{[['']]}
ലൈംഗിക പ്രശ്‌നങ്ങളില്‍ ഉരുകിത്തീരുന്ന ജീവിതം
ദാമ്പത്യ ജീവിതത്തിന്റെ ഇഴയടുപ്പം എളുപ്പം തകര്‍ക്കാന്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കഴിയും. ഇത്തരം പ്രശ്‌നങ്ങള്‍ എത്രയുംവേഗം തിരിച്ചറിഞ്ഞാല്‍ പരിഹരിക്കാവുന്നതാണ്
ഡോക്‌ടര്‍, എനിക്ക് 25 വയസുണ്ട്. ഭര്‍ത്താവിന് 31 ഉം. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി. ഇതുവരെ ഞങ്ങള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല. ഭര്‍ത്താവിന് സെക്‌സിനോട് യാതൊരു താല്‍പര്യവുമില്ലായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ വയറുവേദനയാണെന്നും തലവേദനയാണെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി നിന്നു. രണ്ടാഴ്‌ച കഴിഞ്ഞ് ജോലിസംബന്ധമായ ആവശ്യമെന്നു പറഞ്ഞ് വീട്ടില്‍ നിന്നും അകന്നു നിന്നു. വീട്ടില്‍ വന്നാലും എന്റെ അടുത്ത് ഇരിക്കുകയോ എന്നോട് അധികം ഇടപഴകുകയോ ചെയ്‌തിരുന്നില്ല. എപ്പോഴും തിരക്കഭിനയിക്കും. പിന്നീട് ഞാന്‍ സഹികെട്ട് അദ്ദേഹത്തോടുതന്നെ കാര്യം തിരക്കി. അപ്പോഴും ഒഴിഞ്ഞുമാറി. പിന്നെ ഞാന്‍ പൊട്ടിക്കരഞ്ഞു. എന്നെ ഇഷ്‌ടമായില്ലെങ്കില്‍ തുറന്നു പറയണമെന്ന് പറഞ്ഞു. ആദ്യം അദ്ദേഹം ദേഷ്യപ്പെട്ടു. പിന്നെ എന്റെ കാല്‍ക്കലിരുന്ന് കരഞ്ഞു, ''നിനക്ക് ആവശ്യമുള്ളതൊന്നും എനിക്ക് നല്‍കാനാവില്ല, എന്നോട് ക്ഷമിക്കണം''. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. ലൈംഗിക വികാരമുണ്ടെങ്കിലും ലിംഗോദ്ധാരണം സാധ്യമാവില്ല. ചെറുപ്പം മുതല്‍ ഈ അവസ്‌ഥയാണ്. വീട്ടില്‍ ആര്‍ക്കും പക്ഷേ ഇതറിയില്ല. ഇക്കാരണംകൊണ്ടുതന്നെ വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ച അന്നുമുതല്‍ കുറ്റബോധംകൊണ്ട് നീറുകയായിരുന്നു. ഇതെല്ലാം സഹിച്ച് കൂടെ കഴിയാന്‍ താല്‍പര്യമില്ലെങ്കില്‍ വിവാഹമോചനത്തിന് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ആകെ തകര്‍ന്നുപോയി. പിന്നീട് ഒരു തീരുമാനത്തിലെത്തി. ഭര്‍ത്താവിനൊപ്പം കഴിയുക, മരണം വരെ. എന്നെങ്കിലും ഭര്‍ത്താവ് തിരികെ വരും എന്നപ്രതീക്ഷയോടെ. ഇന്നും ഞാന്‍ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്റെ കാത്തിരിപ്പിന് ഫലമുണ്ടാകുമോ? ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം? ഭര്‍ത്താവിന് ലൈംഗികശേഷി ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
*മിസിസ്. എം.ജെ തലശേരി
*മിസിസ്. എം.ജെ തലശേരി
ആരോഗ്യമംഗളത്തിലെ 'കാര്യം സ്വകാര്യം' ചോദ്യോത്തര പംക്‌തിലേക്ക് വരുന്ന നിരവധി കത്തുകളുടെ കൂട്ടത്തിലൊരു കത്താണിത്. ഓരോ ദിവസവും എത്തുന്ന കത്തുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഇത്രമാത്രം ലൈംഗിക പ്രശ്‌നങ്ങളുമായി ജീവിക്കുന്നവരാണോ നമുക്കുചുറ്റുമുള്ളവരെന്ന് ചിന്തിച്ചുപോകും. ഇത്തരം കത്തുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി ഇന്ന് കാണുന്ന ലൈംഗിക പ്രശ്‌നങ്ങളുടെ ആഴം അളന്നെടുക്കാന്‍. ലൈംഗിക പ്രശ്‌നങ്ങളില്‍ വെന്തുരുകുന്ന എത്രയോ ദമ്പതിമാരാണുള്ളത്, തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന എത്രയോ കുടുംബ ബന്ധങ്ങളാണുള്ളത്. മാനസികവും ശാരീരികവുമായ പല കാരണങ്ങള്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നിലുണ്ട്. സ്‌ത്രീകളും പുരുഷന്മാരും ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ഷണ്ഡത്വം
പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗികപരാജയങ്ങളുടെ പ്രധാനകാരണം ഷണ്ഡത്വമാണ്. പുരുഷന്‍ പുരുഷനല്ലാതാകുന്ന അവസ്‌ഥ. പൗരഷത്തിന്റെ ലക്ഷണമായി കണക്കാക്കുന്ന ലിംഗോദ്ധാരണം സംഭവിക്കാതിരിക്കുക, ലിംഗോദ്ധാരണം നിലനിര്‍ത്താന്‍ കഴിയാതെ വരിക, ശീഘ്രസ്‌ഖലനം സംഭവിക്കുക എന്നീ കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് ലിംഗയോനീ സംഗമവും സംഭോഗവും അസാധ്യമാക്കിത്തീര്‍ക്കുന്നു. ഈ അവസ്‌ഥയാണ് ഷണ്ഡത്വം. ഷണ്ഡത്വം അനുഭവിക്കുന്ന പുരുഷന്മാരില്‍ എണ്‍പതു ശതമാനവും മാനസിക കാരണങ്ങളാല്‍ ബലഹീനരായി മാറിയവരാണ്. ഇരുപതു ശതമാനമാണ് ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഷണ്ഡത്വം സംഭവിച്ചവര്‍. ചുരുക്കം ചില രോഗങ്ങളും ഷണ്ഡത്വത്തിനു കാരണമാകാറുണ്ട്. പ്രമേഹം, ഹൃദയാഘാതം, പ്രോസ്‌റ്റേറ്ററൈറ്റിസ്, ഗൊണേറിയ, അസിഡന്‍സ് ഡിസീസ്, ഹൈപ്പോതൈറോയ്‌ഡിസം തുടങ്ങിയവ പുരുഷന്മാരില്‍ ഷണ്ഡത്വത്തിനു കാരണമാകാം. ചില പുരുഷന്മാരില്‍ വിവാഹത്തോട് അനുബന്ധിച്ച് ഷണ്ഡത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലികമാണ്. മനശാസ്‌ത്രജ്‌ഞന്റെ സഹായം തേടുന്നതിലൂടെ ഷണ്ഡത്വം ഒരുപരിധിവരെ പരിഹരിക്കാവുന്ന പ്രശ്‌നമാണ്.
ശീഘ്രസ്‌ഖലനം
ലൈംഗിക താളപ്പിഴകള്‍ക്ക് വഴിതെളിക്കുന്ന മറ്റൊരു ലൈംഗിക പ്രശ്‌നമാണ് ശീഘ്രസ്‌ഖലനം. എന്നാല്‍ എല്ലായ്‌പ്പോഴും ശീഘ്രസ്‌ഖലനം ഒരു ലൈംഗിക പ്രശ്‌നമാവണമെന്നില്ല. കാരണം ഏതു പുരുഷനും വല്ലപ്പോഴും ശീഘ്രസ്‌ഖലനം സംഭവിക്കാറുണ്ട്. മധുവിധു നാളുകളിലോ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അവസരത്തിലോ പുരുഷന്മാരില്‍ ശീഘ്രസ്‌ഖലനം ഉണ്ടാകാം. ഒരു വ്യക്‌തി ഏര്‍പ്പെടുന്ന സംഭോഗങ്ങളില്‍ അമ്പതു ശതമാനമോ അതിലധികമോ ശീഘ്രസ്‌ഖലനം സംഭവിച്ചാല്‍ അയാള്‍ക്ക് ഇതൊരു ലൈംഗിക പ്രശ്‌നമായി കണക്കാക്കാം. ലൈംഗിക വികാരം ഉണര്‍ന്നാല്‍ ഉടനെയോ, ലിംഗം യോനിയെ സ്‌പര്‍ശിക്കുന്ന നിമിഷത്തിലോ, ലിംഗയോനീസംഗമം സംഭവിച്ചാലുടനെയോ സ്‌ഖലനം ഉണ്ടായാല്‍ പുരുഷനു സംഭോഗശേഷി നഷ്‌ടപ്പെടുന്നു. ഈ അവസ്‌ഥയാണ് ശീഘ്രസ്‌ഖലനം. ഇതിന് കാരണങ്ങള്‍ നിരവധിയാണ്. ചിലരുടെ ലിംഗാഗ്രം സെന്‍സിറ്റീവ് ആകാം. വളരെ നാള്‍ സംഭോഗത്തിലേര്‍പ്പെടാതിരിക്കുക, രതിക്രീഡകളില്‍ ധൃതികൂട്ടുക എന്നിവയും ശീഘ്രസ്‌ഖലനത്തിനു കാരണമാകാം. ശീഘ്രസ്‌ഖലനത്തിന് നിരവധി പരിഹാരങ്ങള്‍ ഇന്നുണ്ട്.
വേദനയോടു കൂടിയ സംഭോഗം
ചില ദമ്പതികള്‍ക്ക് അവരുടെ സംഭോഗസമയം വേദനമാത്രമാണ് അനുഭവപ്പെടുക. സംഭോഗാവസരത്തിലോ, അതിനു ശേഷമോ, പുരുഷലിംഗാഗ്രത്തിനും സ്‌ത്രീയ്‌ക്ക് യോനീ നാളം, അടിവയര്‍, നാഭി എന്നിവടങ്ങളിലും പുകച്ചിലും നീറ്റലും വേദനയും അനുഭവപ്പെടുന്ന സ്‌ഥിതിവിശേഷമാണ് ഡിസ്‌പറൂണിയ. പൂര്‍ണമായും പരിഹരിക്കാവുന്ന ഈ പ്രശ്‌നം ശാരീരിക കാരണങ്ങളാലാണ് ഉണ്ടാവുക. സ്‌ത്രീകളില്‍ ബര്‍ത്തോളിന്‍ ഗ്രന്ഥികളുടെ വീക്കം, യോനീനാളവീക്കവും പഴുപ്പും, യോനിയില്‍ സ്‌നിഗ്‌ധത നല്‍കുന്ന ദ്രാവകത്തിന്റെ ഉല്‍പാദനക്കുറവ്, യോനീ ഭിത്തികളുടെ ഇലാസ്‌റ്റിറ്റി നഷ്‌ടമാവുക എന്നിവയൊക്കെ വേദനയ്‌ക്കു കാരണമാകാം. പുരുഷന്മാരില്‍ കൂടിച്ചേര്‍ന്ന അഗ്രചര്‍മമാണ് പ്രധാന കാരണം. ഇത് ചേലാ കര്‍മം എന്ന നിസാര ശസ്‌ത്രക്രിയയിലൂടെ സുഖപ്പെടുത്താം. ഇതു കൂടാതെ ലിംഗാഗ്രത്തിനും അഗ്രചര്‍മത്തിനുമിടയില്‍ ബാധിക്കുന്ന പഴുപ്പ്, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍, ഗുഹ്യരോഗങ്ങള്‍ എന്നിവയെല്ലാം വേദനാപൂര്‍ണമായ സംഭോഗത്തിനു കാരണമാകാം. യോനിയും ലിംഗവും പൊരുത്തപ്പെടാത്ത അവസ്‌ഥയിലുംഇങ്ങനെ സംഭവിക്കാം. ഇതുവഴി പുകച്ചിലും നീറ്റലും ചൊറിച്ചിലുമൊക്കെ പുരുഷനും സ്‌ത്രീയ്‌ക്കും ഉണ്ടാകാം. കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ വേദനയോടു കൂടിയ സംഭോഗം പൂര്‍ണമായും മാറ്റിയെടുക്കാനാവും.
യോനീ സങ്കോചം
സംഭോഗത്തിനൊരുങ്ങുമ്പോള്‍ സ്‌ത്രീയുടെ അറിവോടെയോ അല്ലാതെ യോനീനാളത്തിന്റെ ബാഹ്യഭാഗത്തുള്ള പേശികള്‍ സങ്കോചിക്കുകയും യോനികവാടം അടഞ്ഞുപോവുകയും ചെയ്യുന്നു. അപ്പോള്‍ സംഭോഗശ്രമം പരാജയപ്പെടുന്നു. ഈ അവസ്‌ഥയാണ് യോനീസങ്കോചം. ഇത് നൂറു ശതമാനവും മാനസിക കാരണങ്ങളാലാണ് സംഭവിക്കുക. അതില്‍ പ്രധാനമാണ് പാപബോധം, ആകാംക്ഷ, ലൈംഗികാവയവങ്ങള്‍ക്ക് കേടുപറ്റുമോ എന്നുള്ള ഭീതി, കൂടെക്കൂടെ ഗര്‍ഭമുണ്ടാകമോ, ഗുഹ്യരോഗങ്ങള്‍ ബാധിക്കുമോ എന്നുമുള്ള ആശങ്കകള്‍ എന്നിവ. ലൈംഗിക വേഴച പാപമാണെന്ന മതപരമോ ചിന്താപരമോ ആയ കാഴ്‌ചപ്പാടുകള്‍ ഉപബോധമനസിലെങ്കിലും വച്ചുപുലര്‍ത്തുന്ന പെണ്‍കുട്ടികളിലാണ് യോനീസങ്കോചം കൂടുതലായി കാണപ്പെടുന്നത്. മുന്‍കാല ലൈംഗിക ദുരനുഭവങ്ങളും ഇതിനു കാരണമാകാം. ശരിയായ ലൈംഗിക അറിവ് യഥാസമയം പെണ്‍കുട്ടികള്‍ക്കു നല്‍കിയാല്‍ ഈ അവസ്‌ഥയില്‍ എത്തിച്ചേരാതെ രക്ഷപെടാം.
ലൈംഗികമരവിപ്പ്
ലൈംഗിക പ്രശ്‌നങ്ങളില്‍ മുന്‍നിരയിലാണ് ലൈംഗിക മരവിപ്പ് അഥവാ ഫ്രിജിഡിറ്റി. സ്‌ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. ഇത് പല നിലകളില്‍ കാണപ്പെടുന്നു. ചിലര്‍ക്കു ലൈംഗിക താല്‍പര്യമേ കാണുകയില്ല. മറ്റുചിലര്‍ക്ക് സാമാന്യ അളവില്‍ ലൈംഗികാവേശമുണ്ടാവും. എന്നാല്‍ സംഭോഗത്തില്‍ നിന്നും യാതൊരാനന്ദവും അനുഭവിക്കാറില്ല. മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലൈംഗികവേഴ്‌ചയോടു കടുത്ത വെറുപ്പനുഭവപ്പെടുന്നു. സ്‌ത്രീകള്‍ക്ക് ലൈംഗിക മരവിപ്പ് പല കാരണങ്ങള്‍കൊണ്ട് സംഭവിക്കാം. ഇതില്‍ ശാരീരിക കാരണങ്ങള്‍ 10 ശതമാനം മാത്രമാണ്. ശേഷിക്കുന്ന 90 ശതമാനവും മാനസികമാണ്. ലൈംഗികാവയവങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ലെങ്കില്‍, ലൈംഗിക ഹോര്‍മോണുകളുടെ അപര്യാപ്‌തതയും തന്മൂലം ലൈംഗിക ശൈത്യവും സംഭവിക്കാം. പേടിപ്പെടുത്തുന്ന ലൈംഗിക കഥകളും ഈ പ്രശ്‌നത്തിന് വഴിതെളിക്കാം. കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള, പേടിപ്പെടുത്തുന്ന ലൈംഗികാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള പെണ്‍കുട്ടികള്‍ വളര്‍ന്ന് പക്വതയെത്തി വിവാഹിതയാകുമ്പോള്‍ ലൈംഗിക ശൈത്യം അനുഭവപ്പെടാം. പുരുഷന്റെ മോശമായ പെരുമാറ്റം, വൃത്തിഹീനമായ ശാരീരികാവയവങ്ങള്‍, വികലമായ മൈഥുന രീതികള്‍, വെറുപ്പുളവാക്കുന്ന സംഭാഷണ - പ്രവര്‍ത്തനരീതികള്‍ എന്നിവയെല്ലം സ്‌ത്രീകളില്‍ ലൈംഗികാവേശം കെടുത്തും. യഥാര്‍ഥ കാരണം കണ്ടെത്താനായാല്‍ ചികിത്സയിലൂടെ ഭേദമാക്കാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ ഈ സ്‌ത്രീകള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്. ലൈംഗിക മരവിപ്പ് ശാശ്വതമല്ല.
ലൈംഗികാസക്‌തി
ഒരു ലൈംഗിക പ്രശ്‌നമായി കണക്കാക്കാനാവില്ലെങ്കിലും ലൈംഗികാസക്‌തി ചിപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടിയാവാറുണ്ട്. സെക്‌സിനോട് അമിതമായ താല്‍പര്യമുള്ളവരാണ് ഇക്കൂട്ടര്‍. സ്‌ത്രീകളിലും പുരുഷന്മാരിലും ഇത് കാണുന്നു. കുടുംബത്തിലും സമൂഹത്തിലും ഇവര്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്. അമിത ഭോഗാസക്‌തി ആരോഗ്യലക്ഷണമല്ല. അത്ര നിസാരമായി ഈ അവസ്‌ഥയെ കാണാനുമാവില്ല. സ്‌ത്രീകളില്‍ കാണുന്ന ഭോഗാസക്‌തിക്ക് 'നിംഫോമാനിയ' എന്നും പുരുഷന്മാരില്‍ കാണുന്നതിനെ 'സറ്റൈറിയാസിസ്' എന്നും പറയുന്നു. ചില മസ്‌തിഷ്‌ക രോഗങ്ങളാണ് അമിത ലൈംഗികതയ്‌ക്ക് കാരണം. ഷണ്ഡന്മാരായ ചില പുരുഷന്മാരും അമിത ലൈംഗികതാല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. തങ്ങളുടെ ലൈംഗിക ബലഹീനത മറച്ചുവയ്‌ക്കാനാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്.
ലിംഗവലുപ്പക്കുറവ്
ലിംഗത്തിന്റെ വലുപ്പക്കുറവ് പലപ്പോഴും ദാമ്പത്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്. ലിംഗത്തിന് നീളം കുറവാണെന്നും വണ്ണം കുറവാണെന്നുമുള്ള പരാതിയുമായി ഡോക്‌ടര്‍മാരെ സമീപിക്കുകയും പലതരം മരുന്നുകള്‍ വാങ്ങി സേവിക്കുകയും ചെയ്യുന്ന പുരുഷന്മാരുണ്ട്. വലിപ്പമുള്ള ലിംഗമുള്ളവര്‍ക്ക് മാത്രമേ സ്‌ത്രീകളെ തൃപ്‌തിപ്പെടുത്താനാവുകയുള്ളൂ എന്ന ചിന്തയില്‍ മാനസികമായി തളര്‍ന്ന് വിവാഹ ജീവിതം പോലും വേണ്ടെന്നു വയ്‌ക്കുന്നവരുണ്ട്. ഈ അവസ്‌ഥമൂലം ദാമ്പത്യം പരാജയപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. എന്നാല്‍ ലിംഗവലിപ്പവും സെക്‌സുമായി ബന്ധമില്ല. സ്‌ത്രീയുടെ യോനീനാളം ആവശ്യത്തിനനുസരിച്ചുമാത്രം വികസിച്ചുകൊടുക്കുന്ന അവയവമാണ്. പുരുഷലിംഗം ചെറുതാണെങ്കില്‍ അതിനനുസരിച്ചുമാത്രമേ യോനീനാളം വികസിക്കുകയുള്ളൂ. ലൈംഗിക സുഖത്തിന് കുറവു സംഭവിക്കുകയുമില്ല. ഉദ്ധാരണമില്ലാത്ത അവസ്‌ഥയില്‍ കുറിയതായ ലിംഗം ഉദ്ധാരണാവസ്‌ഥയില്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും നീളം വര്‍ധിക്കുന്നതായി മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണ്‍ കണ്ടെത്തിയിട്ടുണ്ട്. വലുപ്പമുള്ള ലിംഗം ഉദ്ധരിക്കുമ്പോള്‍ നാമമാത്രമായ വലുപ്പമേ ഉണ്ടാകുന്നുള്ളൂ. ഇത്തരം ലൈംഗിക പ്രശ്‌നങ്ങളെല്ലാംതന്നെ പരിഹരിക്കാവുന്നവയാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ തിരിച്ചറിച്ച് മനശാസ്‌ത്രജ്‌ഞനെ സമീപിച്ചാല്‍ പരിഹാരം സുനിശ്‌ചയമാണ്.
Post a Comment