{[['']]}
ഫെബ്രുവരി പിറക്കുന്നത് മുംബൈക്ക് മോണോറെയില്‍ സമ്മാനിച്ചു കൊണ്ടാണ്. മോണോ റെയിലിന്റെ ആദ്യ ഘട്ടം ചെംബൂരില്‍ നിന്ന് വാഡ്‌ലയിലേക്കുള്ള 8.93 കിലോമീറ്റര്‍, ഒന്നാം തീയതി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. രണ്ടാം തീയതി മുതല്‍ പൊതു ജനങ്ങള്‍ക്കുള്ള സര്‍വീസ് തുടങ്ങും.
പിങ്കും നീലയും നിറങ്ങളുള്ള ട്രെയിനുകളാണ് തുടക്കത്തിലുള്ളത്. ഓരോന്നിലും നാലു കോച്ചുകള്‍. ഒരു ട്രെയിനില്‍ 560 പേര്‍ക്കു കയറാം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ 72 സീറ്റ് ആണുള്ളത് വാഡ്‌ലയില്‍ നിന്നു തുടങ്ങുന്ന യാത്ര ഭക്തി പാര്‍ക്കിലെ ഐമാക്‌സ് ഡോം തീയറ്ററും ആര്‍.സി.എഫ്. റിഫൈനറിയും ഹൗസിംഗ് കോളനിയും കടന്ന്, ഈസ്‌റ്റേണ്‍ ഫ്രീ വേ രണ്ടു തവണ മുറിച്ച് ചെംബൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് ചെംബൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്കു സമീപം യാത്ര അവസാനിപ്പിക്കും.
മൂന്നു നില കെട്ടിടത്തിന്റെ പൊക്കത്തില്‍ നിന്നുള്ള മുംബൈ നഗരത്തിന്റെ കാഴ്ചയാണ് മോണോറെയില്‍ തരുന്നത്. കണ്ടല്‍ കാടുകള്‍ നിറഞ്ഞ വലിയ പ്രദേശങ്ങല്‍, ഉപ്പളങ്ങള്‍, പുഴയുടെ വലിപ്പമുള്ള ഒരു കനാല്‍, ഒരു കെട്ടിടം പോലും ഇല്ലാത്ത വെളിമ്പ്രദേശങ്ങള്‍ എന്നിവ കടന്ന് ചെംബൂര് അടുക്കാറാകുമ്പോള്‍ മാര്‍ബിളില്‍ പണിത ജെയിന്‍ ക്ഷേത്രത്തിന്റെ ഗാംഭീര്യം ദൃശ്യമാകും. പിന്നെ ചരായി തടാകം, റിഫൈനറി, സമീപമുള്ള പെന്റ്ഹൗസുകള്‍. ഈ കോണ്‍ക്രീറ്റ് കാടില്‍ കണ്ണിനു കുളിര്‍മയേകുന്ന മരമേലാപ്പുകളും കാണാം.
ഒന്നു രണ്ട് ചേരിപ്രദേശങ്ങളും കടന്നാണ് മോണോ റെയില്‍ പോകുന്നത്. ഒരു ക്രിക്കറ്റ് സ്‌റ്റേഡിയവും ചെംബൂര്‍ ഗോള്‍ഫ് കോഴ്‌സും വല്ലപ്പോഴും ട്രെയിന്‍ ഓടുന്ന റിഫൈനറി റെയില്‍ ലൈനും മുനിസിപ്പല്‍ സ്‌കൂളും ഈ യാത്രയില്‍ കാണാം. ചില സ്ഥലങ്ങളില്‍ മൂന്നാം നിലയിലെ ഫïാറ്റുകളുടെ ഉള്‍വശം വരെ കാണാന്‍ പറ്റുന്ന രീതിയിലാണ് പോക്ക്. ചിലയിടങ്ങളിലാകട്ടെ, താഴെയുള്ള റോഡുകളിലേക്കു നല്ല കാഴ്ച കിട്ടും. ഈ നഗരത്തില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവരെ കാണാത്ത പല കാഴ്ചയും ഈ യാത്ര പകര്‍ന്നു നല്കുന്നു.
വാഡ്‌ല ഡിപോ, ഭക്തി പാര്‍ക്ക്, മൈസൂര്‍ കോളനി, ഭാരത് പെട്രോളിയം, ഫെര്‍ടിലൈസര്‍ ടൗണ്‍ഷിപ്, വി.എന്‍.പി ആന്‍ഡ് ആര്‍.സി മാര്‍ഗ് ജംഗ്ഷന്‍, ചെംബൂര്‍ എന്നിവയാണ് ഈ യാത്രയിലെ സ്‌റ്റേഷനുകള്‍. മുന്‍പ് ഇത്രയിടം യാത്രചെയ്യാന്‍ 45 മിനിറ്റു വേണ്ടിയിരുന്നെങ്കില്‍ ഇനി 21 മിനിറ്റ് മതി.
പണിയെല്ലാം നേരത്തേ തീര്‍ന്നതാണെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി ഉദ്ഘാടനം മാറ്റി വച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന ലക്ഷണമില്ലാത്തതിനാല്‍ ഉദ്ഘാടനം നീട്ടുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉദ്ഘാടനം നീണ്ടു പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉദ്ഘാടനം മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തന്നെ നടത്തട്ടെ എന്നു തീരുമാനിച്ചത്.
എല്ലാദിവസവും രാവിലെ ഏഴു മുതല്‍ മൂന്നുവരെ 15 മിനിറ്റ് ഇടവിട്ട് ട്രെയിന്‍ ഓടും. ഒരു മാസം കഴിഞ്ഞ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കും. ചെംബൂര്‍-വാഡ്‌ല സെക്ടറിന് 1100 കോടി രൂപയാണ് ചെലവ്. അടുത്തവര്‍ഷത്തോടെ ജേക്കബ് സര്‍ക്കിളിലേക്ക് ലൈന്‍ നീട്ടും. 19.17 കിലോമീറ്റര്‍ വരുന്ന ചെംബൂര്‍-വാഡ്‌ല- ജേക്കബ് സര്‍ക്കിള്‍ ലൈനിന് 3000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
വാഡ്‌ലയിലാണ് മോണോ റെയിലിന്റെ കണ്‍ട്രോള്‍ സ്‌റ്റേഷന്‍. 21 ട്രെയിനുകള്‍ വരെ നന്നാക്കാവുന്ന യാര്‍ഡും ഇവിടുണ്ട്.
ഫോട്ടോകള്‍: എ.എഫ്.പി, എ.പി, യു.എന്‍.ഐ.
Post a Comment