{[['']]}
സുല്‍ത്താന്‍പൂര്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെ. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ആശുപത്രിയിലാണ് ശരീരത്തിന് പുറത്ത് ഹൃദയവുമായി കുഞ്ഞ് ജനിച്ചത്. 24 കാരിയായ പ്രിയങ്ക എന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിക്കുന്ന അവസ്ഥയ്ക്ക് എക് റ്റോപ്പിയ കോര്‍ഡിസ് എന്നാണ് പറയുന്നത്. എക് റ്റോപ്പിയ കോര്‍ഡിസ് എന്ന അത്യപൂര്‍വ്വമായ അവസ്ഥയില്‍ ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെയിരിക്കുന്നത് വൈദ്യശാസ്ത്രത്തെ തന്നെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ ജനിക്കുന്നവര്‍ സാധാരണ മുന്ന് ദിവസം പോലും ജീവിച്ചിരിക്കില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം. പത്തുലക്ഷത്തില്‍ 8 പേര്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വമായ തകരാറാണിത്.
ഇങ്ങനെ പിറക്കുന്ന കുട്ടികളില്‍ 90 ശതമാനവും പ്രസവിച്ചയുടനെ ആദ്യ 3 ദിവസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയാണ് പതിവ്. ഇനി ശസ്ത്രക്രിയ നടത്തി എത്രയും വേഗം കുഞ്ഞിന്റെ ഹൃദയം ശരീരത്തിനുള്ളിലേയ്ക്ക് മാറ്റുകയെന്നതാണ് പരിഹാരം. ശസ്ത്രക്രിയയ്ക്ക് ലക്ഷക്കണക്കിന് രൂപയും വേണ്ടിവരും. സുല്‍ത്താന്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിമിത സൌകര്യങ്ങള്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ തന്നെ അവിടുത്തെ ഡോക്ടര്‍മാര്‍ നിസാഹായരാണ്. മാതാപിതാക്കള്‍ക്ക് മറ്റൊരു ആശുപത്രിയെ സമീപിക്കാനും നിര്‍വാഹമില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. നാലുവര്‍ഷം മുന്‍പ് വിവാഹിതരായ പ്രിയങ്കയുടെയും പാലിന്റെയും ആദ്യത്തെ കുട്ടിയാണിത്.
Post a Comment