{[['']]}
Kerala tv show and news
റെക്കോര്‍ഡിംഗിനെ കുറിച്ച് ചന്ദ്രലേഖ
യൂടൂബ് വീഡിയോയിലൂടെ സ്റ്റാറായി മാറിയ വീട്ടമ്മ ചന്ദ്രലേഖയെന്ന ഗായികയ്ക്ക് പിന്നണി ഗാനരംഗത്തേക്ക് അവസരങ്ങള്‍ നല്‍കാന്‍ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ഉള്‍പ്പെടെയുള്ള പലരും രംഗത്തെത്തിയെങ്കിലും, ഈ പ്രതിഭയുടെ വീഡിയോ കണ്ട പല പ്രമുഖരുടെയും ചാനലുകളുടെയും നാട്ടുകാരുടെയും സ്‌നേഹാദരങ്ങള്‍ സ്വീകരിച്ച് പല സ്ഥലത്തും കൃത്യമായി എത്താന്‍ കഴിയാതെ ഉഴലുകയാണ് ചന്ദ്രലേഖ. ഈ പ്രതിഭയെ ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് ചുവട് വയ്പ്പിക്കാന്‍ ഈസ്റ്റ് കോസ്റ്റ് ശ്രമം നടത്തിയെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം ചന്ദ്രലേഖയ്ക്ക് കൃത്യമായി എത്താന്‍ കഴിഞ്ഞില്ല.
താന്‍ സ്റ്റുഡിയോയില്‍ കാത്തിരിക്കുകയാണെന്നും ചന്ദ്രലേഖയെ ഫോണില്‍ ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്നും പറഞ്ഞ് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വര്‍മ്മ ചന്ദ്രലേഖയ്ക്ക് ഒരു കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഈ കുറിപ്പ് കണ്ടവര്‍ ചന്ദ്രലേഖയെ വിവരം അറിയിക്കുകയും, ചന്ദ്രലേഖ ഉടന്‍ തന്നെ സന്തോഷ് വര്‍മ്മയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ മുന്‍നിശ്ചയ പ്രകാരം ബുധനാഴ്ചയോ വ്യാഴാഴ്ചയോ തനിക്ക് റെക്കോര്‍ഡിംഗിന് എത്താന്‍ കഴിയില്ലെന്ന വിവരമാണ് ചന്ദ്രലേഖ അറിയിച്ചത്. ചന്ദ്രലേഖയുടെ സാഹചര്യം മനസ്സിലാക്കിയ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഗാനരചയിതാവ് സന്തോഷ് വര്‍മ്മയെ ഒരു ദിവസം കൂടി തുടരാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചന്ദ്രലേഖയ്ക്കായി വെള്ളിയാഴ്ച കൂടി തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയുമായിരുന്നു.
ആലാപനം ഒഴിച്ച് ബാക്കി പിന്നണി പ്രവര്‍ത്തനങ്ങളൊക്കെ നേരത്തേ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്ന ഭക്തിഗാന സമാഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാട്ട് പ്രശസ്തയായ ഒരു സിനിമ പിന്നണി ഗായികയെക്കൊണ്ട് പാടിക്കാന്‍ തീരുമാനിച്ചതിനു രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രലേഖയെക്കൊണ്ട് പാടിച്ചാല്‍ മതിയെന്ന് വിജയന്‍ സര്‍ അറിയിച്ചത്. ഓണ്‍ലൈനില്‍ ഒഴിച്ച് മറ്റു മാധ്യമങ്ങളിലൊന്നും ചന്ദ്രലേഖ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പാണ് വീഡിയോ കണ്ടതിനു ശേഷം അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഒരു ദേവീ സ്തുതിയോടെ തന്നെ ചന്ദ്രലേഖയുടെ തുടക്കം ആകട്ടെയെന്ന അദ്ദേഹത്തിന്റെ നല്ല മനസ്സാകാം അതിനു പിന്നിലെന്നും സന്തോഷ് വര്‍മ്മ പറഞ്ഞു. ഇന്നോ നാളെയോ പാടണമെന്ന് ഈസ്റ്റ് കോസ്റ്റില്‍ നിന്ന് അറിയിക്കുകയും അത് സന്തോഷപൂര്‍വ്വം സമ്മതിക്കുകയും ചെയ്തിരുന്ന ചന്ദ്രലേഖ, ചില സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വശംവദയായി തീരുമാനം മാറ്റേണ്ടി വന്നത് ആരോ ആദ്യമായി പാടിച്ചുവെന്ന വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഒരു പക്ഷെ വൈകിയിട്ടുണ്ടാകുമെന്നും സന്തോഷ് വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
സംഭവിച്ചു പോയ പിഴവ് ഈസ്റ്റ് കോസ്റ്റ് വിജയനെ നേരില്‍ വിളിച്ച് ചന്ദ്രലേഖ അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പുത്തന്‍ പ്രതിഭകളെ കണ്ടെത്തി, അത്തരക്കാര്‍ക്ക് അവസരം കൊടുക്കുകയെന്ന കര്‍മ്മം ഇവിടെയും തുടര്‍ന്നുവെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചതല്ലെന്നും ഒരു ദിവസം കൂടി (18 ഒക്‌ടോബര്‍ ) തന്നോട് ഇതിനു വേണ്ടി ഇവിടെ ചെലവാക്കാന്‍ ആവശ്യപ്പെടുകയും താന്‍ സമ്മതം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റെന്നാള്‍ (18 ഒക്‌ടോബര്‍ , വെള്ളിയാഴ്ച) റെക്കോര്‍ഡിംഗ് ആകാമെന്നും അദ്ദേഹം ചന്ദ്രലേഖയോടു പറഞ്ഞതായി അറിയാന്‍ കഴിഞ്ഞുവെന്നും സന്തോഷ് വര്‍മ്മ പറഞ്ഞു.
Post a Comment