‍ക്കും പാട്ടെഴുതി. അഭിനയ എന്ന നാടക സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരംവന്നപ്പോള്‍ അതും സ്വീകരിച്ചു. ഹിന്ദി പഠിക്കണമെന്ന് അടുത്തകാലത്ത് തോന്നിയപ്പോള്‍ ഹിന്ദി പഠിച്ചു. ഹിന്ദിയില്‍ ഭജനവരെ എഴുതി. തമിഴാണ് എന്റെ പുതിയ കൗതുകം. തമിഴ് പഠനത്തില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. കമ്പരാമയണവും തിരുക്കുറലും വായിക്കുകയാണു ലക്ഷ്യം.
Share this article :

Post a Comment

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger