{[['']]}
പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലുസിംഗ്, സൗണ്ട്‌തോമ... ഒരു ശരാശരി സിനിമാപ്രേമിക്കു വട്ടാകാനും ചെവി അടിച്ചുപോകാനും വൈശാഖിന്റെ ഈ മുന്‍ സിനിമകള്‍ തുടര്‍ച്ചയായി കാണിച്ചാല്‍ മതി. എന്നാല്‍ കാശുമുടക്കി തിയറ്ററിലെത്തുന്നവരെ സന്തോഷിപ്പിക്കാന്‍പോന്ന പലതും ഈ സിനിമകളിലുണ്ടായിരുന്നു. പക്കാ ഫോര്‍മുലകളായിരുന്നെങ്കിലും ജനം അതുകൊണ്ടൊക്കെ തൃപ്തിപ്പെടുന്നതുകൊണ്ട് സൗണ്ട് തോമ ഒഴിച്ചുള്ള പടങ്ങളൊക്കെ തിയറ്ററില്‍നിന്ന് സാമാന്യവും സാറ്റലൈറ്റ് വഴി അതിലേറെയും പണം വാരിയതാണ്. സിബി-ഉദയ്കൃഷ്ണ, സച്ചി-സേതു തിര(ക്കിട്ട)കഥാകാരന്മാരുടെ കരവിരുതും വിവരക്കേടും ആവോളം ഈ സിനിമകള്‍ക്കുപിന്നിലുണ്ടായിരുന്നു. പക്ഷേ ഈ മഹാന്മാരെയെല്ലാം ഒഴിവാക്കി കഥയും തിരക്കഥയും എല്ലാം ഏറ്റെടുത്ത് സര്‍വശ്രീ വൈശാഖിന്റെ അഞ്ചാംവരവ് ' വിശുദ്ധന്‍' കര്‍ത്താവുപോലും പൊറുക്കാത്ത പാപമാണ്.
'ഫീല്‍ ദി ഡിഫറന്റ്' എന്നാണു സിനിമയുടെ ടാഗ്‌ലൈന്‍. പ്ലീസ്, ഇത്രയും വ്യത്യസ്തത മലയാളിക്കുകൊടുക്കരുത്. ന്യൂജനറേഷനുമായി അവരൊന്ന്അഡ്ജസ്‌ററ് ചെയ്തുവരുന്നതേയുള്ളു. അതിനിടയില്‍ ഇത്രയും കൊടുംവ്യത്യസ്തത കാട്ടി പേടിപ്പിക്കരുത്. ജനം തിയറ്ററെന്നു കേള്‍ക്കുമ്പോള്‍ നിലവിളിക്കും. തമിഴ്/തെലുങ്കു മസാലപ്പടങ്ങള്‍ തോറ്റുപോകുന്ന പാട്ടും ഡാന്‍സുമായി എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന സംവിധായകനാണ് വൈശാഖ്. എന്നാല്‍ പുതിയ ചിത്രത്തില്‍ പുരോഹിതനും കന്യാസ്ത്രീയും നാകയനും സഭയും വിശ്വാസികളും പശ്ചാത്തലവുമായതോടെ 'ഇതെന്നാ ഭാവിച്ചാ' എന്നു സംശയുമുണ്ടായിരുന്നു.
