{[['']]}
ശരീരത്തില്‍ സോഡിയം കുറയുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ ചെറുക്കാം? ഡോ.ബി.പത്മകുമാര്‍ (അഡീ. പ്രൊഫസര്‍-മെഡിസിന്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്) വിശദീകരിക്കുന്നു...
ഭവാനിയമ്മയെ പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് സ്‌ട്രോക്ക് ഉണ്ടാകാന്‍ കാരണമായത്. ശരീരത്തിന്റെ വലതുവശമാണ് തളര്‍ന്നത്. സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിലെ ചികിത്സ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായി. തളര്‍ന്ന കൈകാലുകള്‍ പതുക്കെ അനക്കാനും ആളുകളെ തിരിച്ചറിയാനും തുടങ്ങി. രണ്ടു ദിവസം കൂടി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതുമാണ്. പെട്ടെന്നാണ് രോഗിയുടെ അവസ്ഥ വീണ്ടും വഷളായത്. വിളിച്ചാല്‍ യാതൊരു പ്രതികരണവുമില്ല. വെള്ളവും ഭക്ഷണവുമൊന്നും കഴിക്കുന്നില്ല. എപ്പോഴും മയക്കമാണ്, ഒരു അര്‍ധബോധാവസ്ഥ പോലെ.
ഡോക്ടര്‍ വന്നു, പരിശോധിച്ചു. ചില രക്തപരിശോധനകളും നിര്‍ദേശിച്ചു. രക്തത്തിന്റെ റിസള്‍ട്ടുകള്‍ വന്നപ്പോഴാണ് കാര്യം മനസ്സിലായത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഉടന്‍തന്നെ സാന്ദ്രത കൂടിയ സോഡിയം ക്ലോറൈഡ് ലായനി ഡ്രിപ്പായി നല്‍കി. ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ കണ്ണു തുറന്നു. പരിചയമുള്ളവരെ കാണുമ്പോള്‍ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. കുറേശ്ശെയായി വെള്ളവും കുടിച്ചു. എല്ലാവര്‍ക്കും ആശ്വാസമായി.
പ്രമേഹവും രക്തസമ്മര്‍ദവുംപോലെ സുപരിചിതമായിമാറിയിരിക്കുന്നു സോഡിയം കുറയുമ്പോഴുള്ള പ്രശ്‌നങ്ങളും. ഛര്‍ദി അതിസാരത്തെത്തുടര്‍ന്ന് അമിതക്ഷീണമനുഭവപ്പെടുമ്പോഴും മൂത്രംപോകാനായി ഉപയോഗിക്കുന്ന ഡൈയൂററ്റിക്‌സ് ഗുളികകള്‍ കഴിച്ചതിനുശേഷം തളര്‍ച്ചയുണ്ടാകുമ്പോഴും ഡോക്ടര്‍മാര്‍ പറയാറുണ്ട് സോഡിയം കുറഞ്ഞതാണ് കാരണമെന്ന്. വ്യാപകമായ പരിശോധനാസംവിധാനങ്ങളും പ്രശ്‌നത്തെപ്പറ്റിയുള്ള തികഞ്ഞ അവബോധവും സോഡിയം കുറയുമ്പോഴുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
ഉപ്പാണ് എല്ലാം
ശരീരത്തിനാവശ്യമായ സോഡിയത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെ (സോഡിയം ക്ലോറൈഡ്) ആണ്. മത്സ്യം, മാംസം, റൊട്ടി, മുട്ട, പാല്‍ ഉല്പന്നങ്ങള്‍ തുടങ്ങിയവയാണ് സോഡിയത്തിന്റെ മറ്റു പ്രധാന സ്രോതസ്സുകള്‍.
ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ നാഡീഞരമ്പുകളിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും ഈ അമൂല്യമൂലകം തന്നെ വേണം.
രക്തത്തിലെ സോഡിയത്തിന്റെ സാധാരണ നില 136 മുതല്‍ 196 മി. ഇക്വലന്‍സ്/ലിറ്റര്‍ ആണ്. സോഡിയത്തിന്റെ അളവ് 136-ല്‍ കുറയുമ്പോഴാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ഈ അവസ്ഥയെ ഹൈമോ നൈട്രീമിയ എന്നു വിളിക്കുന്നു. ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്നുതന്നെ കണ്ടെത്താവുന്നതാണ് ഹൈമോ നൈട്രീമിയ. എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കുവാനും കഴിയും. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സോഡിയം കറുയുന്ന സാഹചര്യംകൂടി കണക്കിലെടുക്കണമെന്നുമാത്രം.
കാരണങ്ങള്‍
നിരവധി ശാരീരിക പ്രശ്‌നങ്ങള്‍മൂലം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയാം. ഏറ്റവും പ്രധാനം ഛര്‍ദി-അതിസാരരോഗങ്ങളാണ്. ഛര്‍ദിയിലൂടെയും വയറിളക്കത്തിലൂടെയും ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നത് സോഡിയം അടങ്ങിയ ജലാംശമാണ്. അതു പരിഹരിക്കാനായി ശുദ്ധജലം മാത്രം നല്‍കുകയും അതേസമയം സോഡിയത്തിന്റെ നഷ്ടം പരിഹരിക്കപ്പെടാതെയിരിക്കുകയും ചെയ്യുമ്പോള്‍ ഈ മരു ന്നുകളുടെ ഉപയോഗത്തെത്തുടര്‍ന്ന് ശരീരത്തില്‍നിന്നും ജലാംശവും ലവണാംശവും ഒരുപോലെ നഷ്ടപ്പെടുന്നു. പ്രായമേറിയവരിലാണ് ഈ പ്രശ്‌നം കടുതലായി പ്രകടമാകുന്നത്.
പക്ഷാഘാതത്തെത്തുടര്‍ന്നും മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്നുമൊക്കെ രോഗിയുടെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതും സോഡിയം കുറഞ്ഞതുമൂലമാകാം. മറ്റ് മസ്തിഷ്‌കരോഗങ്ങളായ മെനിഞ്ചൈറ്റിസ്, എന്‍സിഫ്‌ലൈറ്റിസ്, തലച്ചോറിനേല്‍ക്കുന്ന പരിക്കുകള്‍, തലച്ചോറില്‍ പഴുപ്പുണ്ടാവുക തുടങ്ങിയവയും സോഡിയം കുറയാന്‍ ഇടയാക്കാം. പിറ്റിയൂട്ടറി ഗ്രന്ഥി അമിതമായി ഉല്പാദിപ്പിക്കുന്ന ആന്റി ഡൈയൂററ്റിക് ഹോര്‍മോണിന്റെ (എ.ഡി.എച്ച്) പ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് സോഡിയം കുറയുന്നത്. എ.ഡി.എച്ച്. വൃക്കനാളികളില്‍ പ്രവര്‍ത്തിച്ച് കൂടുതല്‍ ജലാംശം ആഗിരണം ചെയ്യാന്‍ ഇടയാക്കുന്നു. തുടര്‍ന്ന് രക്തത്തിലെ സോഡിയത്തിന്റെ അളവ് ആപേക്ഷികമായി കുറയുന്നു. ശ്വാസകോശം, പാന്‍ക്രിയാസ്, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദത്തെത്തുടര്‍ന്നും ശ്വാസകോശ രോഗങ്ങള്‍, തൈറോയിഡ് തകരാറുകള്‍, പിറ്റൂട്ടറി ഗ്രന്ഥിയുടെ തകരാറുകള്‍ തുടങ്ങിയവ മൂലവും സോഡിയം കുറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ശരീരത്തില്‍ നീരുണ്ടാകുന്ന സാഹചര്യങ്ങളിലും സോഡിയത്തിന്റെ അളവ് കുറയാം. സിറോസിസ് പോലെയുള്ള കരള്‍ രോഗങ്ങള്‍, ഹൃദയസ്തംഭനം, വൃക്കസ്തംഭനം തുടങ്ങിയവയെല്ലാം നീരുണ്ടാകുന്നതിനും സോഡിയം കുറയുന്നതിനുമിടയാക്കാം.
അധികമായാല്‍ വെള്ളവും...
വൃക്കകള്‍ക്കു മൂത്രമായി വിസര്‍ജിച്ചുകളയാവുന്നതിലേറെ വെള്ളം കുടിക്കുന്നതിനെത്തുടര്‍ന്നും സോഡിയം കുറയാം. സാധാരണഗതിയില്‍ പ്രതിദിനം 25 ലിറ്റര്‍ മൂത്രം വരെ വൃക്കകള്‍ക്ക് വിസര്‍ജിക്കാം. എന്നാല്‍, വൃക്കത്തകരാറുകളെത്തുടര്‍ന്നും വൃക്കകളെ തോല്പിക്കാനെന്നരീതിയില്‍ അമിതമായി വെള്ളം അകത്താക്കിയാലും ശരീരത്തില്‍ ജലാംശം കൂടുകയും സോഡിയം കുറയുകയും ചെയ്യുന്നു. മാനസിക പ്രശ്‌നങ്ങളുള്ളവരിലും ഈയൊരു പ്രതിഭാസം കണ്ടുവരാറുണ്ട്. മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും തൊണ്ടയും വായും വരളാനിടയാക്കിയെന്നുവരാം. ഇതും ധാരാളം വെള്ളം കുടിക്കാന്‍ രോഗികളെ പ്രേരിപ്പിക്കുന്നു.
സ്വഭാവവ്യത്യാസം മുതല്‍ അബോധാവസ്ഥ വരെ
സോഡിയം കുറയുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് തലച്ചോറിലെ കോശങ്ങളെയാണ്. രക്തത്തിലെ സോഡിയത്തിന്റെ അളവ് 136-ല്‍ കുറയുമ്പോള്‍തന്നെ ഹൈപ്പോ നെട്രീമിയ എന്നു പറയാമെങ്കിലും പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കിയെന്നുവരികയില്ല. സോഡിയത്തിന്റെ അളവിനേക്കാള്‍ സോഡിയം കുറയുന്ന വേഗതയാണ് പ്രധാനം. സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്.
തുടക്കത്തില്‍ ക്ഷീണം, തലവേദന, നേരിയ തോതില്‍ സ്വഭാവവ്യതിയാനം, ആശയക്കുഴപ്പം, ആളുകളെ തിരിച്ചറിയാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രകടമാകാം. സോഡിയത്തിന്റെ നില വീണ്ടും കുറയുമ്പോള്‍ കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടമാകുന്നു. സോഡിയത്തിന്റെ അളവ് 118-ല്‍ കുറയുമ്പോള്‍ രോഗി അപസ്മാരലക്ഷണങ്ങള്‍ പ്രകടമാക്കിയെന്നുംവരാം. തുടര്‍ന്ന് സമയബന്ധിതമായി സോഡിയത്തിന്റെ നില സാധാരണ ഗതിയിലാക്കിയില്ലെങ്കില്‍ കോമ എന്നു പറയുന്ന ഗാഢമായ അബോധവസ്ഥയിലെത്തുന്ന രോഗിക്ക് മരണംപോലും സംഭവിക്കാം.
രോഗനിര്‍ണയവും ചികിത്സയും പ്രായേണ ഏളുപ്പമാണെങ്കിലും ഈ അവസ്ഥ കണ്ടുപിടിക്കാന്‍ പലപ്പോഴും വൈകാറുണ്ട്. സോഡിയം കുറയാനുള്ള സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍തന്നെ രക്തത്തിലെ സോഡിയത്തിന്റെ നില പരിശോധിച്ചുനോക്കേണ്ടതുണ്ട്. പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ശയ്യാവലംബിയായി കഴിയുന്നവര്‍ അസാധാരണമായി പെരുമാറുമ്പോഴും അബോധാവസ്ഥയിലാകുമ്പോഴും സോഡിയത്തിന്റെ അളവ് പരിശോധിക്കണം. വയറിളക്കരോഗങ്ങളെത്തുടര്‍ന്നും തുടര്‍ച്ചയായ ഛര്‍ദിക്കുശേഷവും അമിതമായി ക്ഷീണമനുഭവപ്പെടുമ്പോഴും കുറഞ്ഞ സോഡിയമാണോ പ്രശ്‌നകാരണമെന്ന് അന്വേഷിക്കണം.
സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയുമ്പോള്‍ സാന്ദ്രതകൂടിയ സോഡിയം ക്ലോറൈഡ് ലായിനി ഡ്രിപ്പായി നല്‍കേണ്ടിവരും. വളരെ ചെറിയ അളവില്‍മാത്രം സോഡിയം കുറയുന്ന അവസരങ്ങളില്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറച്ചാല്‍ മാത്രം മതിയാകും.
മുന്‍കരുതലുകള്‍
ഛര്‍ദി അതിസാര രോഗങ്ങളെത്തുടര്‍ന്ന് ശരീരത്തില്‍നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ശുദ്ധജലം മാത്രം കൊടുത്താല്‍ പോരാ. പകരം ഉപ്പു ചേര്‍ത്ത വെള്ളമാണ് കുടിക്കാന്‍ കൊടുക്കേണ്ടത്. നന്നായി തിളപ്പിച്ചാറിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം ക്ഷീണമകറ്റാന്‍ സഹായിക്കും.
കായികാധ്വാനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പടാനിടയുണ്ട്. ക്ഷീണം തോന്നുമ്പോള്‍ ഉപ്പു ചേര്‍ത്ത വെള്ളമാണ് ധാരാളമായി കുടിക്കേണ്ടത്.
മസ്തിഷ്‌കാഘാതം വന്ന രോഗികള്‍ അസാധാരണമായി പെരുമാറുമ്പോഴും അബോധാവസ്ഥയിലാകുമ്പോഴും സോഡിയം കുറഞ്ഞതാണോ കാരണം എന്നു പരിശോധിക്കണം. വെള്ളം കുടിക്കാന്‍ നല്‍കുമ്പോള്‍ ആവശ്യത്തിന് മാത്രമാകാന്‍ ശ്രദ്ധിക്കണം.
ദീര്‍ഘനാള്‍ ശയ്യാവലംബിയായി കഴിയുന്നവരില്‍ പുറത്തു പോകുന്ന മൂത്രത്തിന്റെ അളവ് നോക്കി അതിനേക്കാള്‍ കുറവായിരിക്കണം കുടിക്കാനായി നല്‍കുന്ന വെള്ളം. നീരു കുറയാനായി മൂത്ര ഉല്പാദനത്തെ സഹായിക്കുന്ന ഡൈയുററ്റിക്‌സ് ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കൃത്യമായ അളവിലും തവണകളിലും കഴിക്കുക. ശരീരത്തില്‍ നീരുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉപ്പുമാത്രം കുറയ്ക്കാതെ ഉപ്പും വെള്ളവും ഒരുപോലെ കുറയ്ക്കുക.
Post a Comment