{[['']]}
കവിഭാവനയില്‍ വിരിയുന്നത് പുരുഷസൗന്ദര്യമല്ലല്ലോ, സ്‌ത്രീ സൗന്ദര്യമല്ലേ? സ്‌ത്രീ സൗന്ദര്യം എന്നു പറയുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് കേരളത്തനിമയുള്ള നാടന്‍ പെണ്‍കുട്ടികളുടെ മുഖമാണ്.
ദാവണിയുടുത്ത്, വിടര്‍ന്ന മുടിയില്‍ തുളസ്സിക്കതിര്‍ ചൂടി ചുറ്റുമുള്ളവരെ നോക്കാതെ മുഖം കുനിച്ച് നടന്നു പോകുന്ന പതിനെട്ടുകാരി. വിവാഹശേഷം ഭര്‍ത്താവിനെ ദൈവത്തെപ്പോലെ സ്‌നേഹിച്ച്, ബഹുമാനിച്ച്, അനുസരണയോടെ ജീവിക്കുന്ന ഭാര്യമാര്‍. അമ്മായിയമ്മയുടെ പോരുകള്‍ സഹിച്ച് ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവര്‍. മക്കള്‍ക്ക് സ്‌നേഹമയിയായ അമ്മയായി നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിച്ചു തീര്‍ക്കുന്ന ജന്മങ്ങള്‍. ഭാരതസ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി എന്ന കവിവാക്യത്തിന് അര്‍ത്ഥം നല്‍കുന്ന സ്‌ത്രീരത്നങ്ങള്‍. ഇതൊക്കെ കേള്‍ക്കാന്‍ നല്ല സുഖമാണ്. പക്ഷേ ഇപ്പോള്‍ ഇങ്ങനെയുള്ള സ്‌ത്രീകളെ ആകെ കാണുന്നത് ഞങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമാണ്.
നാടന്‍ ചിന്താഗതിയും സൗന്ദര്യവുമുള്ള പെണ്‍കുട്ടികള്‍ ഇന്ന് കുറവാണ്. എന്നു കരുതി സ്‌ത്രീ സൗന്ദര്യം ഇവയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളുടെ മുഖസൗന്ദര്യം മാത്രം കണ്ട് അവരുമായൊരു സ്‌നേഹബന്ധം എനിക്കിതു വരെ ഉണ്ടായിട്ടില്ല. സൗഹൃദങ്ങളിലോ ആഴമുള്ള സ്‌നേഹബന്ധങ്ങളിലോ സൗന്ദര്യം ഒരു മാനദണ്ഡമായി ഒരിക്കലും എനിക്കു തോന്നിയിട്ടില്ല.
കാണുന്ന കണ്ണിലാണ് സൗന്ദര്യം
സ്‌ത്രീസൗന്ദര്യത്തിന് പ്രായവ്യത്യാസങ്ങള്‍ പാടില്ല. ഏതു പ്രായത്തിലും സ്‌ത്രീ സൗന്ദര്യം കാത്തുസൂക്ഷിക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. പണ്ട് വീട്ടിലിരുന്ന് മഞ്ഞളും രക്‌തചന്ദനവും പുരട്ടി മുഖസൗന്ദര്യം കൂട്ടാന്‍ സ്‌ത്രീകള്‍ ശ്രമിച്ചിരുന്നില്ലേ. മുത്തശ്ശിമാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഇന്ന് അതിനു വേണ്ടി ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നു എന്ന വ്യത്യാസമേയുള്ളു.
വിവാഹം കഴിഞ്ഞ് വീട്ടമ്മമാരായി ഒതുങ്ങിയ ശേഷം സൗന്ദര്യം നോക്കാറില്ല എന്നു പറയുന്നവരുണ്ട്. ആ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. വീട്ടമ്മമാര്‍ക്കാണ് സൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള ചുറ്റുപാട് കൂടുതലായിട്ടുള്ളത്. ഏതു പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്ന ആഗ്രഹം അവരവര്‍ക്കുണ്ടാകണം. അത് വീട്ടമ്മമാരായാലും ജോലിക്കാരായാലും വ്യത്യാസമില്ല.
ജീവിതരീതി മാറിയപ്പോള്‍ സ്‌ത്രീ സൗന്ദര്യത്തിന്റെ കാഴ്‌ചപ്പാടും മാറിയിട്ടുണ്ട്. അവനവനെ എങ്ങനെ സ്വന്തമായി കാണുന്നുവോ ആ കണ്ണിലാണ് സൗന്ദര്യമുള്ളത്. അമിതമായി മേക്കപ്പ് ചെയ്യാതെ തന്നെ ഉള്ള സൗന്ദര്യം നിലനിര്‍ത്താനുള്ള പല മാര്‍ഗ്ഗങ്ങളുണ്ട്.
ചുറ്റുപാടുകള്‍ പ്രാധാന്യം
എന്റെ അച്‌ഛനും അമ്മയും അദ്ധ്യാപകരായതു കൊണ്ട് അതിന്റെ പ്രാധാന്യം അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. ഒരിക്കല്‍പ്പോലും അവരെന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ല. വളരെ സ്വാതന്ത്ര്യം തന്നാണ് എന്നെ വളര്‍ത്തിയത്. ഒരുപക്ഷേ അന്ന് നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ ഞാന്‍ വഴിതെറ്റിപ്പോയേനേ. എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവരെനിക്ക് തന്നു.
കാഴ്‌ചപ്പാടുകള്‍ മാറില്ല
സമൂഹം എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും സ്‌ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ പൂര്‍ണ്ണമായി ഒരു വ്യത്യാസമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. പണ്ടത്തേതിനെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിയിട്ടുണ്ടെന്നുള്ളത് സത്യമാണ്. സമൂഹത്തോടുള്ള സ്‌ത്രീകളുടെ പെരുമാറ്റത്തിനും മാറ്റം വന്നിട്ടുണ്ട്. പക്ഷേ ആ കണെക്കടുത്തു നോക്കുമ്പോള്‍ മാനസികമായും ശാരീരികമായും ദുരിതമനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണവും അതുപോലെ കൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. നല്ലൊരു ശതമാനം സ്‌ത്രീകള്‍ ഇപ്പോഴും സമൂഹത്തിന്റെ നിഷേധരൂപമായ പ്രതികരണത്തെ നേരിടുന്നുണ്ട്. അന്തര്‍ജനങ്ങള്‍ എന്ന ചിന്ത മാറി ജോലി വേണമെന്നും അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നും ചിന്തിക്കുന്ന സ്‌ത്രീകളാണ് അധികമുള്ളത്. സ്‌ത്രീകള്‍ മുന്നോട്ടു വരണമെന്ന് ആഗ്രഹിക്കുമ്പോഴും അവരെ പിന്നിലേക്ക് വലിക്കുന്ന എന്തൊക്കെയോയുണ്ട്. അതുകൊണ്ട് തന്നെ നിലവിലുള്ള കാഴ്‌ചപ്പാടുകള്‍ ഇനിയും ഒരുപാട് മാറേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്.
ഒരാള്‍ മാത്രം
പ്രത്യേകിച്ച് ഒരാളെയും അങ്ങനെ മാതൃകയാക്കി മനസ്സില്‍ കൊണ്ടു നടന്നിട്ടില്ല. ചിലരുടെ പെരുമാറ്റം ഇഷ്‌ടമാണെങ്കില്‍ മറ്റു ചിലരുടെ വ്യക്‌തിത്വമാണ് ഇഷ്‌ടപ്പെട്ടിട്ടുള്ളത്. ഒരാളിനെ എടുത്തു പറഞ്ഞ് അവരുടെ ഒരു സ്വഭാവം മാത്രം ഇഷ്‌ടപ്പെട്ടെന്ന് പറയാന്‍ എനിക്കറിയില്ല. മനസ്സില്‍ ഇഷ്‌ടം തോന്നിയ അനേകം വ്യക്‌തികളുണ്ട്. എങ്കിലും അദ്ധ്യാപികയായും, വീട്ടമ്മയായും, ഭാര്യയായും, സ്‌ത്രീയായും സര്‍വ്വോപരി ഒരു വ്യക്‌തിയായും എനിക്ക് ആരാധന തോന്നിയത് എന്റെ അമ്മയോടാണ്. ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും അമ്മയെപ്പോലൊരു അമ്മയാകണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം
പൊരുത്തപ്പെടാന്‍ കഴിയാത്തത്
എന്തൊക്കെ നന്മ ചെയ്‌താലും എത്രയൊക്കെ നന്നായി ഇടപ്പെട്ടാലും കുറ്റം മാത്രം പറയുന്ന ചില സ്‌ത്രീകളുണ്ട്. അസൂയയും കുശുമ്പുമുള്ള സ്‌ത്രീകളുടെ സ്വഭാവത്തോട് എനിക്ക് പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ല. അവര്‍ക്ക് മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു മനസ്സുണ്ട്.
എനിക്കേറെയിഷ്‌ടം
ലോലമനസ്സ് സ്‌ത്രീകളുടെ മാത്രം പ്രത്യേകതയാണ്. മറ്റുള്ളവരുടെ മനോവികാരങ്ങളെ പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് സ്‌ത്രീകള്‍ക്കുണ്ട്.
എന്നില്‍ ഇഷ്‌ടപ്പെടുന്നത്
മറ്റുള്ളവര്‍ക്ക് ദോഷമല്ലാത്ത നുണകള്‍ പറയുന്നത് തെറ്റല്ലെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എനിക്കതിനോട് യോജിപ്പില്ല. കഴിവിന്റെ പരമാവധി സത്യം പറയാനേ ഞാന്‍ ശ്രമിക്കൂ. വീട്ടിലുള്ളവരോട് സത്യസന്ധമായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് എന്നില്‍ ഏറ്റവുമിഷ്‌ടമുള്ള സ്വഭാവം അതു തന്നെയാണ്.
എന്നില്‍ ഇഷ്‌ടപ്പെടാത്തത്
ഞാന്‍ വളരെ സെന്‍സിറ്റീവാണ്. എല്ലാവരോടും പെട്ടെന്ന് അടുപ്പം തോന്നും, ഒരുപാട് വിശ്വസിക്കും. അത് കുറച്ചു ഓവറല്ലേന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.
വ്യക്‌തിത്വം വളര്‍ത്താം
1. ആത്മവിശ്വാസം വളര്‍ത്തുക.
2. അമിതമായി ആരെയും ആശ്രയിക്കാതിരിക്കുക.
3. അന്തര്‍മുഖയാകാതിരിക്കുക.
4. സൗന്ദര്യം പെരുമാറ്റത്തിലൂടെ വളര്‍ത്തുക
5. കുശുമ്പും അസൂയയും വളര്‍ത്തിയെടുക്കാതിരിക്കുക.
2. അമിതമായി ആരെയും ആശ്രയിക്കാതിരിക്കുക.
3. അന്തര്‍മുഖയാകാതിരിക്കുക.
4. സൗന്ദര്യം പെരുമാറ്റത്തിലൂടെ വളര്‍ത്തുക
5. കുശുമ്പും അസൂയയും വളര്‍ത്തിയെടുക്കാതിരിക്കുക.
Post a Comment