രക്തം ഇറ്റുവീഴുന്ന കൊന്ത, ചിതറിവീഴുന്ന മഴത്തുള്ളികള്‍ക്കു കീഴെ ശവകല്ലറയില്‍ തളര്‍ന്നിരിക്കുന്ന നായകന്‍ എന്നുവേണ്ട ആകെ അമ്പരിപ്പിച്ചുകൊണ്ടുള്ള ആദ്യസീന്‍ കണ്ടപ്പോള്‍ കര്‍ത്താവേ വൈശാഖ് മാനസാന്തരപ്പെട്ടോ എന്നോര്‍ത്ത് അന്തംവിട്ടു.(വെറുതേയാ, ചുമ്മാതെ ഓരോ ജാഡകള്‍) നായകനെ കാണിക്കുമ്പോഴുള്ള പതിവുസര്‍ക്കസുകളോ കോമാളിത്തരങ്ങളോ ഇല്ല. അന്തിക്കാടു പടങ്ങളുടെ മോഡല്‍ നാട്ടുകാരെ മൊത്തമൊന്നു പരിചയപ്പെടുത്തി ഇഴഞ്ഞുനിരങ്ങി പടം നീങ്ങുന്നു. ഫാ. സണ്ണി(കുഞ്ചാക്കോ ബോബന്‍) പള്ളിയില്‍ ചുമതലയേല്‍ക്കാന്‍ വരുന്ന വികാരിയാണ്. ഫാ. സണ്ണി ഇടവകാംഗങ്ങളുടെ പ്രിയപ്പെട്ട അച്ചനായി കഴിഞ്ഞുവരുന്നതിനിടയ്ക്കാണു സ്‌നേഹാലയം എന്ന പള്ളിയുടെ കീഴിലുള്ള ശരണാലയത്തിലെ ക്രമക്കേടുകള്‍ സിസ്റ്റര്‍ സോഫി(മിയ) ചൂണ്ടിക്കാട്ടുന്നത്. അച്ചന്റെ പ്രധാനസഹായി ഈ കന്യാസ്ത്രീയാണ് ക്രമക്കേടെന്നുവച്ചാല്‍ സ്ഥലത്തെ പ്രധാനമുതലാളിയായ വാവച്ചന്റെ മെഡിക്കല്‍ കോളജിലേയ്ക്കു മൃതശരീരങ്ങളെ 'വലിയ കഷ്ടപ്പെടില്ലാതെ' ഒപ്പിക്കാനുള്ള ഒരു സംവിധാനമാക്കി ശരണാലയത്തെ മാറ്റിവച്ചിരിക്കുകയാണ്. ഫാ. സണ്ണി ഇതിനെതിരേ ഇടപെടാന്‍ നിര്‍ബന്ധിതനാകുകയും വാവച്ചന്റെ കണ്ണിലെ കരടാകുകയും വാവച്ചന്‍ അച്ചനും കന്യാസ്ത്രീയ്ക്കുമെതിരേ കുതന്ത്രങ്ങള്‍ നീക്കുകയും ചെയ്യുന്നു.
പള്ളി പശ്ചാത്തലമാകുമ്പോള്‍ ഇടവകയിലെ പ്രധാനമുതലാളിയാവണമല്ലോ വില്ലന്‍. വിശുദ്ധന്‍ ആ നിയമം തെറ്റിച്ചു 'ഡിഫറന്‍സ്' ഒന്നു കാണിക്കുന്നില്ലേ.....വില്ലനെന്നൊക്കെ പറഞ്ഞാല്‍ കാറില്‍ നിന്നറങ്ങുന്നവഴിക്ക് അണ്ടര്‍വെയറിന്റെ വരയന്‍ ഡിസൈന്‍ കണ്ടേപറ്റു എന്നഭാവത്തില്‍ കക്ഷത്തിലേക്കു മുണ്ടിന്റെ അറ്റം എടുത്തുവയ്ക്കുന്ന 'അച്ചായന്‍' വില്ലന്‍( ഫഹദ് ഫാസില് എന്തോരം ബോക്‌സര്‍ ബര്‍മുഡ ഇട്ടാലും ജോക്കിക്കാര് ജോക്കി ഓര്‍ നത്തിംഗ് എന്നുപറഞ്ഞു നിലവിളിച്ചാലും അണ്ടര്‍വെയര്‍ അണ്ടര്‍വെയറു തന്നാ). ഈ വില്ലന്‍ അച്ചനേയും കന്യാസ്ത്രീയേയും അപമാനിക്കാന്‍ ശ്രമിക്കുന്നതും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. വല്ലാത്ത ഇഴച്ചിലിണ്ടെങ്കിലും പകുതിവരെയുള്ള കഥപറച്ചില്‍ സാമാന്യം ഭേദപ്പെട്ടതാണ്. കാര്യമായ നര്‍മമോ, ഉദ്വേഗമോ ഒന്നും ജനിപ്പിക്കുന്നില്ലെങ്കിലും ലോജിക് ഉള്ള പ്രമേയമായി തന്നെ വിശുദ്ധന്റെ ആദ്യപകുതി അനുഭവപ്പെടുന്നുണ്ട് (വൈശാഖിന്റെ മുന്‍സിനിമകള്‍ക്ക് ഒന്നിനും ഇതില്ലായിരുന്നുവെന്നോര്‍ക്കണം.). സഭാരീതികള്‍ വളരെ പക്വമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അച്ചനും കന്യാസ്ത്രീയും തിരുവസ്ത്രം ഉപേക്ഷിക്കകുയും അവര്‍ പിന്നീട് വിവാഹിതരാകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വിശ്വാസികളെയോ സഭയേയോ വ്രണപ്പെടുത്താതെ ചെയ്യാന്‍ വൈശാഖ് സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ ഒരു കൊമേഴ്‌സ്യല്‍ സിനിമ എന്ന തലത്തില്‍ പതിവു ട്രാക്കിലേക്കുവീണ് പഴയപ്രതികാര ഫോര്‍മുലയിലേക്കു പോയി അരസികമായ രണ്ടാംപകുതിയാണു സിനിമയ്ക്കു തിരിച്ചടിയാകുന്നത്. കുഞ്ചാക്കോ ബോബന്റെ നായകകഥാപാത്രത്തിനെ പ്രതികാരത്തിന്റെ രൂപത്തിലേക്കും അവസ്ഥയിലേക്കുമെത്തിക്കുന്ന ഉപകഥകള്‍ക്കു കാഴ്ചക്കാരുമായി സംവേദിക്കാനാവുന്നില്ല. രണ്ടാംപകുതി ലക്ഷ്യബോധിമല്ലാത്ത കുറേ സംഭവങ്ങളും സംഭാഷണങ്ങളും മാത്രമാണ്. കുഞ്ചാക്കോ ബോബന്‍ വ്യാജപുരോഹിതനായി വേഷമിട്ട റോമന്‍സിന്റെ അന്തരീക്ഷമാണ് സിനിമയ്ക്ക്. റോമന്‍സ് കുറച്ചു ചീഞ്ഞതമാശകളെങ്കിലും ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ വൈശാഖ് ഇക്കുറി ഭയങ്കര സീരിയസായതുകൊണ്ട് ഷാപ്പുകോമഡികള്‍ക്കപ്പുറം ഒന്നുമില്ല സിനിമയില്‍. അതുകൊണ്ടു വൈശാഖിന്റെ സിനിമയല്ലേ, സമയം കളയാം എന്നുകരുതി കയറുന്നവരും നിരാശപ്പെടേണ്ടിവരും. സീരിയലില്‍ മാതാവായി വേഷമിട്ട മിയ കന്യാസ്ത്രീവേഷം മികച്ചരീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ശവക്കുഴി വെട്ടുകാരനായി വേഷമിടുന്ന നന്ദു സ്പിരിറ്റിനുശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഗോപീസുന്ദറാണ് സിനിമയുടെ സംഗീതം. പശ്ചാത്തലസംഗീതം പലരേയും ഭ്രാന്തനാക്കും, മുഴുത്ത ഭ്രാന്തന്‍. അല്ലെങ്കില്‍ ചെവിയുടെ ഡയഫ്രം അടിച്ചുപോകും. അത്രമേല്‍ അസഹനീയമാണ്.
