Movie :

kerala home tv show and news

Home » , » 2014ല്‍ എങ്ങനെ, എവിടെ നിക്ഷേപിക്കണം? സ്വര്‍ണനിക്ഷേപം ജാഗ്രതയോടെ:

2014ല്‍ എങ്ങനെ, എവിടെ നിക്ഷേപിക്കണം? സ്വര്‍ണനിക്ഷേപം ജാഗ്രതയോടെ:

{[['']]}

Kerala tv show and news2014 ല്‍ എവിടെ നിക്ഷേപിച്ചാല്‍ ആകര്‍ഷക നേട്ടം ഉറപ്പാക്കാം എന്ന ചോദ്യത്തിന് ശരിയായ ഒരു ഉത്തരം വേണമെങ്കില്‍ ഇക്കുറി ആദ്യം മറ്റൊരു ചോദ്യത്തിനുള്ള മറുപടി കിട്ടിയേ തീരൂ.


അടുത്ത പൊതു തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ ആര് ഭരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം. അതീവ നിര്‍ണായകമായ ഈ ഉത്തരത്തിനായി ഇന്ത്യന്‍ ജനത മാത്രമല്ല ലോകരാജ്യങ്ങളും കാത്തിരിക്കുകയാണ്. പലപ്പോഴും പുതുവര്‍ഷത്തിലെ ഇന്ത്യന്‍ നിക്ഷേപ രംഗത്തെ സാധ്യതകള്‍ വിലയിരുത്തുന്നിടത്ത് ആഗോളസാമ്പത്തിക സാഹചര്യങ്ങള്‍ക്കാണ് ആഭ്യന്തര ഘടകങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. എന്നാല്‍ ഇക്കുറിസ്ഥിതി വ്യത്യസ്തമാണ്. ഓഹരി, ഇക്വിറ്റി ഫണ്ട് നിക്ഷേപം സംബന്ധിച്ചു മാത്രമല്ല ബാങ്ക് സ്ഥിരനിക്ഷേപം, ബോണ്ട്, റിയല്‍ എസ്റ്റേറ്റ്, കമോഡിറ്റി വിപണി, സ്വര്‍ണം, ബിസിനസ് നിക്ഷേപം എന്നിവയെ സംബന്ധിച്ചുമെല്ലാം തികച്ചും നിര്‍ണായകം തന്നെയാണ് അടുത്ത സര്‍ക്കാര്‍ ആരുടേത് എന്നത്.

പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചിത്രം വ്യക്തമാകണമെങ്കില്‍ പാതി വര്‍ഷമാകണം. അതുകൊണ്ട് തന്നെ 2014 പകുതി വരെ എല്ലാത്തരം നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിന്റേയും കാത്തിരിപ്പിന്റേയും സമയമാണ്. തെരഞ്ഞെടുപ്പിനു ശേഷം സെന്‍സെക്‌സ് 25,000വും നിഫ്റ്റി 6900വും മറികടക്കും എന്നാണ് ഗോഡ്മാന്‍ സാച്ചസ് പ്രവചനം. ഇതിനകം തന്നെ പുതിയ ഉയരം കുറിച്ചു കഴിഞ്ഞ സൂചികകള്‍ അടുത്ത ബുള്‍ റാലിയിലേക്ക് കടക്കുമെന്നുതന്നെയാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. എന്നാലത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമെന്ന കണക്കുകൂട്ടലിലാണ് എന്ന വസ്തുത കാണാതെ പോകരുത്.

പക്ഷേ ഇന്ത്യ പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പു ഫലം കൃത്യമായി പ്രവചിക്കുക ആരാലും സാധ്യമല്ല തന്നെ. അതിനാല്‍ വിവിധ സാധ്യതകള്‍ അടിസ്ഥാനമാക്കി തീരുമാനം കൈകൊള്ളുക എന്നതാണ് ചെയ്യേണ്ടത്.

നാല് സാധ്യതകളാണ് ഇവിടെ പരിഗണിക്കാവുന്നത്. ഒന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു കൂട്ടുകക്ഷി ഭരണം. രണ്ട്, വിവിധ കക്ഷികള്‍ ചേര്‍ന്നൊരു മൂന്നാം മുന്നണി. മൂന്നാമതായി ദുര്‍ബലമായ ഒരു കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍. നാലാമതായി ആവശ്യമായ ഭൂരിപക്ഷം കിട്ടാതെയുള്ള ബി ജെ പി സര്‍ക്കാര്‍. കോണ്‍ഗ്രസിന് ആധിപത്യം ഉള്ള ഒരു സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വിദൂര പ്രതീക്ഷയില്‍ പോലും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത ഒരു തൂക്കു മന്ത്രിസഭ എന്തായാലും രാജ്യത്തിനു മൊത്തത്തിലും നിക്ഷേപകര്‍ക്ക് പ്രത്യേകിച്ചും വലിയൊരു ദുരന്തം തന്നെയായിരിക്കും. മോദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടായാല്‍ വിപണി കുതിക്കും. അത് മോദിയുടെ കൈയില്‍ മാന്ത്രികദണ്ഡ് ഉള്ളതുകൊണ്ടൊന്നുമല്ല, മറിച്ച് വിപണിയുടെ സെന്റിമെന്റ്‌സ് കൊണ്ടാണ്. ഇവിടുത്തെ കോര്‍പ്പറേറ്റ് ലോകത്തിനും ഷെയര്‍മാര്‍ക്കറ്റിലേക്ക് പണമൊഴുക്കുന്ന നിര്‍ണായക ഘടകമായ വിദേശനിക്ഷേപകര്‍ക്കും മൊത്തത്തില്‍ മോദിയിലുള്ള പ്രതീക്ഷകളും വിശ്വാസവും ആണ് ആ സെന്റിമെന്റ്‌സിനു പിന്‍ബലമേകുന്നത്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തെ അനുഭവങ്ങളും ഈ പ്രതീക്ഷകള്‍ക്ക് കനം കൂട്ടുന്നുവെന്നു പറയാതെ വയ്യ. വിവിധ കക്ഷികളുടെ മൂന്നാം മുന്നണിയായാലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ വിപണി അനുകൂലമായി തന്നെ പ്രതികരിക്കുമെന്നു വേണം കരുതാന്‍.

എന്തു തന്ത്രം സ്വീകരിക്കണം?
ഇനി ഇതിലെ വിവിധ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന നിക്ഷേപതന്ത്രം എന്തായിരിക്കണം? ആരുടെ നേതൃത്വത്തിലായാലും സുസ്ഥിരമായ സര്‍ക്കാര്‍ ഉണ്ടായാല്‍ ഇന്ത്യന്‍ സൂചികകള്‍ ബുള്‍ റാലിയിലേക്ക് കുതിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം രേഖപ്പെടുത്തി വിപണി അതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. അത്തരത്തില്‍ ഒരു ശക്തമായ സര്‍ക്കാര്‍ ഉണ്ടായാല്‍ ഓഹരി നിക്ഷേപം അത്യാകര്‍ഷക നേട്ടം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഓഹരിക്കും ഇക്വിറ്റി ഫണ്ടുകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന പോര്‍ട്ട്‌ഫോളിയോ തന്നെ സ്വീകരിക്കാം. റിയല്‍ എസ്റ്റേറ്റില്‍ ആദ്യമൊരു തിരുത്തല്‍ ഉണ്ടായാലും പിന്നെ മുന്നേറ്റം ദൃശ്യമാകും.

ഇനി മറിച്ച് തൂക്കു മന്ത്രിസഭയാണ് വരുന്നതെങ്കില്‍ ഏറ്റവും സുരക്ഷിത പദ്ധതികള്‍ക്ക് തന്നെ വേണം പ്രധാന്യം നല്‍കാന്‍. ഓഹരിയിലെ നിക്ഷേപം വളരെ കുറവു മതി. അസ്ഥിരത അവസാനിക്കും വരെയെങ്കിലും റിസ്‌ക്കെടുക്കാതിരിക്കുന്നതാണ് നല്ലത്.

സാമ്പത്തിക ഘടകങ്ങള്‍ അനുകൂലമാകുന്നു: പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണെങ്കിലും രാജ്യത്തെ വിവിധ സാമ്പത്തിക ഘടകങ്ങള്‍ അനുകൂല സ്ഥിതിയിലേക്ക് മടങ്ങിയെത്തിരിക്കുന്നു. വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി എക്കാലത്തേയും ഉയര്‍ന്ന തലത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ശക്തമായ നടപടികള്‍ വഴി കറന്റ് എക്കൗണ്ട് കമ്മി കുറഞ്ഞതും രൂപ സ്ഥിരതയാര്‍ജിച്ചതും ഉല്‍പ്പാദന വളര്‍ച്ച മെച്ചപ്പെട്ടതും ഇതിനു വഴിയൊരുക്കി. ഒപ്പം എണ്ണവിലയും അനുകൂലമായ നിലവാരത്തിലേക്ക് വന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകാത്തതാണ് ഇപ്പോഴും തുടരുന്ന പ്രധാന വെല്ലുവിളി. അതിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ പലിശ കുറയും, വളര്‍ച്ചാ വേഗം കൂടും. ഒപ്പം ഒരു സുസ്ഥിര സര്‍ക്കാര്‍ കൂടിയായാല്‍ വീണ്ടും ഇന്ത്യ ഗ്രോത്ത് സ്റ്റോറി ലോകത്ത് ചര്‍ച്ചാ വിഷയവുമാകും.

വെല്ലുവിളികള്‍ ഇനിയും: അമേരിക്കയിലേയും മറ്റ് ലോകരാജ്യങ്ങളിലേയും പ്രശ്‌നങ്ങള്‍ ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഒപ്പം ബോണ്ട് വില്‍പ്പന വഴി വിപണിയിലേക്ക് പണമൊഴുക്കി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്ന നടപടി ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പണമൊഴുക്കു കുറയുന്നത് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിലും കുറവു വരുത്തും.

ഭീഷണിയായി ചൈന: ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ക്ക് നേരിട്ട് അനുമതി നല്‍കുന്നതടക്കം നിരവധി വന്‍ പരിഷ്‌ക്കരണ നടപടികള്‍ക്കാണ് ചൈന തുടക്കം കുറിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. ഇതിനകം ഇന്ത്യയില്‍ നടത്തിയിട്ടുള്ള നിക്ഷേപം തന്നെ പിന്‍വലിച്ച് ചൈനയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയുമുണ്ടത്രേ. അങ്ങനെയെങ്കില്‍ എന്നും വിദേശ ഫണ്ടിന്റെ കരുത്തില്‍ മാത്രം മുന്നേറിയിട്ടുള്ള ഇന്ത്യന്‍ ഓഹരി വിപണിക്ക് മുന്നില്‍ ചൈന വന്‍മതില്‍ തീര്‍ക്കുമോ എന്നു സംശയിക്കണം.

ഇന്ത്യയില്‍ എന്നും ഏറെ പ്രചാരമുള്ള നിക്ഷേപമാര്‍ഗങ്ങളാണ് ഭൂമിയും സ്വര്‍ണവും. സമീപ ഭാവിയില്‍ അവയുടെ സാധ്യതകള്‍ എന്തായിരിക്കും?


റിയല്‍ എസ്റ്റേറ്റില്‍ തിരുത്തല്‍ പ്രതീക്ഷിക്കാം: വാങ്ങാന്‍ ആളില്ല. ക്രയവിക്രയം നടക്കുന്നുമില്ല എന്നിട്ടും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് താങ്ങാനാകാത്ത വില തന്നെയാണ് ഇപ്പോഴും. രാഷ്ട്രീയ അനിശ്ചിതത്വം മാറി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഒരു വന്‍ മുന്നേറ്റം സംഭവിക്കുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് മാന്ദ്യം ആറു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍. എന്നാല്‍ ഇന്നത്തെ നിലയില്‍ നിന്ന് ന്യായമായ ഒരു തിരുത്തലിനു ശേഷമേ അതുണ്ടാകൂ എന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനാല്‍ നിക്ഷേപം എന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റിനെ കാണുന്നവര്‍ ഒരു തിരുത്തല്‍ കൂടി പ്രതീക്ഷിച്ചുകൊണ്ടു വേണം ഇടപാടു നടത്താന്‍, അതേസമയം യഥാര്‍ത്ഥ ആവശ്യക്കാരന്, അതായത് താമസത്തിനായി വീട് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഏതു വിലയിലും ഭൂമി വാങ്ങുന്നത് മികച്ച നിക്ഷേപം തന്നെയായിരിക്കും.

സ്വര്‍ണനിക്ഷേപം ജാഗ്രതയോടെ: സ്വര്‍ണം ഔണ്‍സിന് 1923 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്ന് 1250 ഡോളറിലും താഴ്ന്ന് 1194ല്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. പിന്നിടുന്ന വര്‍ഷം 26 ശതമാനം ഇടിവാണ് ഉണ്ടായതെങ്കില്‍ 2014ല്‍ ഇനിയും 15-20 ശതമാനം ഇടിവുണ്ടാകുമെന്ന് ഒരു വിഭാഗം പറയുന്നു. കാരണം അനിശ്ചിതത്വത്തിന്റെ വേളയില്‍ ഉയരുന്ന മഞ്ഞലോഹത്തോടുള്ള പ്രിയം ലോകസമ്പദ് വ്യവസ്ഥ വളര്‍ച്ചാപാതയില്‍ എത്തുന്നതോടെ അവസാനിക്കുമെന്ന ചരിത്രം തന്നെ. വരും നാളുകളില്‍ ആഗോള സമ്പദ്‌വ്യവസ്ഥകളും ഡോളറും ശക്തി പ്രാപിക്കുമെന്നും അതോടെ സ്വര്‍ണവില ഇടിയുമെന്നുമാണ് വാദം.
അതേസമയം ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ വര്‍ധിച്ചു വരുന്ന ഡിമാന്റ് വില കൂടാന്‍ കാരണമാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. കുതിച്ചുയര്‍ന്ന കറന്റ് എക്കൗണ്ട് കമ്മി പിടിച്ചു നിര്‍ത്താനായി സ്വര്‍ണ ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തിയ നടപടി ഈയിടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ ഇതേത്തുടര്‍ന്ന് കള്ളക്കടത്ത് കൂടിയ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച ഡ്യൂട്ടി എടുത്തുകളയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യ വീണ്ടും വന്‍തോതില്‍ സ്വര്‍ണ ഇറക്കുമതിയിലേക്ക് നീങ്ങാനാണ് സാധ്യത. എന്തായാലും സാഹചര്യങ്ങള്‍ വിലയിരുത്തി വേണം മഞ്ഞലോഹത്തിലെ നിക്ഷേപം. അതേസമയം ഏതു സാഹചര്യത്തിലും ഇന്ത്യന്‍ നിക്ഷേപകന്റെ പോര്‍ട്ട് ഫോളിയോയില്‍ 5-10 ശതമാനം വരെ സ്വര്‍ണം ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2014 ല്‍ എവിടെ നിക്ഷേപിക്കണം എന്നതിലുപരി എന്തായിരിക്കണം സ്വീകരിക്കേണ്ട നിക്ഷേപശൈലി എന്നതിന് പ്രാധാന്യം കല്‍പ്പിക്കണം. നിക്ഷേപ സാഹചര്യങ്ങളും സ്വന്തം ആവശ്യങ്ങളും വിലയിരുത്തി, വൈവിധ്യവല്‍ക്കരിച്ച ഒരു പോര്‍ട്ട് ഫോളിയോ തയാറാക്കുകയാണ് വേണ്ടത്. അടിസ്ഥാന ഘടകങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയാനും അതനുസരിച്ച് തീരുമാനം എടുക്കാനും കഴിഞ്ഞാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും ന്യായമായ ആദായം ഉറപ്പാക്കാം.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger