Movie :

kerala home tv show and news

Home » » Manoj K Jayan and Wife ഭര്‍ത്താവിനെ അനുസരിക്കുന്നവളാണ് നല്ല ഭാര്യ

Manoj K Jayan and Wife ഭര്‍ത്താവിനെ അനുസരിക്കുന്നവളാണ് നല്ല ഭാര്യ

{[['']]}
Manoj K. Jayan കഥകളിയുടെ വച്ചുകെട്ടും വേഷങ്ങളും അണിയാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അഭിനയിച്ചുതുടങ്ങിയപ്പോള്‍ ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം തോന്നിതുടങ്ങി. അവസാന നിമിഷങ്ങളിലേക്ക് എത്തിയപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. ഡബ്ബിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ വല്ലാത്ത സംതൃപ്തിയുണ്ടായിരുന്നു.
കളിയച്ഛന്റെ സെറ്റില്‍ അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ എനിക്ക് തീരെ വിശ്വാസം ഇല്ലായിരുന്നു. പല കഥാപാത്രങ്ങള്‍ക്കും പ്രതീക്ഷിച്ച ശേഷം ലഭിക്കാതെ വന്നപ്പോള്‍ പ്രത്യേകിച്ചും അനന്തഭദ്രത്തിലെ ദിഗംബരന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് ഇത് ചെയ്യുമ്പോള്‍ തീരെ പ്രതീക്ഷയില്ലായിരുന്നു.
സംഗീത കുടുംബത്തില്‍ ജനിച്ചിട്ടും പ്രൊഫഷനായി അഭിനയം തെരെഞ്ഞെടുത്തു. സംഗീതം പഠിക്കണമെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടോ?
സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പോലും പഠിച്ചിട്ടില്ല. അച്ഛനും കൊച്ചച്ഛനും അറിയപ്പെടുന്ന സംഗീതജ്ഞര്‍. എന്റെ ചേട്ടനും കൊച്ചച്ഛന്റെ മകനും സംഗീതം പഠിച്ചിരുന്നു. അന്ന് എനിക്ക് തോന്നി വേറെ വഴി തെരെഞ്ഞെടുക്കണമെന്ന്. സിനിമയും അഭിനയവും വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ അതു തന്നെ പ്രൊഫഷനാക്കണമെന്ന് ആഗ്രഹിച്ചു. പിന്നെ അഭിനയവും സംഗീതവും ഒരമ്മ പെറ്റ മക്കളെ പോലെയല്ലേ. സംഗീതം പഠിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്.
സ്‌റ്റേജ് ഷോകളിലൂടെ നല്ലൊരു ഗായകനാണെന്ന് തെളിയിച്ചിട്ടുണ്ടല്ലോ?
'സായ്‌വര്‍ തിരുമേനി' എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. പിന്നീട് ചില സ്‌റ്റേജ് ഷോകളില്‍ പാടി. നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. മാപ്പിളപ്പാട്ടുകള്‍ പാടിയത് റംസാനോടനുബന്ധിച്ച് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ചെറുപ്പത്തില്‍ അച്ഛന്റെ സംവിധാനത്തില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്. പ്രണയമല്‍ഹാര്‍ എന്ന ആല്‍ബവും ഈ വര്‍ഷം ചെയ്യാന്‍ കഴിഞ്ഞു.
ഇപ്പോള്‍ കൂടുതല്‍ മോഡേണായല്ലോ?
ചെറുപ്പം മുതല്‍ വസ്ത്രധാരണത്തിലെല്ലാം ശ്രദ്ധിക്കുന്നയാളായിരുന്നു ഞാന്‍. ഇടയ്ക്ക് കുടുംബത്തിലെ പല പ്രശ്‌നങ്ങളും തകര്‍ച്ചയും കാരണം അതിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ സന്തുഷ്ടമായ കുടുംബം എനിക്കുണ്ട്. എനിക്ക് ഒരു മോനുണ്ടായി. മനസ്സിന് സന്തോഷം ഉള്ളപ്പോഴാണ് ശരീരവും വസ്ത്രധാരണത്തിലും ശ്രദ്ധിക്കാന്‍ തോന്നുന്നത്. നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. പിന്നെ വസ്ത്രധാരണത്തില്‍ കുറയ്ക്കുന്നത് എന്തിനാണ്.
ആശ വന്നതിനു ശേഷം ജീവിതം ആകെ മാറിയെന്നു തോന്നുന്നുണ്ടോ?
ആശ നല്ലൊരു ഭാര്യയാണ്, അമ്മയാണ്. കുഞ്ഞാറ്റയെയും എനിക്കും ആശയ്ക്കും ജനിച്ച മകന്‍ അമൃതിനെയും ഒരു പോലെ കാണാനും സ്‌നേഹിക്കാനും കഴിയുന്നു. അതാണ് ആശയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ ഗുണവും.
നല്ല ഭാര്യ എങ്ങനെയായിരിക്കണം?
ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളായിരിക്കണം. വിശ്വാസം വേണം. ഞാനൊരു സിനിമാ നടനാണ്. സിനിമയില്‍ ഇല്ലാത്ത ആളായിട്ടും ഒരിക്കലും ആശ എന്നെ അവിശ്വസിച്ചിട്ടില്ല. എനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യവും പിന്തുണയും നല്‍കുന്നു.
നല്ലൊരു കുടുംബിനിയാണ്. കുട്ടികളെ നന്നായി നോക്കുന്നു. എനിക്ക് വേണ്ട ഭക്ഷണങ്ങള്‍ അവള്‍ തനിയെ പാചകം ചെയ്തു തരുന്നു. എന്റെ അമ്മ മരിച്ചിട്ട് നാലു വര്‍ഷമായി. അമ്മ ഇല്ലാത്ത ദുഃഖം ഇപ്പോള്‍ അച്ഛനില്ല. അത്രയ്ക്ക് കാര്യമായിട്ടാണ് അച്ഛനെ നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആശ.
കുഞ്ഞാറ്റയുടെയും അമൃതിന്റെയും വിശേഷങ്ങള്‍?
കുഞ്ഞാറ്റ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. എറണാകുളം ചോയ്‌സ് സ്‌കൂളിലാണ്. കുഞ്ഞിന്റെ പഠനത്തോടനുബന്ധിച്ച് അതിനോട് ചേര്‍ന്നുള്ള വില്ലയില്‍ തന്നെയാണ് താമസിക്കുന്നത്. അമൃതിനെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് എന്ന് അവള്‍ പറയുന്നത്. ഒരു നിധിപോലെയാണ് അവനെ കൊണ്ടു നടക്കുന്നത്. അവനെ കരയാന്‍ സമ്മതിക്കാതെ എപ്പോഴും എടുത്തുകൊണ്ട് നടക്കും. അമൃതിന് എട്ടു മാസം പ്രായം.
മനോജ് നല്ല അച്ഛനാണെന്ന് കല്പനയടക്കം പലരും പറഞ്ഞിട്ടുണ്ട്. ആശയുടെ മകളെ, കുഞ്ഞാറ്റയെയും അമൃതിനെയും ഒരുപോലെ കാണാന്‍ കഴിയുന്നു?
ഒരിക്കലും എന്റേതെന്നോ ആശയുടേതെന്നോ വേര്‍തിരിച്ച് കുട്ടികളെ കണ്ടിട്ടില്ല. ലണ്ടനില്‍ കുട്ടിയുടെ അച്ഛന്റെ അടുത്താണ് ആശയുടെ മകള്‍. അവധി കിട്ടുമ്പോള്‍ വരും. അവള്‍ക്ക് സ്‌നേഹം കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്നേയുള്ളൂ. അമൃതിനും കുഞ്ഞാറ്റയ്ക്കും ഒപ്പം ഇരിക്കുമ്പോള്‍ സമയം പോകുന്നതു പോലും അറിയില്ല.
അച്ഛനെക്കുറിച്ച്?
എണ്‍പത് വയസ്സാകുന്നു. എന്റെ ഒപ്പമാണ് അച്ഛന്‍ താമസിക്കുന്നത്. എന്റെ സന്തോഷമാണ് അച്ഛന്റെ സന്തോഷം. അച്ഛനിപ്പോള്‍ വളരെ ഹാപ്പിയാണ്. സംഗീത സംവിധാനവും കച്ചേരികളുമായി സജീവവുമാണ്. ദൈവാനുഗ്രഹംകൊണ്ട് ഇപ്പോഴും ആരോഗ്യത്തോടെ ഓടി നടക്കുന്നു.
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നുണ്ടോ?
വീട്ടിലുള്ളപ്പോള്‍ ഞങ്ങളെല്ലാവരും പുറത്തുപോയി ഭക്ഷണം കഴിക്കാറുണ്ട്. മോനുണ്ടായ ശേഷം ദൂരേക്ക് യാത്ര പോയിട്ടില്ല. അവന്‍ വലുതാകുന്നതു വരെ ദൂരെ യാത്രകള്‍ ഒഴിവാക്കി. വീട് വിട്ടുള്ള കമ്പനി കൂടലോ ഒറ്റയ്ക്കുള്ള യാത്രകളോ സുഹൃത്തുക്കളുമായി കറങ്ങലോ ഇല്ല. സിനിമയില്ലാത്തപ്പോള്‍ വീട്ടില്‍ തന്നെയുണ്ടാവും.
സുഹൃത്തുക്കള്‍ ഇല്ലെന്നാണോ?
സിനിമയിലെ സൗഹൃദങ്ങള്‍ അധികം സൂക്ഷിക്കാറില്ല. എന്റെ ഏറ്റവും വലിയ പോരായ്മയും അതാണ്. എന്റെ കൂടെ ചെറിയ ക്ലാസു മുതല്‍ ഒന്നിച്ചു പഠിച്ചവര്‍ തന്നെയാണ് ഇപ്പോഴും നല്ല സുഹൃത്തുക്കള്‍. വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോള്‍ അവരെ കാണാന്‍ ശ്രമിക്കാറുണ്ട്. എന്നെ വീട്ടില്‍ വിളിക്കുന്നത് 'അനി' എന്നാണ്. ഇപ്പോഴും അവര്‍ അങ്ങനെയാണ് വളിക്കുന്നത്. അതാണെനിക്കിഷ്ടവും.
നാട്ടില്‍ എന്തെങ്കിലും പ്രോഗ്രാമുകള്‍ ഉണ്ടെങ്കില്‍ കുടുംബത്തോടൊപ്പം വരും. കോട്ടയത്തെത്തുമ്പോള്‍ അവരെ കൂട്ടി ഞാന്‍ പഠിച്ച സ്‌കൂളുകളും കളിച്ചു നടന്ന പാടങ്ങളും കാണിച്ചുകൊടുക്കും. മൂന്നു സ്‌കൂളിലായിട്ടാണ് പഠിച്ചത്. അന്നത്തെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ഇതെല്ലാം കാണിച്ച് കൊടുക്കുന്നതും അവര്‍ക്ക് ഇഷ്ടമാണ്. കോട്ടയത്തെത്തുമ്പോള്‍ വല്ലാത്ത നൊസ്റ്റാള്‍ജിക്കാണ്.
ഓണം എത്തിയാല്‍ ഓര്‍മയിലേക്ക് ആദ്യം ഓടിയെത്തുന്നത്?
കോട്ടയംകാരനാണ് ഞാന്‍. കുറച്ചൂകൂടി തെളിച്ചു പറഞ്ഞാല്‍ നാഗമ്പടത്തിനടുത്തെ ചൂട്ടുവേലിക്കാരന്‍. കുട്ടിക്കാലത്തെ ഓണമായിരുന്നു ഓണം. ഉത്രട്ടാതി നാളില്‍ കുമാരനെല്ലൂര്‍ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തുന്ന ജലഘോഷയാത്രവലിയ ആഘോഷമായിരുന്നു. കുമാരനെല്ലൂര്‍ ദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടാണ് ഘോഷയാത്ര നടത്തുന്നത്. ഓടി വള്ളം, ചുണ്ടന്‍ വള്ളങ്ങള്‍, ചെറിയവള്ളങ്ങള്‍ തുടങ്ങി ഇരുപത്തിയഞ്ചു വള്ളങ്ങള്‍ ഉണ്ടാകും. കുമാരനെല്ലൂരില്‍ നിന്നു തുടങ്ങി ചുങ്കം, പനമ്പാലം വഴി തിരിച്ച് കുമാരനെല്ലൂര്‍ എത്തും.
കുട്ടിക്കാലത്ത് ഈ ഘോഷയാത്രയില്‍ കയറിപ്പറ്റാന്‍ പരമാവധി ശ്രമിക്കും. പക്ഷേ മുതിര്‍ന്നവര്‍ സമ്മതിക്കില്ല. പത്തു കിലോമീറ്റര്‍ തുഴയണം നിങ്ങളെകൊണ്ട് പറ്റില്ല എന്നു പറഞ്ഞു ഞങ്ങള്‍ കുട്ടികളെ ഓടിക്കും. ഘോഷയാത്രയില്‍ കയറുന്നത് വലിയ ഹീറോയിസമായി കണ്ടിരുന്നു. വള്ളങ്ങള്‍ പോകുന്ന ഇരുവശത്തും സഹപാഠികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഉണ്ടാകും. വള്ളം തുഴഞ്ഞ് അവരുടെ മുന്‍പില്‍ കൂടി പോകുന്നത് സ്വപ്നമായിരുന്നു. അങ്ങനെ പത്താം ക്ലാസില്‍ എത്തിയപ്പോള്‍ വള്ളത്തില്‍ കയറാന്‍ പറ്റി. അതും ദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ചുണ്ടന്‍ വള്ളത്തില്‍ തന്നെ. നാഷണല്‍ അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നു. വള്ളം തുഴയലിനൊരു താളമുണ്ട്. അത് തെറ്റിയാല്‍ പങ്കായം കൂട്ടിമുട്ടും. വള്ളം തുഴയുന്നത് ഒരാവേശമാണ്. പിറ്റെ ദിവസം കൈയും കാലും വേദനകൊണ്ട് അനക്കാന്‍ പറ്റാത്ത അവസ്ഥയാകും. അമ്മയെന്നെ വഴക്കു പറഞ്ഞത് ഓര്‍ക്കുന്നു.
ഇപ്പോഴും എന്റെ നാട്ടില്‍ മീനച്ചിലാറ്റില്‍ ഈ ഘോഷയാത്ര നടക്കുന്നു. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ നാട്ടില്‍ പോകാനും അതിലൊന്നും പങ്കെടുക്കാനും കഴിഞ്ഞിട്ടില്ല. ഘോഷയാത്ര കാണാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ട്. അന്ന് പൂക്കളം ഇടാന്‍ മാത്രം കൂടില്ല. അത് പെണ്‍കുട്ടികളുടെ ജോലിയാണ്. ഓണത്തിന് സൈക്കിള്‍ വാടകയ്ക്ക് എടുത്ത് കറങ്ങാന്‍ ഇറങ്ങും. സിനിമയ്ക്ക് പോകുന്നതാണ് മറ്റൊരാഘോഷം.
ഇത്തവണ ഓണത്തിന് നാട്ടിലും ആശയുടെ വീട്ടിലും പോകണമെന്നുണ്ട്. അമൃത് വന്നതിനു ശേഷം എത്തുന്ന ആദ്യത്തെ ഓണമാണ്. അതാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതയും സന്തോഷവും. അതുകൊണ്ട് നേരത്തെ തന്നെ ഓണത്തിന്റെ നാലു ദിവസങ്ങള്‍ ഫ്രീയാക്കിയിട്ടുണ്ട്. എറണാകുളത്തു കുടുംബത്തോടൊപ്പം തന്നെയാണ് ഓണാഘോഷം.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger