{[['']]}
ഇതാ അസാധാരണമായ ചില ഫോട്ടോകള്‍. അതിനു പിന്നിലെ കഥയും അസാധാരണവും. ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ വണ്ടി നിര്‍ത്തി ഓടിയെത്തിയവര്‍. അതിവേഗം പാഞ്ഞെത്തിയ മെഡിക്കല്‍ സംഘം. ജീവന്‍ രക്ഷിക്കാനായി ആശുപത്രിയിലേക്കുള്ള ഓട്ടം. ഇതെല്ലാം കണ്ടു നിന്ന ഒരു പത്ര ഫോട്ടോഗ്രാഫറാണ് ഈ പടങ്ങള്‍ പകര്‍ത്തിയത്. ലോക മാധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാണുക, ആ ചിത്രങ്ങള്‍:
അഞ്ചു മാസം പ്രായമായ സെബാസ്റ്റ്യന്‍ എന്ന കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്നു പമേല റൂസിയോ. യാത്രക്കിടെ കുട്ടിക്ക് കടുത്ത ശ്വാസ തടസ്സമുണ്ടായി. വണ്ടി റോഡിന്റെ ഓരത്തേക്ക് മാറ്റി അവര്‍ കുഞ്ഞിന് കൃത്രിമ ശ്വാസോച്ഛാസം നല്‍കാന്‍ ശ്രമിച്ചു.
തിരക്കുള്ള എല്ലാ റോഡുകളുടെയും അവസ്ഥ തന്നെയായിരുന്നു അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് റോഡ് 83ലും. ഇരമ്പിപ്പായുന്ന വാഹനങ്ങള്‍. വഴിയരികില്‍ നിന്ന് കുഞ്ഞിന് ശ്വാസോച്ഛാസം നല്‍കുന്ന സ്ത്രീയെ ആരു ശ്രദ്ധിക്കാന്‍...?
എങ്കിലും വഴിയില്‍ കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥനും വഴിയാത്രക്കാരിയായ ലൂസില ഗോദോയിയും വണ്ടി നിര്‍ത്തി അവര്‍ക്കരികെ എത്തി. ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിനൊപ്പം നിലവിളിക്കുകയായിരുന്നു അന്നേരം പമേല.
ഇരുവരും കുഞ്ഞിനെ വാങ്ങി കൃത്രിമ ശ്വാസം നല്‍കാന്‍ സഹായിച്ചു. പെട്ടെന്ന് ശ്വാസം തിരിച്ചു കിട്ടി. എന്നാല്‍, വീണ്ടും അത് നിലയ്ക്കുകയായിരുന്നു. ഇതോടെ പമേല വീണ്ടും കരച്ചിലിലേക്ക് പതിച്ചു.
എന്നാല്‍, ഭാഗ്യം അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ ജീവനക്കാര്‍ പാഞ്ഞെത്തി. അവര്‍ കുട്ടിയെ കൈയിലെടുത്ത്. പിന്നെ ഒട്ടും വൈകിയില്ല. ആശുപത്രിയിലേക്ക്.
മിയാമി ഹെറാല്‍ഡ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍ അല്‍ ഡയസാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. വഴി വക്കിലെ രംഗങ്ങള്‍ കണ്ട് സഹായവുമായി എത്തിയതായിരുന്നു അയാള്‍. എന്നാല്‍, രംഗങ്ങള്‍ കണ്ടപ്പോള്‍ അയാളുടെ ക്യാമറയാണ് കണ്‍തുറന്നത്. 'ഫോട്ടോ ഫേണലിസ്റ്റ് എന്ന നിലയിലാണ് നിങ്ങള്‍ളെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്താനാണ് നോക്കുക. മനുഷ്യന്‍ എന്ന നിലയിലാണ് വരുന്നതെങ്കില്‍ സഹായിക്കാനും. സഹായിക്കാന്‍ ഇവരൊക്കെ ഉണ്ടായിരുന്നു. അതിന്റെ മഹത്വം പകര്‍ത്തിയാല്‍ ഏറെ പേര്‍ക്ക് പ്രചോദനമാവും എന്നു തോന്നി. അതാണ് ഈ ചിത്രങ്ങള്‍'-ഡയസ പറയുന്നു.