{[['']]}
ചങ്ങരംകുളം: തുടര്‍ച്ചയായി 32 മണിക്കൂര്‍ തായമ്പകകൊട്ടി ആലങ്കോട് ഗിരീഷ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ആര്യങ്കാവ് ഭഗവതിക്ഷേത്ര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേജില്‍ തുടങ്ങിയ താളപ്രണാമം അസുരവാദ്യത്തില്‍ വിസ്മയ പ്രപഞ്ചം തീര്‍ത്ത് വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് കൊട്ടിയിറങ്ങിയത്. ഇതോടെ തായമ്പകയില്‍ നിലവിലുള്ള റെക്കോര്‍ഡ് ഗിരീഷിന് മുമ്പില്‍ തലക്കുനിക്കുകയായിരുന്നു.
ആലങ്കോട് ഇല്ലത്തുവളപ്പില്‍ ഗോവിന്ദന്‍നായരുടെയും ശാന്തകുമാരിയുടെയും മകനാണ് ഗിരീഷ്. ആറാം വയസ്സിലാണ് ഗിരീഷ് ചെണ്ട അഭ്യസിച്ചുതുടങ്ങിയത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ക്ഷേത്രസന്നിധികളിലും ഉത്സവപ്പറമ്പുകളിലും തായമ്പകയില്‍ ഗിരീഷ് നിറസാന്നിധ്യമായിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 9.30ന് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയാണ് താളപ്രണാമം ഉദ്ഘാടനംചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നിലവിലുള്ള തായമ്പകയുടെ റെക്കോര്‍ഡ് മറികടന്നതോടെ വേദിക്ക് മുന്നില്‍ തിങ്ങിനിറഞ്ഞ നാട്ടുകാരും വാദ്യകലാ ആസ്വാദകരും ഗുരുശിഷ്യന്‍മാരും ഹര്‍ഷാരവത്തോടെ പുതിയ റെക്കോര്‍ഡിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഗിരീഷിനെ അനുമോദിക്കാന്‍ ശനിയാഴ്ച വൈകുന്നേരം ആര്യങ്കാവ് ക്ഷേത്രപരിസരത്ത് യോഗം ചേരുന്നുണ്ട്.
Post a Comment