Movie :

kerala home tv show and news

Home » » ഞാന്‍ ആരെ കല്യാണം കഴിക്കും

ഞാന്‍ ആരെ കല്യാണം കഴിക്കും

{[['']]}

ഒരു ജന്മം തന്നെ മതിയാവുന്നില്ല ഒരാളെ മനസ്സിലാക്കാന്‍. അപ്പോഴാണ് ഒരു മിനിറ്റുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരുന്നത്. സ്വന്തം വിവാഹം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിട്ടുതരണമെന്ന് ന്യൂ ജനറേഷന്‍ സ്വരംഇന്നും ഒരുത്തന്‍ വരുന്നുണ്ടത്രേ. രാവിലെത്തന്നെ അമ്മ വിളിച്ചുണര്‍ത്തി. ഈ മാസം ഇത് 18-ാമത്തെ ആളാണ്. 'ഇത് നല്ല ബന്ധമാണ്. നമുക്ക് എന്തായാലും പറ്റും' അച്ഛന്‍ കോലായിലിരുന്ന് ഗൗരവത്തോടെ പറയുന്നുണ്ട്. ചെക്കന്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ്. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബം. പത്തരമാറ്റുള്ള പെരുമാറ്റം. പത്താംക്ലാസിലെ ഉപന്യാസചോദ്യത്തിനുള്ള ഉത്തരംപോലെ വരനെക്കുറിച്ചുള്ള വിവരണം നീളുന്നു.
പതിവുള്ളൊരു ചോദ്യമാണ് എന്റെ ഉള്ളില്‍ തികട്ടിവന്നത്. ഇതിപ്പോള്‍ കല്യാണം എന്റെയല്ലേ. പിന്നെ കൂടെ ജീവിക്കേണ്ടതും ഞാനല്ലേ. എന്നിട്ടും തീരുമാനമെല്ലാം എടുക്കുന്നത് മറ്റുള്ളവരും. എന്റെ അമ്മയും അവരുടെ അമ്മയും ചുറ്റുവട്ടത്തുള്ള ചേച്ചിമാരും അയലത്തെ അമ്മച്ചിമാരുമെല്ലാം കല്യാണം കഴിച്ചത് ഇങ്ങനെയത്രേ. ചെറുപ്രായത്തില്‍ത്തന്നെ ആരൊക്കെയോ ചേര്‍ന്ന് അവരുടെ ജീവിതം ഇങ്ങനെ വേണമെന്ന് വരച്ചിട്ട പോലെ. അത് ഞാനാവാം, നിങ്ങളാവാം. വിവാഹക്കമ്പോളത്തില്‍ വിലയിടലിന് ഒരുക്കിവെച്ച ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സിലെ സങ്കടങ്ങളാവാം.
ഇതാ അമ്മയുടെ അടുത്ത മുന്നറിയിപ്പ് വന്നിരിക്കുന്നു. 'അവരിങ്ങെത്താറായി. ഒരു പൊട്ടെങ്കിലും എടുത്തുകുത്തി ഒന്ന് റെഡിയാവ്' അകത്ത് ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്, എല്ലാവരുംകൂടെ. അച്ഛന്‍ കസേരയൊക്കെ നേരെയിടുന്നു. അമ്മ ഗ്ലാസില്‍ ഹോര്‍ലിക്‌സ് കലക്കി നിറയ്ക്കുന്നു.
അറിയാത്തൊരാളുടെ മുന്നില്‍ പോയിനില്‍ക്കുക. കുറേ ചോദ്യങ്ങളും ഉത്തരങ്ങളും. അതിനിടയില്‍ മുതിര്‍ന്നവര്‍ ആരെങ്കിലും പറയും, ഇനി അവര്‍ക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ സംസാരിക്കട്ടെ. ജയിലിലെത്തിയ സന്ദര്‍ശകരോട് സംസാരിക്കുന്ന പോലെ അനുവദിച്ചുകിട്ടിയ നാലോ അഞ്ചോ മിനിട്ട്. കഴിഞ്ഞു. അതിനുള്ളില്‍ പരസ്പരം അറിയാനെവിടെ സമയം. വന്നവര്‍ ഇറങ്ങേണ്ട താമസം. അപ്പോഴേക്കും അച്ഛനും അമ്മയും ചോദിക്കും, 'ഇഷ്ടമായോ?' എങ്ങനെയാണ് അത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരാളെ ഇഷ്ടമാവുക. ഒരു ജീവിതകാലം മുഴുവന്‍ ഒരുമിച്ചുകഴിയാനുള്ളതല്ലേ. എത്രയോ കാലമായി നമ്മള്‍ ഓരോ പെണ്‍കുട്ടിയും സ്വയം ചോദിക്കുന്ന ചോദ്യം.
പെണ്‍കുട്ടിക്ക് സ്വന്തം വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു സ്വാതന്ത്ര്യവുമില്ലേ? 'ഇപ്പോഴും ആരെ, എപ്പോള്‍ വിവാഹം കഴിക്കണമെന്ന് തീരുമാനമെടുക്കാന്‍ കഴിയാത്ത എത്രയോ പേരുണ്ട്.' അധ്യാപികയായ സുമിത രോഷത്തോടെ എന്നോട് പറഞ്ഞു. കാലം എത്ര മുന്നോട്ട് പാഞ്ഞാലും നമ്മുടെ സമൂഹത്തിന്റെ മനസ്സ് എത്രയോ പിന്നില്‍ത്തന്നെയെന്ന് വിളിച്ചുപറയുന്ന വാക്കുകള്‍.
അതാ മുറ്റത്ത് ആ വണ്ടി വന്നുനിന്നിരിക്കുന്നു. ആദ്യമിറങ്ങിയത് മൂന്ന് നരച്ച തലമുടിക്കാര്‍. പിന്നാലെ കറുത്ത പാന്റും ഇന്‍ചെയ്ത വെള്ള ഷര്‍ട്ടുമായി ഒരു കഷണ്ടിക്കാരന്‍. ഇതാവും നായകന്‍, വരട്ടെ, നോക്കാം.
ഒട്ടും അറിയാത്തൊരാളുടെ മുമ്പില്‍ കഴുത്ത് നീട്ടിക്കൊടുക്കാന്‍ എനിക്ക് വയ്യെന്നു പറഞ്ഞാലോ? 'കല്യാണം ഉറപ്പിച്ചശേഷം നിങ്ങള്‍ക്ക് ഇഷ്ടംപോലെ സമയം കിട്ടുമല്ലോ', പഠിച്ചുവെച്ച കുറെ മറുപടികള്‍ വിളമ്പും രക്ഷിതാക്കള്‍. ഒരു ജന്‍മം പോലും മതിയാവുന്നില്ല പലപ്പോഴും, കൂടെ ജീവിക്കുന്നവനെ മനസിലാക്കാന്‍. അപ്പഴാ വിവാഹത്തിനിടയിലെ ഒന്നോ രണ്ടോ മാസം.
ആദ്യം കരിയര്‍ ഒന്നു ശരിയാവട്ടെ. എന്നിട്ടാവാം കല്യാണമെന്ന് ചിന്തിക്കുന്നവരാണ് ന്യൂജനറേഷന്‍ പെണ്‍കുട്ടികള്‍. പക്ഷേ, ഇതൊക്കെ ആര് കേള്‍ക്കാന്‍. ഇരുപത് കഴിയുമ്പോള്‍തന്നെ തുടങ്ങും, വരുന്നവരും പോവുന്നവരുമെല്ലാം. എന്താ കല്യാണം കഴിക്കാത്തെ, ഇനിയും എന്തിനാ കാത്തുനില്‍ക്കുന്നെ, നല്ലപ്രായത്തില്‍ത്തന്നെ എല്ലാം നടത്തണം എന്നൊക്കെ. 'എനിക്ക് ഇരുപത്തിമൂന്ന് വയസ് ആയപ്പഴേക്കും തുടങ്ങി, കല്യാണം കഴിക്കെന്നും പറഞ്ഞുള്ള ശല്യം. വയസാണോ വിവാഹം കഴിക്കാനുള്ള മാനദണ്ഡം. നമുക്ക് വേണമെന്ന് തോന്നുമ്പഴല്ലേ വിവാഹം കഴിക്കേണ്ടത്. എനിക്ക് ജോലി കിട്ടിയിട്ട് ഒരു വര്‍ഷമായതേയുള്ളൂ. ഞാനെന്തായാലും രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടേ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ', ബംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മാല എന്തുവന്നാലും നേരിടുമെന്ന തന്റേടത്തോടെ പ്രതികരിച്ചു. പക്ഷേ ഇതൊക്കെ എത്രപേരുടെ കാര്യം?
ഇയാള്‍ക്കെന്താ കണ്ണില്‍നോക്കി സംസാരിച്ചുകൂടേ. ബൈഹാര്‍ട്ട് പഠിച്ചപോലെ നാലഞ്ച് ചോദ്യങ്ങള്‍, 'പേര്, പഠിച്ച സ്‌കൂള്‍, ജോലി ചെയ്യുന്നുണ്ടോ...' അയാള്‍ സംതൃപ്തനായെന്ന് തോന്നുന്നു. ഒരു ചിരിയുമായി ഇറങ്ങിപ്പോയി. സ്വീകരണമുറിയില്‍നിന്ന് കാരണവന്‍മാരുടെ ചിരി മുഴങ്ങി.
'എനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. പക്ഷേ, എനിക്കറിയാവുന്ന ചിലരുണ്ട്. എത്രയൊക്കെ ബ്രോഡ് മൈന്റഡ് ആണെങ്കിലും മക്കളുടെ വിവാഹക്കാര്യമെത്തുമ്പോള്‍ അവരുടെ തീരുമാനമേ നടക്കൂ.' കൊച്ചിയില്‍ വിഷ്വല്‍മീഡിയ വിദ്യാര്‍ഥിനിയായ സംഘമിത്ര പറയുന്നു.
എന്നാല്‍ എല്ലാ വീട്ടുകാരും ഇങ്ങനെയാണോ? ബംഗളൂരിലെ ഐ.ടി.പ്രൊഫഷണലായ ശ്രുതി പറയുന്നു. 'വീട്ടുകാര്‍ എല്ലാക്കാര്യത്തിലും ഭയങ്കര സപ്പോര്‍ട്ടിങ് ആണ്. നിനക്ക് എപ്പോഴാണോ വിവാഹം വേണ്ടത്, അപ്പോള്‍ പറഞ്ഞാല്‍ മതി. അങ്ങനെയാ അമ്മ എന്നോട് പറഞ്ഞിട്ടുള്ളത്. ഇനി ആരെയെങ്കിലും ഇഷ്ടമാണെങ്കില്‍ അതും ഞങ്ങളോട് പറയണം. പക്ഷേ, എന്റെ കൂട്ടുകാര്‍ക്കൊന്നും പലപ്പോഴും ഈ ഫ്രീഡം കിട്ടാറില്ല.'
തിരുവനന്തപുരത്തെ ഫാഷന്‍ ഡിസൈനറായ പ്രീത പറയുന്നത് കേള്‍ക്കൂ. 'ഇപ്പോഴത്തെ രക്ഷിതാക്കളില്‍ 60 ശതമാനവും തീരുമാനങ്ങള്‍ കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നവരല്ല. കുറച്ചുനാള്‍ മുമ്പ് എനിക്ക് പരിചയമുള്ളൊരു കുട്ടി അവള്‍ക്കിഷ്ടമുള്ളൊരാളുടെ കൂടെ ഒളിച്ചോടി. വീട്ടുകാര്‍ ഒരു പ്രൊപ്പോസല്‍ ഏകദേശം ഉറപ്പിച്ച സമയത്താണ് അവളിങ്ങനെ ചെയ്തത്. അപ്പോള്‍ അവളുടെ വീട്ടുകാര്‍ കരഞ്ഞുകൊണ്ട് ഞങ്ങളോട് പറഞ്ഞു, അവള്‍ക്കിത് ഒന്നു പറയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന്.'
നമുക്കിതങ്ങ് ഉറപ്പിച്ചാലോ. നിനക്ക് ഇഷ്ടമായിട്ടുണ്ടാവുമെന്ന് ഉറപ്പല്ലേ. ഇങ്ങനെയൊരു ചെക്കനെ ഇനി എവിടുന്ന് കിട്ടാനാ. എല്ലാം തീരുമാനിച്ച പോലെയാണ് അമ്മാവന്റെ സംസാരം.
തിരുവല്ലയിലെ വീട്ടമ്മയായ ഷീജയുടെ അനുഭവം ഓര്‍മ വരുന്നു. 'പത്താം ക്ലാസ് കഴിഞ്ഞപ്പഴേക്കും എന്റെ കല്യാണം തീരുമാനിച്ചു. പഠിക്കണമെന്ന് നല്ല മോഹമുണ്ടായിരുന്നു. ആഗ്രഹംപറഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു, എന്തിനാ അത്രയും പൈസയൊക്കെ ചെലവാക്കി പഠിക്കുന്നേന്ന്. സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണ് ആലോചന വന്നത്. എന്നിട്ടും, വീട്ടുകാര്‍ പത്ത് പവനും അമ്പതിനായിരം രൂപയും തന്നു. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍, എല്ലാ മക്കള്‍ക്കും കൊടുക്കുമ്പോള്‍ തരാമെന്ന് എന്റെ വീട്ടുകാര് പറയുകയും ചെയ്തു. പക്ഷേ, അതുകഴിഞ്ഞതോടെ എന്റെ അച്ഛന് തളര്‍വാതം വന്നു കിടപ്പിലായി. അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി കുറേ പണം ചെലവായി. എനിക്കൊന്നും തരാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞുമില്ല. അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി. ഒക്കെ സഹിച്ച് അവിടെത്തന്നെ നിന്നു. അല്ലാതെ എന്തുചെയ്യാന്‍. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവാനും കഴിയില്ലല്ലോ. അതിനിടയില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ പോവുകയും ചെയ്തു. പിന്നെ, തിരിച്ചുവരുന്നത് ആറ് വര്‍ഷത്തിനുശേഷമാണ്. അത്രയും കാലം ഞാന്‍ അനുഭവിച്ചതിന് കൈയും കണക്കുമില്ല.' ആരൊക്കെയോ ചേര്‍ന്ന് ഒരു പെണ്ണിന്റെ ജീവിതത്തില്‍ എടുത്ത തീരുമാനത്തിന്റെ അനന്തര ഫലങ്ങള്‍.
സ്വര്‍ണവും പണവുമൊന്നും വേണ്ട, പെണ്‍കുട്ടിയെ മാത്രം മതിയെന്നു പറയുമ്പോള്‍ ഏതു വീട്ടുകാരാണ് വേണ്ടെന്നുവെക്കുക? ഡോ. ഖദീജാ മുംതാസ് ചോദിക്കുന്നു. 'കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളാണെങ്കില്‍, പതിനഞ്ച് വയസാവുമ്പഴേക്കും ആലോചനകള്‍ വന്നുതുടങ്ങും. രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞാല്‍ ഇതുപോലൊരു ബന്ധം കിട്ടിയില്ലെങ്കിലോ. സാമ്പത്തികബുദ്ധിമുട്ടുള്ള വീട്ടുകാരാണെങ്കില്‍ വേറൊന്നും ചിന്തിക്കില്ല. നേരത്തെ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോവുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. അതൊഴിവാക്കാന്‍ കണ്ടുപിടിക്കുന്ന മാര്‍ഗവും നേരത്തെ വിവാഹം കഴിപ്പിക്കുക എന്നതുതന്നെ.'
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger