Kerala tv show and news
എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്: രഞ്ജിനി ഹരിദാസ്
-
ഉറക്കെ സംസാരിക്കാന്‍ എളുപ്പമല്ല. മനസില്‍ നിറഞ്ഞതു പറയുംമുമ്പ് നാം ചുറ്റുമുള്ളവരെ ഓരോരുത്തരെയായി അളന്നു മുറിച്ചു നോക്കും. കഴിഞ്ഞ ദിവസം എന്റെ രണ്ടര വയസുകാരന്‍ കുഞ്ഞിനെയും കൊണ്ട് മുമ്പ് ജോലി ചെയ്ത സ്‌കൂളിലെത്തിയതായിരുന്നു ഞാന്‍. പഠിപ്പിച്ചിരുന്ന കാലത്ത് എന്റെ ഉച്ചത്തിലുള്ള സംസാരവും കൂസലില്ലായ്മയും സാമാന്യം നന്നായി പരദൂഷണം ചെയ്യപ്പെട്ട സ്‌കൂള്‍. ഇന്നലെ എത്തുമ്പോള്‍ എല്ലാവരുംതന്നെ പൊയ്ക്കഴിഞ്ഞിരുന്നു. പുറത്ത് ഒരു മേശയ്ക്കിരുവശവുമായി കുറച്ച് ആണ്‍നോട്ടങ്ങളും വായകളും എന്നെക്കണ്ട് അടക്കം പറഞ്ഞു ചിരിച്ചു. ആണ്‍ സദസുകളുടെ മാത്രം ഭാഷയില്‍ ഗവേഷണം നടത്തിയിട്ടുള്ളതുകൊണ്ടു പറഞ്ഞതാവാന്‍ സാധ്യതയുള്ള വകകള്‍ ഞാനൂഹിച്ചു.
സംസാരമധ്യേ രഞ്ജിനി ഹരിദാസ് എന്ന സ്ത്രീ മലയാളഭാഷയോട് ചെയ്ത ചതി ചര്‍ച്ചാ വിഷയമായി. അവള്‍ ചാനലില്‍ അങ്ങനത്തെ പെര്‍ഫോമന്‍സ് നടത്തുന്നതുകൊണ്ട് പിന്നെ വന്ന കുട്ടികളും അങ്ങനെ ചെയ്‌തെന്ന് ഒരാള്‍. രണ്ട് ഇംഗ്‌ളീഷ് വാക്ക് ഒഴിവാക്കാനാവാതെ കരഞ്ഞ അദ്ദേഹത്തിന്റെ മലയാളഭാഷയോടുള്ള സ്‌നേഹംകണ്ട് കണ്ണുനിറഞ്ഞ്, ഹൃദയം മുറിഞ്ഞ ഒരാള്‍- കപടസദാചാരിയായ മറ്റൊരു താടിക്കാരന്‍ ചര്‍ച്ച ഏറ്റെടുത്തു. 'രഞ്ജിനിയോ, അവളു ശരിയല്ല'. താടിക്കാരന്‍ മൂന്നു വായകള്‍ കാര്‍ക്കിച്ചുതുപ്പി. അയാളുടെ സ്വതേ കറുത്ത മുഖം വെറുപ്പുകൊണ്ട് വലിഞ്ഞുമുറുകി. രഞ്ജിനി ഹരിദാസിനെതിരെയുള്ള കുറ്റപത്രം നിവര്‍ത്തുന്ന അയാള്‍ക്കു ചുറ്റും പുരുഷപ്രജകള്‍ 'പൂച്ച നിവര്‍ന്നു പൂച്ച നിവര്‍ന്നു' നിന്നു. രഞ്ജിനി ചെയ്ത തെറ്റെന്ത് എന്ന എന്റെ ചോദ്യത്തിന് നല്ലൊരു കലാപ സംവിധായകനായ സ്‌കൂളിലെ നവാഗതന്റെ മറുപടി അതിവിചിത്രമായിരുന്നു.
'എയര്‍പോര്‍ട്ടില്‍ ചെയ്തതു തന്നെ തെറ്റല്ലോ?' തെറ്റായുച്ചരിച്ച ഒരു 'എയര്‍പോര്‍ട്ട്' രഞ്ജിനി മലയാളഭാഷയ്ക്കു ചെയ്ത ദ്രോഹാരോപണത്തിനു മുന്നില്‍ചാടി. വിശദീകരണം ആവശ്യപ്പെട്ട എന്നെ അയാള്‍ കൊല്ലുമെന്ന് തോന്നി. അവള്‍ 'ക്യൂ' തെറ്റിച്ചു, നിയമം തെറ്റിച്ചു. ശ്രേഷ്ഠഭാഷാ മലയാളത്തില്‍ 'വരി' എന്നൊരു പദമില്ലേ? അതോ വരിയെല്ലാം ഉടഞ്ഞു പോയോ..! വന്ന ചിരിയെ അടക്കിനിന്ന ഞാന്‍ രഞ്ജിനി ഹരിദാസ് വിമാനത്താവളത്തില്‍നിന്ന് കേട്ട 'തേവിടിശി' എന്ന പദത്തെക്കുറിച്ചു സൂചിപ്പിച്ചു. കലാപ നവാഗതന്റെ താടിമുഖത്ത് പുച്ഛത്തോടു പുച്ഛം. 'അത് അവളു പറഞ്ഞതല്ലേ?' പ്രണയത്തെക്കുറിച്ചും അവള് പറഞ്ഞല്ലോ. അതൊക്കെ ഉറക്കെപ്പറയാമോ? മോശമായിപ്പോയി. അയാളുടെ സദാചാര ബോധത്തുപ്പലുകള്‍ സംസാരത്തോടൊപ്പം തെറിച്ചു തെറിച്ച്.. എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നി.
ഇരുള്‍മറയില്‍ എന്തുമാവാം അല്ലേ? പകല്‍ വെളിച്ചത്തിലും ശബ്ദമുയര്‍ത്തിയും ഒന്നും പാടില്ല. ഒരിക്കല്‍ സഹധ്യാപകന്റെ ബൈക്കിനു പിന്നില്‍ കയറിയതിന് കുരിശാണിയില്‍ തൂക്കി ഗാഗുല്‍ത്താവരെ നടത്തി നാണമില്ലാതെ കുരിശില്‍ തറയ്ക്കാന്‍ നോക്കി ചമ്മിപ്പോയ പകല്‍ മാന്യദേഹങ്ങളെ ഒരിക്കല്‍കൂടി ഞാന്‍ കണ്ടു. അങ്ങനെയല്ല, ചിലതൊന്നും പറയരുത്. നവാഗത കലാപ പ്രതിഭയുടെ പുരുഷത്വം 'പട്ടികുരച്ചു'. ആ പറയരുതാത്ത ചിലത് പറഞ്ഞ്, ഉറക്കെ സംസാരിക്കുന്ന മിടുക്കിപ്പെണ്‍കുട്ടി രഞ്ജിനി ഹരിദാസിന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിലേക്ക്...
? ഈ കാലഘട്ടത്തില്‍ നമ്മുടെ തീരുമാനങ്ങളെ ഏറ്റവും സ്വാധീനിക്കുന്നവ എന്താണെന്നാണു തോന്നിയിട്ടുള്ളത്
മീഡിയ. I think everyone in influenced by media and films. പക്ഷെ പണ്ടുതൊട്ടേ ഇന്ത്യന്‍ film Hcp patriarchal let up ആണ് ഫോളോ ചെയ്യുന്നത്. വളരെ കുറവ് ആളുകളേ സ്ത്രീയെ സ്‌ട്രോംഗായി കാണിക്കുന്ന പാരലല്‍ സിനിമകള്‍ ചെയ്യുന്നുള്ളു. യൂ നോ, ഡെഫിനിറ്റ്‌ലി അതിന്റെയൊരു ഇന്‍ഫ്‌ളുവന്‍സും ഉണ്ടാവും. ഒരു സിനിമയില്‍ മമ്മൂട്ടീന്റെ ഒരു ഡയലോഗൊണ്ട് - 'നീ വെറുമൊരു പെണ്ണാണ്'. അങ്ങനെ വളരെ വീക്കെന്‍ ചെയ്തു പറയുന്ന ഡയലോഗ് സിനിമയില്‍ കാണാന്‍ നല്ല രസാണ്. പക്ഷെ, ഇതു ചെലപ്പോ ഉള്‍ക്കൊള്ളുന്ന കൊറെ ആള്‍ക്കാരും ഉണ്ടാവും. പക്ഷെ, I still feel സിനിമയ്ക്കു സിനിമേടേതായ ഒരു സ്വാതന്ത്ര്യമുണ്ട്. Influence നു പോസിറ്റീവുമുണ്ട്, നെഗറ്റീവുമുണ്ട്. ഈ സൊസൈറ്റിയില്‍ ഒരു സിസ്റ്റം ക്രിയേറ്റ് ചെയ്യണം. നമുക്ക് മനസിലാവണം, ഓ അത് നല്ലതാണ്. ഇത് മോശമാണ് എന്ന്. സീ, ഈ ലൈഫില് നല്ലത്, ചീത്ത എന്നതു നമ്മള് തന്നെയുണ്ടാക്കി വച്ചിരിക്കണ വേര്‍തിരിവാണ്. എന്നാല്‍തന്നെ മറ്റുള്ളവരെ ഹാം ചെയ്യുന്നത് ചീത്ത, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ചീത്ത എന്നൊരു കോമണ്‍ ബോധമുണ്ട്.
? വസ്ത്രധാരണം പോലും ഇത്തരത്തില്‍ വിലയിരുത്തപ്പെടുന്നില്ലേ കേരളത്തില്‍
തീര്‍ച്ചയായും ഒണ്ട്. അതിപ്പോ, സാരിയുടുക്കണോ ജീന്‍സിടണോ എന്നതൊക്കെ പേഴ്‌സണല്‍ ചോയ്‌സിലേക്കുള്ള കടന്നുകയറ്റമാണ്. സ്വന്തം ജീവിതം നന്നാക്കുക, മറ്റുള്ളവരെ മോശം പറയാതിരിക്കുക, മറ്റുള്ളവര്‍ തെറ്റ് ചെയ്യാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യമുണ്ടാവുക. ഇതൊക്കെയുണ്ടെങ്കില്‍ തന്നെ ഇതൊക്കെ കുറേ മാറും. But I strongly feel ഈ സ്ത്രീ, woman empowerment എന്നു പറയണതു നമ്മുടെ വീട്ടില്, സ്‌കൂളില് ചെറിയ പ്രായത്തില്‍ തന്നെ തൊടങ്ങണം. പിന്നീട്, അവര്‍ക്കു ലഭിച്ച തിരിച്ചറിവില്‍നിന്ന് സ്വന്തം വഴി തെരഞ്ഞെടുത്തോളും. യൂ നോ, ഒരാണെന്നെ ഇങ്ങോട്ടു വല്ലോം പറഞ്ഞാല്‍, എന്നെ അറ്റാക്ക് ചെയ്യാന്‍ വന്നാല്‍, എനിക്കെങ്ങനെ പ്രതികരിക്കാം. അതിപ്പോ, stupidly പ്രതികരിക്കാം. അങ്ങനെ ചെയ്യരുത്, എനിക്കു ലഭ്യമായ നിയമങ്ങളെന്താണ്
എന്നറിയുക. സീ, ഒരു പെണ്‍കുട്ടിക്ക് ഭയങ്കര മാനക്കേടാണ്. ഒരു പോലീസ് സ്‌റ്റേഷനില്‍ കയറിച്ചെന്ന്... യൂ നോ. ഒരു കംപ്ലയ്ന്റ് എഴുതിക്കൊടുക്കാന്‍. ഞാനൊക്കെ ഒരു കാലത്തു കംപ്ലയ്ന്റ് കൊടുക്കേലാരുന്നു. പെണ്ണെന്തു ചെയ്താലും വളരെ മോശമായാണ് കാണുന്നത്. പക്ഷേ, അവര്‍ നല്ല ആള്‍ക്കാരാണ്. ഒരിക്കല്‍ പോയി പരാതി കൊടുത്തപ്പോഴാണ് എനിക്കതു ബോധ്യമായത്. എന്റെ അമ്മൂമ്മയൊന്നും പൊലീസിന്റെ അടുത്ത് പോയിട്ടില്ല. അതൊരു കൊറച്ചിലായാ കാണുന്നത്. Because they feel bad you know... സീ, അറിവ് കൂടണം. അറിവുണ്ടെങ്കില്‍ ഏതൊരു സിറ്റ്വേഷനും നേരിടാം. And must impotently, ബുദ്ധിയോടെ. you have to act with some brain.-
?പ്രതികരിക്കുന്ന സ്ത്രീയായ രഞ്ജിനിയുടെ 'എന്‍ട്രി'' എങ്ങനെയുണ്ടായിരുന്നു
എന്റമ്മേ... ഒരു ഒന്നൊന്നര അനുഭവമായിരുന്നു. ഞാന്‍ ശരിക്ക് സിനിമാ അഭിനയിക്കണമെന്നു പറഞ്ഞ് ആഗ്രഹിച്ച് നടന്ന ആളൊന്ന്വല്ല. പണ്ടു ഞാന്‍ അഭിനയിക്കില്ലാന്നൊക്കെ പറഞ്ഞു. ആങ്കറിംഗ് ഫീല്‍ഡില്‍ എനിക്കു തിരക്കായിരുന്നു. പിന്നെ കുറെ നാള്‍ കഴിഞ്ഞിട്ട് യൂ നോ, നമ്മള്‍ ഒരേ കാര്യം ചെയ്‌തോണ്ടിരിക്കുമ്പോള്‍ അയ്യോ ഇത് മാത്രൊള്ളോ, ഇനി എന്താ ചെയ്യാ? അതോ, ഇനീം വല്ല ടാലന്റൊണ്ടോ? ആ... മാറ്റി ഒന്ന് .Spice up ചെയ്യാന്‍. ഒരിത്തിരി എരിവ് ചേര്‍ക്കാനായിരുന്നു. എന്‍ട്രി സത്യം പറഞ്ഞാ, ആ സമയത്ത് ആ സ്‌ക്രിപ്റ്റ് വര്വാരുന്നു.
? ഡബ്ബിംഗും സ്വയം ചെയ്തു അല്ലേ? എങ്ങനെയുണ്ടായിരുന്നു ഡബ്ബിംഗ് അനുഭവം?
ഞാന്‍ തന്നെയായിരുന്നു ഡബ്ബിംഗ്. എന്റെ അമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാപ്പോലും എനിക്ക് വല്ല്യൊരു എക്‌സ്പീരിയന്‍സായിരുന്നു. Because ലൈഫില്‍ ഞാന്‍ ചെറുതിലേ ഒന്നുകില്‍ ലോയറാവണം, അല്ലെങ്കിലൊരു ഐ.പി.എസ് ഓഫീസര്‍. ഇതിനൊക്കെ ഒരു പവര്‍ ഉണ്ട്. കൊറച്ച് പവറും വെയ്റ്റുമൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. അപ്പോ പോലീസ് ഓഫീസറുടെ യൂനിഫോമിടാനുള്ള ഒരു ഓപ്പര്‍ച്യൂണിറ്റി. പിന്നെ അതില്‍ പാട്ടില്ല, ഡാന്‍സില്ല. ഓക്ക്‌വാഡ് സാധനങ്ങളൊന്നൂല്ല. ഫസ്റ്റ് എക്‌സ്പീരിയന്‍സില്‍ എന്റെ മൊഖത്ത് ഒന്നും വരൂലാട്ടോ. രാവിലെ മുതല്‍ വൈകുന്നേരം വരെ A/C hall ല് ടെലിവിഷന്‍ റിയാലിറ്റി ഷോയില് ചെയ്ത ആള് ഇതില്‍ നന്നായി ബുദ്ധിമുട്ടി.
?സിനിമയുടെ പിറവിയെ കുറിച്ച് എന്ത് തോന്നി!
ഓ... ഒരു സിനിമയുണ്ടാക്കാന്‍ പെടുന്ന ബുദ്ധിമുട്ട് നന്നായി മനസിലാക്കാന്‍ സാധിച്ചു. സിനിമാന്ന് പറഞ്ഞാ ഏറ്റോം ഈസി അഭിനയിക്കുന്ന ആള്‍ക്കാര്‍ക്കാണ്. ബാക്കി എല്ലാരും ഓടിനടക്കുന്നു. എനിക്കൊക്കെ സങ്കടം തോന്നി. അയ്യോ, ഇവരെന്തു ബുദ്ധിമുട്ടീട്ടാണ് ഒരു സിനിമയുണ്ടാക്ക്‌ന്നേ. But, ഭയങ്കര fun ആണ്. പ്രൊഡക്ഷനിലെ ആള്‍ക്കാരായാലും ക്രൂ ആയാലും there were lot of fun. കൊറെ പഠിക്കാന്‍ പറ്റി. പിന്നെ you know, ആ സിനിമയിലെ ഡബ്ബിംഗ്. ജീവിതത്തിലൊരിക്കലും മറ്റൊരാളാന്‍ ആഗ്രഹിക്കാത്ത ഞാന്‍ സിനിമയില്‍ ആയപ്പോള്‍ രസമായിരുന്നു. ഒരിക്കലും ജീവിതത്തില്‍ ഞാന്‍ വേറൊരാളായിട്ടില്ല, നെവര്‍. അടുത്ത ചിത്രത്തില്‍ ഒരു മരം ചുറ്റി പ്രേമൊക്കെ ഒണ്ട്. റൊമാന്‍സൊക്കെ വന്നു. (ചിരി)
? ഒരു ഭയത്തിന്റെ അംശം സ്ത്രീകള്‍ക്കുണ്ട്. കൊച്ചിയില്‍നിന്ന് വ്യത്യസ്തമായി മലബാറിലും മറ്റും അതു കൂടുതലാണ്. രഞ്ജിനിയ്ക്ക് എന്തു തോന്നുന്നു
ഓ... മലബാറിലെ സ്ത്രീകള്‍ സാരിയുടുത്തതുപോലും പേടിച്ചു പേടിച്ചാണ്. ഇവിടെ അങ്ങനെയല്ല. ഞാന്‍ ജീവിച്ച ഒരു ജീവിതത്തിന്റെ reflection ആണ് എന്റെ ജീവിതത്തിലുണ്ടാവുക. മാത്രമല്ല, നമ്മളും ഈ മലബാറിലുള്ള ആള്‍ക്കാരും സിനിമയൊക്കെ നന്നായി കാണുന്ന ആള്‍ക്കാരാണല്ലോ. ഈ ആള്‍ക്കാര് കാണണ സിനിമയൊക്കെ വെച്ച് നോക്കുമ്പോ ഞാനെന്താണു ചെയ്യുന്നത്? Nothing. ഞാനെനിക്ക് comfortable ആയ ഡ്രസിടുന്നു. എനിക്ക് കയ്യും കാലും കാണിക്കുന്നേല് കുഴപ്പമില്ല, വയറ് കാണിക്കുന്നേല് കൊഴപ്പമുണ്ട്. ഇതാണെന്റ് ബേസിക് ആറ്റിറ്റിയൂഡ്. സീ, ഒരു സാരിയുടുത്താലാണ് ഒരു പെണ്ണിന്റെ സൗന്ദര്യം ഏറ്റവും കൂടുതല്‍ മനസ്സിലാവ? എനിക്കറിയാം ഞാന്‍ സാരിയുടുത്താല്‍ ആള്‍ക്കാര്‍ 'വൗ രഞ്ജിനി' എന്നേ പറയുള്ളൂ. പക്ഷെ ആ 'വൗ' എന്നതിലെ 'ധ്വനി' എനിക്കു മനസിലാകും.
? പെണ്ണിന് സംഭവിക്കുന്ന അപകടങ്ങളെല്ലാം പെണ്ണിന്റെ ഇറങ്ങി നടപ്പിന്റെ ഫലം എന്നു വിലയിരുത്തപ്പെടുന്നുണ്ട്
അതൊരു male oriental society ല്‍ താമസിക്കുമ്പോഴുള്ള unfortunate byproduct ആണ്. മനുസ്മൃതിയൊക്കെ വായിച്ച് enrich ചെയ്തിരിക്കുന്ന ആള്‍ക്കാരോട് നമ്മള്‍ എന്ത് പറയണോ? yes know, സ്ത്രീയുടെ position ഇത്രേയുള്ള അവളൊരു വ്യക്തിയോ അവള്‍ ഒന്നുകില്‍ ഒരു മകളാണ്, അല്ലെങ്കിലൊരു ഭാര്യയാണ്, അല്ലെങ്കില്‍ അമ്മയാണ്, ഒരാണിന്റെ കൂടെ linked ആയാണു സ്ത്രീയെ ആണുങ്ങള്‍ കാണുന്നത്.
അത് ശുദ്ധ മണ്ടത്തരമല്ലേ. അത് ആലോചിച്ചാല്‍ അറിയാമല്ലോ. ഒരു ആണ്‍കുട്ടിയെ പ്രസവിക്കുന്നതുപോലെ തന്നെയാണ് ഒരു പെണ്‍കുട്ടിയെ പ്രസവിക്കുന്നതും ഇതു പോലെ വിദ്യാഭ്യാസ ചുമതല ആകെയുള്ള ഒരു വ്യത്യാസം ഫിസിക്കല്‍ ഡിഫറന്‍സ് ആണ്. ഒരേ പ്രായത്തിലുള്ളവര്‍ തമ്മില്‍ ഫെറ്റ് ചെയ്താല്‍ ഒരു പക്ഷെ ആണ്‍കുട്ടിയായിരിക്കും ജയിക്കുക. എന്നാല്‍ സ്ത്രീക്ക് ഇമോഷണലി എത്രയോ സ്‌ട്രോംങ്ങ് പോയിന്റ്‌സുണ്ട്. ദൈവം തന്ന നല്ലത് മനസിലാക്കി മുന്നോട്ട് പോയി നന്നാവണം എന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ പൊതുവേ ലൂപ്പ് ഹോള്‍സിന്റെ പ്രശ്‌നമുണ്ട്. എത്ര പ്രശ്‌നങ്ങള്‍ സോള്‍വ് ആയിരിക്കുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് കേരളത്തില്‍ താമസിക്കാന്‍ പേടിയാണ്. ബസിന് പോകണം എന്ന് പറഞ്ഞാല്‍ എനിക്ക് പേടിയാണ്. ഈ ബസില്‍ പോകുന്നവരില്‍ എത്ര പേര്‍ക്കു വൃത്തികേട്ട സ്വഭാവമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം അപകടങ്ങളെകുറിച്ച് പേടിയുണ്ട്.
? രജ്ഞിനിയുടെ അഭിപ്രായത്തില്‍ എന്താണ് ഇതിനൊരു പരിഹാരം
ഏറ്റവും ശക്തമായ നിയമങ്ങള്‍ വരിക. ബലാത്സംഗം ചെയ്ത 'ധീരന്' ശിക്ഷ കിട്ടുന്ന അവസ്ഥയുണ്ടാവണം.
? ഇന്നത്തെ സ്ഥിതിയിതാണ്. നിയമങ്ങള്‍ അങ്ങനയല്ലാത്ത ഈ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീയുടെ സ്വയംപര്യാപ്ത സാധ്യമാകുന്നതെങ്ങനെ
പ്രതികരിക്കുക. പക്ഷെ കുറേ ആളുകളുടെ മുന്നില്‍ വച്ച് പ്രതികരിക്കരുത്. രാത്രി 10 മണിക്ക് റോഡിലൂടെ നടന്നു വരുമ്പോ അഞ്ചാള്‍ പുറകെയുണ്ടെങ്കില്‍ പ്രതികരിക്കരുത്. എന്നാല്‍ ഒറ്റക്കല്ലെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള ചില ടെക്‌നിക്‌സ് ഉപയോഗിക്കുക. വീട്ടില്‍ കയറി knock ചെയ്യുക.
കമന്റടിച്ചാല്‍ 'എന്താടാ നീ പറഞ്ഞെ' എന്ന് ചോദിക്കണം. ഞാന്‍ പോലീസിനെ വിളിക്കും, കംപ്ലയിന്റ് ചെയ്യും എന്ന് കൂടി പറഞ്ഞു കഴിഞ്ഞാല്‍ അടുത്തത് പ്രതികരിച്ചാല്‍ ഒരു ഉപദ്രവം പോവും.അവള്‍ ഉറക്കെ സംസാരിച്ചു കൊണ്ടേയിരുന്നു. രഞ്ജിനിക്ക് പറയാനുള്ളതിന് അവസാനമില്ലെന്ന് തോന്നി. അവള്‍ നിയമങ്ങളെ ശാസിച്ചും ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തേക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പക്വതയോടെ സംസാരിക്കുന്നു.
'നീ വെറും പെണ്ണ്' എന്ന ചെറുതാക്കിപ്പറച്ചിലില്‍നിന്ന് തീയായ് ജ്വലിക്കുന്ന പെണ്ണനുഭാവവുമായി കത്തി നില്‍ക്കുന്ന ചുരുക്കം ചില സ്ത്രീകളില്‍ ഒരാളായ രഞ്ജിനിയും പറയുന്നു-എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്