ആഷിക് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' പറഞ്ഞുവച്ച അപകടകരമായ ചില കാര്യങ്ങളുണ്ട്. കേരളംവിട്ട് അന്യസംസ്ഥാനത്തു പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍(പ്രത്യേകിച്ച് നഴ്‌സുമാര്‍) പണത്തിനും ആഢംബരത്തിനും വേണ്ടി എന്തും ചെയ്യുന്നവരാണ് എന്ന്. ബാംൂര് എന്ന നഗരമാണ് 22 ഫീമെയിലിന്റെ പശ്ചാത്തലം. വിശുദ്ധനില്‍ ശവകുഴിവെട്ടുകാരന്റെ മകള്‍ അനു എന്ന പെണ്‍കുട്ടി നഴ്‌സിംഗ് പഠിക്കാന്‍ ബാംഗ്ലൂരിലെത്തുകയും സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് വേശ്യാവൃത്തിയിലേക്കു തിരിയുകയും ചെയ്യുന്നു. അനുവിന്റെ ആ വഴിയിലേയ്‌ക്കെത്തിക്കുന്ന കൂട്ടുകാരി പച്ചയ്ക്ക് ഉപദേശിക്കുന്നു, പാവപ്പെട്ടവര്‍ക്ക് സുന്ദരമായി ജീവിക്കണമെങ്കില്‍ ഇങ്ങനെ പലതും ചെയ്യേണ്ടിവരുമെന്ന്. എല്ലാവരും ഇതൊക്കെയാണു ചെയ്യുന്നതെന്നും. എന്തൊരു വൈകൃതമനസാണ് ഈ സിനിമാക്കാരന്റേത്. 22 എഫ്‌കെയ്ക്ക് ഒരു ബുദ്ധിജീവി ജാഡയും ഒരു വ്യാജസ്ത്രീപക്ഷ നിലപാടുമുണ്ടായിരുന്നു. വിശുദ്ധന്റേതു കലുങ്കിലിരുന്നു കമന്റടിക്കുന്നവന്റെ കരണത്തടികൊള്ളേണ്ട മനസാണ്. കേരളത്തിലേറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ജോലി തേടിപ്പോകുന്ന മേഖലയാണ് നഴ്‌സിംഗ്. കടംവാങ്ങിയും ബാധ്യതകള്‍ തലയിലേറ്റിയും അന്യനാടുകളില്‍ പഠിക്കാന്‍ പോകുന്ന ഈ പെണ്‍കുട്ടികളെ, അവരുടെ കുടുംബത്തെ ഒരു ശരാശരി മഞ്ഞമാധ്യമമേബാധവും ബംഗളുരു സുഹൃത്തുക്കളുമുള്ള ഒരു സാദാ എം.സി.പി. നിലവാരത്തില്‍ അളക്കുകയാണ് സ്‌ക്രിപ്റ്റ് എഴുതിയ വൈശാഖിന്റെ 'വിശുദ്ധമനസ്'. ഇത്തരത്തിലുള്ള പെണ്‍കുട്ടികളില്ലേ, സിനിമയ്ക്ക് അത്തരത്തിലുള്ള കഥാപാത്രം ആവശ്യമായതു കൊണ്ടു സൃഷ്ടിച്ചതല്ലേ എന്നവാദമുന്നയിക്കുന്നവരുണ്ടാകാം. അതു ബാംഗ്ലൂരോ, നഴ്‌സിംഗോ, മലയാളിയോ ആകണമെന്നില്ല, മാംസം കച്ചവടമാക്കുന്ന ഏതു നഗരത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാം. വീണ്ടും ഒരിക്കല്‍ കൂടി ബാംഗ്ലൂരും നഴ്‌സിംഗ് വിദ്യാര്‍ഥിനികളും ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കുന്നവരും മുഖ്യധാരാ സിനിമയില്‍ വളരെ മോശമായി ചിത്രീകരിക്കപ്പെട്ടതുകൊണ്ടു പറഞ്ഞുപോയതാണ്.
Post a Comment